26 July 2024, Friday
KSFE Galaxy Chits Banner 2

അർദ്ധരാത്രിയിൽ ഉണർന്നിരിക്കുന്നതെന്തിന്?

ഇളവൂർ ശ്രീകുമാർ
January 1, 2023 4:04 am

പുതുവർഷത്തെ വരവേൽക്കാൻ അർദ്ധരാത്രിയിൽ ഉർന്നിരുന്ന്
ആശംസകൾ കൈമാറുമ്പോൾ വരും വർഷത്തെക്കുറിച്ചുള്ള
സ്വപ്നങ്ങളെക്കുറിച്ചു മാത്രമല്ല ചിന്തക്കേണ്ടത്,
കഴിഞ്ഞവർഷം നാമെങ്ങനെയായിരുന്നു എന്നുകൂടിയാണ്.
ഒരിക്കലും ക്ഷീണിക്കാത്ത ചിറകുകളുള്ള പക്ഷിയാണ് കാലം. അത് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ചിലർ അതിനൊപ്പം സഞ്ചരിക്കുന്നു. ചിലർ അതിനു പിന്നാലെ പതുക്കെ സഞ്ചരിക്കുന്നു. ചിലർ ടൈം മെഷീനിൽകയറി അതിനെക്കാൾ മുന്നേ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നു. അപ്പോഴും ഒന്നുമറിയാതെ കാലം മുന്നോട്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു. പുതുവർഷത്തിൽ പുതിയ സ്വപ്നങ്ങളും കണക്കുകൂട്ടലുകളുമായി പുതിയ ലോകക്രമത്തിന് അടിക്കുറിപ്പുകളെഴുതാൻ നാം വെമ്പൽ കാട്ടുമ്പോൾ, കഴിഞ്ഞ വർഷത്തെ നമ്മുടെ കണക്കുകൂട്ടലുകൾക്കും സ്വപ്നങ്ങൾക്കും എന്തു സംഭവിച്ചു എന്നൊരു തിരിഞ്ഞുനോട്ടംകൂടി ആവശ്യമാണ്.
ഒരു ശുഭാപ്തി വിശ്വാസി ഡിസംബർ 31 ന് അർദ്ധരാത്രിയിൽ ഉണർന്നിരിക്കുന്നത് പുതിയ വർഷത്തിന്റെ വരവ് കാണാനാണ്. അയാൾക്ക് അതൊരു തുടക്കമാണ്. പൂർത്തിയാകാത്തവ പൂർത്തീകരിക്കുവാനും പുതിയവയിലേക്ക് ആവേശപൂർവ്വം കുതിതിക്കുവാനും അയാൾ അവസരം കാക്കുകയാണ്. അതേസമയം ഒരു പെസിമിസ്റ്റ് ആ ദിവസം അർദ്ധരാത്രിയിൽ ഉണർന്നിരിക്കുന്നത് കഴിഞ്ഞ വർഷം കടന്നുപോകുന്നത് കാണാനാണ്. ഭൂതകാലത്തെനോക്കി നെടുവീർപ്പിടാനും നിഷ്ക്രിയനായിരുന്ന് സ്വപ്നം കാണാനുമാണ് അയാളാഗ്രഹിക്കുന്നത്. പുതുവർഷം ലോകമെമ്പാടും ആഹാളാദത്തിന്റെ പൂത്തിരി കത്തിച്ച് ആഘോഷിക്കുമ്പോൾ ആ വിഭജനനിമിഷത്തെ, ചില ഓർമകളെ തിരിച്ചുവിളിക്കാനുള്ള സന്ദർഭമായിക്കൂടെ നാം കാണേണ്ടതുണ്ട്.
തുടങ്ങിവച്ചത് പൂർത്തീകരിക്കാം 1968 ലെ മെക്സിക്കോ ഒളിമ്പിക്സിൽ മാരത്തോൺ ഓട്ടമത്സരം നടക്കുന്നു. മത്സരം ആവേശകരമായി അവസാനിച്ചു. വിജയികളെയും പ്രഖ്യാപിച്ചു. മെഡലും സമ്മാനിച്ചു. കാണികൾ പിരിഞ്ഞുതുടങ്ങുമ്പോഴാണ് ഒരാൾകൂടി മത്സരം ഫിനിഷ് ചെയ്യാനുണ്ടെന്ന അറിയിപ്പുവരുന്നത്. ആളുകൾ ശ്രദ്ധിച്ചു. ട്രാക്കിൽ അങ്ങകലെനിന്ന് ഒരാൾ മുടന്തി മുടന്തി വരുന്നുണ്ട്. മുട്ടിൽ ബാന്റേജ് ചുറ്റിയിട്ടുണ്ട്. മുഖം കണ്ടാലറിയാം അയാൾ കഠിനമായ വേദന കടിച്ചമർത്തുന്നുണ്ടെന്ന്. ട്രാക്കിൽ വീണ് മുട്ടിനും തോളിനും പരിക്കേൽക്കുകയും മുട്ടിലെ ചിരട്ടയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തതായിരുന്നു. പക്ഷേ അയാൾ പിൻമാറുന്നില്ല. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം അയാൾ ഫിനിഷിംഗ് പോയിന്റ് കടന്നു. താൻസാനിയക്കാരനായ ജോൺ സ്റ്റീഫൻ അക്വാരിയായിരുന്നു അത്. ഫിനിംഷിംഗ് പോയിന്റ് കടന്ന അയാളോട് ചുറ്റും കൂടിയവർ ചോദിച്ചു: ”തോല്ക്കുമെന്നറിയാമായിരുന്നിട്ടും, ഗുരുതരമായ അവസ്ഥയിലാണെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് താങ്കൾ മത്സരത്തിൽനിന്നും പിന്മാറാതിരുന്നത്? ”
അതിന് അക്വാരി പറഞ്ഞ മറുപടി സ്പോർട്ട്സ് ലോകത്തുമാത്രമല്ല, തിരിച്ചടികൾക്കുമുന്നിൽ പതറി പിന്മാറുന്ന ഏതൊരാൾക്കും അവേശം പകരുന്ന ഒന്നായിരുന്നു. അക്വാരി പറഞ്ഞു: ”അയ്യായിരം മൈലുകൾക്കപ്പുറത്തുനിന്ന് എന്റെ രാജ്യം എന്നെ ഇവിടേക്കയ്ക്കയച്ചത് ഓട്ടം തുടങ്ങിവയ്ക്കാനല്ല, പൂർത്തീകരിക്കാനാണ്. ” അക്വാരി മത്സരം പൂർത്തീകരിക്കുകതന്നെ ചെയ്തു. ആ വർഷം ഒളിമ്പിക്സ് മാരത്തോണിൽ സ്വർണമെഡൽ ജോതാവിനെക്കാൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് അക്വാരിയായിരുന്നുവെന്ന് ചരിത്രം.
2022 ന് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് കടക്കുമ്പോൾ നമുക്കൊന്ന് തിരിഞ്ഞുനാക്കാം. പ്രതികൂല സാഹചര്യങ്ങൾമൂലം എത്രയോ കാര്യങ്ങളിൽനിന്ന് നാം പിന്മാറിയിരിക്കാം. തുടങ്ങിവച്ച എത്രയോ കാര്യങ്ങൾ വഴിയിലുപേക്ഷിച്ചിരിക്കാം. വിജയിക്കുമോ എന്ന ആശങ്കമൂലം നാം പിൻമാറിപ്പോയ സന്ദർഭങ്ങളെതിലുണ്ടാകും. ഒരു പുനർവിചിന്തനത്തിനുള്ള നേരം കൂടിയാണിത്. ഒന്നോർക്കുക: പൂർത്തീകരിക്കാനല്ലെങ്കിൽ നാമെന്തിനാണ് തുടങ്ങിവയക്കുന്നത്? പേടിച്ച് പിന്മാറാനുള്ളതല്ല, പോരാടി ജയിക്കാനുള്ളതാണ് ജീവിതം. അവിടെ സ്റ്റീഫൻ അക്വാരി ഒരു പ്രതീകമാണ്. നമ്മുടെ ഉള്ളിൽ എപ്പോഴും ഒരു സ്റ്റീഫൻ അക്വാരിയുണ്ടാകണം. ഏതു തടസങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകാൻ അതു നമുക്കാവശ്യമാണ്. പുതിയ വർഷം പിൻമാറ്റങ്ങളുടേതാകരുത്, പൂർത്തീകരണങ്ങളുടേതാകണം.

നമുക്കുവേണ്ടി മാത്രമല്ല ജീവിതം

ഒരിക്കൽ പ്രായമായ ഒരു മനുഷ്യൻ സമുദ്രതീരത്തുകൂടി നടക്കുകയായിരുന്നു. പതിവുള്ള ആ നടത്തത്തിനിടയിൽ തീരത്തേക്ക് ആയിരക്കണക്കിന് സ്റ്റാർമത്സ്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത് അയാൽ ശ്രദ്ധിച്ചു. മിക്കതിനും ജീവനുണ്ടെങ്കിലും അതിലധികവും രക്ഷപ്പെടില്ലെന്നയാൾക്കറിയാം. മത്സ്യങ്ങളെ നോക്കിക്കൊണ്ട് അയാൾ നടത്ത തുടർന്നു. ഈ സമയം അകലെനിന്ന് ഒരു കൊച്ചുപെൺകുട്ടി എന്തോ കുനിഞ്ഞെടുക്കുകയും കടലിലേക്കെറിയുകയും ചെയ്യുന്നത് അയാൾ ശ്രദ്ധിച്ചു. പെൺകുട്ടി അടുത്തെത്തിയപ്പോൾ അയാൾ ചോദിച്ചു: ”നീയെന്താണ് കുട്ടീ ചെയ്തുകൊണ്ടിരിക്കുന്നത്? ”
”ഞാനീ മത്സ്യങ്ങളെ കടലിലേക്കെറിഞ്ഞുകൊണ്ടിരിക്കുകയാണ്. ” അതു പറഞ്ഞുകൊണ്ട് അവൾ ഒട്ടും സമയം കളയാതെ അവളുടെ ജോലി തുടർന്നു.
”എന്തിനുവേണ്ടിയാണ് നിയിങ്ങനെ ചെയ്യുന്നത്? ”
അയാൾ അവൾക്ക് പിന്നാലെ ചെന്ന് ചോദിച്ചു.
”തിരയിൽപെട്ട് ഇവ കരയിലകപ്പെട്ടുപോയതാണ്. ഇവയ്ക്ക് തനിയേ തിരിച്ചിറങ്ങിപ്പോകാനും കഴിയില്ല. ”
അവൾ പരമാവധി വേഗതയിൽ മീനുകളെ പെറുക്കി കടലിലേക്കെറിഞ്ഞുകൊണ്ട് തുടർന്നു. ”മാത്രവുമല്ല സൂര്യന്റെ ചൂടു വർദ്ധിച്ചാൽ അവ വളരെവേഗം ചത്തുപോവുകയും ചെയ്യും. ” യാത്രക്കാരന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു. അയാൾ പറഞ്ഞു: ”നീയെന്തു മണ്ടത്തരമാണ് കാണിക്കുന്നത്? കിലോമീറ്ററുകളോളം നീളത്തിൽ മത്സ്യങ്ങൾ തീരത്തടിഞ്ഞിട്ടുണ്ട്. അവ പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ വരും. അവയിൽ എത്രയെണ്ണത്തിനെ നിനക്ക് രക്ഷിക്കാൻ കഴിയും? ” പെൺകുട്ടി നിലേത്തക്ക് കുനിഞ്ഞ് ഒരു മത്സ്യത്തെക്കൂടി കയ്യിലെടുത്തു. എന്നിട്ടതിനെ കടലിലേക്കെറിഞ്ഞശേഷം പ്രഭാതസവാരിക്കാരനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു. ”ഈയൊരണ്ണെത്തിനെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞല്ലോ? താങ്കൾക്ക് അതുപോലും കഴിയുന്നില്ലല്ലോ. ”
എല്ലാവരും അവനവന് കഴിയുന്നത് ചെയ്യുക, എല്ലാവരും അവരവർക്ക് വേണ്ടത് എടുക്കുക എന്ന മനോഹരമായ സങ്കല്പത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. പക്ഷേ അവനവന് കഴിയുന്നത് ചെയ്യാതിരിക്കുകയും അവനവന് വേണ്ടതിലധികം എടുക്കുകയും ചെയ്യുക എന്നത് ശീലമായിരിക്കുന്ന ഒരു സമൂഹത്തിൽ മനുഷ്യർ അവരവരിലേക്ക് ചുരുങ്ങുക സ്വാഭാവികം. പക്ഷേ എല്ലാം കെട്ടുപോയിട്ടില്ല എന്ന് ഇപ്പോഴും നമ്മെ ഓർമ്മിപ്പിക്കാൻ ചിലരുണ്ടെന്ന് അറിവാണ് ഭാവിയിലേക്ക് പ്രത്യശയോടെ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. നോക്കൂ ആ പെൺകുട്ടിയുടെ മനോഭാവം. താൻ ചെയ്യുന്നത് ഒന്നുമാകില്ലെന്ന് അവൾക്കറിയാം. പക്ഷേ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ എത്രയോ മഹത്തരമാണ് കഴിയുന്നത് ചെയ്യുക എന്നത്. എനിക്കുവേണ്ടി മാത്രമായിരിക്കില്ല, മറ്റുള്ളവർക്കുവേണ്ടിക്കൂടിയായിരിക്കും ഇനിയെന്റെ ജീവിതമെന്ന് വരും വർഷത്തിഷലേക്ക് കടക്കുമ്പോൾ നമുക്ക് തീരുമാനമെടുക്കാൻ കഴിയുമോ?

സേഫ്‌സോണ്‍ തകർക്കുക

റിസ്ക് എടുക്കാൻ വയ്യാത്തതുകൊണ്ട് മാത്രം കഴിഞ്ഞവർഷം മാറ്റിവച്ച എത്രയോ കാര്യങ്ങളുണ്ട് ഓരോരുത്തരുടെയും ജീവിതത്തിൽ. കാര്യങ്ങൾ ശരിയാകുമോ എന്ന ആശങ്കകൊണ്ടാണ് പലതും നമ്മൾ ഒഴിവാക്കിയത്. പരാജയസാധ്യതയുള്ളതെന്ന്കരുതി എത്ര കാര്യങ്ങളെ നമ്മൾ ഒഴിവാക്കുന്നുവോ അത്രതന്നെ വിജയസാധ്യതകളെയുമാണ് നാം ഒഴിവാക്കുന്നത്. സുരക്ഷിതവലയത്തിൽനിൽക്കുക എന്നത് മനുഷ്യസഹജമാണ്. അവിടെ സമാധാനവും സന്തോഷവും ഉണ്ടായേക്കാം. പക്ഷേ നേട്ടങ്ങൾ ആർജിക്കാനുള്ള സാധ്യത തീരെ കുറവാണ്. സേഫ്സോണിൽ നിൽക്കലും നേട്ടങ്ങൾ ആർജിക്കലും ഒന്നിച്ചുപോകില്ല. പരാജയഭീതികൊണ്ട് കഴിഞ്ഞവർഷം മാറ്റിവച്ച കാര്യങ്ങളെ ഒന്നു തിരിച്ചെടുക്കാം. കാര്യങ്ങളെല്ലാം ശരിയായശേഷം തുടങ്ങാമെന്ന ആ അബദ്ധധാരണ മാറ്റാം. നാം ഏറ്റെടുക്കുന്ന റിസ്കിന് കിട്ടുന്ന പ്രതിഫലമാണ് വിജയം. അതിന് സേഫ്സോണിന് പുറത്ത് കടന്നേ മതിയാകൂ. കപ്പൽ തീരത്തു കിടക്കുന്നതാണ് സുരക്ഷിതം. പക്ഷേ കപ്പൽ നിർമ്മിച്ചിരിക്കുന്നത് തീരത്ത് കിടക്കാനല്ലെന്നും ഇരമ്പിമറിയുന്ന സമുദ്രത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചേരാനാണെന്നും മറക്കാതിരിക്കുക. വരുംവർഷത്തിന്റെ സമുദ്രമധ്യത്തിലേക്ക് ലക്ഷ്യങ്ങളുടെ തോണിയിറക്കാൻ ഇത്തവണ മടിച്ചുനിൽക്കരുത്.

അവസരങ്ങളെ വേട്ടയാടിപ്പിടിക്കുക

ആധുനിക മാനേജ്മെന്റ് ശാസ്ത്രത്തിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന ആസ്ട്രിയൻ-അമേരിക്കൻ മാനേജ്മെന്റ് കൺസൾട്ടന്റായ പീറ്റർ ഫെർഡിനന്റ്ഡ്രക്കർ ഈ കാലത്തെ ‘അവസരങ്ങളുടെ യുഗ’മെന്നാണ് വിളിക്കുന്നത്. ലോകത്തുണ്ടാകുന്ന ഓരോ മാറ്റത്തെയും ഓരോ അവസരമായി കാണുന്നവർക്ക് അവകാശപ്പെട്ട യുഗമാണിത്. മാറ്റങ്ങളെ പേടിക്കുന്നവർക്കുള്ളതല്ല. നഷ്ടപ്പെട്ടതിനെയോർത്ത് പോയ വർഷം നാമെത്ര സങ്കടപ്പെട്ടിരിക്കാം. അപ്പോഴൊക്കെയും ഒന്നോർക്കുക, ആ നഷ്ടപ്പെടലിനുപിന്നിലും ഒരവസരമുണ്ടാകുമെന്ന്. മാറുന്ന കാലത്തിന്റെയും ലോകത്തിന്റെയും അമ്പരപ്പിക്കുന്ന യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാതെ നമുക്കിനി ജീവിക്കാനാകില്ല. അവസരങ്ങളുടെ ഒരു വനത്തിനു നടുവിലാണ് നമ്മൾ നിൽക്കുന്നത്. അവിടെ നമുക്ക് ഇഷ്പ്പെടുന്നത് വരുന്നതും കാത്തിരിക്കുന്നതിൽ അർത്ഥമില്ല. വരുന്നതിനെ നമുക്ക് അനുകൂലമായി പരിവർത്തനപ്പെടുത്തിയെടുക്കണം. നമ്മുടെ കഴിവുകളും ലോകത്തിന്റെ ആവശ്യങ്ങളും സന്ധിക്കുന്നതെവിടെയാണെന്ന് കണ്ടുപിടിക്കുക. അവിടെയാണ് നമുക്കുള്ള ഇടം. അവസരങ്ങൾ നമ്മെ തേടിവരണമെന്നില്ല. അവയെ നാം വേട്ടയാടിപ്പിടിക്കുകതന്നെ വേണം. അവസരങ്ങൾ കൈ വഴുതിപ്പോകാതിരിക്കാനുള്ള ജാഗ്രത വരുംവർഷത്തിൽ എപ്പോഴുമുണ്ടാകണം.

ആത്മവിശ്വാസം കൈവിടാതിരിക്കുക

1992 ലും 96 ലും ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയ അത്ലറ്റാണ് ഗയ്ൽ ഡവേഴ്സ്. 1988 ൽ ഒളിമ്പിക് മത്സരത്തിനുവേണ്ടിയുള്ള പരിശീലനത്തിനിടയിൽ അവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്തു. മാസങ്ങളോളം നീണ്ട റേഡിയേഷൻ ചികിത്സ, അതിന്റെ പാർശ്വഫലങ്ങൾ, കഠിനമായ വേദന. 1992 ലെ ഒളിമ്പിക്സിന് ഒന്നരവർഷം മുമ്പുവരെയും അവർ രോഗത്തിന്റെ പിടിയിലായിരുന്നു. ഒടുവിൽ എല്ലാറ്റിനെയും അതിജീവിച്ച് രണ്ട് ഒളിമ്പിക് മെഡലുകൾ! മെഡൽ നേടിയശേഷം അവർ ലോകത്തോട് പറഞ്ഞു, ”നോക്കൂ, പതറാത്ത ആത്മവിശ്വാസമുണ്ടെങ്കിൽ എന്തും നേടാം. ” എല്ലാ പ്രശ്നങ്ങളെയും ഗെയ്ൽ അതിജീവിച്ചത് കൃത്യമായ ഒരു ലക്ഷ്യവും അതിലെത്തിച്ചേരാനുള്ള വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവും തനിക്കതിന് കഴിയുമെന്ന ആത്മവിശ്വാസവുമായിരുന്നു. ആ മനക്കരുത്തിനുമുന്നിൽ രോഗം തോറ്റു. ഇച്ഛാശക്തി ജയിച്ചു.
തിരിച്ചടികൾക്കുമുന്നിൽ കഴിഞ്ഞവർഷം നാം എവിടെയൊക്കെ പതറിനിന്നിട്ടുണ്ട്? പ്രതികൂലസാഹചര്യങ്ങൾകണ്ട് നിരാശാഭരിതരായിട്ടുണ്ട്? രോഗം, സാമ്പത്തികബുദ്ധിമുട്ട്, മറ്റ് പലതരം പ്രതിസന്ധികൾ — ഇവയൊന്നും നമ്മുടെമാത്രം പ്രശ്നങ്ങളല്ലെന്ന് തിരിച്ചറിയുക. അതിജീവനത്തിനുള്ള അപാരമായ ഊർജ്ജത്തിന്റെ ഉറവിടമാണ് നാമോരുരുത്തരം എന്ന് സ്വയം മനസിലാക്കി, പുതിയവർഷം എന്റെ വർഷമാണെന്ന് ഉറച്ച് വിശ്വസിക്കുക.

ഭൂമിക്കുവേണ്ടി നാം എന്തു ചെയ്തു?

ജീവിക്കുവാനുള്ള വ്യഗ്രതയിക്കിടയിൽ നിഴൽപോലെ പിന്തുടരുന്ന വിനാശത്തിന്റെ ഇരുട്ട് നാം കാണാറില്ല. നമ്മുടെയും, കുടുംബത്തിന്റെയും നന്മയ്ക്കും പുരോഗതിക്കുംവേണ്ടി പോയവർഷം നാം ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ ചവിട്ടിനിൽക്കുന്ന മണ്ണിനുവേണ്ടി നാം എന്തൊക്കെ ചെയ്തു? സെമിനാർ നടത്തി. ബോധവല്ക്കരണം നടത്തി. മുദ്രാവാക്യമെഴുതി, മെഴുകുതിരി കത്തിച്ചു, ഓസോൺ പാളിയിലെ വിള്ളലിനെക്കുറിച്ച് സങ്കടപ്പെട്ടു. അതിനപ്പുറം? ഒരു തൈ നട്ടിരുന്നോ? നട്ടതിന് വെള്ളമൊഴിച്ചിരുന്നോ? മണ്ണുവീണ് നികന്ന പാടങ്ങളെയോർത്ത് ഉള്ളുകൊണ്ടെങ്കിലും പ്രതികരിച്ചിരുന്നോ? നഷ്ടപ്പെടുന്ന കാടുകൾ കാണാൻ ഉള്ളിലെ കാട് വെട്ടിത്തെളിച്ചിരുന്നോ? നീതിക്കുവേണ്ടിയുള്ള നിലവിളികൾക്ക് കാതോർത്തിരുന്നോ?
എനിക്കുവേണ്ടിമാത്രമല്ല, എന്നെ നിലനിർത്തുന്ന ഭൂമിക്കുവേണ്ടിക്കൂടിയാണ് എന്റെ ജീവിതമെന്ന് നാമിനിയെന്നാണ് തിരിച്ചറിയുക? ജലത്തിനുവേണ്ടിയുള്ള യുദ്ധമായിരിക്കും ഭാവിയിൽ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് എന്ന് നേരത്തേതന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ഏക്കർ ആമസോൺ കാടുകൾ കത്തിയെരിഞ്ഞപ്പോൾ അതിവിടെയല്ലല്ലോ എന്ന് ആശ്വാസം കൊണ്ടിരുന്നവരാണ് നമ്മൾ. മനുഷ്യനെ സംബന്ധിക്കുന്ന അടിസ്ഥാനാവശ്യങ്ങൾ ലോകത്തെവിടെയും ഒന്നുതന്നെയാണെന്ന് തിരിച്ചറിയാമെങ്കിലും നാമതിനെക്കുറിച്ച് ആശങ്കപ്പെടാറില്ലെന്നതാണ് വാസ്തവം. ഹൃദയത്തിൽ നട്ടുവളർത്തിയ ഒരു ഒരു കുഞ്ഞുസസ്യം മണ്ണിലേക്ക് നട്ടുകൊണ്ടാകട്ടെ നമ്മുടെ പുതുവർഷയാത്ര.

വാക്കുകൾകൊണ്ട് ഹൃദയത്തിൽ തൊടാം

സന്തോഷങ്ങളിൽ മനുഷ്യൻ ഒരു സമൂഹമാണ്. സങ്കടങ്ങളിൽ ഒറ്റപ്പെട്ടവനും. ആനന്ദിന്റെ വാക്യങ്ങളാണിവ. സന്തോഷം പങ്കുവയ്ക്കാൻ ഒരുപാടുപേരുണ്ടാകുമെന്നത് നമ്മുടെ അനുഭവം. സങ്കടങ്ങളിലോ? അവർ കാഴ്ചക്കാരായി കടന്നുപോകും. ആരുടേതായാലും സങ്കടങ്ങൾ പങ്കുവച്ചെടുക്കാൻ ഒരാളും തയ്യാറാകില്ല. അതങ്ങനെ പങ്കുവച്ചെടുക്കാനും കഴിയില്ലല്ലോ. എങ്കിലും നമുക്കവരോട് ചേർന്നിരിക്കാനാകും. അവരെ ചേർത്തുപിടിക്കാനാകും. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പർശമുള്ള വാക്കുകൾകൊണ്ട് അവരുടെ ഹൃദയത്തിൽ തൊടാനാകും. അതു നമ്മുടെ അടുത്തുള്ളവരോ, ആദ്യമായി കാണുന്നവരോ ഒരിക്കലും കണ്ടിട്ടില്ലാത്തവരോ ആകട്ടെ. സ്നേഹത്തിന്റെ സംഗീതമുള്ള വാക്കുകൾകൊണ്ട് നാമെത്രപേരെ തൊട്ടിരുന്നു പോയവർഷം? എത്ര ഹൃയങ്ങളിൽ നാം മുറിവേൽപ്പിച്ചിരുന്നു? ആഗ്രഹിച്ചിരുന്ന എത്ര മനസുകളിൽ നാം മഴയായി പെയ്തിറങ്ങി? വീടിനുള്ളിൽ, ചുറ്റുപാടിൽ, സഹപ്രവർത്തകരിൽ മുറിവേൽപ്പിക്കുന്ന വാക്കുകളും പ്രവർത്തികളും നമ്മിൽനിന്നുണ്ടായിട്ടുണ്ടോ? ഒന്നോർത്തുനോക്കൂ. അതാവശ്യമായിരുന്നോ? ഒഴിവാക്കേണ്ട എത്രയോ കാര്യങ്ങൾ ഒരുനിമിഷം പിടിവിട്ടുപോയ മനസ്സുമൂലം സംഭവിച്ചിരിക്കാം. മറ്റുള്ളവരെ വിലയിരുത്താനുള്ള വ്യഗ്രതയിക്കിടയിൽ നാം നമ്മെ വിലയിരുത്താൻ മറന്നുപോകും. ഏറ്റവും നല്ല അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമുമ്പ് തന്നെത്തന്നെ പഠിക്കണം. നമ്മുടെ ഉള്ളിലേക്ക് വിട്ടുവിഴ്ചയില്ല ഒരു തിരിഞ്ഞുനോട്ടത്തിനുശേഷമാകട്ടെ അടുത്ത വർഷത്തിലേക്കുള്ള ചുവടുവയ്ക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.