3 May 2024, Friday

സമാധാനം സ്ഥാപിക്കാൻ വേണ്ടി യുദ്ധം ചെയ്തവർ

പി സുനിൽകുമാർ
August 6, 2023 7:30 am

ഗസ്റ്റ് ആറ്. അന്നേ ദിവസം രാവിലെ ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ പീസ് പാർക്കിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ ഒത്തുചേരും. മാനവരാശിക്കെതിരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണത്തിന്റെ ഓർമകളിൽ, ജീവിതം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ ഓർത്ത്, അംഗഭംഗം വന്നും മരിച്ചു ജീവിക്കുന്നവരുടെയും ഓർമ്മയിൽ ‘ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് സഡാക്കോ കൊക്കുകളെയും കയ്യിൽ വഹിച്ചുകൊണ്ടാണ് അവർ വരുക. ആ നഗരത്തിൽ ഇന്ന് വസിക്കുന്ന ജനങ്ങൾ എല്ലാവരും അവിടേക്ക് വരുന്നവരെ സ്വീകരിക്കുന്നത് ‘ആണവമുക്തമാകട്ടെ ലോകം’ എന്ന മുദ്രാവാക്യവുമായാണ്.

1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.45. ജപ്പാനിലെ ഹിരോഷിമ നഗരത്തിന് മുകളിൽ അമേരിക്കൻ വ്യോമസേനയുടെ ബോംബർ വിമാനമായ ഇന്നോലഗേ പറന്നെടുക്കുന്നു പിന്നാലെ ക്യാമറയും ഘടിപ്പിച്ചുകൊണ്ട് രണ്ട് ഫൈറ്റർ വിമാനങ്ങളും മുന്നിലായി കാലാവസ്ഥാ നിരീക്ഷണത്തിനായി ഒരു സൈനിക വിമാനവും പറക്കുന്നുണ്ട്. ഇതിന് രണ്ടു മണിക്കൂർ മുൻപ് ആ നഗരത്തിന്റെ മേൽ ഒരു സൈറൺ മുഴങ്ങിയിരുന്നു. എന്തോ അപായ സൂചനകൾ ഉണ്ടെന്ന് ധരിച്ചിരുന്നെങ്കിലും ജനം അവരുടെ സാധാരണ ജീവിതത്തിലേക്ക് തന്നെ പോവുകയായിരുന്നു ആ ദിവസവും. ഉത്തര പസഫിക്കിലെ ടിനിയൻ ദ്വീപിൽ നിന്നും കൊണ്ടുവന്ന നാല് ടൺ ഭാരവും മൂന്നു മീറ്റർ നീളവും ഉള്ള ‘ലിറ്റിൽ ബോയ്’ എന്ന പേരുള്ള അണുബോംബ് ഹിരോഷിമയിലേക്ക് ഇനോ ലഗേയിൽ നിന്ന് ഇടുകയാണ്.

 

നിമിഷങ്ങൾക്കുള്ളിൽ ഹിരോഷിമ നഗരത്തിന് 800 മീറ്റർ ഉയരത്തിൽ ലോകത്തിലെ ആദ്യത്തെ അണുബോംബ് പൊട്ടിത്തെറിക്കുന്നു. പിന്നെ കാണുന്നത് കത്തിജ്വലിക്കുന്ന ഒരു തീ ഗോളമാണ്. നഗരം ഒരു ചാര കൂമ്പാരമായി മാറുന്നു. അടുത്ത ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഏതാണ്ട് 60, 000ത്തോളം പേർ വെന്തുരുകി മരിക്കുന്നു. കെട്ടിടങ്ങളും വാഹനങ്ങളും എല്ലാം ഉരുകി ഏതാണ്ട് 3000 ഡിഗ്രി സെൽഷ്യസ് ചൂട് ആ പ്രദേശമാകെ ഉണ്ടാകുന്നു. ലോഹങ്ങളെല്ലാം ഉരുകിയൊലിച്ചു. നഗരവീഥി ശവശരീരങ്ങളാൽ മൂടപ്പെട്ടു. വെന്തു കരിഞ്ഞ മാംസക്കഷണവുമായി മനുഷ്യർ, മൃഗങ്ങൾ എങ്ങോട്ടെന്നില്ലാതെ, എന്താണ് സംഭവിച്ചത് എന്നറിയാതെ വേദനയോടെ പായുന്നു. കുറച്ചു വർഷങ്ങളായി ലോകത്ത് നടക്കുന്ന മഹായുദ്ധം അവസാനിപ്പിക്കാൻ കണ്ടെത്തിയ അവസാന മാർഗമായിരുന്നു ആണവ പരീക്ഷണം. ലോകത്ത് ആരുമറിയാതെ തങ്ങളുടെ സഖ്യകക്ഷികളെ പോലും അറിയിക്കാതെ അമേരിക്ക നടത്തിയ പരീക്ഷണം. 50 കിലോഗ്രാം യുറേനിയം നിക്ഷേപിച്ച ലിറ്റിൽ ബോയ് ഒരു കിലോഗ്രാം യുറേനിയത്തിന്റെ മാത്രം ഉപയോഗമേ സ്ഫോടനത്തിനു വേണ്ടി നടത്തിയിട്ടുള്ളൂ. സ്ഫോടനം ഉണ്ടായ ഉടൻ നഗരത്തിൽ അരമണിക്കൂറോളം ഒരു കരിമഴ പെയ്യുകയുണ്ടായി. ആ വെള്ളം വീണിടത്ത് നദികളിലും ജലാശയങ്ങളിലും ഉള്ള ജീവികൾ എല്ലാം ചത്തു പൊങ്ങി. നിമിഷങ്ങൾക്കകം ജപ്പാനിലെ ഒരു വലിയ വ്യവസായിക നഗരം ഇല്ലാതായി. പിന്നീടുള്ള വർഷങ്ങളിൽ ലക്ഷക്കണക്കിന് പേർ മരിച്ചു. വിവിധ ആഘാതങ്ങളിൽപ്പെട്ട മൂന്നുലക്ഷത്തോളം പേർ മരിച്ചു ജീവിക്കുന്നു, എല്ലാ യാതനകളും പേറി. ലക്ഷക്കണക്കിന് പേർ അഭയാർത്ഥി ക്യാമ്പുകളിൽ ജീവിക്കേണ്ടിവന്നു. ഇന്നും പിറന്നുവീഴുന്ന കുഞ്ഞുങ്ങളിൽ ചിലർക്കെങ്കിലും ദുരിതങ്ങൾ പേറി ജീവിക്കേണ്ടിവരുന്നു.

 

അണുബോംബ് നിർമ്മിക്കുന്നതിനുള്ള മത്സരം ജർമ്മനിയും അമേരിക്കയും തമ്മിൽ 1930 ൽ തന്നെ ആരംഭിച്ചിരുന്നു. 1942ൽ ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തു. ഒരു ലക്ഷത്തോളം പേരുടെ അധ്വാനവും 200 കോടി ഡോളറിന്റെ മുതൽമുടക്കും ഇതിനായി ഉണ്ടായിരുന്നു. 1945 ജൂലൈ 16, അന്ന് ന്യൂ മെക്സിക്കോയിലെ ഒരു മരുഭൂമിയിൽ ട്രിനിറ്റി എന്ന പേരിൽ അണുബോംബ് അമേരിക്ക പരീക്ഷിക്കുകയുണ്ടായി. പക്ഷേ ആ വിവരം ലോകം അറിഞ്ഞില്ല. ജർമ്മനിക്കെതിരെ പ്രയോഗിക്കാനാണ് ആദ്യം ബോംബ് ഉദ്ദേശിച്ചതെങ്കിലും പിന്നീട് അത് ജപ്പാനെതിരെ പ്രയോഗിക്കാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. 1941 ൽ അമേരിക്കയുടെ പേൾ ഹാർബർ എന്ന സ്ഥലം ജപ്പാൻ ആക്രമിച്ചത് അതിനുള്ള കാരണമായി അവർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. യുദ്ധത്തിൽ തങ്ങളുടെ മേൽക്കൈ ഉറപ്പാക്കാനാണ് അമേരിക്ക അണുബോംബ് ഉപയോഗിച്ചത് എന്ന് ഇന്നും ലോകം വിശ്വസിക്കുന്നു. ബോംബ് വീണെങ്കിലും ആണവസ്ഫോടനത്തിന്റെ ഭീകരതകളെല്ലാം പേറുന്ന ആ നഗരം ഇന്ന് സമാധാനത്തിന്റെ നഗരമാണ്. ജീവ സമൂഹത്തിനും ഭൂമിക്കും വിനാശമായ യുദ്ധത്തിൽ നിന്ന് ലോകത്തെ മാറ്റി നിർത്തി സമാധാനം കണ്ടെത്താൻ മാനവരാശിയെ പഠിപ്പിക്കുന്ന നഗരം.
ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കുന്ന ദിവസമാണ് ആഗസ്റ്റ് ആറ്. പീസ് പാർക്കിൽ 1964ൽ ഒരു സമാധാന ദീപശിഖ സ്ഥാപിച്ചത് എന്നും കത്തി നിൽക്കും. ലോകം ആണവ മുക്തമാകുന്ന ഒരു സുദിനം ഉണ്ടാകും എന്ന വിശ്വാസത്തിൽ. അത് പ്രാബല്യത്തിൽ വരുന്ന ദിവസം വരെ ആ വിളക്ക് കത്തിക്കൊണ്ടിരിക്കും.

ഞങ്ങൾ സഹിച്ചത് നിങ്ങൾ സഹിക്കേണ്ട എന്ന ആശയമാണ് ഹിരോഷിമ ജനത ലോകത്തോട് പറയുന്നത്. ഇന്ന് 1.12 മില്യൻ ജനത അധിവസിക്കുന്ന ആ ജനനിബിഡ നഗരത്തിൽ യന്ത്രഭാഗങ്ങളുടെ നിർമ്മാണം, ഭക്ഷ്യ സംസ്കരണം, വാഹന നിർമ്മാണം എന്നീ വ്യവസായങ്ങൾ നല്ല രീതിയിൽ നടക്കുന്നു. രസകരമായ വസ്തുത ഈ നഗരത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ നാലിലൊന്ന് ഭാഗം ന്യൂക്ലിയർ ഊർജ്ജം വഴി ലഭ്യമാകുന്നതാണ് എന്നതാണ്. അന്നത്തെ ബോംബിങ്ങിൽ തകരാതെ നിന്ന ഒരേയൊരു കെട്ടിടമാണ് പിന്നീട് സ്മാരകമായി മാറ്റിയത്. കുറേക്കാലത്തിന് ശേഷം പീസ് പാർക്ക് സ്ഥാപിച്ചപ്പോൾ ആ കെട്ടിടം മ്യുസിയമായി മാറ്റി.
തകർന്ന് തരിപ്പണമായി മാറിയ ഹിരോഷിമ നഗരത്തെ രണ്ട് വർഷം കൊണ്ട് പുനർ സൃഷ്ടിക്കാൻ ജപ്പാന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. അവിടം ഇപ്പോൾ മറ്റ് പല നഗരങ്ങളെപ്പോലെ ശാന്തവുമാണ്. ഓട്ട എന്ന നദിയും അതിന്റെ കൈവഴികളും ശാന്തമാണ്. കരിമഴ പിന്നെ ഉണ്ടായിട്ടില്ല. ബോംബിങ് ഉണ്ടായ സ്ഥലം ഇന്നും പ്രത്യേക മേഖലയായി തുടരുന്നു. അവിടേക്ക് പ്രവേശനം ഇല്ല. രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച് ലോകത്തെ ശാന്തമാക്കാൻ വേണ്ടി ആണവബോംബ് ഇട്ടവരുടെ മനോഭാവം നോക്കൂ. സമാധാനം കൈവരിക്കാൻ വേണ്ടി യുദ്ധം ചെയ്യുക, പിന്നെ ഏറ്റവും അപകടകരമായ ആയുധം പ്രയോഗിച്ചു കൊണ്ട് യുദ്ധം അവസാനിപ്പിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.