18 January 2026, Sunday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

വയനാട് ദുരന്തം: കേരളത്തിന്റെ ദുഃഖം

Janayugom Webdesk
July 31, 2024 5:00 am

തിങ്കളാഴ്ചവരെ നയന മനോഹരങ്ങളായിരുന്ന മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ എന്നീ വയനാടൻ ഗ്രാമങ്ങൾ ഇരുണ്ടുപുലരുമ്പോഴേക്കും നെഞ്ചുലയ്ക്കുന്ന ദുരന്തഭൂമിയായി മാറിക്കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഒന്നിലധികം ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഗ്രാമങ്ങൾ തുടച്ചുമാറ്റപ്പെട്ടു. ഇതെഴുതുമ്പോൾ 125 മൃതദേഹങ്ങൾ കണ്ടെത്തുകയും 200 ലേറെപ്പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്തമേഖലയിൽ എല്ലായിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാന്‍ പ്രയാസമുണ്ടായി. നിർത്താതെ പെയ്യുന്ന മഴയും ദുരന്തത്തിൽ തകർന്ന പാലം, റോഡുകൾ, മോശം കാലാവസ്ഥ കാരണം വ്യോമമാർഗ രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്തത് എന്നിവയെല്ലാം ഒറ്റപ്പെട്ടുപോയവർക്കും മൃതദേഹങ്ങൾക്കും വേണ്ടിയുള്ള തിരച്ചിലിന് പ്രതിബന്ധം സൃഷ്ടിച്ചു. ദുരന്തഭൂമിയിൽനിന്നും കിലോമീറ്ററുകൾ അകലെ, മലപ്പുറത്തെ ചാലിയാർ തീരങ്ങളിൽനിന്നും രണ്ട് ഡസനിലേറെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും കണ്ടെടുത്തുവെന്നത് ദുരന്തത്തിന്റെ തീവ്രതയാണ് തുറന്നുകാട്ടുന്നത്. തിങ്കളാഴ്ച മുതൽ തുടർച്ചയായി പെയ്തിറങ്ങിയ പെരുമഴയാണ് പൊടുന്നനെയുള്ള ഉരുൾപൊട്ടലിലേക്കും മണ്ണിടിച്ചിലിലേക്കും നയിച്ചത്. ജൂലൈമാസത്തിൽ ഈ സമയത്ത് ലഭിക്കേണ്ടതിന്റെ 50–60 ശതമാനത്തിലധികം മഴ 24 മണിക്കൂറിനുള്ളിൽ ദുരന്തമേഖലയിൽ ലഭിച്ചതായി വിദഗ്ധർ വിലയിരുത്തുന്നു. ഇത് ചെറിയതോതിലുള്ള മേഘവിസ്ഫോടനമായിരുന്നതായും കണക്കാക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് ഈ പ്രകൃതി പ്രതിഭാസമെന്നും അത്തരം സംഭവങ്ങളുടെ ആവർത്തനവും അവ തമ്മിലുള്ള ഇടവേളകൾ അതിവേഗം കുറയാനുള്ള സാധ്യതയെപ്പറ്റിയും അവർ മുന്നറിയിപ്പ് നൽകുന്നു. ഈ മുന്നറിയിപ്പുകൾക്ക് യാതൊരു പുതുമയുമില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ പതിറ്റാണ്ടിന്റെ അന്ത്യത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും മുമ്പേതന്നെ അത്തരം മുന്നറിയിപ്പുകൾ ശാസ്ത്രലോകം നൽകിയിരുന്നെങ്കിലും അവയൊന്നും അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കപ്പെട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴത്തെ കൊടിയ ദുരന്തത്തിന്റെയും കാലാവസ്ഥാവ്യതിയാനം എന്ന യാഥാർത്ഥ്യത്തിന്റെയും പശ്ചാത്തലത്തിൽ ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പുകൾ അർഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വൈകിക്കൂടാ.


ഇതുകൂടി വായിക്കൂ: പട്ടിണി ദുരന്തം


വയനാട്ടിലെ ഇപ്പോഴത്തെ ദുരന്തം അടുത്തകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താൻ കഴിയുന്ന ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ തല്‍ക്കാലം ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപകാലത്ത് പസഫിക് ദ്വീപായ പാപ്പുവ ന്യൂ ഗിനിയിൽ ഏതാണ്ട് രണ്ടായിരത്തോളം മനുഷ്യജീവൻ അപഹരിച്ച മണ്ണിടിച്ചിലിനെത്തുടർന്ന് ഈ വിഷയം ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആഗോള പ്രശസ്തങ്ങളായ സ്ഥാപനങ്ങളും വിദഗ്ധരും ഉൾപ്പെട്ട ചർച്ചയുടെയും ഫലം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ കാലാവസ്ഥാ പ്രവചനം പോലെ സുസാധ്യമായ ഒന്നല്ല എന്നുതന്നെയാണ്. ജീവനാശമടക്കമുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ദുരന്തസാധ്യതാ മേഖലകളെ മനുഷ്യാവാസ കേന്ദ്രങ്ങളാക്കി മാറ്റുന്നത് നിയന്ത്രിക്കുക മാത്രമാണ് പ്രതിവിധി. ഇപ്പോൾ ഉരുൾപൊട്ടലും മണ്ണിടിച്ചിലും സൃഷ്ടിച്ച ദുരന്തമേഖല കേരളത്തിലെ 18 പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഒന്നാണെന്ന് 13 വർഷങ്ങൾക്കുമുമ്പ് പ്രൊഫ. മാധവ് ഗാഡ്ഗിൽ നേതൃത്വം നൽകിയ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. നിക്ഷിപ്ത താല്പര്യങ്ങളുടെ സമ്മർദത്തിന് വഴങ്ങി അന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിച്ച ആ റിപ്പോർട്ട് ഏതെങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഒന്നായിരുന്നില്ല. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തിൽ, യുക്തിഭദ്രമായി നൽകപ്പെട്ട മുന്നറിയിപ്പാണ്. അതാണ് അവഗണിക്കപ്പെട്ടത്. 1984ൽ മുണ്ടക്കെെയിലുണ്ടായ ഉരുൾപൊട്ടലിൽ 14 മരണങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരുന്നു. 2019ൽ പുത്തുമല ഉരുൾപൊട്ടലിൽ 17 മരണം സംഭവിച്ചിരുന്നു. അഞ്ചുപേരെ കണ്ടെത്താനായില്ല. 1992ൽ പടിഞ്ഞാറെത്തറ കാപ്പിക്കളത്ത് ഉണ്ടായ ദുരന്തത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചിരുന്നു. ഈ മേഖലയിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ 2019 ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ 54 പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽവേണം ഗാഡ്ഗിൽ സമിതിയുടെ റിപ്പോർട്ടും ശുപാർശകളും പുനർവായനക്ക് വിധേയമാക്കേണ്ടത്.


ഇതുകൂടി വായിക്കൂ: ആമയിഴഞ്ചാൻ തോട്ടിലെ ദുരന്തം


മേപ്പാടിയിലെ ദുരന്തം കേരളത്തിന്റെയാകെ ദുഃഖമാണ്. ആ മേഖലയിലേക്ക് കുടിയേറി പാർപ്പുറപ്പിച്ച പാവപ്പെട്ട മനുഷ്യർ പ്രതികൂല പ്രകൃതിയെയും പരിസ്ഥിതിയെയും വെല്ലുവിളിച്ച്, സാഹസിക പ്രവർത്തനത്തിനായല്ല അവിടം തങ്ങളുടെ കർമ്മഭൂമിയാക്കിയത്. തങ്ങളുടെയും സന്തതിപരമ്പരകളുടെയും നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് അവർ ഏർപ്പെട്ടിരുന്നത്. അതുവഴി അവർ നാടിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. അവരാണ് ഈ ദുരന്തത്തിന്റെ ഇരകളായി മാറിയത്. അവർക്ക് മാന്യമായ യാത്രാമൊഴി നൽകാനും ഈ മണ്ണിൽ അവർ അവശേഷിപ്പിച്ചു പോയ പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് സംരക്ഷിക്കാനും, പുതുജീവൻ പ്രദാനം ചെയ്യാനും സമൂഹത്തിന് ബാധ്യതയുണ്ട്. ദുരന്തത്തിന്റെ ഇരകളായി ഒറ്റപ്പെട്ടുപോയ ഹതഭാഗ്യരെ കണ്ടെത്തി സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരാനുള്ള ദൗത്യം വിജയകരമായി മുന്നേറുന്നതായാണ് ഏറ്റവും പുതിയ വാർത്തകളിൽനിന്ന് മനസിലാവുന്നത്. എല്ലാം നഷ്ടപ്പെട്ട സഹജീവികൾക്ക് ദുരന്തത്തെ മറികടന്ന് പുതുജീവിതം കെട്ടിപ്പടുക്കാൻ സഹായഹസ്തവും കരുതലും നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ലഭ്യമായ സൂചനകളനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ദുരന്തത്തിന്റെ വ്യാപ്തിക്ക് അനുസൃതമായി അവസരത്തിനൊത്ത് ഉയർന്നുപ്രവർത്തിക്കും എന്നുവേണം പ്രതീക്ഷിക്കാൻ. മുൻകാലങ്ങളിൽനിന്ന് വിഭിന്നമായി കൂടുതൽ അനുഭാവപൂർണവും ഉദാരവും വിവേചനരഹിതവുമായ സമീപനം രക്ഷാ, പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്നും ഈ വിഷമഘട്ടത്തിൽ കേരളം പ്രതീക്ഷിക്കുക സ്വാഭാവികം മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.