9 May 2024, Thursday

യൂറിനറി ഇന്‍കോണ്ടിനന്‍സ് — ഫിസിയോതെറാപ്പി ചികിത്സാരീതികള്‍

Mr. Ajailal M
HOD, Dept. of Physiotherapy SUT Hospital, Pattom
May 23, 2022 6:53 pm

ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന തോന്നലുണ്ടാകുന്നത് സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ചിലരില്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പോലും അറിയാതെ മൂത്രം പോകുന്നു. പണ്ടിത് 60 വയസ്സ് കഴിഞ്ഞവരില്‍ ആയിരുന്നു അധികമായി കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് കൗമാര പ്രായക്കാരിലും കുട്ടികളിലും ഒക്കെ തന്നെ ഈ പ്രശ്‌നം കണ്ടുവരുന്നു. പ്രസവാനന്തരം സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.

400ml — 600ml വരെ മൂത്രം സംഭരിച്ചു വയ്ക്കാന്‍ സാധിക്കുന്ന മാംസപേശികള്‍ കൊണ്ടുണ്ടാക്കിയ ഒരു അറയാണ് മൂത്രസഞ്ചി. സാധാരണയായി മറ്റ് ആരോഗ്യ പ്രശ്‌നമില്ലാത്ത ഒരാള്‍ക്ക് 8 — 9 തവണ മൂത്രശങ്കയുണ്ടാകും. എന്നാല്‍ ഇതിലും കൂടുതല്‍ തവണ പോകേണ്ടതായി വരുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടതുണ്ട്. ഇത്തരം അവസ്ഥയെ യൂറിനറി ഇന്‍കോണ്ടിനന്‍സ് എന്ന് പറയുന്നു.

യൂറിനറി ഇന്‍കോണ്ടിനന്‍സ് സാധാരണയായി മൂന്ന് തരത്തില്‍ കണ്ടുവരുന്നു

1. സ്ട്രെസ് ഇന്‍കോണ്ടിനന്‍സ് (Stress Incontinence).
2. അര്‍ജ് ഇന്‍കോണ്ടിനന്‍സ് (Urge incontinence)
3. ഓവര്‍ ഫ്‌ലോ ഇന്‍കോണ്ടിനന്‍സ് (Over­flow incontinence)

സ്ട്രെസ് ഇന്‍കോണ്ടിനന്‍സ്

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് സ്ട്രസ് ഇന്‍കോണ്ടിനന്‍സ്. വയറിലുണ്ടാകുന്ന സ്ട്രെസ് കാരണം മൂത്രം അറിയാതെ പോകുന്ന അവസ്ഥയാണിത്. ഉറക്കെ ചിരിക്കുകയോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ അറിയാതെ മൂത്രം പോകാം. സ്ത്രീകളില്‍ പലപ്പോഴും പ്രസവശേഷം പേശികള്‍ക്കുണ്ടാകുന്ന ബലക്കുറവ്, പ്രസവത്തിന് സമയം കൂടുതല്‍ എടുക്കുക, ഭാരം കൂടിയ കുഞ്ഞ് എന്നിങ്ങനെയുള്ള അവസ്ഥകളിലും ഇത് ഉണ്ടാകാം.

അര്‍ജ് ഇന്‍കോണ്ടിനന്‍സ്

ഇത് പൊതുവെ പ്രായം ചെന്നവരില്‍ കണ്ടുവരുന്ന ഒന്നാണ്. യൂറിനറി ബ്ലാഡറിന്റെ അമിതമായ പ്രവര്‍ത്തനം കാരണം മൂത്രം ഒഴിക്കാന്‍ തോന്നി ബാത്‌റൂമില്‍ എത്തുന്നതിന് മുമ്പ് തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് മൂത്രം പോകുന്ന അവസ്ഥയാണിത്. പ്രമേഹം, യൂറിനറി ഇന്‍ഫെക്ഷന്‍, സൈക്യാട്രിക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ കണ്ടുവരുന്നു.

ഓവര്‍ ഫ്‌ലോ ഇന്‍കോണ്ടിനന്‍സ്

ഇവിടെ മൂത്രസഞ്ചി പൂര്‍ണ്ണമായി നിറഞ്ഞാലും ഇത് ഒഴിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂത്രം ഒഴിക്കാന്‍ കഴിയാതെ വരുമ്പോള്‍ ലീക്കായി പുറത്തേക്ക് പോകുന്നു. മൂത്രസഞ്ചിയുടെ പേശികളില്‍ ഉണ്ടാകുന്ന ബലക്കുറവ്, പ്രസവം, മരുന്നുകള്‍ എന്നിവ ഇതിന് കാരണമാകാം.

കാരണങ്ങള്‍

മൂത്രശങ്കയ്ക്ക് രണ്ടു കാരണങ്ങളുണ്ട്. മൂത്രസഞ്ചി അമിതമായി നിറയുന്നതാണ് ഒന്ന്. അധികം നിറഞ്ഞില്ലെങ്കിലും മൂത്രം ഒഴിക്കാന്‍ തോന്നുകയും എന്നാല്‍ അധികം മൂത്രം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഇത്തരം അമിത ശങ്കയുണ്ടാകാന്‍ ചില കാരണങ്ങളുണ്ട്. പ്രമേഹം, പ്രസവം, പക്ഷാഘാതം, ഫൈബ്രോയ്ഡ്, ഹൈപ്പര്‍തൈറോയ്ഡ്, ടെന്‍ഷന്‍, യൂറിനറി ഇന്‍ഫെക്ഷന്‍, പ്രോസ്‌ട്രേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങള്‍, മരുന്നുകള്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍.

യൂറിനറി ഇന്‍കോണ്ടിനന്‍സ് നേരത്തെ കണ്ടെത്തി ചികിത്സിക്കാവുന്ന ഒന്നാണ്. പലതരം ചികിത്സാരീതികള്‍ ഇന്ന് നിലവിലുണ്ട്. അതില്‍ ഫിസിയോതെറാപ്പി ചികിത്സാരീതി വളരെ ഫലപ്രദമായി കണ്ടുവരുന്നു. ജീവിത ശൈലിയില്‍ മാറ്റം വരുത്തുകയാണ് പ്രാധാനം.

· കൃത്യമായ ഒരു സമയം വച്ച് മൂത്രസഞ്ചി കാലിയാക്കാന്‍ ശ്രദ്ധിക്കുക.

· ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക.

· ശാരീരിക അധ്വാനം കൂടുതല്‍ വേണ്ട സമയത്ത് കാപ്പി കുടിക്കുന്നതും അമിതമായി വെള്ളം കുടിക്കുന്നതും ഒഴിവാക്കുക.

· മൂത്രം ഒഴിക്കാന്‍ തോന്നുമ്പോള്‍ തന്നെ പോകാന്‍ ശ്രദ്ധിക്കുക.

· രാത്രി ഉറങ്ങാന്‍ നേരം വെള്ളം കുടിക്കുന്നത് കഴിവതും ഒഴിവാക്കുക.

ഫിസിയോതെറാപ്പി

· മൂത്രസഞ്ചി നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുക.

· കീഗല്‍സ് എക്‌സര്‍സൈസ് വളരെ ഫലപ്രദമാണ്.

· ബയോ-ഫീഡ്ബാക്ക് ഉപയോഗിച്ചുള്ള പെല്‍വിക് ഫ്‌ലോര്‍ ട്രെയിനിംഗ് വളരെ ഉപയോഗപ്രദമായ ഒരു ഫിസിയോതെറാപ്പി ചികിത്സയാണ്.

Eng­lish Summary:Urinary incon­ti­nence — Phys­io­ther­a­py treatments
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.