21 December 2024, Saturday
KSFE Galaxy Chits Banner 2

നിയമസഭാ തെഞ്ഞെടുപ്പ്; യുപിയില്‍ കോണ്‍ഗ്രസിന്റെ സഖ്യമോഹങ്ങള്‍ക്ക് തിരിച്ചടി ബിജെപിയെ എതിര്‍ക്കുന്നതിലുള്ള വീഴ്ചയും, താഴെതട്ടില്‍ പ്രവര്‍ത്തകരുടെ അഭാവവും മുഖ്യകാരണം

പുളിക്കല്‍ സനില്‍രാഘവന്‍
November 15, 2021 3:27 pm

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് പ്രിയങ്ക . കോണ്‍ഗ്രസ് തനിച്ചു മല്‍സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ജയിക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് തനിച്ചായിരിക്കും. ഉത്തര്‍ പ്രദേശിലെ എല്ലാ നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് മല്‍സരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമേ മല്‍സരിപ്പിക്കുകയുള്ളൂ. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ബുലന്ദ്‌ഷെഹറില്‍ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. യുപിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വലിയ പാര്‍ട്ടികളുമായുള്ള സഖ്യം ഞങ്ങള്‍ക്ക് ഗുണം ചെയ്തിട്ടില്ല. അതുകൊണ്ട് ഇത്തവണ വലിയ കക്ഷികളുമായി സഖ്യമുണ്ടാകില്ല. ചെറുകക്ഷികളുമായി സഖ്യസാധ്യത പരിശോധിക്കും. 

കോണ്‍ഗ്രസുമായോ ബിഎസ്പിയുമായോ സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയത്. 40 ശതമാനം സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ വോട്ടര്‍മാരില്‍ പകുതി സ്ത്രീകളാണ്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ മിക്ക പ്രഖ്യാപനങ്ങളും. സ്ത്രീ പക്ഷ പ്രകടന പത്രിക പ്രത്യേകം പുറത്തിറക്കുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്.ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു ഉത്തര്‍ പ്രദേശ്. മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസായിരുന്നു ജയിച്ചിരുന്നത്. അന്ന് യുപിയും കേന്ദ്രവും ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. യുപിയില്‍ കോണ്‍ഗ്രസിന് ഇളക്കം തട്ടിയതോടെയാണ് കേന്ദ്രത്തില്‍ അവര്‍ക്ക് ഭരണം നഷ്ടമായതും. ബാബരി മസ്ജിദ് വിവാദമാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ മണ്ണിളകാന്‍ ഒരുകാരണം. എസ്പിയുടെയും ബിഎസ്പിയുടെയും ശക്തിപ്പെടല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കി. 403 അംഗ നിയമസഭയില്‍ ഇന്ന് കോണ്‍ഗ്രസിന് വെറും 7 സീറ്റാണുള്ളത്. ഇതില്‍ നിന്ന് ഉയര്‍ത്താനാണ് പ്രിയങ്കയുടെ നീക്കം. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. 

എന്നാല്‍ ഇവര്‍ പോകട്ടെ എന്ന കടുത്ത നിലപാടിലാണ് പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടെ വിശ്വസ്തനായ ലളിതേഷ് പതി ത്രിപാഠിയാണ് പാര്‍ട്ടി വിട്ടത്. കമലേഷ് ത്രിപാഠിയുടെ കൊച്ചുമകനാണ് ലളിതേഷ്. യുപിയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്നു കമലേഷ് ത്രിപാഠി. പൂര്‍വാഞ്ചല്‍ മേഖലയിലെ അതിശക്തനാണ് അദ്ദേഹം. പ്രിയങ്കയുടെ ബോട്ട് യാത്ര അടക്കം പ്ലാന്‍ ചെയ്ത് നടപ്പാക്കിയത് ത്രിപാഠിയാണ്. ലളിതേഷിനെ പ്രിയങ്ക സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. മിര്‍സാപൂരില്‍ നിന്ന് അനുപ്രിയ പട്ടേലിനെതിരെ അദ്ദേഹം മത്സരിച്ചിരുന്നു. ലളിതേഷ് ഭീരുവായത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നാണ് വാദം. എന്നാല്‍ ഇതിന്റെ കാരണം മറ്റൊന്നുമല്ല. പ്രിയങ്ക ഇംപാക്റ്റുണ്ടാക്കി എന്നത് ശരിയാണ്. പക്ഷേ കോണ്‍ഗ്രസിനെ ആരും ബിജെപിക്ക് ബദലായി കാണുന്നില്ല എന്നതാണ്. തൃണമൂല്‍ കോണ്‍ഗ്രസ് കളത്തിലേക്ക് ഇറങ്ങി വന്നത് കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ കൂടിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെയെല്ലാം ചാക്കിട്ട് പിടിക്കാനാണ് തൃണമൂല്‍ പ്ലാന്‍. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പമാണ് അവര്‍. എസ്പിക്ക് വേണ്ടി മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങും. അതേസമയം രാഹുല്‍ ഗാന്ധിയേക്കാള്‍ മിടുക്കുള്ള നേതാവാണ് പ്രിയങ്കയെന്ന് മമത രഹസ്യമായി സമ്മതിക്കുന്നു. പ്രിയങ്ക മികച്ച നേതാവാകും എന്നത് തന്നെയാണ് മമത കരുതുന്നത്. എന്നാല്‍ രാഹുലുമായി അടുക്കാന്‍ താല്‍പര്യവുമില്ല.

പക്ഷേ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് മമത തീരുമാനിക്കുകയായിരുന്നു. അതാണ് എസ്പിയെ കൂടെ കൂട്ടിയത്. എസ്പിയുടെ ജയാ ബച്ചന്‍ നേരത്തെ മമതയ്ക്ക് വേണ്ടി ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. ഇതിന് ബദലായിട്ടാണ് അഖിലേഷിന് വേണ്ടി മമത എത്തുന്നത്. ലളിതേഷിന് വേണ്ടി വന്‍ പ്ലാനുകളായിരുന്നു പ്രിയങ്ക തയ്യാറാക്കിയത്. വ്യക്തിപരമായ തിരിച്ചടിയാണ് പ്രിയങ്കയ്ക്ക് ഇത് നല്‍കിയത്. യുപിയിലെ യുദ്ധക്കളത്തിലേക്ക് മമതയുടെ ഔദ്യോഗികമായ വരവ് കൂടിയായിരുന്നു ഇത്. യുപിയില്‍ മാത്രമല്ല അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം എഎപിയും തൃണമൂലും സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസിന് തലവേദനയാകും യുപി എനിക്ക് പുതിയൊരു സംസ്ഥാനമല്ല, പലപ്പോഴായി ഇവിടെ പ്രചാരണത്തിന് എത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു. ലഖിംപുരിയില്‍ കോണ്‍ഗ്രസ് പ്രശ്‌നമുണ്ടായിട്ടും എത്തിയില്ലെന്ന് മമത ആരോപിച്ചു. പക്ഷേ തൃണമൂല്‍ അവിടെയെത്തി. ബംഗാളില്‍ ഇരുന്ന് കൊണ്ട് കര്‍ഷകര്‍ക്കായി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും മമത വ്യക്തമാക്കി. 

അതേസമയം ലളിതേഷിനൊപ്പം പിതാവ് രാജേഷ്പതി ത്രിപാഠിയും തൃണമൂലില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തില്‍ എല്ലാവരും മമതയെ സ്വീകാര്യയായി കാണുന്നത് അവരുടെ പോരാട്ടവീര്യം കൊണ്ടാണെന്നും രാജേഷ് ത്രിപാഠി പറയുന്നുയുപിയില്‍ എസ്പി ജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി കൂടി ദേശീയ തലത്തിലെത്തും. തൃണമൂലിനെ പോലെ അവരും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെത്തും. 2024ല്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാമെന്ന കോണ്‍ഗ്രസ് മോഹങ്ങള്‍ ഒക്കെ ഇതോടെ തകരും. എന്നാല്‍ ഇത് മനസ്സിലാക്കിയ സോണിയാ ഗാന്ധി എല്ലാ സംസ്ഥാന അധ്യക്ഷന്മാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇവരോട് ഉറച്ച് നില്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വിടുന്നവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് ഹൈക്കമാന്‍ഡിലെ വിലയിരുത്തല്‍. ബിജെപിയിലേക്ക് പോകുന്നതാണെങ്കില്‍ അധികാരത്തിനാണെന്ന് കരുതാം. പക്ഷേ തൃണമൂലിലേക്ക് പോകുന്നുണ്ടെങ്കില്‍ അത് നേതൃത്വത്തിന്റെ പ്രശ്‌നമാണ്.അടുത്ത വര്‍ഷം യുപി അടക്കമുള്ള അഞ്ച്സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും, ബിജെപിക്കും അഗ്നിപരീക്ഷയാണ് . ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതെ നേരിടാന്‍ കോണ്ഡഗ്രസിനു ശകതിയില്ലാത്തതും, സംഘടനാപരമായ ദൗര്‍ബല്യവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.

Eng­lish Sum­ma­ry : UP Assem­bl Elec­tions Polit­i­cal Analysis

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.