22 December 2024, Sunday
KSFE Galaxy Chits Banner 2

ഉപഭോക്താക്കള്‍ രാജാക്കന്മാരല്ലാതാകുമ്പോള്‍

Janayugom Webdesk
December 14, 2022 5:00 am

നിക്ഷേപമായും വായ്പയ്ക്ക് പലിശയായും മറ്റും ഉപഭോക്താക്കള്‍ നല്കുന്ന പണംകൊണ്ടാണ് നമ്മുടെ ബാങ്കുകള്‍ നിലനില്ക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളാണ് രാജാക്കന്മാരെന്നതായിരുന്നു പണ്ടുകാലത്തെ ഏറ്റവും ആകര്‍ഷകമായ പരസ്യവാചകം. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഉപഭോക്താക്കളെ പരമാവധി പിഴിഞ്ഞ് ആസ്തി വര്‍ധിപ്പിക്കുക എന്നായിരിക്കുന്നു ബാങ്കുകളുടെ സമീപനം. ബാങ്ക് ഇടപാടുകള്‍ ലളിതവും വേഗത്തിലും നടത്തുന്നതിന് സഹായകമായിട്ടാണ് എടിഎം സംവിധാനം ആരംഭിച്ചത്. ബാങ്കുകളിലെ തിരക്കു കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. എടിഎമ്മുകള്‍ വ്യാപകമായതോടെ പണം നിക്ഷേപിക്കുവാനും പിന്‍വലിക്കുവാനും ബാങ്കുകളെ ആശ്രയിക്കേണ്ട എന്ന നേട്ടം ഉപഭോക്താക്കള്‍ക്ക് ഉണ്ടായി. അതുപോലെതന്നെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാനാകുന്നുവെന്ന ആനുകൂല്യം ബാങ്കുകള്‍ക്കുമുണ്ട്. പക്ഷേ സൗജന്യമായിരുന്ന പല എടിഎം സേവനങ്ങള്‍ക്കും നിരക്ക് ഈടാക്കുന്ന രീതി ബാങ്കുകള്‍ അവലംബിച്ചുതുടങ്ങി. ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന വാര്‍ത്ത എടിഎം കാര്‍ഡുകളുടെ സേവന നിരക്കെന്ന പേരില്‍ നൂറ്റമ്പതിലധികം രൂപ ഉപഭോക്താക്കള്‍ അറിയാതെ ഈടാക്കുന്നുവെന്നതാണ്.
വിവിധയിനം കാര്‍ഡുകള്‍ക്ക് 125 മുതല്‍ 300 രൂപവരെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം 18 ശതമാനം ചരക്കു സേവന നികുതിയും ചേര്‍ത്തുള്ള തുകയാണ് പിടിച്ചെടുക്കുന്നത്. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയത്തിന് പരിധി നിശ്ചയിച്ച് കൂടുതല്‍ തവണ ഉപയോഗിക്കുന്നവരില്‍ നിന്ന് നിരക്ക് ഈടാക്കുന്ന രീതി ആരംഭിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായിരിക്കുന്നു. ചെക്ക് ബുക്കുകള്‍ അനുവദിക്കുന്നതിനും അക്കൗണ്ടില്‍ നിശ്ചിത തുകയില്ലെങ്കിലും കൂടുതല്‍ തവണ ചെക്ക് ഉപയോഗിച്ച് ഇടപാട് നടത്തിയാലുമൊക്കെ നിരക്ക് ഈടാക്കുകയാണ് ബാങ്കുകള്‍. അതേസമയം തന്നെ നിക്ഷേപത്തിനുള്ള പലിശ നിരക്കില്‍ കുറവ് വരുത്തിയും വായ്പാ പലിശ ഉയര്‍ത്തിയും ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യത വരുത്തുകയും ചെയ്യുന്നു. വായ്പകള്‍ക്ക് അപേക്ഷാ ഫീസ്, പ്രോസസിങ് ഫീസ്, ലീഗല്‍ ഫീസ് എന്നിങ്ങനെ വിവിധ പേരുകളില്‍ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. കാലാനുസൃതമായി നിരക്കുകളില്‍ വര്‍ധന വരുത്തുകയും ചെയ്യുന്നു. അറിയിപ്പ് പ്രസിദ്ധീകരിച്ചാണ് ഇത് ചെയ്യുന്നതെന്നാണ് വാദമെങ്കിലും ഉപഭോക്താക്കള്‍ പലപ്പോഴും നിരക്ക് നല്കിക്കഴിയുമ്പോഴാണ് കാര്യം അറിയുന്നത്.


ഇതുകൂടി വായിക്കൂ:  ബിജെപിക്ക് വന്‍തോതില്‍ പണമെത്തുന്നു


ബിജെപി അധികാരത്തിലെത്തിയതിനു ശേഷം പ്രഖ്യാപിച്ച ചില ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികളുടെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പണമീടാക്കുന്നതിന് ശ്രമിക്കുന്നുവെന്ന് അടുത്ത ദിവസങ്ങളിലാണ് വാര്‍ത്തയുണ്ടായത്. താല്പര്യമില്ലെങ്കിലും ഗുണഭോക്താക്കളാകേണ്ടി വരുന്ന സ്ഥിതിയാണ് ഇടപാടുകാര്‍ക്ക്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്‍ഷന്‍ പദ്ധതി എന്നിവയുടെ ഗുണഭോക്താക്കളാക്കുന്നതിനാണ് ശ്രമിക്കുന്നത്. ഈ പദ്ധതികള്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് എന്ന പേരില്‍ ആവിഷ്കരിച്ചവയാണ്. പാവപ്പെട്ടവര്‍ക്ക് സീറോ ബാലന്‍സില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് ആവിഷ്കരിച്ച പ്രധാനമന്ത്രി ജന്‍ ധന്‍ യോജന എന്ന പേരിലുള്ള അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ആവിഷ്കരിച്ചത്. ഫലത്തില്‍ സീറോ ബാലന്‍സ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇന്‍ഷുറന്‍സ് പ്രീമിയമായി 20 രൂപ പാവപ്പെട്ടവര്‍ അടയ്ക്കേണ്ട അവസ്ഥയുണ്ടായി. ഈ പദ്ധതിയില്‍ മറ്റ് ഇടപാടുകാര്‍ക്കും ചേരാമെന്ന് വ്യവസ്ഥയില്‍ മാറ്റം വരുത്തിയാണ് എല്ലാവരെയും നിര്‍ബന്ധിച്ച് ചേര്‍ക്കുന്നതിനുള്ള നീക്കം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അസംഘടിത മേഖലയിലുള്ളവര്‍ക്കായി ആവിഷ്കരിച്ചതാണ് അടല്‍ പെന്‍ഷന്‍ പദ്ധതി. സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ബാങ്ക് ഇടപാടുകാരെയും നിര്‍ബന്ധിച്ച് ഈ പദ്ധതിയില്‍ ചേര്‍ക്കുന്ന സ്ഥിതിയുണ്ട്. ചികിത്സാ ചെലവുകള്‍ ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിരവരുമാനമുള്ളവര്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നത് വ്യാപകമാണ്. അങ്ങനെ അംഗങ്ങളായവരും ബാങ്ക് ഇടപാടു നടത്തുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ ചേരേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. ഏതു പദ്ധതിയിലാണ് ചേരുന്നതെന്ന് പോലും അറിയാതെയാണ് ഇടപാടുകാരെ അംഗങ്ങളാക്കുന്നതെന്ന പരാതിയുമുണ്ട്.


ഇതുകൂടി വായിക്കൂ:  മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം


ഇവയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൂടുതല്‍ പണം നേടുന്നതിന് അവസരമൊരുക്കുന്നതിനും ബാങ്ക് ഇടപാടുകാരെ പിഴിയുകയാണ് ചെയ്യുന്നത്. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഇതിനായി നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ ഉന്നതരുടെ ഭാഗത്തുനിന്ന് ഭീഷണിയുള്ളതായും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. കൃത്യസമയത്ത് നിശ്ചിത എണ്ണം തികച്ചു നല്കുന്നില്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കുമെന്നാണ് ഭീഷണി. അതുകൊണ്ടുതന്നെ ജീവനക്കാരും നിസഹായാവസ്ഥയിലാണ്. സാധാരണക്കാര്‍ക്കു ഗുണപ്രദമെന്ന നിലയില്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പല കേന്ദ്ര പദ്ധതികളും പൊളിയുമ്പോള്‍ അതല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനും കൂടുതല്‍ ആളുകള്‍ ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിനുള്ള ഈ നിര്‍ബന്ധമെന്നു മനസിലാക്കുവാന്‍ അധികം ആലോചിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.