23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

കടൽ കടന്ന് വഞ്ചിവയൽപെരുമ; കയറ്റുമതി ചെയ്തത് 15 ടൺ കുരുമുളക്, വരുമാനം 1.12 കോടി

സരിത കൃഷ്ണൻ
കോട്ടയം
January 28, 2025 10:34 pm

ഇടുക്കിയിലെ ആദിവാസി കോളനിയായ വഞ്ചിവയലിന്റെ പെരുമ കടൽകടന്നിട്ട് നാളേറെയായി. വർഷങ്ങളായി വഞ്ചിവയൽ ഗ്രാമത്തിലെ കുരുമുളകിന്റെ തനത് രുചിപ്പെരുമ നിറയുന്നത് ജർമ്മൻകാരുടെ നാവിലാണെന്ന് പറയാം. പൂർണമായും ജൈവ സർട്ടിഫിക്കറ്റ് ലഭിച്ച ആദിവാസി ഗ്രാമമാണ് വണ്ടിപ്പെരിയാറിലെ വഞ്ചിവയൽ. അതുകൊണ്ട് തന്നെ ഇവിടുത്തെ കാർഷിക ഉല്പന്നങ്ങൾ നിരക്കുന്നതത്രയും വിദേശത്തെ തീൻമേശകളിലാണ്. 

ഊരാളി ഗോത്രവിഭാഗത്തിൽപ്പെട്ട 83 കുടുംബങ്ങളാണ് വഞ്ചിവയൽ ഊരിൽ താമസം. പെരിയാർ കടുവാ സങ്കേതത്തിനകത്താണ് ഗ്രാമം. വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവിൽ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ ഇറങ്ങി നാല് കിലോമീറ്ററിലധികം വനത്തിനുള്ളിലേക്ക് പോകണം ആ ഗ്രാമത്തിലെത്താൻ. വനംവകുപ്പിന്റെ വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. പ്രത്യേക അനുമതിയുണ്ടെങ്കിലേ അവിടേക്ക് എത്താൻ കഴിയുകയുള്ളൂ. 

പെരിയാർ കടുവാ സങ്കേതത്തിലെ (പിടിആർ) മാന്നാൻ, പാലിയൻ, ഊരാളി എന്നീ ഗോത്രങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങളിലൊന്നാണ് കുരുമുളക് കൃഷി. അതിൽ തന്നെ വഞ്ചിവയൽ ആദിവാസി സെറ്റിൽമെന്റിലെ ഊരാളി ഗോത്രവർഗക്കാർ പൂർണമായും ജൈവ കുരുമുളക് കൃഷി ചെയ്യുന്നവരാണ്. ഓർഗാനിക് സർട്ടിഫിക്കേഷൻ ഉള്ളതുകൊണ്ട് തന്നെ ഇവിടുത്തെ കുരുമുളകിനും വിദേശമാർക്കറ്റിൽ പൊന്നുംവിലയാണ്. വഞ്ചിവയൽ സെറ്റിൽമെന്റിൽ 40. 2 ഹെക്ടർ സ്ഥലത്താണ് ജൈവ കുരുമുളക് കൃഷി ചെയ്യുന്നത്. വിപണി വിലയെ അപേക്ഷിച്ച് കുരുമുളക് ഉല്പന്നങ്ങൾക്ക് 40 മുതൽ 50 ശതമാനം വരെ ഉയർന്ന വില ഉറപ്പാക്കുന്നു. 

ഇവിടെ കൃഷി ചെയ്യുന്ന ജൈവ കുരുമുളക് ജർമ്മനിയിലേക്ക് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കർഷകരിൽ നിന്ന് ശേഖരിക്കുന്ന കുരുമുളക് സ്പൈസസ് ബോർഡ് ലാബിൽ ഗുണനിലവാരവും ഈർപ്പവും പരിശോധിക്കുന്നുണ്ട്. പെരിയാർ കടുവ സങ്കേതത്തിന്റെയും വഞ്ചിവയൽ ഇക്കോ ഡെവലെപ്മെന്റ് കമ്മിറ്റി (ഇഡിസി)യുടെയും നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. കുരുമുളക് വിളവെടുക്കുന്നതിനു മുന്നോടിയായി ഡിസംബറിൽ തന്നെ കുരുമുളക് മൊത്തത്തിൽ വാങ്ങാൻ തയാറുള്ളവരിൽ നിന്നു ക്വട്ടേഷൻ ക്ഷണിക്കുകയും ഇക്കോ ഡെവലെപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ അധിക വില നൽകുന്ന കമ്പനിക്കു കുരുമുളക് മൊത്തത്തിൽ നൽകുകയുമാണ് പതിവ്. ഇത്തരത്തിൽ ക്വട്ടേഷൻ വാങ്ങുന്ന കമ്പനിയാണ് നേരിട്ട് ജർമ്മനിയിലേക്ക് കുരുമുളക് കയറ്റി അയക്കുന്നത്.
മുളക് കയറ്റുമതിയിലൂടെ ഉയർന്ന വരുമാനം നേടുന്ന ‘വഞ്ചിവയൽ ഊര്’ കാർഷിക മാതൃകയാണ്. ഇടനിലക്കാരുടെ ചൂഷണം അവസാനിച്ചതും ഊരിലെ കൃഷിക്കാർക്ക് നല്ല വരുമാനമാർഗം ലഭിച്ച് തുടങ്ങിയതും ഇഡിസിയുടെ പ്രവർത്തനത്തോടെയായിരുന്നു. ഈ സീസണിൽ മാത്രം 15 ടണ്ണോളം കുരുമുളകാണ് (ഉണങ്ങിയത്) ഇവിടെ നിന്നും കയറ്റിയയച്ചത്. 1.12 കോടി രൂപയാണ് ഈ സീസണിലെ മാത്രം വരുമാനം. ഇഡിസിയുടെ അക്കൗണ്ടിലേക്കാണ് തുകയെത്തുന്നത്. ഇത് പിന്നീട് കർഷകർക്ക് വീതിച്ച് നൽകുകയാണ് പതിവ്.
വർഷങ്ങൾക്കു മുമ്പുതന്നെ എല്ലാ കർഷകർക്കും ബാങ്ക് അക്കൗണ്ടും എടിഎം കാർഡും വനംവകുപ്പിന്റെ നേതൃത്വത്തിൽ തന്നെ എടുത്തു നൽകിയിട്ടുണ്ട്. 2020ൽ 54.26 കോടി രൂപയായിരുന്നു കുരുമുളക് വിറ്റ് വഞ്ചിവയൽ ഗ്രാമം വരുമാനം നേടിയത്. 21ൽ ഇത് 25.40 കോടി രൂപയായി വരുമാനം ചുരുങ്ങിയിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം 2022ൽ 75.68 കോടിയായി വരുമാനം ഉയർന്നു. 2023ൽ 11.62 ടൺ കുരുമുളക് വിറ്റ് നേടിയത് 73.49 കോടി രൂപയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.