27 April 2024, Saturday

പ്രണയസാക്ഷാത്കാരത്തിനായി രാജപദവി ഉപേക്ഷിച്ച് രാജകുമാരി; മാകോ രാജകുമാരിയും സഹപാഠിയും വിവാഹിതരായി

Janayugom Webdesk
ടോക്യോ
October 27, 2021 10:23 am

വർഷങ്ങൾ നീണ്ട പ്രണയ സാക്ഷാത്കാരത്തിനായി രാജകുമാരി പദവിയും അധികാരങ്ങളും ഉപേക്ഷിച്ച് മാകോയും സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോയും വിവാഹിതരായി. അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമാണ് 29കാരിയായ മാകോ.

സാധാരണക്കാരനായ കൊമുറോയുമായുള്ള മാകോയുടെ പ്രണയം രാജകുടുംബത്തിലും രാജ്യത്തിനകത്തും വലിയ എതിര്‍പ്പുകളുണ്ടാക്കിയിരുന്നു. എന്നാൽ, കൊമുറോയുമൊത്ത് ജീവിക്കണമെന്ന് മാകോ ഉറച്ച നിലപാടെടുത്തു. 2017ല്‍ വിവാഹ നിശ്ചയം നടത്തിയിരുന്നു. പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിവാഹിതരായ കാര്യം ഇരുവരും അറിയിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിലൂടെ പ്രതികരിച്ചില്ല. സാധാരണ രാജകുടുംബങ്ങളിലെ വിവാഹങ്ങളില്‍ നടക്കുന്ന ചടങ്ങുകളൊ­ന്നും ­കല്യാ­­ണ­­ത്തിനുണ്ടായിരുന്നില്ല. വിവാഹവിരുന്നും നടന്നില്ല.

നിയമമേഖലയുമായി ബന്ധപ്പെട്ട്​ യുഎസിൽ ജോലി ചെയ്യുകയാണ്​ കൊമുറോ. ടോക്യോയിലെ ഇന്റർനാഷനൽ ക്രിസ്​ത്യൻ യൂണിവേഴ്സിറ്റിയിലെ സഹപാഠികളായിരുന്നു ഇരുവരും.

ജപ്പാനിലെ രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്​ടപ്പെടും. അതിനാൽ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാൽ, പുരുഷന്മാർക്ക്​ ഈ നിയമം ബാധകമല്ല. രാജപദവി ഉപേക്ഷിച്ച് കൊട്ടാരം വിട്ടാലും ഇങ്ങനെ വിവാഹിതരാകുന്നവർക്ക് ശിഷ്ടജീവിതത്തിനായി 10 കോടി രൂപക്ക് തുല്യമായ തുക കൊട്ടാരം നൽകാറുണ്ട്. ആചാരപ്രകാരം ലഭിക്കേണ്ട ഈ തുകയും വേണ്ടെന്നുവച്ചാണ്​ മാകോ- കൊമുറോ വിവാഹം.

 

Eng­lish Sum­ma­ry: The princess relin­quished the king­ship for the sake of love

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.