28 June 2024, Friday
KSFE Galaxy Chits

‘ചാമരം’ വീശിയെത്തുന്ന സ്മൃതികള്‍

ഷര്‍മിള സി നായര്‍
May 2, 2022 4:30 am

2019 ഡിസംബർ 29. കുമ്പളങ്ങി കല്ലഞ്ചേരി റിട്രീറ്റ് റിസോർട്ട്. തിരുവനന്തപുരം നിയമ കലാലയത്തിലെ 93–96 ബാച്ചിന്റെ കൂടിച്ചേരൽ. മുഖ്യാതിഥി കടന്നുവരികയാണ്. മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് അക്ഷരങ്ങളിലൂടെ ജീവൻ പകർന്ന തിരക്കഥാകൃത്താണ് മുഖ്യാതിഥി. മലയാള സിനിമയിൽ തിരക്കഥകളുടെ വസന്തം വിരിയിച്ച മാന്ത്രികൻ. 1980 ൽ ‘ചാമരം’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച് മലയാളി മനസ് കീഴടിക്കിയ ജോൺ പോൾ. അദ്ദേഹത്തിനെ സ്വാഗതം ചെയ്യാൻ അവസരം കിട്ടിയപ്പോൾ എന്റെ മനസ് വർഷങ്ങൾക്കപ്പുറമായിരുന്നു. 

ബാലകൃഷ്ണൻ മാങ്ങാടിന്റെ കഥയ്ക്ക് നവാഗതനായ ജോൺ പോൾ തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രം, ‘ചാമരം.’ പ്രതാപ് പോത്തനും, രതീഷും, സറീനാ വഹാബും അനശ്വരമാക്കിയ ആ ചിത്രത്തിലെ പ്രമേയം വിദ്യാർത്ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയമായിരുന്നു. അമ്മൂമ്മയുടെ വാലായി ആ സിനിമ കാണാൻ ഓലമേഞ്ഞ തീയേറ്ററിൽ പോയൊരോർമ്മ. ഒരു ലോവർ പ്രൈമറി വിദ്യാർത്ഥിനിക്ക് മനസിലാവുന്നതിനുമപ്പുറമായിരുന്നു അന്നാപ്രമേയം. സറീനാ വഹാബെന്ന മലയാളിത്തമുള്ള നടി സാരി ഉടുക്കുന്ന സ്റ്റൈൽ മാത്രമായിരുന്നു ആ കുഞ്ഞുമനസിൽ പതിഞ്ഞത്. തികച്ചും യാഥാസ്ഥിതിക കാഴ്ചപ്പാടു പുലർത്തിയിരുന്ന അമ്മൂമ്മ, വൃത്തികെട്ട സിനിമയ്ക്ക് കൊച്ചിനേയും കൂട്ടി… ശ്ശോ… എന്ന് പറഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്. വർഷങ്ങൾക്ക് ശേഷം ഡിഗ്രി പഠന കാലത്ത് വീണ്ടും ‘ചാമരം’ കണ്ടപ്പോൾ ഭരതൻ എന്ന സംവിധായകനും ജോൺ പോൾ എന്ന തിരക്കഥാകൃത്തും എത്രയാണെന്നെ അത്ഭുതപ്പെടുത്തിയത് ! എങ്കിലും ആ പ്രണയ സങ്കല്പം ഉൾക്കൊള്ളാൻ എന്റെ മനസ് അന്നും പാകമായിരുന്നില്ല. ഇന്ന് ‘ചാമരം’ വീണ്ടും കാണുമ്പോൾ ജോൺ പോൾ നമ്മോടൊപ്പമില്ല. ഭരതനും. പ്രണയത്തെക്കുറിച്ചുള്ള എന്റെ ചിന്തകളും ഏറെ മാറിയിരിക്കുന്നു. 

മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാധനരായ രണ്ടു തിരക്കഥാകൃത്തുക്കൾ, പി പത്മരാജനും, എം ടി വാസുദേവൻ നായരും ജ്വലിച്ചു നിന്നിരുന്ന കാലഘട്ടത്തിൽ, നാടകത്തിന്റെയോ സാഹിത്യത്തിന്റെയോ പാരമ്പര്യമൊന്നുമില്ലാതെ അൽപ്പം പത്രപ്രവർത്തനവും മനസ്സിൽ സിനിമയോടുള്ള ഇത്തിരി സ്നേഹവുമായി കടന്നു വന്ന ചെറുപ്പക്കാരൻ. അവരുടെ സ്വാധീനത്തിൽ നിന്നൊഴിഞ്ഞുമാറി തനതായ ശൈലിയിലൂടെ തിരക്കഥാ രംഗത്ത് സ്ഥാനമുറപ്പിച്ച അതുല്യപ്രതിഭ ജോൺ പോൾ മലയാള സിനിമാപ്രേമികൾക്കെന്നും വിസ്മയമായിരുന്നു.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. സംവിധായകൻ ഭരതനുവേണ്ടിയാണ് ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ വി ശശി, മോഹൻ, ജോഷി, കെ എസ് സേതുമാധവൻ, പി എൻ മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പി ജി വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
‘കാതോടു കാതോരം’, ‘കാറ്റത്തെ കിളിക്കൂട്’, ‘യാത്ര’, ‘മാളൂട്ടി’, ‘അതിരാത്രം’, ‘ഓർമയ്ക്കായ്’, ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’, ‘അവിടത്തെപ്പോലെ ഇവിടെയും’, ‘ഈ തണലിൽ ഇത്തിരിനേരം’, ‘ഈറൻ സന്ധ്യ’, ‘ഉണ്ണികളെ ഒരു കഥ പറയാം’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’, ‘ആലോലം’, ‘ഇണ’, ‘ഉത്സവപ്പിറ്റേന്ന്’, ‘പുറപ്പാട്’, ‘കേളി’, ‘ചമയം’, ‘ഒരു യാത്രാമൊഴി’ തുടങ്ങി എത്രയെത്ര സുന്ദരചിത്രങ്ങളാണ് ആ തൂലികയിൽ വിരിഞ്ഞത്. കമൽ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി ആ തൂലിക ചലിച്ചത്. ഒരു കാലത്ത് വർഷത്തിൽ 14 ചിത്രങ്ങൾക്ക് വരെ തിരക്കഥയെഴുതുമ്പോഴും വിനയാന്വിതനായി ചലച്ചിത്ര ലോകത്തിലെ വർണ്ണപ്പകിട്ടാർന്ന വഴികളിൽ നിന്ന് മാറി നടന്നിരുന്നു അദ്ദേഹം.
മലയാളി ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ജീവിതഗന്ധികളായ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് പുറമേ മനോഹരമായ ഓർമ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായ അദ്ദേഹം ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എം ടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ‘ഒരു ചെറുപുഞ്ചിരി’ എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ‘ഗ്യാങ്സ്റ്റർ’, ‘കെയർ ഓഫ് സൈറാബാനു’ എന്നീ സിനിമകളിൽ അഭിനയിച്ചു.
ആകർഷകവും ആവർത്തനവിരസമല്ലാത്തതുമായ അദ്ദേഹത്തിന്റെ തിരക്കഥകൾ പോലെയാണ് അനർഗ്ഗളം പ്രവഹിക്കുന്ന ആ വാക്ധോരിണിയും. മനസ് വീണ്ടും കുമ്പളങ്ങിയിലേക്ക്. ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിലേക്ക് കടന്നെങ്കിലും മനസുകൊണ്ട് നിയമ കലാലയത്തിന്റെ ഗേറ്റിറങ്ങിയിട്ടില്ലാത്ത ഒരു കൂട്ടത്തോട് ജോൺ പോൾ സംസാരിക്കുകയാണ്. പല ഇന്റർവ്യൂകളിലും അദ്ദേഹം സരസമായി അവതരിപ്പിച്ചിട്ടുള്ള ജീവിതത്തിലെ ഒരേട്… 

“മെലിഞ്ഞുണങ്ങിയ ജോൺ പോളിന്റെ പടം ഉൾപ്പെടുത്തി മനോരമ ഒരു കവർ സ്റ്റോറി ചെയ്തു. പിറ്റേ ദിവസം എനിക്കൊരു ഫോൺ കോൾ വരുന്നു. ജോൺ പോളല്ലേ? നമ്മൾ പണ്ട് പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്. എന്റെ പേര് ഓർക്കണമെന്നില്ല.”
ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. എന്റെ നാവിൻതുമ്പിൽ ആ പേര് വന്നു. ഇന്ന ആളല്ലേന്ന് ചോദിച്ചപ്പോൾ ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവർ പറഞ്ഞു, “ഒരു നിമിഷം ഞാൻ അന്ന് ദാവണിയും ചുറ്റി പ്രീഡിഗ്രി ക്ലാസിൽ വന്നിരുന്ന പെൺകുട്ടിയായിപ്പോയി ജോൺപോളേന്ന്…”

ഇത് പറഞ്ഞദ്ദേഹം ഉറക്കെ ചിരിച്ചു. ഞാനൊരിക്കലും ബോധപൂർവ്വം അവരെ ഓർത്തിട്ടില്ല. പക്ഷേ എന്റെ ഓർമ്മകളിലെവിടെയോ ആ പേരുണ്ടായിരുന്നു. ഇല്ലെങ്കിൽ പതിറ്റാണ്ടുകൾക്കിപ്പുറം എനിക്കാ പേര് ഓർത്തെടുക്കാനാവില്ലല്ലോ. ഇപ്പോൾ എനിക്കു തോന്നുന്നു അത് പ്രണയം ആയിരുന്നിരിക്കാം. പലപ്പോഴും ഞാൻ തിരുവനന്തപുരം പോവുമ്പോഴെല്ലാം ഭാര്യ പറയും ഒന്നു പോയി കാണൂ. ഇനി ഈ പ്രായത്തിൽ എന്ത് സംഭവിക്കാനാ. പലപ്പോഴും കാണണമെന്ന് തോന്നിയെങ്കിലും ഒരിക്കലും ഞാനതിന് മുതിർന്നിട്ടില്ല. കാരണം എന്റെ മനസ്സിലൊരു രൂപമുണ്ട് പ്രീഡിഗ്രി കാലത്ത് കണ്ടിരുന്ന കോളജ് ബ്യൂട്ടിയായ കാന്താരി മുളക് പോലുള്ള ഒരു പെൺകുട്ടി. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം അവർക്ക് പല മാറ്റങ്ങളും സംഭവിച്ചിരിക്കാം. എന്നെ നിരന്തരം ടെലിവിഷനിൽ കാണുന്നത് കാരണം എന്റെ മാറ്റം അവർ അറിയുന്നുണ്ട്. എനിക്കാ മാറ്റം ഉൾക്കൊള്ളാനാവാത്തതിനാൽ ഒരിയ്ക്കലും കാണാൻ മുതിർന്നിട്ടില്ല. എങ്കിലും എന്റെ ഭാര്യയുടെ സമ്മതത്തോടെ ഈ പ്രായത്തിലും ഞാനാ പ്രണയം ആസ്വദിക്കുന്നു. 

നിങ്ങൾക്കുമുണ്ടാവും ഉണ്ടാവണം ഇതുപോലെ മനസ്സിന്റെ കോണിൽ കനൽ മൂടിക്കിടക്കുന്ന ചില ഓർമ്മകൾ. അതൊക്കെ പൊടി തട്ടിയെടുക്കാനും മുൻ വിധിയില്ലാതെ പരസ്പരം പങ്കുവെയ്ക്കാനും അകലങ്ങളില്ലാതെ പെരുമാറാനും കഴിയണം ഈ പ്രായത്തിൽ… ”
ഒരു പ്രണയകവിതപോലെ, അതിലേറെ മനോഹരമായ ഒരു മണിക്കൂർ നീണ്ട ഭാഷണം അദ്ദേഹം അവസാനിപ്പിക്കുമ്പോൾ നീണ്ട കരഘോഷം. ഞങ്ങൾ അദ്ദേഹത്തിനെ ശ്രവിക്കുകയായിരുന്നില്ല. അനുഭവിക്കുകയായിരുന്നു. എത്രകേട്ടാലും മതിവരാത്ത വാക്ധോരിണി അതാണദ്ദേഹത്തിന്റെ കരിഷ്മ. “ഇക്കൂട്ടത്തിലൊരാളെ ഞാൻ പ്രണയിച്ചിരുന്നു. കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു. എത്രയോ രാത്രികളിൽ ഞാനത് സ്വപ്നം കണ്ടിട്ടുണ്ട്. 

ഈ പ്രായത്തിൽ ഇതൊക്കെ തുറന്നു പറയാൻ എന്തിനാ സങ്കോചം” എന്നുപറഞ്ഞ് ഒരു വിരുതൻ സ്റ്റേജിൽ കയറുന്നു. അതാരാന്ന ചോദ്യത്തിന് ആ ആൾ എന്റെ ഇടതുവശത്തുണ്ടെന്ന് പറഞ്ഞപ്പോൾ ഇടതു വശത്തുണ്ടായിരുന്ന ഞങ്ങളൊക്കെ പരസ്പരം നോക്കിയതും, ഒന്നുകൂടി ചോദിച്ചാൽ വലതു വശത്തുണ്ടെന്ന് അവൻ പറയുമെന്ന മറ്റൊരാളുടെ കമന്റും അതുകേട്ട് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കമായി ചിരിക്കുന്ന ജോൺ പോളും ഒളിമങ്ങാത്തൊരോർമ്മ. എത്ര സുന്ദരം എന്റെ മലയാളം എന്ന് എത്രയോ തവണ ചിന്തിപ്പിച്ച ആ ഭാഷണം ഇനി ഓർമ്മകളിൽ മാത്രം… സ്വപ്ന സഞ്ചാരത്തിലേക്ക് നമ്മളെ ഒപ്പം കൂട്ടാൻ ഇനി ജോൺ പോളില്ലല്ലോ… 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.