
ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുശേഷമുള്ള ചെറിയൊരു കാലയളവിൽ, ബിജെപി ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും മൗനത്തിലായിരുന്നു. ബിജെപിയാണെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അടിസ്ഥാനമാക്കി ‘ഡബിൾ എൻജിൻ സർക്കാർ’ എന്ന മുദ്രാവാക്യം മുഴക്കി സകലവിധ തെരഞ്ഞെടുപ്പുമര്യാദകളും കാറ്റിൽപ്പറത്തി കേന്ദ്ര ഭരണാധികാരം പരമാവധി ദുർവിനിയോഗം ചെയ്ത് ചരിത്രപരമായൊരു നേട്ടം കൈവരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടക്കം മുഴുവൻ മന്ത്രിമാരും ജനാധിപത്യ തത്വങ്ങളും ഫെഡറൽ ബന്ധങ്ങളും മര്യാദകളും തീർത്തും അവഗണിച്ചുകൊണ്ടുള്ള പ്രചരണമാണ് നടത്തിയത്. ഡൽഹിയിലെ സമ്മതിദായകർക്ക് മുന്നിൽ കേന്ദ്ര ഭരണകൂടം വച്ചുനീട്ടിയത് ഒരേ ഒരു മാർഗമായിരുന്നു. ഒന്നുകിൽ കേന്ദ്രവുമായി സൗഹൃദപൂർണമായ സഹകരണം ഉറപ്പാക്കുന്നതിന് ബിജെപിയെ സംസ്ഥാനത്ത് ഭരണമേല്പിക്കുക, അല്ലെങ്കിൽ അതിന്റെ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടാൻ സജ്ജരായിരിക്കുക. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു രാഷ്ട്രീയ പാർട്ടിയെ തന്നെ അധികാരമേല്പിക്കുന്നതിലൂടെ ഫലത്തിൽ ഡൽഹിയിൽ അധികാരം കയ്യാളുക ഒരു ഇരട്ട എൻജിൻ സർക്കാരായിരിക്കും. മറിച്ചാണ് സംഭവിക്കുകയെങ്കിൽ, മറ്റു ചില ബിജെപിയിതര പാർട്ടികൾ നയിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ വികസന പദ്ധതികൾക്ക് കേന്ദ്ര ധനസഹായം ലഭ്യമല്ലാത്ത സ്ഥിതിവിശേഷം നേരിടാൻ തയ്യാറാവുക. അത്തരം സംസ്ഥാനങ്ങളിൽ അധികാരം വഹിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ജയിൽവാസം അനുഭവിക്കേണ്ടിവരുകയും ചെയ്തേക്കാം.
ബിജെപി — സംഘ്പരിവാർ ശക്തികള്‍ തീർത്തും ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനങ്ങളാണ് നടത്തുന്നത്. സംസ്ഥാന ഭരണത്തലവന്മാരായി ഭരണഘടന വിഭാവനം ചെയ്യുന്ന പൊതുധാരണകളനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരായ ഗവർണർമാരും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെന്ന ഭരണഘടനാ സ്ഥാപനവും ബിജെപി ഭരണകൂടത്തിന്റെ താളത്തിനൊത്ത് നീങ്ങുന്നവരാണ്. ഭരണഘടനയുടെ നെടുംതൂണുകളിലൊന്നായ ജുഡീഷ്യറിയുടെ പ്രവർത്തനം ഭരണഘടനാനുസൃതമായി ചലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണല്ലോ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത ഉറപ്പാക്കാൻ കേന്ദ്ര നിയമ മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്നൊരു സമിതിയായിരിക്കണം കമ്മിഷനെ നിയമിക്കാൻ എന്ന് സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിയോഗിച്ച ഒരു മന്ത്രിയെ തൽസ്ഥാനത്ത് നിയോഗിച്ചുകൊണ്ട് സമിതി നിലവിൽ വന്നു. ഇതോടെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും നിതി ആയോഗ് പോലെ മറ്റൊരു കേന്ദ്രഭരണ വകുപ്പിന്റെ പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഭരണസംവിധാനത്തിൽ നിർണായക സ്ഥാനത്തുള്ള ഒരു വിഭാഗമാണ് മാധ്യമ ലോകം. ഇതിന്റെ പങ്ക് പലപ്പോഴും അധികാരത്തിലിരിക്കുന്നവർക്കെതിരായി പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങൾ നിഷ്പ്രഭമാക്കുക എന്നതായിരിക്കുന്നു. കഴിയുമെങ്കിൽ അതെല്ലാം പരാജയപ്പെടുത്താനും. ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടാൻ നിർമ്മിത ബുദ്ധിയുടെ വിനിയോഗവും മാധ്യമ ലോകത്തിന് അധിക ശക്തി നല്‍കിയിരിക്കുകയാണ്. സമീപകാലത്ത് യുപിയിൽ അതിവിപുലമായി സംഘടിപ്പിക്കപ്പെട്ട ‘മഹാകുംഭമേള’ മാത്രം മതിയാകും ഇതിനുതെളിവായി ചൂണ്ടിക്കാണിക്കാൻ. ഇന്ത്യൻ പാർലമെന്റിലെ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും, തീവ്ര ഹിന്ദുത്വ ശക്തികളും മാധ്യമ ലോകവും ഒരുമിച്ചു നിന്നാൽ തങ്ങൾക്കെതിരായി ഏതറ്റംവരെയുള്ള ആഘാതം ഏല്പിക്കാമെന്ന് കൃത്യമായും ബോധ്യമായിട്ടുണ്ടാകും.
സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ (ആർജെഡി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തുടങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വരെയുള്ള ഇന്ത്യ സഖ്യ പാർട്ടികളെ ബിജെപി — സംഘ്പരിവാർ ശക്തികൾ ദൈവനിന്ദയുടെ പേരിൽ പ്രതിക്കൂട്ടിലാക്കപ്പെട്ടിരിക്കുകയാണ്. എഐ സഹായത്തോടെ ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ നിർണായകമായൊരു വിഭാഗം മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയുള്ള വിചാരണയ്ക്ക് പ്രതിപക്ഷ പാർട്ടികളെ വിധേയരാക്കിവരികയാണിപ്പോൾ.
ഇന്ത്യൻ ജനാധിപത്യ ഭരണ വ്യവസ്ഥയിലെ മാറ്റങ്ങൾ ഇവിടം കൊണ്ടും തീരുന്നില്ല. സംസ്ഥാന ഭരണകൂടങ്ങൾ കൂടി സ്വന്തം മേധാവിത്വത്തിൽ വരുത്തേണ്ടത് ബിജെപിയുടെ ആത്യന്തിക ലക്ഷ്യമാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും ഈ ലക്ഷ്യം നേടിക്കഴിഞ്ഞിരിക്കുന്നു. ജമ്മു കശ്മീരിൽ ഹിന്ദുത്വ ആധിപത്യം ജമ്മുവിൽ മാത്രം ഒതുങ്ങുകയുമായിരുന്നു. ഝാര്‍ഖണ്ഡിൽ ഈ ലക്ഷ്യം നേടാൻ ഹേമന്ത് സൊരേനും ഝാര്‍ഖണ്ഡ് മുക്തിമോർച്ചയും പ്രതിബന്ധം സൃഷ്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ അധികാരത്തുടർച്ച നിലനിർത്താനായത് വനിതകൾക്കായി നേരിട്ടുള്ള പണക്കൈമാറ്റമെന്ന തന്ത്രം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദുരുപയോഗം ചെയ്തതിലൂടെയാണ്.
പലയിടത്തും കോൺഗ്രസ്-ബിജെപി സ്ഥാനാർത്ഥികൾ നേരിട്ട് ഏറ്റുമുട്ടിയാൽ വിജയിക്കുക ബിജെപി ആയിരിക്കും. എന്നാൽ, പ്രാദേശിക പാർട്ടികൾക്കെതിരായി ബിജെപിയുടെ വിജയം അത്ര എളുപ്പമല്ല. എന്നാൽ ഈ പ്രവണതയിലും മാറ്റം ദൃശ്യമാണ്. ബിജു ജനതാദൾ കുത്തകയാക്കിവച്ചിരുന്ന ഒഡിഷയിൽ ഒരേസമയം നിയമസഭാ — ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ വിജയം ബിജെപിക്കായിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി വിജയം ആവർത്തിച്ചത്, രണ്ട് ശക്തമായ പ്രാദേശിക പാർട്ടികളായ ശിവസേനയെയും എൻസിപിയെയും ഭിന്നിച്ചു നിർത്തിയാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്ന ഏതാനും എൻസിപി നേതാക്കളെ ഇഡി ഭീഷണി കാട്ടിയും അഴിമതി കഴുകിക്കളയൽ സൂത്രവിദ്യയിലൂടെയും കൂടെക്കൂട്ടിയതും തുണയായി. ബിഹാറിലാണെങ്കിൽ ഏതുപാർട്ടിയോട് ഒട്ടിനിന്നാലും അധികാരം മാത്രം മതി എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന നിതീഷ് കുമാറിന്റെ പാർട്ടിയെ എൻഡിഎ സഖ്യത്തിലാക്കിയാണ് ബിജെപി അധികാരം പങ്കിടുന്നത്. ഇതോടൊപ്പം ഏതാനും ജാതി വിഭാഗനേതാക്കളുടേയും കൂട്ടുകെട്ടും ഉറപ്പാക്കിയിരുന്നു.
ചുരുക്കത്തിൽ ഹിന്ദു ധർമ്മത്തെപ്പറ്റി ഇടയ്ക്കിടെ വാചാലരാകുന്നുണ്ടെങ്കിലും ബിജെപി — സംഘ്പരിവാർ വൃന്ദം, ഇതെല്ലാം അപ്പാടെ വലിച്ചെറിഞ്ഞ് ലയന-ഏറ്റെടുക്കൽ പ്രക്രിയകളിലൂടെ ഏതുവിധേനയും രാഷ്ട്രീയാധികാരം നേടുക എന്ന ഏക ലക്ഷ്യം മുൻനിർത്തിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ചില പ്രാദേശിക പാർട്ടികൾ ആരോരുമറിയാതെ അപ്രത്യക്ഷമാകുന്ന അനുഭവങ്ങളും വിരളമല്ല. ഉദാഹരണത്തിന് ഹരിയാനയിലെ മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെയും അദ്ദേഹത്തിന്റെ പാർട്ടി ജനനായക് ജനതാപാർട്ടിയുടെയും തിരോധാനം തന്നെ. ഒരുപക്ഷെ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ ഇന്നത്തെ നിലയിൽ ശക്തമായി തുടരുന്നപക്ഷം എഐഡിഎംകെ മുതൽ പ്രാദേശിക പാർട്ടികളുടെ ഒരു പരമ്പര തന്നെ അപ്രത്യക്ഷമായേക്കാം. അതേസമയം ബിഹാറിൽ നിതീഷ് കുമാറിന്റെ രാഷ്ട്രീയ അന്ത്യം ഏത് വിധേനയായിരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. നിതീഷിന്റെ ജനതാദളി (യുണൈറ്റഡ്) നെ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ ബിജെപി രഹസ്യ നീക്കങ്ങളിലൂടെ പരാജയപ്പെടുത്താൻ പരിശ്രമം നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഈ കൊടുംവഞ്ചന ഏല്പിച്ച ആഘാതം ബിജെപി — നിതീഷ് വിഭാഗങ്ങൾ ഏതെല്ലാം നീക്കങ്ങളിലൂടെ പരിഹരിച്ചു എന്ന് ഇനിയും വ്യക്തമായിട്ടില്ല.
2026ൽ പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കം നടക്കാനിരിക്കുകയാണ്. ഇതോടൊപ്പം കേരള നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിങ് ശതമാനം 38ഉം ഭരണത്തിലെത്തിയ തൃണമൂൽ കോൺഗ്രസിന്റേത് 48 ശതമാനവുമായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധപ്പെട്ട മുഖ്യമന്ത്രിമാരും ഗവർണർമാരും തമ്മിൽ പല കാര്യങ്ങളിലും സ്വരച്ചേർച്ച ഇല്ലാതിരുന്നത് നമുക്കറിയാം. എന്നാൽ, പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസും മുഖ്യമന്ത്രി മമതയും തമ്മിലുള്ള പോര് എല്ലാ സീമകളും ലംഘിച്ച് നിയമപോരാട്ടങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. ഗവർണർ — മുഖ്യമന്ത്രി പോര്, ക്രിമിനൽ കേസുകൾ മുതൽ വർഗീയാടിസ്ഥാനത്തിലുള്ള ഭിന്നതകൾ വരെയുള്ള വിവാദങ്ങളിലെത്തി ജനാധിപത്യ തത്വങ്ങൾക്ക് തന്നെ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഇതുകൊണ്ടൊന്നും ബംഗാൾ ജനതയെ സ്വാധീനിക്കാൻ കഴിയില്ലെന്ന സ്ഥിതി വന്നാൽ ‘ഡബിള്‍ എൻജിൻ’ സർക്കാർ വിദ്യ പ്രയോഗിക്കാനും മോഡി — അമിത് ഷാ കൂട്ടുകെട്ട് മടിച്ചുനില്‍ക്കില്ല. ഈ വിദ്യ പ്രയോഗിക്കുന്നതിനുള്ള തുടക്കമാണ് എംഎൻആർഇജിഎയ്ക്കായി 2022 മുതൽ സംസ്ഥാനത്തിന് ന്യായമായും ലഭ്യമാക്കേണ്ടതായ 7,000 കോടി രൂപ മോഡി സർക്കാർ മരവിപ്പിച്ചു നിർത്തിയിരിക്കുന്നത്. ജൽബോർഡിന് ലഭ്യമാക്കേണ്ട കേന്ദ്ര വിഹിതവും തടഞ്ഞുവച്ചിരിക്കുകയാണ്. ഡൽഹിയിൽ എഎപിയും കെജ്‌രിവാളും ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്ന ശിക്ഷയ്ക്കായി ടിഎംസിയും മമതാ ബാനർജിയും കാത്തിരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ മോഡി-ഷാ ദ്വയം പശ്ചിമബംഗാളിന് നല്‍കുന്ന മുന്നറിയിപ്പ്.
ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ മുറുകെപ്പിടിക്കുന്ന ഫെഡറൽ ഘടനയ്ക്ക് നേരെ ബുൾഡോസർ ആക്രമണമാണ് മോഡിയും കൂട്ടരും നടത്തിയിരിക്കുന്നത്. സഹകരണാധിഷ്ഠിത ഫെഡറലിസം ഫലത്തിൽ കോംപറ്റീവ് — മത്സരാധിഷ്ഠിത — ഫെഡറലിസമായി മാറിയിരിക്കുന്നു എന്ന കോൺഗ്രസ് നേതാവ് ഡോ. മനു അഭിഷേക് സിംഘ്‌വിയുടെ അഭിപ്രായം ശരിവയ്ക്കേണ്ടിരിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ടിഎംസി ലോക്‌സഭാംഗം ഡെറക് ഒബ്രയാനും അഭിപ്രായപ്പെട്ടതുപോലെ നിലവിലുള്ള ഈ ‘ഡബിൾ എൻജിൻ’ മോഡിയൻ കുതന്ത്രം യഥാർത്ഥത്തിൽ ഫെഡറലിസത്തിന്റെ പൂർണമായ ലംഘനമല്ലാതെ മറ്റൊന്നല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.