27 April 2024, Saturday

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചരിത്രം കുറിച്ചു

രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രി ഈ ചികിത്സാ രീതി അവലംബിക്കുന്നത്
Janayugom Webdesk
കൊച്ചി
August 21, 2022 2:01 pm

അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയതു മൂലം മരണാസന്നനായ രോഗിക്ക് ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ച് എറണാകുളം ജില്ലാ ജനറല്‍ ആശുപത്രി ചരിത്രം കുറിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ അറുപത്തിയൊമ്പതുകാരനാണ് അപൂര്‍വ ശസ്ത്രക്രിയ്ക്ക് വിധേയനായത്. ശ്രീ ചിത്തിര ആശുപത്രിയുള്‍പ്പെടെ ചുരുക്കംചില സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റിപ്ലെയ്‌സ്‌മെന്റ് (ടിഎവിആര്‍) നടത്തിയിട്ടുള്ളത്.

നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തക്കുഴലില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റിവെച്ചത്. രോഗിയെ പൂര്‍ണമായും മയക്കാതെയാണ് ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ഈ ചികിത്സ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ആശ കെ ജോണ്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകും. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ആശിഷ് കുമാര്‍, ഡോ. പോള്‍ തോമസ്, ഡോ. വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോ. ജോര്‍ജ് വാളൂരാന്‍, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. ജിയോ പോള്‍, ഡോ. ദിവ്യ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. സ്റ്റാന്‍ലി ജോര്‍ജ്, ഡോ. ബിജുമോന്‍, ഡോ. ഗോപകുമാര്‍, ഡോ. ശ്രീജിത് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

Eng­lish sum­ma­ry; The valve was removed with­out open­ing the heart and a his­to­ry was tak­en at the Dis­trict Gen­er­al Hospital

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.