ഇന്ത്യ ഇരുട്ടിലായ കാലത്താണ് നാം ജീവിക്കുന്നത്. രാഷ്ട്രമാണ് മറ്റെല്ലാറ്റിനെക്കാളും വലുത്. രാഷ്ട്രത്തേക്കാൾ ചെറുതാണ് സാഹിത്യവും പ്രത്യയശാസ്ത്രങ്ങളും ദൈവങ്ങളും. ഇന്ത്യയിൽ ജനാധിപത്യ സംസ്കാരമാണ് എന്നും നിലനിന്നത്. അടിയന്തരാവസ്ഥക്കാലത്തും ഇപ്പോഴും അത് സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നു. സ്വേച്ഛാധിപത്യം അനുവദിക്കരുത്. ഈ രാഷ്ട്രത്തിലെ പാവപ്പെട്ടവരുടെ ഹൃദയത്തിൽ പ്രകാശിക്കുന്ന പ്രത്യാശയാണ് നമ്മുടെ ഊർജം. ആ പ്രകാശത്തെ നിരന്തരം കെടുത്താൻ ശ്രമിക്കുന്ന ഭരണാധികാരികളും വരേണ്യവർഗവും. എത്രയെത്ര വൈവിധ്യങ്ങൾ. ബഹുമുഖത്വമാണ് ജനാധിപത്യത്തിന്റെ ചൈതന്യം. വൈവിധ്യവും സഹിഷ്ണുതയും പ്രസരിക്കുന്ന നമ്മുടെ ദേശീയബോധത്തെ ഇല്ലായ്മ ചെയ്യാൻ ഒരു സ്വേച്ഛാധിപതിയേയും അനുവദിക്കരുത്. വ്യത്യസ്ത മുഖംമൂടികളുള്ള ഏകാധിപത്യത്തിനെതിരെ നിതാന്ത ജാഗ്രതയാണ് ആവശ്യം. എഴുത്തുകാർ നല്ല സൃഷ്ടി നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല. ഉയർന്ന പദവികളോ, വലിയ പ്രതിഫലമോ മാത്രം നേടിയിട്ട് കാര്യമുണ്ടോ? യഥാർത്ഥ ദേശസ്നേഹം അതിൽ മാത്രം ഒതുങ്ങുമോ? നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ജാഗരൂകരാകണം. മാനവിക വിരുദ്ധ, മതേതര വിരുദ്ധ, ജനാധിപത്യവിരുദ്ധ ശക്തികൾക്ക് ഒരിക്കലും കീഴടങ്ങരുത്. എഴുത്തിൽ സത്യം പ്രതിഫലിക്കണം, സൗന്ദര്യം മാത്രം പോരാ. അവനവന്റെ സ്വതസിദ്ധമായ ചിന്ത പ്രകടിപ്പിക്കണം. പുറത്തുള്ള ജാതി, മത, സ്ഥാപിത താല്പര്യങ്ങൾ, സാമ്പത്തിക മാഫിയകൾ, കുത്തക മാധ്യമങ്ങൾ നിരന്തരം പറയുന്ന നുണകൾ വിശ്വസിച്ച് മൂഢരാകരുത്. അവർ പറയുന്നത് വിശ്വസിച്ച് എഴുതിയാൽ നാം സമൂഹത്തോട് ചെയ്യുന്നത് ചതിയാണ്. അത് പൗരന്മാരെയും രാഷ്ട്രത്തെയും വഞ്ചിക്കലാകുന്നു. നിത്യേന അവനവനെ ചോദ്യം ചെയ്യുന്നവനാകണം എഴുത്തുകാരൻ. ദൈനംദിനം സ്വയം നവീകരിക്കണം. നാം ആർജ്ജിച്ച വിശ്വാസസംഹിതകളെ ചോദ്യം ചെയ്യണം. കാരണം, നമുക്ക് അവയെ വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള ത്രാണിയോ, സാഹചര്യമോ ഇല്ലാതിരുന്ന കാലത്ത് തലച്ചോറിൽ കയറിയതാണ്. മതവും ജാതിയുമെല്ലാം അതിനുദാഹരണം. ജനിച്ചതു മുതൽ അന്ത്യം വരെ അവ നമ്മോടൊപ്പം. അവയെ പരിശോധിക്കാനോ, അവയെ നവീകരിക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ നാം തയാറാകുന്നില്ല. ചോദ്യങ്ങൾ ചോദിച്ചേ പറ്റു. മത നേതാക്കന്മാരെ പേടിച്ചാൽ എഴുത്തിന് സത്യസന്ധതയുണ്ടാകില്ല. വർഗീയവാദിക്ക്, രാഷ്ട്രീയ ഏമാന്മാരുടെ മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവർക്ക്, മാധ്യമങ്ങളുടെ കളിപ്പാവകൾക്ക്, സ്ത്രീ പുരുഷ സമത്വം എതിർക്കുന്നവർക്ക്, സ്ഥാനമാനങ്ങൾക്ക് പിറകെ പോകുന്നവർക്ക്, യഥാർത്ഥ എഴുത്തുകാരനാകാൻ സാധിക്കുമോ? മനസ് വലുതാകുന്നില്ലെങ്കിൽ എങ്ങനെ പുരോഗമനവാദിയാകും.
എത്ര പ്രതിഭയുണ്ടെങ്കിലും, ഹൃദയം വിശാലമല്ലെങ്കിൽ, ആധുനികമല്ലെങ്കിൽ, എഴുത്ത് പുരോഗമനമാകുമോ? എഴുത്തുകാരന്റെ സത്യസന്ധത, വിശാലമനസ്കത, അയാളുടെ വായനക്കാരിലും പ്രതിഫലിച്ചേക്കാം. എഴുത്തുകാരന്റെ സ്വാതന്ത്ര്യബോധത്തിന്റെ പ്രകാശം വായനക്കാരിലെത്തും. സത്യസന്ധതയും മാനവികതയും വിശാലമനസ്കതയും സാഹോദര്യവും ജനാധിപത്യത്തെ നിലനിർത്തും. യഥാർത്ഥ എഴുത്തുകാരൻ മറ്റുള്ളവരിലേക്ക് പടർത്തും. രാഷ്ട്രത്തെ അറിയണം, സ്പർശിക്കണം, പ്രേമിക്കണം എഴുത്തുകാരൻ. ജനാധിപത്യത്തെ നെഞ്ചോടു ചേർക്കണം. സമൂഹമാണ് എഴുത്തുകാരെ വായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മഹത്വവല്ക്കരിക്കുന്നതും ചിലപ്പോൾ വിഗ്രഹങ്ങളാക്കി മാറ്റുന്നതും. അപ്പോൾ സമൂഹം തരുന്ന ഭക്ഷണം കഴിക്കുന്ന എഴുത്തുകാരൻ സമൂഹത്തെക്കുറിച്ച് ജാഗ്രത പുലർത്തണം. സമൂഹത്തിന്റെ ഫാസിസ്റ്റ് പ്രവണതകൾക്കെതിരെ എഴുതണം. എഴുത്തുകാരൻ ഭയത്തിനടിമപ്പെടരുത്. പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറരുത്. സത്യസന്ധമായ അഭിപ്രായം ആരുടെ മുഖത്തു നോക്കിയും പ്രകടിപ്പിക്കണം. പക്ഷെ, ഇക്കാലത്ത് ലാഭം മുന്നിൽക്കാണുന്ന, സ്ഥാനമാനങ്ങൾ കൊതിക്കുന്ന, പുരസ്കാരങ്ങൾക്ക് വേണ്ടി അതിയായി ആഗ്രഹിക്കുന്ന, മേലാളന്മാരെ ചോദ്യം ചെയ്യാൻ പേടിയുള്ള എഴുത്തുകാരുടെ എണ്ണം വർധിക്കുന്നു. എന്നിട്ടും അത്തരക്കാർ വാഴ്ത്തപ്പെടുന്നു മലയാള മണ്ണിൽപ്പോലും. എഴുത്ത് എഴുന്നേൽക്കലാകണം. വാക്കുകൾ രൂപപ്പെടുന്നതിൽ ആനന്ദം കണ്ടെത്തണം. ഒരു സൃഷ്ടിയുടെ ബീജാവാപം മുതൽ, അതിന്റെ ഓരോ ഘട്ടത്തിലും ഉണർവുണ്ട്. അത് ഉണ്ടാകുക സത്യം പറയുമ്പോഴാണ്. അതാണ് എഴുന്നേൽക്കൽ. അതിൽ ആനന്ദകരമായ ഒരായിത്തീരലുണ്ട്. ഈ ആയിത്തീരൽ മനുഷ്യന്റെ ഏറ്റവും ഹൃദയംഗമമായ വളരലുകൾ ആണ്. അത് സമൂഹത്തിനെ, രാഷ്ട്രത്തെ, മനുഷ്യനെ സ്നേഹിക്കുകയും അവയോട് സത്യസന്ധതയും പ്രതിബദ്ധതയും പുലർത്തുകയും ചെയ്യുമ്പോഴുമാണ് സാധിക്കുക. ഇരുട്ട് സൂക്ഷിക്കുന്ന ഇടങ്ങളെ എഴുത്തുകാർ വായനക്കാർക്ക് കാണിച്ചുകൊടുക്കണം. വെളിച്ചത്തിലേക്ക് അവരെ ആനയിക്കണം. അക്രമങ്ങളെ, അനീതികളെ എതിർക്കണം. മനുഷ്യനിൽ സൗന്ദര്യം കണ്ടെത്തണം. നാളെയെ ഏറ്റവും ജീവത്താക്കിയ തത്വചിന്ത മാർക്സിന്റെതാണ്. ചൂഷണമില്ലാത്ത, അന്യവല്ക്കരണമില്ലാത്ത നാളെയെക്കുറിച്ച് അദ്ദേഹം എഴുതി. പക്ഷെ സിദ്ധാന്തത്തിന്റെ പ്രയോഗത്തിൽ തെറ്റുപറ്റി. നല്ല നാളെയിലേക്കുള്ള നിരന്തരമായ ഒരു യാത്രയുടെ വിവരണമാകണമെന്ന് എഴുതപ്പെട്ട നാടകങ്ങളും കവിതകളും കഥകളും ലേഖനങ്ങളും സമൂഹത്തിന്റെ മാറ്റത്തിന് കാരണമായിട്ടുണ്ട്. അവ ഇടതു ഭാവുകത്വത്തിന് ശക്തി കൂട്ടിയിട്ടുണ്ട്.
ആകുലചിന്തകളെക്കാൾ ആകുലതയെ മാറ്റിത്തീർക്കുന്ന ചിന്തകളാണ് ബുദ്ധനും ക്രിസ്തുവും മുഹമ്മദും മാർക്സും പറഞ്ഞത്. എഴുത്ത് ആശ്വാസവും പ്രതീക്ഷയും ആത്മവിശ്വാസവും നല്കണം. അതാണ് അവരും പിന്നീടുള്ള പലരും ചെയ്തത്. അത് സമൂഹത്തെ മാറ്റിമറിക്കാനുള്ള വീര്യം നല്കി. ഇന്നങ്ങനെയുണ്ടോ? ഗഹനമായ വായനകളില്ലാത്ത സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പുസ്തകവായനക്കപ്പുറം ഇന്ന് കമ്പ്യൂട്ടറിലും ടാബിലും മറ്റും വായിക്കുന്നു. എഴുത്തും വായനയും മനുഷ്യനെ പരിണമിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ചരിത്രം തന്നെ സാധ്യമായത് എഴുത്തിലൂടെയാണ്. വായനയുടെയും ഭൂതകാലത്തെ നിർത്തുന്നത് വായനതന്നെയാണല്ലോ. നിലനിൽക്കാൻ നുണകളെ ആശ്രയിക്കുന്ന സമൂഹത്തെയും രാഷ്ട്രത്തെയും നിർമ്മിക്കുന്ന ഭംഗം വരാത്ത പ്രക്രിയയിലാണ് ഫാസിസ്റ്റുകൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്, അവർക്കെതിരെ സത്യം എഴുതണം, സത്യം വായിക്കണം, ആശയ വൈവിധ്യങ്ങളുടെ പ്രവാഹം സൃഷ്ടിക്കണം. നുണയെ പരമപ്രധാനമായി കൊണ്ടുനടക്കുന്നവരെ നിതാന്തം എതിർക്കണം. നുണയ്ക്ക് സത്യത്തിന്റെ പ്രഭാവം ഉണ്ടാക്കുന്നവരാണ് ഫാസിസ്റ്റുകൾ. ഇന്ന് കൂടുതൽ വിശ്വസനീയമായ നുണകളാണ് സത്യം എന്നു കരുതുന്നവർ അധികരിക്കുന്നു. അത്തരക്കാർക്ക് എതിരാകണം എഴുത്ത്. ജനാധിപത്യവിരുദ്ധതയെ എതിർക്കണം എഴുത്തിലൂടെ. പൊളിറ്റിക്കൽ കറക്ട്നസ് ഒരു നീതിബോധമാകാൻ എഴുത്തുകാർക്ക് ഉത്തരവാദിത്തമുണ്ട്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ വ്യക്തിഹത്യയിലേക്ക് നീളുന്നത്, ബഹുഭൂരിപക്ഷവും രാഷ്ട്രീയപ്രബുദ്ധത ആർജ്ജിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. ആശയങ്ങൾക്കൊണ്ട് സമൂഹത്തിന് പരിവർത്തനത്തിന്റെ വഴി കാണിച്ചുകൊടുത്ത തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും മറ്റനവധി മഹാന്മാരായ എഴുത്തുകാരും നമ്മുടെ മുന്നിലുണ്ട്. സമൂഹത്തിനോട് പ്രതിബദ്ധത പുലർത്തി, ചോദ്യങ്ങൾ ചോദിക്കാനുള്ള ആർജ്ജവം ജനങ്ങളിലുണ്ടാക്കണം എഴുത്തുകാർ. അനീതിക്കെതിരെ പ്രതികരിക്കാനുള്ള ഊർജം ജനങ്ങൾക്ക് നല്കണം. ഭൂമിയിൽ നിന്നും അന്യരെ പുറത്താക്കുന്ന മനുഷ്യന്റെ പാപത്തിൽ പങ്കു ചേരാതെ, ചൂഷണത്തിനും അനീതിക്കും വർഗീയതയ്ക്കും മതമൗലികവാദത്തിനും എതിരെ ജനാധിപത്യത്തിനും സമത്വത്തിനും വേണ്ടി എഴുതണം എഴുത്തുകാരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.