21 June 2024, Friday

കേരളത്തില്‍ യു‍ഡിഎഫും എന്‍ഡിഎയും അപൂര്‍വ ഐക്യത്തില്‍: കാനം

സ്വന്തം ലേഖകന്‍
കൊല്ലം‍
August 18, 2022 10:55 pm

കേരളത്തില്‍ യുഡിഎഫും എന്‍ഡിഎയും തമ്മില്‍ അപൂര്‍വമായ ഐക്യം ഉടലെടുത്തിരിക്കുകയാണെന്നും ഇത് നാടിന് നല്ലതാണോ, നാടിന്റെ വികസനത്തെ സഹായിക്കുന്നതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാറ്റിനോടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് ഒരു ഭാഗത്തും സര്‍ക്കാരിനെ എതിര്‍ക്കാന്‍ കേന്ദ്ര ഭരണത്തെ ഉപയോഗിക്കുന്ന എന്‍ഡിഎ മറുഭാഗത്തും നിന്ന് എല്‍ഡിഎഫ് ഭരണത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കേന്ദ്ര ഭരണാധികാരത്തെ ഉപയോഗിച്ച് സാമ്പത്തിക ഉപരോധം തീര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ സമരങ്ങള്‍ ശക്തിപ്പെടുത്തി ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനാണ് യുഡിഎഫിന്റെ ശ്രമം. ഇതിനെ ചെറുക്കാനുള്ള ബാധ്യത ഇടത് ജനാധിപത്യ വിശ്വാസികള്‍ക്കുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വെളിയം ഭാര്‍ഗവന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

\ഇടതുപക്ഷത്തിന്റെ ഐക്യമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനശേഷം ഈ ആശയവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോയി. 80 മുതല്‍ എല്‍ഡിഎഫിന്റെ സജീവ ഭാഗമായി നില്‍ക്കുന്ന സിപിഐ, ഇടതു മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യയില്‍ ഫാസിസത്തിലേക്ക് നടന്നുനീങ്ങുന്ന ജനാധിപത്യ സംവിധാനത്തിന് കടിഞ്ഞാണിടണമെങ്കില്‍ ഇടതു ഐക്യം മുന്നോട്ടുകൊണ്ടുപോകുകയും പരമാവധി ഇടതുപക്ഷ ചിന്താഗതിക്കാരെ ഒരുമിപ്പിച്ച് നിര്‍ത്തുകയും ചെയ്യണമെന്നതാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന ആശയം.

എല്‍ഡിഎഫില്‍ അംഗങ്ങളായ പാര്‍ട്ടികള്‍ തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടാകാം. അത് മുന്നണിക്കുള്ളിലും പാര്‍ട്ടികള്‍ തമ്മിലും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ ഒരു കൊച്ചു തുരുത്താണ് ഇടതുപക്ഷത്തിന്റെ കൈവശമുള്ള കേരളം. അത് നശിക്കാന്‍ പാടില്ല. മുന്നണിയെ സംരക്ഷിച്ച് മുന്നോട്ടുപോകാന്‍ നമുക്ക് ബാധ്യതയുണ്ട്. ഒരു മുന്നണിയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അതിന്റെ ഗുണവും ദൂഷ്യവും തുല്യമായി പങ്കിടേണ്ടതുണ്ട്. എന്തെങ്കിലും കോട്ടമുണ്ടാകുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്വമല്ല എന്ന് പറയുക ശരിയായ രാഷ്ട്രീയമല്ല. മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും വേണം. അതിനെ കൂടുതല്‍ ഇടതുപക്ഷത്തേയ്ക്ക് നയിക്കണം. പക്ഷേ അത് അകത്ത് നിന്നേ പറ്റൂ. പുറത്തുപോയിട്ട് നയിക്കാന്‍ പറ്റില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചിറ്റയം ഗോപകുമാര്‍, എം സലിം, എ മന്മഥന്‍നായര്‍, ഹണി, ടി എസ് നിധീഷ്, എസ് അഷറഫ് എന്നിവര്‍ ഉള്‍പ്പെട്ട പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു.

സംസ്ഥാന എക്സിക്യൂട്ടീവംഗം കെ ആര്‍ ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി ലാലു സ്വാഗതം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി അഭിവാദ്യപ്രസംഗം നടത്തി. നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ പ്രകാശ്ബാബു, ജെ ചിഞ്ചുറാണി, കെ ആര്‍ ചന്ദ്രമോഹനന്‍, മുല്ലക്കര രത്നാകരന്‍, എന്‍ രാജന്‍ എന്നിവര്‍ പങ്കെടുക്കുന്നു.വൈകിട്ട് ‘കൊല്ലത്തിന്റെ സമഗ്രവികസനം’ എന്ന വിഷയത്തിന്മേല്‍ നടന്ന സെമിനാര്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രകാശ്‌ബാബു മോഡറേറ്ററായിരുന്നു. മുല്ലക്കര രത്നാകരന്‍ വിഷയം അവതരിപ്പിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എസ് സുപാല്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും. തുടര്‍ന്ന് സംഘടനാ റിപ്പോര്‍ട്ടവതരിപ്പിക്കും. നാളെ സമ്മേളനം സമാപിക്കും.

Eng­lish Sum­ma­ry: UDF and NDA in rare uni­ty in Ker­ala: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.