July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ക്വാഡ് ഉച്ചകോടിയിലെ രാജ്യ നിലപാട്

Janayugom Webdesk
May 29, 2022

മേയ് 24 ന് ടോക്യോയിൽ നടന്ന ക്വാഡ് ഉച്ചകോടി വിലയിരുത്തുന്ന തിരക്കിലാണ് ഒരുപറ്റം വിശാരദർ. ‘ജനാധിപത്യ ലോക’ത്തിന്റെ വികസനപാതയിലെ ഒരു നാഴികക്കല്ലായിരിക്കുന്നു ക്വാഡ് ഉച്ചകോടി എന്ന് ചിത്രീകരിക്കാൻ ഇവരിൽ ചിലർ വെമ്പൽ കൊള്ളുന്നു. കൂട്ടായ വളർച്ച, സമഗ്രവികസനം, ഉത്തരവാദിത്ത പങ്കാളിത്തം, മൂല്യാധിഷ്ഠിത ലോകം തുടങ്ങിയ വാക്കുകളാൽ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുടെ ടോക്യോ മീറ്റിങ്ങിന് അനന്യ പ്രാധാന്യം കല്പിച്ച് പ്രകീർത്തിക്കുന്നു. പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ടോക്യോ ചർച്ചകൾക്ക് പിന്നിലെ ചൈതന്യം പ്രകീർത്തിക്കാൻ പരസ്പരം മത്സരിക്കുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടുകൾ മറന്ന്, ഇരു നേതാക്കളും തങ്ങൾ തമ്മിലുള്ള ബന്ധവും അതിശയോക്തിയിൽ വിവരിച്ചു. ലോകത്തിലെ അതിപ്രധാനമായ ഭൂമിശാസ്ത്ര മേഖലയ്ക്കായി വികസിപ്പിച്ചെടുത്ത തങ്ങളുടെ അജണ്ട തുടരാൻ അമേരിക്കൻ നയരൂപകർത്താക്കൾക്കും പ്രതിരോധ ആസൂത്രകർക്കും ക്വാഡ് നിർണായക നീക്കമായി. ക്വാഡ് നേതൃത്വം വ്യക്തമായ കാരണങ്ങളാൽ ഏഷ്യാ പസഫിക് മേഖലയെ ഇന്തോ-പസഫിക് എന്ന് പുനർ നാമകരണം ചെയ്തു. ടോക്യോ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, 13 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന് രൂപം നൽകി. ഇന്തോ-പസഫിക് മേഖല ലോക കരഭൂമിയുടെ 25 ശതമാനമാണ്. സമുദ്രങ്ങളുടെ 65 ശതമാനവും. ലോകജനസംഖ്യയുടെ പകുതിയിലധികവും ഈ മേഖലയിലാണ്. ലോകത്തിലെ 68 ശതമാനം യുവത്വം ഇവിടെ വസിക്കുന്നു.

ആഗോള ആഭ്യന്തര മൊത്ത ഉല്പാദന (ജിഡിപി)ത്തിന്റെ 60 ശതമാനവും ആഗോള സാമ്പത്തിക വളർച്ചയുടെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് ഇന്തോ-പസഫിക് മേഖലയാണ്. ആധുനിക ലോകത്ത് സുപ്രധാനമായ ഈ പ്രദേശത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. മേഖലയിലെ രാജ്യങ്ങൾ പരസ്പര സഹകരണത്തിലൂടെ വരുമാനം തേടുന്നത് സ്വാഭാവികവുമാണ്. മാനവികത നേരിടുന്ന വെല്ലുവിളികളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചാൽ എല്ലാ സംയുക്ത ശ്രമങ്ങളും സ്വാഗതം ചെയ്യപ്പെടും. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങൾ ലോകത്തെ ഭീതിയിലാഴ്ത്തുന്നു. പാരീസ് ഉടമ്പടിയിലെ പ്രതിബദ്ധത നിലനിൽക്കെ കാലാവസ്ഥാ വ്യതിയാനം തീഷ്ണമാകുകയാണ്. ദക്ഷിണേഷ്യയിലെ ഹിമാനികൾ ഉരുകുകയും ദ്വീപ് രാഷ്ട്രങ്ങൾ സമുദ്രനിരപ്പ് ഉയരുന്നതിനൊപ്പം നിലനിൽപ്പിനായി കഠിനശ്രമങ്ങളും നടത്തുന്നു. കോവിഡ് 19 സൃഷ്ടിച്ച ഭീഷണി ഇന്നും സജീവമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇന്തോ-പസഫിക് മേഖലയിലടക്കം ലോകത്തെ വേട്ടയാടുന്നു. ക്വാഡിനെയും ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിനെയും കേന്ദ്രീകരിക്കുന്നത് ചുമതലകൾ മനസിലാക്കാനും മുൻഗണന നൽകാനുമുള്ള തയാറെടുപ്പുകളാകണം. എന്നാൽ, ക്വാഡ് നേതാക്കൾ അവരുടെ രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങളിൽ ഊന്നിനിന്നു. അമേരിക്കയുടെ ഭൗമരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള മറ്റൊരു ഉപകരണമായി ക്വാഡിന്റെ വേദികൾ ഉപയോഗപ്പെടുത്താനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുന്നു. ഈ ആഗോള മത്സരത്തിൽ ഇന്ത്യ ഉൾപ്പെടെ കൂട്ടുകളിക്കാരായി മാറുന്നതായും തോന്നുന്നു.


ഇതുകൂടി വായിക്കാം; യുദ്ധം ആരാണ് ശരി എന്ന് നിർണയിക്കുന്നില്ല


ലോകത്തിന്റെ ഏത് ഭാഗത്തും സംഘർഷം ഉടലെടുക്കുമ്പോൾ, അമേരിക്ക തങ്ങളുടെ സാമ്രാജ്യത്വ രാഷ്ട്രീയ രൂപരേഖകൾ തീർത്ത് അതിൽ ഇടപെടുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഓരോ സംഘട്ടനവും ആയുധമത്സരം വികസിപ്പിക്കാനുള്ള അവസരമാണ്. ചർച്ചകളുടെ വാതായനങ്ങള്‍ അടയ്ക്കുന്നു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെ ദുർബലമായിരിക്കുന്നു. ടോക്യോ ഉച്ചകോടിയിലും പ്രാദേശിക സംഘർഷങ്ങളെക്കുറിച്ചുള്ള യുഎസിന്റെ സ്വാർത്ഥസമീപനം ദൃശ്യമായിരുന്നു. ഇന്ത്യയടക്കമുള്ള പങ്കാളികൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചു. അവർ ചൈനയുടെ കാര്യത്തിൽ ഒരേ നിലപാടിലായിരുന്നു, റഷ്യയുടെ കാര്യത്തിൽ വിഭിന്നവും. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏതൊരു വിദേശ നയരൂപീകരണത്തിനും തുടർച്ചയ്ക്കും പെന്റഗണും സൈനിക വ്യാവസായിക സമുച്ചയവും നിർണായകമാണ്. യൂറോപ്പിൽ, അവർ നാറ്റോ വികസിപ്പിക്കാനുള്ള വഴിയിലാണ്. ഏഷ്യയിലാകട്ടെ പഴയ സീറ്റോ (സൗത്ത്-ഈസ്റ്റ് ഏഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ) പ്രവർത്തനരഹിതമെന്ന് പറയേണ്ടിയിരിക്കുന്നു. ആ ശൂന്യത നികത്താൻ യുഎസ് ക്വാഡ് സഖ്യം ഉപയോഗിക്കുമോ? പ്രതിരോധ ഇടപാടുകളും പസഫിക്കിലെ സംയുക്ത സൈനികാഭ്യാസങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദേശീയ സുരക്ഷാ കൗൺസിലിൽ നിന്നുള്ള ഒരു രേഖയിൽ പറയുന്നു: ‘ഇന്തോ-പസഫിക് മേഖലയിൽ ഗണ്യമായ വാഗ്ദാനങ്ങളും ചരിത്രപരമായ വിഘ്നങ്ങളും നിലനിൽക്കുന്ന നിർണായക ദശകത്തിൽ, ഈ മേഖലയിലെ അമേരിക്കൻ പങ്ക് കൂടുതൽ ഫലപ്രദമാകണം.

ഇന്ത്യയുടെ മുന്നിലുള്ള ചോദ്യം ലളിതവും സുപ്രധാനവുമാണ്. ആത്മനിർഭർ ഭാരത് എന്ന് ഘോഷിക്കുന്ന രാജ്യം അമേരിക്കൻ കളിയുടെയും ലോക മേധാവിത്വ സമീപനങ്ങളുടെയും വിധേയനായ കൂട്ടാളിയാകേണ്ടതുണ്ടോ? 21-ാം നൂറ്റാണ്ടിൽ ലോകനേതൃത്വമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഗുണകരമാണോ? വൈറ്റ് ഹൗസ് തയാറാക്കിയ ഇന്തോ-പസഫിക് കർമ്മപദ്ധതിയിൽ ‘പ്രതിരോധം’ എന്നത് നിർണായക വാക്കാണ്. അർത്ഥം സൈനിക ശക്തി ബലപ്പെടുത്തുക, തകർച്ച നേരിടുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നുതന്നെ. എന്നാൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ മുൻഗണന നൽകാനാവില്ല. ക്വാഡിലും ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂടിലും യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ചോദ്യങ്ങൾ ഉയരും. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പകർച്ചവ്യാധിയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും വർത്തമാനകാലത്ത് ഇന്ത്യ യുദ്ധത്തിനും സംഘർഷങ്ങൾക്കും വോട്ട് ചെയ്യരുത്, സമാധാനത്തിന്റെയും പുരോഗതിയുടെയും തോഴരാകണം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.