ബാബറി മസ്ജിദ് കേസില്‍ സുപ്രികോടതി വിധി വന്ന് മൂന്നു വര്‍ഷത്തിനു ശേഷവും തുടങ്ങാനാകാതെ അയോധ്യയിലെ മസ്ജിദ് നിര്‍മാണം. അയോധ്യ ക്ഷേത്ര നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമ്പോള്‍, മസ്ജിദ് നിര്‍മാണത്തിനുള്ള അനുമതിക്കായി കാത്തിരിപ്പ് തുടരുകയാണ്. ഇനിയും പദ്ധതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്തിമ അനുമതി ലഭ്യമാക്കിയിട്ടില്ല. 2019 നവംബറിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് അനുമതി നല്‍കിയത്. 1000 പേജുള്ള അതേ ഉത്തരവില്‍, കേന്ദ്രമോ ഉത്തര്‍പ്രദേശ് സര്‍ക്കാരോ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ പ്രധാനപ്പെട്ടതും അനുയോജ്യവുമായ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
2020 ഫെബ്രുവരിയില്‍ ധനിപൂരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് സ്ഥലം അനുവദിച്ചു. അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. പള്ളി നിര്‍മാണ മേല്‍നോട്ടത്തിനായി വഖഫ് ബോര്‍ഡ് ഇന്തോ-ഇസ്‍ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചു. നല്ല സ്ഥലത്ത് ഭൂമി ലഭിച്ചില്ലെന്നും നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ഭൂമി ലഭിച്ചതെന്നും ഒരു ഐഐസിഎഫ് അംഗം ദ ഹിന്ദുവിനോട് പറഞ്ഞു.
4500 ചതുരശ്ര മീറ്ററുള്ള മസ്ജിദിന് പുറമെ ആശുപത്രി, സാമൂഹ്യ അടുക്കള, ലൈബ്രറി, സ്വാതന്ത്ര്യ സമര സേനാനി മൗലവി അഹമ്മദുല്ല ഷായുടെ പേരിലുള്ള ഗവേഷണ കേന്ദ്രം എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ഐഐസിഎഫ് തയ്യാറാക്കിയിട്ടുള്ളത്. ക്രൗഡ് ഫണ്ടിങിലൂടെയാണ് പള്ളിയുടെ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തുന്നത്. ഇതുവരെ 40 ലക്ഷം രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. പള്ളിയുടെ രൂപരേഖ അയോധ്യ വികസന അതോറിറ്റിക്ക് (എഡിഎ) സമര്‍പ്പിച്ചതില്‍ എന്‍ഒസി ലഭിക്കാന്‍ മാത്രം ഒരുവര്‍ഷത്തോളം സമയമെടുത്തു. നിരന്തരമായി ഓഫിസുകള്‍ കയറിയിറങ്ങിയതിന്റെ ഫലമായി മിക്ക എന്‍ഒസികളും സമ്പാദിച്ചു. പക്ഷേ പുറത്തെ റോഡിന് കുറഞ്ഞത് 12 മീറ്ററെങ്കിലും വീതിയുണ്ടാകണമെന്ന് പറഞ്ഞ് അഗ്നിശമന വിഭാഗം എന്‍ഒസി നിഷേധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
റോഡ് വീതികൂട്ടണമെന്ന് ഫൗണ്ടഷേന്‍ എഡിഎയോട് അഭ്യര്‍ഥിച്ചെങ്കിലും ഇത് പരിഗണിക്കുന്നതിനിടെ മറ്റ് തടസങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൃഷിഭൂമിയായതിനാല്‍ ഭൂമിയില്‍ ഒരു നിര്‍മാണവും നടത്താന്‍ കഴിയില്ലെന്നാണ് യുപി സര്‍ക്കാരില്‍ നിന്നും ഒടുവില്‍ ലഭിച്ച മറുപടി. ഭൂമി ക്രമപ്പെടുത്തി നല്‍കാന്‍ എഡിഎയ്ക്കും സംസ്ഥാന സര്‍ക്കാരിനും കത്തെഴുതിയിട്ടുണ്ടെങ്കിലും അഞ്ചുമാസമായിട്ടും തീരുമാനം ഉണ്ടായിട്ടില്ലെന്നും ഐഐസിഎഫ് സെക്രട്ടറി അതര്‍ ഹുസൈന്‍ സിദ്ദിഖി പറഞ്ഞു. അതേസമയം പള്ളിയുടെ നിര്‍മാണത്തിന് ഭരണപരമായ തടസ്സങ്ങളൊന്നുമില്ലെന്നും സ്വാഭാവികമായ കാലതാമസം മാത്രമാണെന്നും എഡിഎ സെക്രട്ടറി സത്യേന്ദ്ര സിങ് പറയുന്നു. അയോധ്യ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 2020 ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തറക്കല്ലിട്ടത്. 1800 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിനാണ് രാമക്ഷേത്ര നിര്‍മാണത്തിന്‍റെ ചുമതല. ക്ഷേത്രത്തില്‍ പ്രധാന ദിവസങ്ങളില്‍ അഞ്ച് ലക്ഷം വരെ ഭക്തരെ ഉള്‍ക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി അറിയിച്ചിട്ടുണ്ട്.
English Summary; The wait for approval is long; Construction of Ayodhya Masjid wrapped in red tape
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.