ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയ്ക്ക് വീണ്ടും പ്രഹരം. പാര്‍ട്ടി എം എല്‍ എമാരും മന്ത്രിമാരും പാര്‍ട്ടി വിടുന്നതിന് പിന്നലെ സഖ്യകക്ഷിയില്‍ നിന്നും എം എല്‍ എമാര്‍ രാജിവെക്കുന്നു.
ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്നാദളില്‍ (സോനെലാല്‍ വിഭാഗം) നിന്നുള്ള രണ്ട് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടു. യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ഇരുവരുടേയും രാജി. ചൗധരി അമര്‍സിംഗ്, ആര് കെ വെര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. സിദ്ധാര്‍ത്ഥ് നഗറിലെ ഷൊഹ്റത്ഗഢ് മണ്ഡലത്തിലെ എം എല്‍ എയാണ് ചൗധരി അമര്‍സിംഗ്.
പ്രതാപ്ഗഡിലെ വിശ്വനാഥ് ഗഞ്ച് മണ്ഡലത്തെയാണ് ആര് കെ വെര്‍മ പ്രതിനീധികരിക്കുന്നത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ചൗധരി അമര്‍ സിംഗ് പറഞ്ഞു. അമര്‍സിംഗ് ഷൊഹ്റത്ഗഢില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചേക്കാനാണ് സാധ്യത.
കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയില്‍ നിന്ന് പതിനഞ്ചോളം നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇവരും സമാജ് വാദി പാര്‍ട്ടിയിലേക്കാണ് പോകാനൊരുങ്ങുന്നത്. യോഗി സര്‍ക്കാരിലെ തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയില്‍ തുടങ്ങിയ രാജിയാണ് ഘടകകക്ഷികളിലേക്കും വ്യാപിക്കുന്നത്. നിരവധി നിയമസഭാംഗങ്ങള്‍ ബി ജെ പി വിടുമെന്ന് മൗര്യ നേരത്തെ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് എം എല്‍ എമാര്‍ പാര്‍ട്ടി വിടുന്നത് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദളിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബി ജെ പി വിട്ടവരില്‍ ഏറെയും. നേതാക്കളുടെ രാജി തടയാന്‍ കേന്ദ്ര നേതൃത്വം നടത്തുന്ന ശ്രമങ്ങളെല്ലാം വിഫലമാവുകയാണ്.
മറുവശത്ത് കരുനീക്കം ശക്തമാക്കുകയാണ് അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ടിരുന്നു. 29 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ എസ് പി പ്രഖ്യാപിച്ചത്. 19 സീറ്റില്‍ ആര് എല്‍ ഡിയും പത്ത് സീറ്റില്‍ എസ് പിയും മത്സരിക്കും. ബി ജെ പി വിട്ടവരെ എസ് പിയിലേക്ക് സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയും അഖിലേഷ് നടത്തുന്നുണ്ട്.
അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം ബി ജെ പിയ്ക്ക് തുടര്‍ഭരണം പ്രവചിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങി മറിയുന്നതെന്നതും ശ്രദ്ധേയം. അതേസമയം സി പി ഐ എം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് യുപിയിലെ തിരഞ്ഞെടുപ്പ് നടക്കുക. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.
പടിഞ്ഞാറന്‍ യുപി (44 മണ്ഡലങ്ങള്‍), റൂഹല്‍ഖണ്ഡ് (52), ദോവാബ് (73), അവധ് (78), ബുന്ദേല്‍ഖണ്ഡ് (19), ഈസ്റ്റ് യു പി (76), നോര്‍ത്ത് ഈസ്റ്റ് യു പി (61) എന്നിങ്ങനെ ഏഴ് മേഖലകളിലായിട്ടാണ് 403 നിയോജകമണ്ഡലങ്ങളെ വിഭജിച്ചിരിക്കുന്നത്.ജാതി സമവാക്യങ്ങിളൂലുന്നിയുള്ള തന്ത്രങ്ങളാണ് പ്രമുഖ കക്ഷികളെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഏറ്റവും നിർണ്ണായകമായത് ജാതി സമവാക്യങ്ങള്‍ കൃത്യമായി പാലിച്ചതായിരുന്നു.
യാദവ ഇതര ഒബിസി, ജാതവ ഇതര ദളിതുകള്‍, പരമ്പരാഗത സവർണ്ണ വോട്ടിബാങ്കിനൊപ്പം മുസ്ലിം വോട്ടുകളിലെ വിഭജനവും കൂടിയായപ്പോള്‍ ബി ജെ പിയുടെ സീറ്റ് നില 300 ന് മുകളിലേക്ക് എത്തുകയായിരുന്നു.40 ശതമാനം വോട്ട് ഷെയർ നേടിയ ബി ജെ പിക്ക് 312 സീറ്റുകളായിരുന്നു 2017 ല്‍ ലഭിച്ചത്. സംസ്ഥാനത്ത് രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു പാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ബി ജെ പി സ്വന്തമാക്കിയത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 38% വോട്ടുകൾ നേടിയ എസ്പി-ബിഎസ്പി സഖ്യം ഉണ്ടായിരുന്നിട്ടും ബിജെപിയുടെ വോട്ട് വിഹിതം 50% ആയി ഉയർന്നു. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എസ്പിയും ബിഎസ്പിയും വെവ്വേറെയാണ് മത്സരിക്കുന്നതെങ്കിലും ‘സാമാജിക് ന്യായ്’ (സാമൂഹ്യനീതി) എന്ന പദപ്രയോഗത്തിന് കീഴിൽ വൻ ജാതി കൺസോർഷ്യത്തിനൊപ്പം ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നുമാണ് മുൻ മുഖ്യമന്ത്രി അവകാശപ്പെടുന്നു.
അഖിലേഷ് യാദവിന്റെ നേരിട്ടിള്ള നിയന്ത്രണത്തിലാണ് സാമാജിക് ന്യായ് രൂപീകരിച്ചിട്ടുള്ളത്.ബി ജെ പിയിലെയും ബി എസ് പിയിലെയും യാദവ ഇതര ഒ ബി സി നേതാക്കൾ സമാജ്വാദി പാർട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ ഈ അവകാശവാദത്തിന് കൂടുതൽ ആക്കം കൂട്ടി. ജാതി കണക്കുകൂട്ടൽ ഫലപ്രദമായ രീതിയില്‍ അനുകൂലഘടകമായി മാറിയാല്‍ 300 ന് അടുത്ത് സീറ്റുകള്‍ എസ് പിക്ക് നേടാന്‍ സാധിക്കും.ഉയർന്ന ജാതിക്കാർ, മുസ്ലീങ്ങൾ, യാദവ ഇതര ഒബിസികൾ, യാദവർ, ജാതവ് എന്നിങ്ങനെ പ്രധാനപ്പെട്ട 5 വോട്ടിങ് ബാങ്കാണ് ഉത്തർപ്രദേശിലുള്ളത്.
ഇതിലെ രണ്ട് ഗ്രൂപ്പുകളുടെയും യാദവ ഇതര ഒബിസിക്കാരുടെയും വോട്ടുകൾ നേടി വെറും 30% വോട്ട് വിഹിതത്തോടെയായരുന്നു യുപിയിൽ മുൻകാലങ്ങളിൽ സർക്കാരുകൾ രൂപീകരിക്കപ്പെട്ടിരുന്നത്. 2012ൽ എസ്പി മുസ്ലീം-യാദവ് കൂട്ടുകെട്ടിലാണ് സർക്കാർ രൂപീകരിച്ചതെങ്കില് 2007ൽ ബിഎസ്പി ദളിത് മുസ്ലിം കൂട്ടുകെട്ടിന്റെ പിന്തുണയോടെയായിരുന്നു അധികാരത്തിലെത്തിയത്.
അന്നത്തെ സാഹചര്യങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും പ്രധാന പോരാളികളായി മാറിയിരുന്നില്ല.എന്നാല്‍ 2017 ഓടെ യുപിയിലെ സ്ഥിതി മാറി. യാദവ ഇതര ഒബിസികളെയും ജാതവ ഇതര പട്ടികജാതിക്കാരെയും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു 2017ലെ യുപി തിരഞ്ഞെടുപ്പിലേക്ക് ബിജെപി ഇറങ്ങിയത്.യാദവരും ജാതവരും യഥാക്രമം എസ്പി, ബിഎസ്പി ഭരണങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ചെന്ന പ്രചരണവും ബി ജെ പി സംസ്ഥാനത്ത് അഴിച്ച് വിട്ടു.
രണ്ട് പാർട്ടിയും മുസ്ലിംങ്ങളോട് പ്രീണനം കാട്ടിയെന്നും ആരോപിക്കപ്പെട്ടു. എസ്പി ഭരണത്തിൽ യാദവരുടെ നിയമലംഘനത്തിൽ യാദവ ഇതര ഒബിസികള്‍ക്കിടയിലുണ്ടായിരുന്ന അതൃപ്തിയുടെ മുറിവില്‍ ബി ജെ പിയുടെ പ്രചരണം എരിവ് പകർന്നു.രാജ്നാഥ് സിംഗ് (ഠാക്കൂർ), കൽരാജ് മിശ്ര (ബ്രാഹ്മണൻ), കേശവ് മൗര്യ (മൗര്യ, യാദവ ഇതര ഒബിസി), ഉമാഭാരതി (ലോധ്, യാദവ ഇതര ഒബിസി) എന്നീ ബാനറുകളിൽ നാല് പ്രധാന മുഖങ്ങളെ അണിനിരത്തിയുള്ള പ്രചരണമാണ് ബിജെപി നടത്തിയത്
ബിഎസ്പിയും കോൺഗ്രസും സജീവമല്ലാതെ നിൽക്കുന്ന തിരഞ്ഞെടുപ്പ് ഇപ്പോൾ ദ്വിധ്രുവമാണ്. . അതിനാൽ, ബിജെപി വിരുദ്ധ വോട്ടുകൾ, പ്രത്യേകിച്ച് മുസ്ലീം വോട്ടുകൾ, ഒരു വിഭജനവുമില്ലാതെ എസ്പിയിലേക്ക് വരും . ഇത്തവണ 35 ശതമാനം വോട്ട് വിഹിതം കടന്ന് പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനാകുമെന്നും എസ്പി നേതൃത്വം വിലയിരുത്തുന്നു
English Summary: UP polls: SP hits BJP hard
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.