4 March 2024, Monday

ഒഎന്‍വി എന്ന ത്രയാക്ഷരം ; വിടവാങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു

Janayugom Webdesk
തിരുവനന്തപുരം
February 13, 2023 11:11 am

സാഗരങ്ങളെ പോലും പാടിയുണര്‍ത്തിആറു പതിറ്റാണ്ടിലേറെക്കാലം മലയാള കാവ്യലോകത്ത് നിറഞ്ഞൊഴുകിയ പ്രിയ കവി ഒഎൻവി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴുവര്‍ഷമാകുന്നു പകരം വെക്കാനില്ലാത്ത ആ ത്രയാക്ഷരം തന്‍റെ രചനകളിലൂടെ മലയാളികളുടെ മനസില്‍ ഇന്നും ജീവിക്കുന്നു.അവിസ്മരണീയ ഗാനങ്ങളുടെ നറുതേൻ നിലാവ് പൊഴിച്ച കാവ്യഭംഗിക്കുടമ. മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യ സൂര്യൻ, അങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഒഎന്‍വിക്ക്.

പ്രകൃതിയുടെയും മണ്ണിന്‍റെയുംമനസിന്‍റേയും ജീവാംശമുള്ള ആഭാഷാ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന വരികളാണ് അദ്ദേഹത്തിന്‍റേത്. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം കവി തന്‍റെ വരികളില്‍ ആവാഹിച്ചു.1931 മേയ് 27ന് ഒഎന്‍. കൃഷ്ണക്കുറുപ്പിന്‍റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്ന് ഓമനപ്പേരും. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ വേലുക്കുറുപ്പിന്‍റെ പേരു നല്‍കി.

ഒറ്റപ്ളാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്നാണ് പൂര്‍ണമായ പേര്. ഇന്നത്തെ അഞ്ചാം ക്ളാസിനു തുല്യമായ പ്രിപ്പറേറ്ററിക്കാണ് ഒ.എന്‍.വി ആദ്യമായി സ്കൂളില്‍ എത്തിയത്. പ്രവേശന പരീക്ഷയിലൂടെയായിരുന്നു കൊല്ലത്തെ ഗവ. ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശനം ലഭിച്ചത്. പിന്നീട് പിതാവിന്‍റെ ആകസ്മിക മരണത്തോടെ കൊല്ലം നഗരത്തോട് വിടപറഞ്ഞ് ഒഎന്‍വി ചവറ ശങ്കരമംഗലം സര്‍ക്കാര്‍ സ്കൂളില്‍ പഠനം ആരംഭിച്ചു.1946ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ കവിതയായ മുന്നോട്ട് പ്രസിദ്ധപ്പെടുത്തിയത്. സ്വരാജ്യം എന്ന വാരികയിലാണ് ഈ കവിത അച്ചടിച്ചു വന്നത്. 1949ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കവിതാ മത്സരത്തില്‍ അരിവാളും രാക്കുയിലും എന്ന കവിതയ്ക്കു ചങ്ങമ്പുഴയുടെ പേരിലുള്ള സമ്മാനം ലഭിച്ചു. അതേവര്‍ഷം തന്നെ ‘പൊരുതുന്ന സൗന്ദര്യ’മെന്ന ആദ്യ കവിതാ സമാഹാരവും പുറത്തിറങ്ങി. മുക്കുവരുടെ ജീവിതത്തെ കുറിച്ച് ഒഎന്‍വി എഴുതിയ കവിതയാണ് മാറിയ കൂത്തുകള്‍.

സമൂഹത്തിന്‍റെ എല്ലാ തുറകളിൽ പെട്ടവരെയും തന്‍റെ കവിതയുടെ ഭാഗമാക്കാൻ ഒഎൻവി കുറുപ്പിന് കഴിഞ്ഞു. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ 40ലേറെ കവിതാസമാഹാരങ്ങള്‍. 1949ൽ കമ്മ്യൂണിസ്റ്റ് നേതാവ് എം.എൻ.ഗോവിന്ദൻ നായർ കൊല്ലത്ത് ഒളിവിൽ താമസിക്കുന്നതിനിടയിൽ അഷ്ടമുടിക്കയലിന്‍റെ തീരത്തെ ഒരു വള്ളപ്പുരയിൽ കാവലിന് എത്തിയത് ഒ.എൻ.വിയും ദേവരാജൻ മാസ്റ്ററുമായിരുന്നു. അന്ന് ഒ.എൻ.വിയുടെ സർഗ സൃഷ്ടിയിൽ വിരിഞ്ഞതാണ് പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന പാട്ട് .അവിസ്മരണീയ ഗാനങ്ങളുടെ നറുതേന്‍നിലാവ് പൊഴിച്ച കവി, മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യന്‍, മാനവസ്നേഹത്തിന്‍റെയും പ്രകൃതിസ്നേഹത്തിന്‍റെയും പ്രവാചകന്‍ വിശേഷണങ്ങള്‍ അനന്തമായി നീളുകയാണ്. ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കാനാവില്ല ഒഎൻവിയെ. വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒഎന്‍വി. അദ്ദേഹത്തിന്‍റെ ഓരോ വരിയും കാലാതീതമായി പുതിയ അര്‍ഥങ്ങളും ആനന്ദവും ആശ്വാസവും പകര്‍ന്ന് അലയടിച്ചുകൊണ്ടേയിരിക്കും. കാല്പനികതയില്‍ നിന്ന് വ്യത്യസ്തമായി നവകാല്പനികധാരയിലൂടെയാണ് ഒഎന്‍വി സഞ്ചരിച്ചത്.

ഇത് മലയാള കവിതയിലെ പുതിയ ഏടായിരുന്നു. കവിതകളില്‍ വിപ്ളവവും സമരവും സ്വാതന്ത്ര്യവും പിറന്നു. ജീവിതാവസനം വരെ ആ കാവ്യയാത്ര നീണ്ടു. അതിനിടയില്‍ പലതരം പരിവര്‍ത്തനങ്ങള്‍ക്ക് ഒ.എന്‍.വിയുടെ കവിത വിധേയമായിട്ടുണ്ട്. വിപ്ളവ പ്രതീക്ഷയില്‍ നിന്ന് കാല്പനിക വിഷാദത്തിലേക്കും അതില്‍ നിന്ന് ജീവിതാശയിലേക്കും തീവ്രമായ പ്രകൃതി ബോധത്തിലേക്കും ഒ.എന്‍.വിയിലെ കവി വികസിച്ചു.കെ.പി.എ.സിക്കായി 30 നാടകങ്ങളില്‍ 140 പാട്ടുകള്‍ രചിച്ചു. 12 തവണ നാടകഗാന രചനക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1960ല്‍ കെ.പി.എസിയില്‍ നിന്ന് വിട്ട് ഒ. മാധവന്‍ ആരംഭിച്ച കാളിദാസ കലാകേന്ദ്രത്തിനായി ഗാന രചന നടത്തിയിരുന്നു. 1948ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഇന്‍റര്‍മീഡിയറ്റ് പാസ്സായ ഒഎന്‍വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1957ല്‍ എറണാകുളം മഹാരാജാസില്‍ അധ്യാപകനായി ഒ.എന്‍.വി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെവെച്ചാണ് ജീവിതസഖിയായ സരോജിനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഒൗദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു. കേരള കലാമണ്ഡലത്തിന്‍്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് 

ജ്ഞാനപീഠത്തിനും (2007) പത്മശ്രീ, (1998) പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, ഖുറം ജോഷ്വാ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, സോവിയറ്റ്ലാന്‍ഡ് നെഹ്രു പുരസ്കാരം, വയലാര്‍ രാമവര്‍മ പുരസ്കാരം, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം, പുഷ്കിന്‍ മെഡല്‍ എന്നിവയാണ് ഒ.എന്‍.വിക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍. ഒ.എന്‍.വിയുടെ വരികള്‍ക്ക് പഴയ തലമുറ, പുതിയ തലമുറ എന്ന വ്യത്യാസമില്ലായിരുന്നു. മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ച് തന്‍റ വരികളുടെ ഭാവവും ചലനവും മാറ്റാന്‍ അദ്ദേഹത്തിനായി.

1955ല്‍ ആദ്യമായി ചലച്ചിത്ര (കാലം മാറുന്നു) ഗാനവുമെഴുതി. ആ മലര്‍പ്പൊയ്കയില്‍ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ എന്ന ഗാനമാണെഴുതിയത്. ബാബുരാജ്, എം.ബി. ശ്രീനിവാസന്‍, രാഘവന്‍ മാഷ്, ദേവരാജന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങി നിരവധിപ്പേര്‍ക്കൊപ്പം ഒരിക്കലും മറക്കാത്ത വരികള്‍ സമ്മാനിച്ചു. ഗാനരചന ആരംഭിച്ചത് ബാലമുരളി എന്ന പേരിലായിരുന്നു. ഗുരുവായൂരപ്പന്‍ എന്ന സിനിമ മുതലാണ് ഒ.എന്‍.വി എന്ന പേരില്‍ എഴുതി തുടങ്ങിയത്. 230ലധികം സിനിമകളിലായി 930ല്‍ അധികം ഗാനങ്ങള്‍ എഴുതി. ഗാനരചനക്കുഗള്ള സംസ്ഥാന അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്.

Eng­lish Summary:

three let­ters ONV; It’s been sev­en years since we left

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.