27 April 2024, Saturday

രാജ്യദ്രോഹം ചെയ്യരുത് നമ്മള്‍

സുരേന്ദ്രന്‍ കുത്തനൂര്‍
സ്വേച്ഛാധിപത്യം നല്‍കുന്ന ഗ്യാരന്റി- 3
March 27, 2024 4:36 am

വിമര്‍ശനങ്ങളെ അത്രയേറെ അസഹിഷ്ണുതയോടെ കാണുകയും സര്‍ക്കാരിനെയോ ഭരണാധികാരിയെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാവുകയും ചെയ്യുന്നത് ജനാധിപത്യം മരിക്കുമ്പോഴാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന വിയോജിക്കാനുള്ള അവകാശത്തെ ഭയക്കുന്ന ഭരണാധികാരി സ്വേച്ഛാധിപതിയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര നേതാക്കളെയും ജവഹര്‍ലാല്‍ നെഹ്രുവിനെ പോലുള്ള മതേതര ഭരണാധികാരികളായിരുന്ന മുന്‍ഗാമികളെയും നരേന്ദ്ര മോഡിയും കൂട്ടരും നിരന്തരം അപഹസിക്കുന്നത് കാണാതെ പോകരുത്. അവരെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കി, പകരം കെട്ടുകഥകളെ ചരിത്രമായി പുനഃപ്രതിഷ്ഠിക്കാന്‍ അക്കാദമിക പിണിയാളുകളെ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു. മതേതര ജനാധിപത്യത്തില്‍ നിന്ന് മതരാഷ്ട്ര സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിയൊരുക്കമാണിത്. സ്വന്തം ചരിത്രം പ്രതിഷ്ഠിക്കാന്‍ സ്വേച്ഛാഭരണാധികാരികള്‍ ആദ്യം ചെയ്യുക ചരിത്രത്തെ മായ്ച്ചുകളയുകയാണ്. പൊതുവേ ഭീരുക്കളും അക്രമകാരികളും എന്തു ക്രൂരതയും കാണിക്കാൻ മടിക്കാത്തവരുമായ സ്വേച്ഛാധിപതികൾക്ക് ചോരയുടെ ഗന്ധം സുഗന്ധമാണ്. നശീകരണത്തിന്റെ ആശ്വാസമാണ് അവരുടെ സന്തോഷം. നീതിന്യായവ്യവസ്ഥയെ മാനിക്കാത്ത അവർ നിയമത്തെക്കുറിച്ച് ആശങ്കയുള്ളവരല്ല. നിരപരാധികളെപ്പോലും കൊല ചെയ്ത് സമൂഹത്തിൽ ഭീതി പടർത്തും. അങ്ങനെയവർ അധികാരത്തിലെത്തും. 1992ൽ കർസേവകർ ബാബറി മസ്ജിദ് തകർത്തത് മുതലുള്ള ചരിത്രം നമ്മുടെ മുന്നിലുണ്ട്. 2002ലെ ഗുജറാത്ത് മുസ്ലിം വംശഹത്യയുടെ പാഠവും നിലനില്‍ക്കുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അന്നത്തെ ഇരകളിലൊരാളായ ബില്‍ക്കീസ് ബാനുവിന് കോടതി നല്‍കിയ നീതിയുടെ ഭാഗമായി ജയിലിലടയ്ക്കപ്പെട്ട പ്രതികളെ തുറന്നുവിടാന്‍ പ്രധാനമന്ത്രിയുടെ ഭരണകൂടം അനുമതി നല്‍കി. പക്ഷേ വീണ്ടും പ്രതികളെ തുറുങ്കിലേക്ക് തിരികെയെത്തിക്കാന്‍ നീതിപീഠം ഇടപെട്ടു. എങ്കിലും സ്വേച്ഛാ ഭരണാധികാരിക്ക് അതില്‍ യാതൊരു ജാള്യതയും തോന്നിയിട്ടുണ്ടാകില്ല.

 

 


ഇതുകൂടി വായിക്കൂ:സ്വേച്ഛാധിപത്യം നല്‍കുന്ന ഗ്യാരന്റികള്‍


മോഡി ഭരണത്തില്‍ രാജ്യദ്രോഹ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. തെരഞ്ഞെടുപ്പ് വർഷങ്ങളിൽ അതിന്റെ പാരമ്യത്തിലെത്തി. 2014ലും 2019ലും ബിജെപി അധികാരമേറ്റയുടന്‍ 500ലധികം രാജ്യദ്രോഹ കേസുകൾ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രണ്ടാം യുപിഎ ഭരണമുണ്ടായിരുന്ന 2009–14 കാലത്തെ വാർഷിക ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ, 2014–22 കാലത്ത് രാജ്യദ്രോഹം ചുമത്തപ്പെട്ടവരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ 10 വർഷത്തിനിടെയുള്ള 450 ഓളം രാജ്യദ്രോഹ കേസുകളില്‍ 95 ശതമാനവും 2014ന് ശേഷമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ കൂടി പുറത്തുവന്നാല്‍ കണക്ക് കുത്തനെ ഉയരും. യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ അവഹേളിച്ചുവെന്ന പേരില്‍ 150ലേറെ പേർക്കെതിരെയും മോഡിയെ വിമർശിച്ചതിന് 250 ഓളം പേർക്കെതിരെയുമാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പേരില്‍ തമിഴ്‌നാട് മൃഗസംരക്ഷണ മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തത് കഴിഞ്ഞദിവസമാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തുറുങ്കിലാക്കിയത് മദ്യനയ അഴിമതിയെന്ന പേരിലാണെങ്കിലും ലക്ഷ്യം പ്രതിപക്ഷം എന്ന ശക്തിയെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കുക എന്നതാണ്. ഭരണത്തിലിരിക്കെ രാജ്യത്ത് ഒരു മുഖ്യമന്ത്രി ജയിലിലടയ്ക്കപ്പെടുന്നത് ആദ്യമാണ്. ഇതേകേസില്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസിൽ ആരോഗ്യമന്ത്രി സത്യേന്ദർ ജയിനും ജയിലിലടയ്ക്കപ്പെട്ടു. ഏതാണ്ട് ഒരു മാസം മുമ്പാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സൊരേനെ ജയിലിലാക്കിയത്. അറസ്റ്റിന് മുമ്പ് ഹേമന്ത് സ്ഥാനമൊഴിയുകയായിരുന്നു. എൻസിപി നേതാക്കളായ നവാബ് മാലിക്കിനെയും അനിൽ ദേശ്മുഖിനെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭയില്‍ മോഡിയെയും ചങ്ങാത്ത മുതലാളിയായ ഗൗതം അഡാനിയെയും കുറിച്ച് നിരന്തരം ചോദ്യങ്ങളുന്നയിച്ച ബംഗാള്‍ എംപി മഹുവമൊയ്ത്രയെ കുത്സിത മാര്‍ഗത്തിലൂടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവര്‍ക്കെതിരെ വിവിധ ഏജന്‍സികള്‍ കേസുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്.
ഭരണാധികാരി ഭീരുവാണെന്നതിന്റെ ഉത്തമ നിദര്‍ശനമായി മണിപ്പൂര്‍ നമുക്കുമുന്നിലുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അതാതിടത്ത് ഘോഷയാത്രയായെത്തി സഹസ്രകോടികളുടെ പദ്ധതി പ്രഖ്യാപനം നടത്തി വോട്ട് തേടുന്ന നരേന്ദ്ര മോഡി പക്ഷേ, മണിപ്പൂരില്‍ കാല് കുത്താന്‍ പോലും ഭയന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂരിനുള്ള 3,500 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത് അരുണാചൽ പ്രദേശിലെ ഇറ്റാനഗറില്‍ വച്ച് വിര്‍ച്വലായിട്ടായിരുന്നു. 2023 മേയ് മുതല്‍ വംശീയകലാപത്തില്‍ കത്തിയെരിയുന്ന, സ്ത്രീകള്‍ കൂട്ടമാനഭംഗം ചെയ്യപ്പെടുന്ന, ബിജെപി ഭരണമുള്ള മണിപ്പൂരില്‍ മോഡി എത്താത്തത് ജനങ്ങളെ പേടിച്ചാണ്. ‘പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ ഡൽഹിയിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാമായിരുന്നു എന്നാൽ വടക്കുകിഴക്കൻ ജനതയുടെ വികസനത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം അരുണാചൽ പ്രദേശിൽ ചടങ്ങിൽ പങ്കെടുത്തെ‘ന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് ന്യായീകരിച്ചു. പക്ഷേ, ഔട്ടർ മണിപ്പൂർ ലോക്‌സഭാ സീറ്റിൽ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ബിജെപിക്ക് ധെെര്യമുണ്ടായില്ല. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് തീരുമാനം.

 


ഇതുകൂടി വായിക്കൂ: അപഹസിക്കപ്പെട്ട ജനാധിപത്യം


മണിപ്പൂരിലെ വംശഹത്യയും സ്ത്രീകളോടുള്ള അതിക്രമവും കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി പക്ഷേ, പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട അതിക്രമങ്ങളില്‍ അതിവെെകാരികത സൃഷ്ടിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല. 2024 ജനുവരിയില്‍ പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ ഉയര്‍ന്ന ഭൂമികയ്യേറ്റവും ലൈംഗികാരോപണങ്ങളും ഉന്നയിച്ച് കടുത്ത വിമര്‍ശനമാണ് മോഡി നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹോദരിമാരോടും പെണ്‍മക്കളോടും അതിക്രമം കാട്ടിയെന്നും സന്ദേശ്ഖാലിയുടെ അലയൊലികൾ സംസ്ഥാനത്തുടനീളം അനുഭവപ്പെടുമെന്നും സംഭവം നടന്ന് രണ്ട് മാസത്തിനകം മാര്‍ച്ച് ഏഴിന് ബരാസത്തിൽ നടന്ന ‘നാരി ശക്തി വന്ദൻ’ റാലിയില്‍ പങ്കെടുത്തുകൊണ്ട് മോഡി പറഞ്ഞു. 10 മാസമായിട്ടും മണിപ്പൂരിനെക്കുറിച്ച് മിണ്ടാത്ത, അവിടം സന്ദര്‍ശിക്കാത്ത, പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള വനിതാ ഗുസ്തി താരങ്ങളെ ലെെംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ സ്വന്തം പാര്‍ട്ടി എംപി ബിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ സ്വന്തം ചിറകില്‍ സംരക്ഷിച്ചുകൊണ്ടാണ് കഴുകന്‍ കണ്ണുകളോടെ സ്ത്രീശക്തിയെക്കുറിച്ച് പ്രസംഗിച്ചു നടക്കുന്നത്.
രാജ്യത്തെ ജനാധിപത്യം ആദ്യമായി കല്‍ത്തുറുങ്കിലായ അടിയന്തരാവസ്ഥയ്ക്ക് 50 വയസ് തികയാനിരിക്കുകയാണ്. ആ കാലഘട്ടത്തിൽ നിന്നും ഇന്ത്യൻ ജനതയുടെ മനോനിലയിൽ ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സാഹചര്യങ്ങള്‍ തെളിയിക്കുന്നു. അടിയന്തരാവസ്ഥാ കാലത്തും ശേഷവും ‘ഇന്ത്യയെന്നാൽ ഇന്ദിര’യായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ഇന്ദിരയ്ക്ക് അധികാരത്തിൽ തിരിച്ചെത്താനായത് അതുകൊണ്ടാണ്. അടിയന്തരാവസ്ഥയ്ക്കെതിരെ അന്ന് ശക്തമായ പ്രതിഷേധങ്ങളും മാധ്യമ വിചാരണകളുമൊക്കെ നടന്നെങ്കിലും അതെല്ലാം ഒറ്റപ്പെട്ടവയായിരുന്നുവെന്നതാണ് സത്യം. ഇന്ന് നരേന്ദ്ര മോഡിക്കെതിരെ ഉയരുന്നതും ഇത്തരം ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് മോഡിക്കെതിരെ സംസാരിക്കുന്നവർ രാജ്യവിരുദ്ധരായി മുദ്രകുത്തപ്പെടുന്നത്.
അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് മാത്രം ഇന്ത്യ ജനാധിപത്യ രാജ്യമാകില്ല. നിലവിലെ തെരഞ്ഞെടുപ്പ് രീതി പോലും അട്ടിമറിക്കാനവര്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന കുതന്ത്രം പുറത്തെടുത്തിട്ടുണ്ട് എന്ന ദുരവസ്ഥയും നിലനില്‍ക്കുന്നു. തെരഞ്ഞെടുത്തത് ജനങ്ങളാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരുടെ അധികാരത്തെ നിശ്ചയിക്കുന്നത് പലപ്പോഴും ജനങ്ങളല്ല എന്നതിന്റെ തെളിവായിരുന്നു ഒരു നാടിനെ മുഴുവൻ ക്യൂവിൽ നിർത്തിയ നോട്ട് നിരോധനം. രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ തകിടംമറിച്ച ആ തീരുമാനം പാർലമെന്റ് അറിയാതെയായിരുന്നു. കശ്മീരിനെ വിഭജിച്ച തീരുമാനമുണ്ടായതും രാത്രിയുടെ മറവിലാണ്. ഇന്റർനെറ്റുൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ നിരന്തരം വിച്ഛേദിച്ചുകൊണ്ട്, ജനകീയ പ്രതികരണങ്ങളെ നിശബ്ദമാക്കുന്നത് തുടരുകയാണ്. ഉദാസീനമായ പൗരബോധമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ജനതയെ മതം, ദെെവം പോലുള്ള വെെകാരികതകളില്‍ തളച്ചിടുന്നത് മറ്റ് വിഷയങ്ങളോട് ഉദാസീനത വളര്‍ത്താനാണ്. പ്രതിരോധം തീര്‍ക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളും അപ്രസക്തമാകുന്നതുകൊണ്ട് ജനകീയ പ്രതിഷേധം മാത്രമാണ് പരിഹാരം. അല്ലെങ്കില്‍ ‘വി ദ പീപ്പിള്‍’ എന്നത് ‘ഐ ആം ദ നേഷന്‍’ ആകാന്‍ കൂട്ടുനില്‍ക്കുകയെന്ന രാജ്യദ്രോഹമായിരിക്കും നമ്മള്‍, ഇന്ത്യന്‍ ജനത ചെയ്യുന്നത്.
(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.