25 December 2024, Wednesday
KSFE Galaxy Chits Banner 2

വ്യാപകമാകുന്ന പ്രതിസന്ധികള്‍

Janayugom Webdesk
July 10, 2022 5:00 am

തുവരെ കാറുംകോളും തീണ്ടാത്ത തെളിഞ്ഞ ആകാശത്ത്, അഭൂതപൂർവമായ ഇരുട്ട് പരക്കുന്ന യുഗത്തിലാണ് നാമിപ്പോൾ. ദേശീയ ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളും ഭരണഘടനാ ലംഘനത്തിന്റെ ഏറ്റവും വലിയ ഇരകളാകുന്നു. വർധിച്ചുവരുന്ന സ്വേച്ഛാധിപത്യം, ക്രിമിനൽ നിയമങ്ങളുടെ അമിത പ്രയോഗം, കുത്തകകൾക്കുള്ള സാമ്പത്തിക പിന്തുണ എന്നിവ രാജ്യം ജോർജ് ഓർവെലിന്റെ പ്രവചനത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതീതിയുണ്ടാക്കുന്നു. 1949ല്‍ ‘നയന്റീൻ എയ്റ്റി ഫോർ’ (1984) എന്ന കൃതിയിൽ ഓർവെൽ ചൂണ്ടിക്കാണിച്ചത് നമ്മുടെ കാലത്ത് യാഥാർത്ഥ്യമാകുമോ? നാസി ജർമ്മനി, ഫാസിസ്റ്റ് ഇറ്റലി പോലുള്ള ഭരണകൂടങ്ങൾക്കെതിരായ ജാഗ്രതയായിരുന്നു ആ പുസ്തകം. സ്വേച്ഛാധിപത്യമായിരുന്നു അതിന്റെ ഉള്ളടക്കം, പെഗാസസിന്റേത് പോലെ ചിന്തകളുടെ നിരീക്ഷണത്തിലൂടെ നമ്മുടെ വ്യക്തിജീവിതത്തിലേക്ക് പോലുമുള്ള കടന്നുകയറ്റം. ഭരിക്കുന്ന പാർട്ടിയോട് നിരുപാധികമായ വിധേയത്വം അത് ആവശ്യപ്പെട്ടു. വാർത്താവിനിമയം നിയന്ത്രിക്കാൻ പുതിയ ഭാഷയുണ്ടായിരുന്നു. പാർട്ടിയുടെ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കാൻ മാത്രമായി അത് പ്രവർത്തിച്ചു. ‘യുദ്ധമാണ് സമാധാനം’, ‘സ്വാതന്ത്ര്യം അടിമത്തമാണ്’ എന്ന മുദ്രാവാക്യങ്ങൾ പരസ്പര വിരുദ്ധമാണെന്നറിഞ്ഞുകൊണ്ടു തന്നെ ജനകീയമാക്കാൻ നിർബന്ധിതരായി. സമ്പൂർണ കീഴടങ്ങലും അന്ധമായ അംഗീകാരവും പരിശീലിപ്പിച്ചുകൊണ്ട് പാർട്ടി അതിന്റെ നിയന്ത്രണം നിലനിർത്തി.


ഇതുകൂടി വായിക്കൂ: ഇന്ത്യയില്‍ ന്യൂനപക്ഷ പീഡനം


യുഎസ് കേന്ദ്രമായ ഫ്രീഡം ഹൗസ് ലഭ്യമാക്കിയ കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിലെ ജനതയുടെ സ്വാതന്ത്ര്യത്തിന്റെ റാങ്ക് 71/100ൽ നിന്ന് 66/100ലേക്ക് ഇടിഞ്ഞു. സ്വാതന്ത്ര്യത്തിൽ നിന്ന് ‘ഭാഗികമായ സ്വാതന്ത്ര്യ’ത്തിലേക്ക് താഴ്ന്നു. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളിൽ 150 ആണ്. 2020ൽ ഇത് 142 ആയിരുന്നു. സ്വാതന്ത്ര്യം ഏറെക്കുറെ ചങ്ങലകളിലും സമ്പദ്‌വ്യവസ്ഥ ദുരിതങ്ങളുടെ അങ്ങേയറ്റം ആഴത്തിലുമാകുമ്പോൾ കുരുക്ക് മുറുകുകയാണ്. ജൂലൈ ആദ്യം തന്നെ യുഎസ് ഡോളറിനെതിരെ രൂപ 79.20 എന്ന നിലവാരത്തിലേക്ക് വീണു. അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്നതിനാൽ അവിടെയും വലിയ കമ്മിയാണ് നേരിടുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കനുസരിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) 9.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 2020–21 വർഷത്തെ ജിഡിപിയുടെ താല്ക്കാലിക കണക്ക് 135.13 ലക്ഷം കോടിയിൽ നിന്ന് 2021–22ൽ സുസ്ഥിരവിലയിലെ ജിഡിപി 147.54 ലക്ഷം കോടിയാകുമെന്നും കണക്കാക്കുന്നു. അടിസ്ഥാന വിലകളിലെ ജിവിഎ 2021–22ൽ 135.22 ലക്ഷം കോടിയാണ്. കോവിഡ് മൂലമുള്ള തകർച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ ബാധിച്ചുവെന്നും ദാരിദ്ര്യം വ്യാപിക്കുകയും കൂടുതൽ ആഴത്തിലേക്ക് പോകുകയും ചെയ്തുവെന്നും നടപ്പുവര്‍ഷം ദാരിദ്ര്യം വർധിക്കുമെന്നും എന്‍എസ്ഒ റിപ്പോര്‍ട്ട് കാണിക്കുന്നു.


ഇതുകൂടി വായിക്കൂ: ചില ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍: ജിഡിപി വളര്‍ച്ചനിരക്കും ദാരിദ്ര്യവും


തൊഴിലില്ലായ്മയുടെ നിരക്ക് 2019–20ൽ 4.8 ശതമാനവും 2018–19ൽ 5.8 ശതമാനവും 2017–18ൽ 6.1 ശതമാനവുമായിരുന്നു. 2020–21ൽ നിരക്ക് 4.2 ശതമാനമായി അല്പം കുറഞ്ഞു. കൂലിയാകട്ടെ അവശ്യവസ്തുക്കൾക്കുപോലും തികയില്ല. മിക്ക ജോലിയും കരാറടിസ്ഥാനത്തിലും; പരിധിയില്ലാത്ത ജോലി സമയവും. ഉയർന്ന പണപ്പെരുപ്പത്തിനു പിന്നാലെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച വളരെ മന്ദഗതിയിലാണ്. മേയ് 31ന് എൻഎസ്ഒ പുറത്തുവിട്ട ത്രൈമാസ കണക്കുകൾ കാണിക്കുന്നത് സമ്പദ്‌വ്യവസ്ഥയില്‍ ശ്രദ്ധേയമായ വളർച്ച ഉണ്ടായില്ലെന്നാണ്. കോവിഡ് അവസാനിച്ചിട്ടും ഉപഭോഗച്ചെലവിന്റെ വളർച്ച രണ്ടാം പാദത്തിൽ 10.5 ശതമാനമായും മൂന്നാം പാദത്തിൽ 7.4 ശതമാനമായും കുറഞ്ഞു.
കാർഷിക മേഖലയിലെ വാര്‍ഷികവളര്‍ച്ച 2020–21ലെ 3.3 ശതമാനത്തില്‍ നിന്ന് 2021–22ൽ മൂന്ന് ശതമാനമായി ഇടിവ് രേഖപ്പെടുത്തി. മറ്റ് ചില മേഖലകളിൽ, മുൻ വർഷത്തെക്കാള്‍ വാർഷിക വളർച്ചാ നിരക്ക് കൂടുതലാണെന്നത് സത്യമാണ്. എന്നാൽ വാർഷിക വളർച്ചാ കണക്കുകൾ അടിസ്ഥാന വീണ്ടെടുക്കൽ പ്രക്രിയയുടെ യഥാര്‍ത്ഥ ചിത്രമാകുന്നില്ല. ഉദാഹരണത്തിന്, രാജ്യത്തിന്റെ ഉല്പാദന മേഖല 2021–22 സാമ്പത്തിക വർഷത്തിൽ 9.9 ശതമാനം വളർച്ച കാണിക്കുന്നു. ഇത് മുൻവർഷത്തെക്കാള്‍ 0.6 ശതമാനം കുറവാണ്. എന്നാൽ ത്രൈമാസ കണക്കുകൾ ഒരുമിച്ച് തുലനം ചെയ്താല്‍ 2021–22 സാമ്പത്തിക വർഷത്തിൽ, 2020–21ലെ നാലാം പാദത്തെ അപേക്ഷിച്ച് ഉല്പാദനം 0.2 ശതമാനം കുറഞ്ഞതായി കാണാം.


ഇതുകൂടി വായിക്കൂ: സാമ്പത്തിക തിരിച്ചുവരവ് ജനകേന്ദ്രീകൃതമാവണം


സാമ്പത്തിക വളര്‍ച്ചയില്‍ ഉയർച്ചകളും ആഘാതങ്ങളും ഉണ്ടാകാം. എല്ലായ്പ്പോഴും പുരോഗതി പ്രാപിക്കാൻ കഴിയണമെന്നുമില്ല. ദീർഘകാല പ്രവചനങ്ങളും അസാധ്യമാണ്. പ്രത്യാഘാതങ്ങള്‍ക്കും ഇടയുണ്ട്. കോവിഡ്, റഷ്യ‑ഉക്രെയ്ൻ യുദ്ധം എന്നിവ ഇതിന് തെളിവാണ്. വേൾഡ് ഇക്കണോമിക് ഔട്ട്‍ലുക്ക് 2022 ഏപ്രിലില്‍ നടത്തിയ മുൻ പ്രവചനങ്ങൾ പിൻവലിച്ചു. ഇപ്പോൾ പുതുക്കിയവ നൽകിയിരിക്കുകയാണ്. അതിൽ ആഗോള വളർച്ച‌ മുൻ പ്രവചനങ്ങളില്‍ നിന്ന് 0.8 ശതമാനം ഇടിവ് കാണിക്കുന്നു. ഇതിന്റെ സാധ്യത വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളില്‍ കൂടുതലാണ്. വളരുന്ന വിപണികൾക്കും വികസ്വര സമ്പദ്‌വ്യവസ്ഥകൾക്കും 8.7 ശതമാനത്തിന്റെ തുടർച്ച കുറച്ചുകാലത്തേക്ക് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി പരിഹരിക്കാൻ, ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. കോർപറേറ്റ് മണിമേടകളും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവരും തമ്മിലുള്ള വിടവ് നികത്താൻ, ഏക പോംവഴിയായ പുനര്‍വിതരണവും നിലവിലെ വ്യവസ്ഥിതിയില്‍ അസാധ്യമാണെന്ന് തോന്നുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.