ഹൈദരാബാദ്: തെലങ്കാന വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്ത് സിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തിൽ പങ്കെടുക്കുവാനെത്തിയ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ വാറങ്കലിലെത്തിയ ബിനോയ് വിശ്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തക്കലപ്പള്ളി ശ്രീനിവാസ റാവു തുടങ്ങിയവര്‍ തെലങ്കാന വിനോദ സഞ്ചാര വകുപ്പിന്റെ വിശ്രമ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനത്തിനുശേഷം സമരസ്ഥലത്തേയ്ക്ക് പുറപ്പെടുമ്പോള്‍ പൊലീസെത്തി, ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാല്‍ അങ്ങോട്ട് പോകരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു.
അതിന് തയാറാകാതിരുന്ന നേതാക്കളെ വന്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് സുബദാരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഭൂസമരത്തില്‍ പങ്കെടുക്കുകയായിരുന്ന നൂറുകണക്കിനാളുകള്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് ചെയ്തു. ഇതിന് പിന്നാലെ നേതാക്കളെ വിട്ടയക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയവരെ ബിനോയ് വിശ്വം, ശ്രീനിവാസ റാവു, മെകേല രവി തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐയുടെ നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ കുളത്തിന് സമീപത്തെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്. സമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കയ്യടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു.
വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി സിപിഐയുടെ നേതൃത്വത്തില്‍ ഭൂരഹിതരായ ആയിരങ്ങള്‍ പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടിയത്. ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്ത നടപടിയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. യഥാർത്ഥ ജനകീയ പ്രശ്നങ്ങളെ അടിച്ചമർത്തുവാനുള്ള തെലങ്കാന സർക്കാരിന്റെ ഇത്തരം സ്വേച്ഛാധിപത്യനടപടിയെ അംഗീകരിക്കാനാവില്ലെന്ന് സെക്രട്ടേറിയറ്റ് പറഞ്ഞു. അന്യായമായ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി സിപിഐ നേതൃത്വത്തില്‍ ഭൂരഹിതരായ ആയിരങ്ങള്‍ പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടിയത്.
തിരുവനന്തപുരം: സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിഷേധിച്ചു. വാറങ്കലിൽ നടക്കുന്ന ഭൂമി സമരത്തിൽ പങ്കെടുക്കാൻ പോകവേയാണ് അറസ്റ്റ്.
ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിൽ ശക്തമായി പ്രതിഷേധിക്കാൻ കാനം അഭ്യർത്ഥിച്ചു.
English Summary: Warangal land agitation: Police unjustly arrested Binoy Vishwam and others
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.