2 March 2024, Saturday

യദു എന്ന പൊന്‍മുത്ത്

പ്രശാന്ത്
May 29, 2022 4:15 am

തൃശൂർ മണ്ണുത്തി വാരണക്കടത്ത് സ്വദേശിയായ 13 വയസുകാരന്‍ യദുകൃഷ്ണൻ കാൻസർ രോഗികൾക്ക് വേണ്ടി ‘പെൺകുട്ടിയായി.’ എട്ടാം ക്ലാസുകാരനായ യദുകൃഷ്ണനെ കണ്ടാൽ ആരും പെൺകുട്ടിയാണെന്നെ പറയൂ. മകളുടെ പേരെന്താണെന്ന് ചോദിക്കുന്നവരോട് മാതാപിതാക്കൾ ഉത്തരം നൽകി ക്ഷമകെട്ടു. പക്ഷേ, 13‑കാരനായ യദുകൃഷ്ണൻ പെൺകുട്ടികളെപ്പോലെ മുടി നീട്ടിവളർത്തുന്നത് എന്തിനാണെന്നറിഞ്ഞാൽ ആ കുരുന്നിനെ നമ്മൾ നമിക്കും. കാൻസർ രോഗികൾക്കു ദാനം ചെയ്യാനുള്ള മൂന്നു വർഷത്തെ സമ്പാദ്യമാണ് അവന്റെ ഇടതൂർന്ന മുടി. തൃശൂർ മണ്ണുത്തി വാരണക്കടത്ത് കലാമണ്ഡലം ശ്രീജ ആർ കൃഷ്ണന്റെയും കലാമണ്ഡലം സത്യനാരായണന്റെയും മകനാണ് യദുകൃഷ്ണൻ.

മൂന്നു വർഷം മുമ്പ് അമ്മയുടെ മൊബൈൽ ഫോണിൽ മുടികൊഴിഞ്ഞ കാൻസർ രോഗികളുടെ ദൃശ്യം കണ്ടതോടെയാണ് യദുകൃഷ്ണന്റെ മനസ്സിൽ നൻമയുടെ തിരിവെട്ടമുണ്ടായത്. തന്റെ മുടിയും കാൻസർ രോഗികൾക്ക് നൽകിക്കൂടേയെന്ന് അവൻ അമ്മയോടു ചോദിച്ചു. ശ്രീജയും ഭർത്താവും അഭിമാനം കൊണ്ടു. അന്ന് അവൻ എടുത്ത ദൃഢപ്രതിജ്ഞയുടെ അടയാളമാണ് ഇന്നു കാണുന്ന 36 സെൻറിമീറ്റർ നീളമുള്ള മുടി. ക്യാൻസർ രോഗികളുടെ സംരക്ഷണ എന്‍ജിഒ ആയ ‘ദ ചെറിയാന്‍ ഫൗണ്ടേഷ’ന്റെ ഓഫീസില്‍ മുടി ദാനം ചെയ്യ്തു. നന്മ മാത്രം മുന്നിൽക്കണ്ട് മുടി വളർത്തിയതിന്റെ പേരിൽ യദുകൃഷ്ണൻ അനുഭവിക്കാത്ത പരിഹാസമില്ല. തുണിക്കടയിൽ പെൺകുട്ടികളുടെ വസ്ത്രമാണ് കാട്ടിക്കൊടുക്കുക.

ചെരിപ്പു കടകളിലും ഇതേ അവസ്ഥ. സ്കൂളിലും കൂട്ടുകാരുടെ കളിയാക്കലുകളുണ്ടായി. തീവണ്ടി യാത്രകളിൽ തനിച്ചു ശുചിമുറിയിൽ വിടാൻ പോലും ഭയമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ”ഒരു പെൺകുട്ടിയുടെ അമ്മയ്ക്ക് നേരിടേണ്ടി വരുന്ന ടെൻഷൻ ഞാൻ അനുഭവിച്ചു. അവനും ഏറെ അപമാനം സഹിച്ചു. ആദ്യമൊക്കെ സ്കൂളിൽനിന്ന് വീട്ടിലെത്തിയാൽ പൊട്ടിക്കരയുമായിരുന്നു. ഞങ്ങൾ സമാധാനിപ്പിക്കും. ഒരുഘട്ടത്തിൽ തീരെ സഹിക്കാൻ പറ്റാതെ വന്നപ്പോൾ മുടിവെട്ടാൻ തീരുമാനിച്ചതാണ്. പക്ഷേ, അവൻ സമ്മതിച്ചില്ല. ഇത്രയും കാലം നീട്ടിവളർത്തിയ മുടി ആർക്കും ഉപകാരപ്പെടാതെ പോകുമല്ലോ എന്ന് സങ്കടപ്പെട്ടു. ഇപ്പോൾ അവന് വ്യക്തമായി അറിയാം താൻ ചെയ്യുന്നത് ശ്രേഷ്ഠമായ കാര്യമാണെന്ന്. ഞങ്ങൾക്കും ഏറെ അഭിമാനം തോന്നുന്നു’ — ശ്രീജ പറയുന്നു. കഴിഞ്ഞ ഒന്നര മാസമായി യദുകൃഷ്ണൻ സ്കൂളിൽ പോകുന്നില്ല. മുടി വെട്ടിയില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന് പ്രിൻസിപ്പലിന്റെ നിർദ്ദേശമുണ്ട്. എങ്കിലും അവന്റെ നൻമ തിരിച്ചറിഞ്ഞതിനാൽ ഓൺലൈൻ ക്ലാസിന് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ഇനി റഗുലർ ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പായി മുടി ദാനം ചെയ്ത് യദുകൃഷ്ണൻ സന്തോഷവാനായി സ്കൂളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.