പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്ക് വീണ്ടും അടിപതറുന്നു. കേന്ദ്രമന്ത്രി ശന്തനു താക്കൂറിന്റെ അപ്രതീക്ഷിത നീക്കങ്ങളാണ് തെരഞ്ഞെടുപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് സഹമന്ത്രിയായ ശന്തനു സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയതായാണ് റിപ്പോര്‍ട്ട്.
ബിജെപിയുടെ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ശന്തനു പുറത്തുപോയിട്ടുണ്ട്. ഇതോടെ ശന്തനു പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. അടുത്തിടെ നടന്ന സംസ്ഥാന പുനസംഘടനയില്‍ ശന്തനു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിയുമായി അടുപ്പമുള്ളവരെ കമ്മിറ്റികളിലേക്ക് പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. മതുവ സമുദായത്തില്‍പ്പെടുന്നയാളാണ് ശന്തനു. പുനസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തത് തന്റെ സമുദായത്തോടുള്ള അവഗണനയാണെന്നാണ് മന്ത്രിയുടെ വാദം.
പുനസംഘടനയില്‍ സുഖന്ത മജുംദാറിനെ അധ്യക്ഷനാക്കി നിയമിച്ചിരുന്നു. ദിലീപ് ഘോഷിന് പകരക്കാരനായാണ് സുഖന്തയെ നിയമിച്ചത്. മതുവ സമുദായത്തില്‍ പ്രധാനപ്പെട്ട നേതാക്കള്‍ക്കാര്‍ക്കും പുനസംഘടനയില്‍ പ്രധാനസ്ഥാനം ലഭിച്ചിരുന്നില്ല. പുനസംഘടനയെ ചൊല്ലി മറ്റ് ചില കോണുകളില്‍ നിന്നും അതൃപ്തി ഉയരുന്നുണ്ട്. അഞ്ച് എംഎല്‍എമാര്‍ ഇതിനോടകം നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മുകുത് മോണി അധികാരി, സുബ്രതാ താക്കൂര്‍, അംബിക റോയ്. അശോക് കിര്‍താനിയ, അസിം സര്‍ക്കാര്‍ എന്നിവരാണ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുള്ളത്. പുനസംഘടനയില്‍ ഇവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് മാറ്റിയിരുന്നു.
ഇതോടെ പ്രതിഷേധ സൂചകമെന്നോണം ബിജെപി എംഎല്‍എമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ഇവര്‍ പുറത്തുപോയിട്ടുണ്ട്. അഞ്ച് എംഎല്‍എമാരും കഴിഞ്ഞ ദിവസം ശന്തനു താക്കൂറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ അടുത്ത നടപടി കൈക്കൊള്ളുമെന്നാണ് അതൃപ്തരായ എംഎല്‍എമാര്‍ പറയുന്നത്. ഇതാദ്യമായല്ല ശന്തനു പാര്‍ട്ടി നേതൃത്വവുമായി ഇടയുന്നത്.
പൗരത്വ നിയമം നടപ്പിലാക്കാന്‍ വൈകുന്നതില്‍ ശന്തനു കേന്ദ്ര നേതൃത്വത്തിനേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയുടെ ഇക്കഴിഞ്ഞ പുനസംഘടനയിലാണ് ശന്തനുവിന് മന്ത്രിസ്ഥാനം ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് ബിജെപി നേരിടുന്നത്. സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് കൊട്ടിഘോഷിച്ച്, തൃണമൂലിലെ നേതാക്കളെ അടര്‍ത്തിയെടുത്ത ബിജെപിയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദയും ദിവസങ്ങളോളം ബംഗാളില്‍ ക്യാംപ് ചെയ്ത് പ്രചരണം നടത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് അധികം ലഭിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അവസാനം കഴിഞ്ഞ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 38% വോട്ട് നേടിയ ബിജെപിക്ക് അടുത്തിടെ നടന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 9 ആയി കുറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലെത്തിയ പല നേതാക്കളും ബിജെപി വിട്ട് തൃണമൂലിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബിജെപിയിലെത്തിയിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു. തെരഞ്ഞെടുപ്പിലെ തുടര്‍തോല്‍വിയ്ക്ക് പിന്നാലെ ബിജെപിക്ക് വിഭാഗീയത വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
English Sumamry: Union Minister Shantanu Thakur has hit out at the BJP in West Bengal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.