26 April 2024, Friday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

ഭരണഘടനാ വിരുദ്ധം: മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Janayugom Webdesk
ഭോപ്പാല്‍
November 18, 2022 11:28 pm

മധ്യപ്രദേശ് സര്‍ക്കാരിന്റെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ 10-ാം വകുപ്പ് റദ്ദാക്കി ഹൈക്കോടതി. ഒരാള്‍ മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണമെന്ന വകുപ്പാണ് റദ്ദാക്കിയത്. പ്രഥമദൃഷ്ട്യാ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ സുജോയ് പോള്‍, പ്രകാശ് ചന്ദ്ര എന്നിവരുടെ നടപടി. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് സംസ്ഥാന അധികാരികളെ മധ്യപ്രദേശ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
ഒരാള്‍ മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരുടെയും നിര്‍ബന്ധത്തിനോ ബലപ്രയോഗത്തിനോ വഴങ്ങിയല്ല താന്‍ മതം മാറുന്നതെന്ന് കാട്ടി 60 ദിവസത്തിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്നാണ് 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ പ്രസ്തുത വകുപ്പില്‍ പറഞ്ഞിരിക്കുന്നത്. ഇത് ലംഘിക്കുന്ന വ്യക്തിക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും കുറഞ്ഞത് 50,000 രൂപ പിഴയും ലഭിക്കും.

സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചവരെ നിയമത്തിനു കീഴില്‍ വിചാരണ ചെയ്യരുതെന്ന് കോടതി പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ നിയമപ്രകാരം വ്യക്തികളെ വിചാരണ ചെയ്യുന്നതിൽ നിന്ന് സർക്കാരിനെ വിലക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. പൗരന്മാരെ വിചാരണ ചെയ്യാൻ നിയമം സര്‍ക്കാരിന് അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഒരു പൗരന് സ്വന്തം മതമോ മറ്റൊരു മതത്തിലേക്ക് മാറാനുള്ള ഉദ്ദേശ്യമോ വെളിപ്പെടുത്താൻ യാതൊരു ബാധ്യതയുമില്ലെന്നും ഹർജിക്കാർ വാദിച്ചു. 

കഴിഞ്ഞ വര്‍ഷമാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം വിജ്ഞാപനം ചെയ്തത്. മതം മാറ്റാനുള്ള ഉദ്ദേശ്യത്തോടെ നിർബന്ധിച്ച് വിവാഹം കഴിച്ചാൽ 10 വർഷം വരെ തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

യുപിയില്‍ അറസ്റ്റിലായത് 507 പേര്‍ 

ലഖ്നൗ: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ 291 കേസുകളിലായി 507 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ പ്രതികളായ ആര്‍ക്കും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല.
ഒരു കേസില്‍ പോലും ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ മതംമാറ്റിയെന്നാരോപിച്ചാണ് 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍ബന്ധിതമായി മതം മാറ്റിയെന്നാണ് 150 കേസുകളിലെ ഇരകള്‍ നല്‍കിയിരിക്കുന്ന മൊഴി. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബരേലി ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു.
2020ലാണ് യുപിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്നത്. നിയമപ്രകാരം ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ 10 വര്‍ഷം തടവും 50,000 രൂപ വരെ പിഴയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 

Eng­lish Sum­ma­ry: Uncon­sti­tu­tion­al: Mad­hya Pradesh High Court strikes down sec­tion of Pro­hi­bi­tion of Reli­gious Con­ver­sion Act

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.