26 April 2024, Friday

Related news

April 11, 2024
April 2, 2024
March 13, 2024
March 1, 2024
January 3, 2024
December 26, 2023
December 12, 2023
November 18, 2023
October 6, 2023
September 23, 2023

ഞങ്ങൾ പറഞ്ഞാല്‍ ജയ് ഷാ കേൾക്കില്ല; സ്റ്റാലിൻ പോലും ചിരിച്ചുപോയ മകൻ ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വൈറൽ

Janayugom Webdesk
ചെന്നൈ
April 14, 2023 1:57 pm

ഐപിഎൽ മത്സരങ്ങൾ കാണുന്നതിന് എംഎൽഎമാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട അണ്ണാ ഡിഎംകെ എംഎൽഎയ്ക് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ നല്‍കിയ മറുപടി വൈറലാകുന്നു. എം എ ചിദംബരം സ്റ്റേ‍ഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ നൽകണമെന്നായിരുന്നു എസ് പി വേലുമണി നിയമസഭയിൽ ആവശ്യപ്പെട്ടത്.

എന്നാൽ താങ്കളുടെ സുഹൃത്ത് കൂടിയായ ജയ് ഷായോട് അണ്ണാ ഡിഎംകെ എംഎല്‍എ തന്നെ ഇക്കാര്യം ചോദിക്കാനായിരുന്നു ഉദയനിധി സ്റ്റാലിന്റെ ഉപദേശം. ഉദയനിധിയുടെ മറുപടി കേട്ട് തമിഴ്നാട് മുഖ്യമന്ത്രിയും ഉദയനിധിയുടെ അച്ഛനുമായ എംകെ സ്റ്റാലിൻ പോലും ചിരിച്ചുപോയി. നിയമസഭയില്‍ ഉദയനിധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.

തമിഴ്നാട് നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് തൊണ്ടമുതുർ എംഎൽഎയായ വേലുമണി ആവശ്യം ഉന്നയിച്ചത്. ഡ‍ിഎംകെ സർക്കാർ‌ ഐപിഎല്ലിന്റെ ടിക്കറ്റുകൾ സംഘാടകരിൽനിന്നു വാങ്ങിയിട്ടുണ്ടെന്നും, എന്നാൽ അണ്ണാ ഡിഎംകെ പ്രതിനിധികൾക്ക് അതു കിട്ടിയിട്ടില്ലെന്നും വേലുമണി പരാതി ഉന്നയിച്ചു. നിയമസഭാംഗങ്ങൾക്ക് ടിക്കറ്റുകൾ ഉറപ്പാക്കാൻ കായിക മന്ത്രി തന്നെ ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ഇതിന് കായിക മന്ത്രി ഉദയനിധി സ്റ്റാലിനാണ് എംഎൽഎയുടെ ആവശ്യത്തിനു മറുപടി നൽകിയത്.

ഉദയനിധി സ്റ്റാലിന്റെ വൈറലായ മറുപടി :

ചെന്നൈയിൽ അണ്ണാ ഡിഎംകെയുടെ ഭരണകാലത്ത് എംഎൽഎമാർക്ക് ടിക്കറ്റ് കൊടുത്തത് ആരാണെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി. ‘‘എന്റെ കയ്യിൽനിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയാണ് മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധമുള്ളവരെ ഞാൻ കളി കാണാൻ കൊണ്ടുപോയത്. ഐപിഎൽ നടത്തുന്നത് ബിസിസിഐയാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകൻ‌ ജയ് ഷായാണ് അതിന്റെ തലവൻ.’’– ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘‘ഞങ്ങൾ പറഞ്ഞാല്‍ ജയ് ഷാ കേൾക്കില്ല. പക്ഷേ നിങ്ങൾക്കു ചോദിച്ചുനോക്കാൻ സാധിക്കുമല്ലോ? നിങ്ങൾ സംസാരിച്ച് നിയമസഭാംഗങ്ങൾക്കെല്ലാം അഞ്ചു വീതം ടിക്കറ്റ് ഉറപ്പാക്കിയാൽ അതു മതിയാകും. സർക്കാർ വേണമെങ്കിൽ അതിനു പണം നൽകുകയും ചെയ്യാം.’’–ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

Eng­lish Sum­ma­ry: udhayanid­hi stal­in viral speech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.