5 May 2024, Sunday

Related news

May 2, 2024
May 1, 2024
April 29, 2024
April 27, 2024
April 26, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024

ഇത്രയും കാലം എന്തെടുക്കുകയായിരുന്നതായി ഗവര്‍ണറോട് സുപ്രീംകോടതി

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുകയായിരുന്നു
റെജി കുര്യന്‍
തിരുവനന്തപുരം
November 29, 2023 1:10 pm

നിയമസഭ പാസാക്കി അനുമതിക്കായി സമര്‍പ്പിച്ച ബില്ലുകളില്‍ രണ്ടു വര്‍ഷം അടയിരുന്നതെന്തിനെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി. ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
നിയമനിര്‍മ്മാണ സഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് തടയിടുന്നതിനല്ല ഗവര്‍ണറുടെ അധികാരം വിനിയോഗിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുമുള്‍പ്പെട്ട ബഞ്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. വിഷയത്തില്‍ കോടതി നോട്ടീസ് അയച്ച ശേഷം മാത്രമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നും എന്തെങ്കിലും നീക്കങ്ങളുണ്ടായത്. എട്ടു ബില്ലുകളില്‍ ഒരെണ്ണത്തിന് അനുമതി നല്‍കിയ ഗവര്‍ണര്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണുണ്ടായതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമസഭയുടെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാകില്ലെന്നും പറഞ്ഞു. എന്നാല്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച നടപടിയില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് രാഷ്ട്രീയ വിവേകം ഉദിക്കുമെന്നും ഗവര്‍ണറും മുഖ്യമന്ത്രിയും പ്രശ്നപരിഹാരത്തിന് വഴി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും കോടതി പറഞ്ഞു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ ഒപ്പിടാത്തത് ഭരണഘടന വിരുദ്ധമാണെന്ന് കാട്ടിയായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ ദീര്‍ഘനാള്‍ നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ജനക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ ഗവര്‍ണറുടെ അനുമതി ലഭിക്കാത്തതുമൂലം നിയമമായില്ല. സംസ്ഥാനഭരണത്തെ പോലും ഇത് ദോഷകരമായി ബാധിച്ചു. കോടതി വിഷയത്തില്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ ജനങ്ങള്‍ പ്രയാസം നേരിടേണ്ടി വരുമെന്നും കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 

ഈയവസരത്തിലാണ് രണ്ടു വര്‍ഷം ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നെന്ന് കോടതി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് ആരാഞ്ഞത്. തുടര്‍ന്ന് സാമ്പത്തിക ബില്ലിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എ ജി കോടതിയെ അറിയിച്ചു.
ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നതുമായി ബന്ധപ്പെട്ടും അനുമതി നിഷേധിക്കുന്നതും അനുഛേദം 200 പ്രകാരം അനുമതി നല്‍കുന്നതിനുമുള്ള കാലപരിധി സംബന്ധിച്ചും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിലവിലുള്ള പരാതിയില്‍ ഭേദഗതി നിര്‍ദ്ദേശിക്കുന്ന അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി കേരളത്തിന് അനുമതി നല്‍കി. പൊതുജനാരോഗ്യ ബില്ലിലായിരുന്നു ഗവർണർ കഴിഞ്ഞ ദിവസം ഒപ്പുവച്ചത്. സഹകരണ നിയമ ഭേദഗതി ബില്‍, ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍, ചാന്‍സലര്‍ ബില്‍, സര്‍ച്ച് കമ്മിറ്റി വിപുലീകരണ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. 

Eng­lish Sum­ma­ry: The Supreme Court asked the Gov­er­nor what he was doing for so long

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.