27 April 2024, Saturday

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2022 11:33 am

വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ രണ്ടാം ദിവസവും തുടരുന്നു. അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതിയാണ് പള്ളിയില്‍ സര്‍വേ നടത്തുന്നത്. പള്ളിയ്ക്ക് ചുറ്റും കനത്ത സുരക്ഷയിലാണ് സര്‍വേ നടക്കുന്നത്.ക്ഷേത്രത്തിന്റെ ഭാഗമായിരുന്നതെന്ന് പറയപ്പെടുന്ന ഭാഗങ്ങളിലായിരിക്കും ഇന്ന് സര്‍വേ നടത്തുക. പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സംഘം പകര്‍ത്തിയിട്ടുണ്ട്.

ഇന്നലെ നടന്ന സര്‍വേയില്‍ പള്ളിയിലെ മൂന്ന് ലോക്കുകള്‍ തുറന്നിരുന്നു.സര്‍വേ ഇന്ന് അവസാനിക്കുമെന്നാണ് നിഗമനം. പള്ളിയില്‍ നിന്നും ക്ഷേത്രം നിലനിന്നിരുന്നതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ കണ്ടെത്തിയതായി ഹിന്ദുഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ചിരുന്നു. ഗ്യാന്‍വാപിയില്‍ നടക്കുന്ന സര്‍വേ 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.1945 ആഗസ്റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ തന്നെ ആരാധനാലയങ്ങള്‍ക്ക് തുടരാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.വാരണാസി കോടതിയാണ് ഗ്യാന്‍വ്യാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളില്‍ സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ അനുമതി നല്‍കിയത്.

പള്ളിയില്‍ നിന്നും പുരാതനമായ സ്വസ്തികകള്‍ (ഹിന്ദു മതചിഹ്നം) കണ്ടൈത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പള്ളിയ്ക്കും പരിസരത്തും പ്രാദേശിക കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ അജയ് കുമാറും സംഘവും നടത്തിയ സര്‍വേയിലായിരുന്നു കണ്ടെത്തല്‍.ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്.സര്‍വേക്ക് മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ സ്ഥാനത്തുനിന്ന് അജയ് കുമാറിനെ നീക്കണമെന്നും മറ്റൊരാളെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ജുമാന്‍ ഇന്‍തേസാമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

കോടതി വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സര്‍വേ തുടരരുതെന്നും സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മെയ് 17നകം സര്‍വേ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം ബാബരി മസ്ജിദ് തകര്‍ത്തതുപോലെ ഗ്യാന്‍വാപിയും തകര്‍ക്കുമെന്ന് വിവാദ പ്രസ്താവനയുമായി ബിജെപിമുന്‍ എംഎല്‍എ സംഗീത് സോം രംഗത്തെത്തിയിരുന്നു. ‘1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തു. ഇനി ഗ്യാന്‍വാപി പള്ളിയുടെ ഊഴമാണ്. 2022ല്‍ ഞങ്ങള്‍ അത് തകര്‍ക്കും’ മീരുത്തിലെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സോമിന്റെ പ്രസ്താവന.

ബാബരി മസ്ജിദ് തകര്‍ത്തപ്പോഴേ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കപ്പെടുമെന്ന് മുസ്ലിങ്ങള്‍ മനസ്സിലാക്കണമായിരുന്നു. രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കണമായിരുന്നു. വിവാദപരമായ ഒരു മസ്ജിദും രാജ്യത്ത് ഞങ്ങള്‍ നിലനിര്‍ത്തില്ല, എല്ലാം തകര്‍ക്കും ‚’ സോം പറഞ്ഞു.വിധി പുറത്തുവന്നതിന് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന വാദവുമായി വാരണാസി ജില്ലാ കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍ പറഞ്ഞിരുന്നു. സാധാരണ പ്രശ്‌നം സിവില്‍ പ്രശ്‌നമായിരിക്കുന്നുവെന്നും കുടുംബം തന്റെ ജീവനില്‍ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:The sur­vey con­tin­ues at Gyan­wapi Church

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.