December 9, 2023 Saturday

Related news

December 6, 2023
December 3, 2023
December 2, 2023
December 1, 2023
December 1, 2023
December 1, 2023
December 1, 2023
November 28, 2023
November 20, 2023
November 20, 2023

സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍ തമിഴ് നാട് ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടിവന്നു

മുന്‍ എഐഎഡിഎംകെ മന്ത്രിമാരായ വിജയഭാസക്കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്ക് അനുമതി
Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2023 4:08 pm

സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് തമിഴ് നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്ക് വഴങ്ങേണ്ടി വന്നു. അഴിമതിക്കേസില്‍ എഐഎഡിഎംകെ നേതാക്കള്‍ക്കെതിരെ വിചാരണ നടപടിക്ക് അനുമതി നല്‍കി . മുന്‍ എഐഎഡിഎംകെ മന്ത്രിമാരായ വിജയഭാസക്കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്കാണ് അനുമതി. ഗുട്ക അഴിമതി കേസിലാണ് നടപടി. ഇവര്‍ക്കെതിരെ 14മാസം മുന്‍പാണ് ഡിഎംകെ സര്‍ക്കാര്‍ നടപടിക്ക് അനുമതി തേടിയത്.

എന്നാല്‍ നിയമപരിശോധന തുടരുന്നെന്ന ന്യായീകരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു ഗവര്‍ണര്‍. സുപ്രീംകോടതി ഇന്ന് അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജ്ഭവന്‍ ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ നടപടിയെടുത്തത്.അതിരൂക്ഷ വിമർശനം വന്നതിന് പിന്നാലെയാണ് രാജ്ഭവൻ തിരക്കിട്ട് വാർത്താക്കുറിപ്പ് ഇറക്കിയത്. സർക്കാർ കത്ത് നൽകിയ ശേഷം രാജ്ഭവൻ ഇത്രയും നാൾ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെന്തിൽ ബാലാജി കേസ് ഉയർന്നതിന് പിന്നാലെ വിഷയം കൂടുതല്‍ ശക്തമായി. എന്നാൽ ഇതിനിടെ എൻഡിഎ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് സംസ്ഥാനത്ത് എഐഎഡിഎംകെ നേതൃത്വം. ഡിഎംകെയുടെ രാഷ്ട്രീയ വിജയമായി കൂടിയാണ് മുൻ മന്ത്രിമാർക്കെതിരായ വിചാരണ നടപടി വിലയിരുത്തപ്പെടുന്നത്.

തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരായ ഹർജി പരിഗണിക്കവേ ബില്ലുകൾ സർക്കാരിന് തിരികെ അയ്ക്കാൻ കോടതി ഇടപെടൽ വരെ എന്തിന് കാത്തിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. മൂന്ന് വർഷമായി ബില്ലുകളിൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ കോടതിയിൽ വന്നപ്പോൾ മാത്രമാണ് ഗവർണർ നടപടിയെടുത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അനുഛേദം 200 പ്രകാരം ഗവർണർക്ക് ബില്ലുകൾ പിടിച്ചു വെക്കാനുള്ള അധികാരമല്ലെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു. നിയമസഭാ ബില്ലുകൾ പാസാക്കി ഗവർണർക്ക് വീണ്ടും അയച്ച കാര്യം സർക്കാർ കോടതിയെ ധരിപ്പിച്ചു. തമിഴ് നാടിന്‍റെ ഹർജി ഡിസംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

തമിഴ്നാട് ഗവര്‍ണര്‍ക്ക് രൂക്ഷവിമര്‍ശനം; മൂന്ന് വര്‍ഷം എന്തുചെയ്തു?

ന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാര്‍ അനുമതിക്കായി നല്‍കിയ ബില്ലുകളില്‍ മൂന്നു വര്‍ഷം ഗവര്‍ണര്‍ എന്തെടുക്കുകയായിരുന്നെന്ന് സുപ്രീം കോടതി. ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. 2020 ജനുവരി മുതല്‍ അനുമതിക്കായി സമര്‍പ്പിച്ച ബില്ലുകള്‍ പാസാക്കാത്ത ഗവര്‍ണറുടെ നടപടിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ റിട്ട് ഹര്‍ജി പരിഗണിച്ച് നോട്ടീസ് അയച്ച ശേഷമാണ് 10 ബില്ലുകള്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍ തിരിച്ചയച്ചത്.

നവംബര്‍ 10നാണ് വിഷയം അതീവ ഗുരുതരമെന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നവംബര്‍ 13നാണ് ഗവര്‍ണര്‍ ബില്ലുകള്‍ തിരിച്ചയച്ചത്. വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകുംവരെ കാത്തിരുന്നത് എന്തിനെന്നും ബെഞ്ച് ആരാഞ്ഞു. സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കുന്നത് ഉള്‍പ്പെടെയുള്ള ബില്ലുകളില്‍ തര്‍ക്കങ്ങളുണ്ട്. ഇതൊരു പ്രധാന വിഷയമാണ്. ഇതില്‍ പുനരാലോചനകള്‍ വേണ്ടതുണ്ട്. അതിനാലാണ് ബില്ലുകള്‍ക്കുള്ള അനുമതി വൈകാന്‍ ഇടയാക്കിയതെന്ന് ഗവര്‍ണര്‍ക്കുവേണ്ടി ഹാജരായ എ ജി കോടതിയെ അറിയിച്ചു. 2020 മുതലുള്ള ബില്ലുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന വാദത്തിന് പ്രസക്തിയില്ല. ഗവര്‍ണറായി ആര്‍ എന്‍ രവി 2021 നവംബറിലാണ് ചുമതലയേറ്റതെന്നും എജി കോടതിയെ ബോധിപ്പിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ മടക്കിയ 10 ബില്ലുകളും അസംബ്ലി വീണ്ടും പാസാക്കിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 

 

Eng­lish Summary:
The Tamil Nadu Gov­er­nor had to yield to the strong inter­ven­tion of the Supreme Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.