8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2022
March 2, 2022
February 13, 2022
January 13, 2022
January 12, 2022
November 28, 2021
November 27, 2021
November 26, 2021
November 23, 2021

വിസ്മയ കേസ്; പ്രതിയില്‍ നിന്ന് വിശദീകരണം തേടി

Janayugom Webdesk
കൊല്ലം
April 1, 2022 8:07 pm

വിസ്മയ കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയില്‍ നിന്ന് വിശദീകരണം തേടുന്ന സിആര്‍പിസി 313-ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമം പൂര്‍ത്തിയായി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിശദീകരണം തേടിയത്. പ്രധാന ചോദ്യങ്ങള്‍ക്ക് വിശദീകരണം എഴുതി ഹാജരാക്കാമെന്ന മറുപടിയാണ് പ്രതി കിരണ്‍കുമാര്‍ നല്‍കിയത്. കൂടുതല്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന ചോദ്യത്തിന് പ്രതി 65 പേജ് വരുന്ന വിശദീകരണം എഴുതി ഹാജരാക്കി.
വിസ്മയ മരിച്ച ദിവസം രാത്രിയോടെ വിസ്മയയ്ക്ക് ആര്‍ത്തവം ഉണ്ടായതായും അതുപോലെ ഈ മാസവും കുഞ്ഞുങ്ങളുണ്ടാവില്ലെന്ന വിഷമം ഉണ്ടായിയെന്നും വിശദീകരണത്തില്‍ പറഞ്ഞു. വിസ്മയയുടെ പിതാവ് ആ ദിവസം ശാപവാക്കുകള്‍ ഉന്നയിച്ച് മെസ്സേജ് അയച്ചിരുന്നു. എന്നാല്‍ വിസ്മയ ആ മെസ്സേജ് ഡെലീറ്റ് ചെയ്ത് കളഞ്ഞു. രാത്രി 12 മണിയോടെ ശുചിമുറിയില്‍ കയറിയ വിസ്മയ ഇറങ്ങാത്തതിനാല്‍ താന്‍ ശുചിമുറിയില്‍ കയറി നോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടു. അപ്പോള്‍ തന്നെ വിസ്മയ മരിച്ചു എന്ന് മനസ്സിലായി. എങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കി. വിസ്മയ ശുചിമുറിയില്‍ കിടക്കുമ്പോള്‍ തന്നെ തന്റെ പിതാവ് പൊലീസ് സ്റ്റേഷനില്‍ വിവരം പറയാന്‍ പോയി. വിസ്മയയുടെ ആത്മഹത്യാകുറിപ്പ് കൂടി കൊണ്ടുപോയിരുന്നു. പുലര്‍ച്ചെ രണ്ടര മണിയോടെ അച്ഛനും ബന്ധുവായ ശ്രീഹരിയും പൊലീസ് ഉദ്യോഗസ്ഥരും കൂടി തിരികെ വന്നു. ഇത് കൊലപാതകമാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ട് ഇനിയുള്ള നടപടി ക്രമങ്ങള്‍ പറയുന്നതനുസരിച്ചേ ചെയ്യാവൂ എന്ന് പറഞ്ഞ് എല്ലാവരുടെയും ഫോണ്‍ വാങ്ങിയെന്നും എല്ലാവരെയും കൊലക്കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിശദീകരണക്കുറിപ്പില്‍ കിരണ്‍ പറഞ്ഞു.
ഫോണ്‍ മുഖാന്തിരം വിസ്മയ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പറഞ്ഞ കാര്യങ്ങള്‍ അവരുടെ അനുകമ്പ പിടിച്ചുപറ്റാനായി സ്ത്രീധനം എന്ന പേരില്‍ അവതരിപ്പിച്ചതായിരുന്നു. 2021 ജനുവരി എട്ടിന് വിസ്മയയുടെ വീട്ടില്‍ ചെന്ന് വഴക്കുണ്ടാക്കിയത് സംബന്ധിച്ച് താന്‍ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിക്കുന്ന സംഭാഷണത്തിലെ വിവരങ്ങള്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ച് തന്റെ ചമ്മല്‍ കൊണ്ട് പറഞ്ഞതാണ്. തന്റെ ഇമേജ് കാത്തുരക്ഷിക്കാന്‍ വേണ്ടി യഥാര്‍ത്ഥ സംഗതികളല്ല താന്‍ പറഞ്ഞതെന്നും കിരണ്‍കുമാര്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളുണ്ടെന്ന് പറഞ്ഞ പ്രതി അഞ്ച് സാക്ഷികള്‍ ഉള്‍പ്പെട്ട പട്ടിക കോടതിയില്‍ ഹാജരാക്കി.
ശൂരനാട് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ, മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ് ചാനല്‍ ഡയറക്ടര്‍, ബന്ധുവായ ശ്രീഹരി എന്നിവരടങ്ങുന്ന സാക്ഷിപ്പട്ടികയാണ് പ്രതിഭാഗം ഹാജരാക്കിയത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കളവാണ് പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്ന് മൊഴി നല്‍കിയിട്ടുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരായ സാക്ഷികള്‍ക്ക് സദാശിവന്‍പിള്ള നല്‍കിയ അഭിമുഖം കൂടി ഹാജരാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിഭാഗം സാക്ഷികളുടെ വിസ്താരത്തിനായി ഏപ്രില്‍ നാലിലേയ്ക്ക് കോടതി കേസ് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.