14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 5, 2024
August 22, 2024
August 17, 2024
March 25, 2024
March 20, 2024
March 12, 2024
March 1, 2024
February 29, 2024
February 6, 2024
February 6, 2024

നി​യ​മം ലം​ഘനം നടത്തുന്ന വാ​ഹ​ന​ങ്ങ​ൾ പൊ​തു​നി​ര​ത്തി​ൽ പാടില്ല; കര്‍ശന നടപടിയുമായി ഹൈക്കോടതി

Janayugom Webdesk
കൊ​ച്ചി
October 10, 2022 5:48 pm

കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല.

ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, ഫ്ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥികൾ ഇത്തരം ബസുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.

നിയമം ലംഘിക്കുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും, കർശന നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനം നടത്തുന്ന കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നി‍ർദേശിച്ചു.
വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ടൂറിസ്റ്റ് ബസുകൾക്ക് മൂക്കുകയറിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യം തുറന്ന കോടതിയിൽ ഡിവിഷൻ ബെഞ്ച് പരിശോധിച്ചു. അപകടവുമായി ബന്ധപ്പെട്ട്, പൊലീസും മോട്ടോർ വാഹന വകുപ്പും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലത്തൂർ ഡിവൈഎസ്‍‍പി കോടതിയിൽ നേരിട്ട് ഹാജരായി.

സ്കൂളിനെതിരെയും നടപടിയെടുക്കണം

നിയമം ലംഘിച്ചുകൊണ്ടുള്ള വിനോദ യാത്രയ്ക്ക് അനുമതി നൽകിയാൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി.പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിച്ചു. നിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് എന്തുകൊണ്ട് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൂടെന്ന് ഹൈക്കോടതി ആരാഞ്ഞു. നിയമവിരുദ്ധ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാരും കുറ്റക്കാരാണ്. അലങ്കാര ലൈറ്റുകൾ അടക്കം നിയമ ലംഘനങ്ങൾ ഉള്ള വാഹനങ്ങളിൽ യാത്ര അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

 

വാഹനങ്ങളിലെ രൂപമാറ്റം: പിഴ പതിനായിരം രൂപയാക്കും

വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമായി തുടരും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടന്നുവരുന്ന പരിശോധന കൂടുതൽ ശക്തമാക്കാനും വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വേഗ നിയന്ത്രണ സംവിധാനങ്ങൾ, എക്‌സ്ട്രാ ഫിറ്റിങ‍്സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിങ് ലൈറ്റ്, സിഗ്‌നൽ ലൈറ്റ് മുതലായവ കർശനമായി പരിശോധിക്കും. വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയിൽ നിന്നും ഓരോ രൂപമാറ്റത്തിനും 10,000 രൂപ വീതമായി വർധിപ്പിക്കും. ഇത്തരത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

 

Eng­lish Summary:Violating vehi­cles shall not be allowed on pub­lic roads; High Court with strict action
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.