Monday
19 Nov 2018

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

By: Web Desk | Friday 2 February 2018 10:46 PM IST

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച 2018ലെ കേന്ദ്ര ബജറ്റ് നിക്ഷേപസൗഹൃദമല്ലെന്ന സൂചനയാണ് തുടക്കത്തിലേ വിപണി നല്‍കിയത്.
839.91 പോയിന്റ് നഷ്ടത്തോടെ 35,066.75 പോയന്റിലാണ് സെന്‍സെക്‌സ് വ്യാപാരമവസാനിപ്പിച്ചത്. ഒരവസരത്തില്‍ 35006.41 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. 10,938.20 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 10,736.10 പോയിന്റ് വരെ താഴ്ന്നിരുന്നു. 10.760.60 വരെ നിഫ്റ്റി താഴ്ന്നു.
ബജറ്റിന് ശേഷമുള്ള സ്വാഭാവിക ഇടിവ് മാത്രമായാണ് നിക്ഷേപകര്‍ ഇടിവിനെ വിലയിരുത്തുന്നത്. ലാഭമെടുപ്പും വെള്ളിയാഴ്ച വിപണിക്ക് തിരിച്ചടിയായതായി കരുതാം. ഓഹരി വിപണയിലെ ദീര്‍ഘകാല നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തിയത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ധനകമ്മി നേരത്തേ പ്രതീക്ഷിച്ചിരുന്ന 3.2 ശതമാനത്തില്‍ നിന്നും 3.5 ശതമാക്കി ഉയര്‍ത്തിയതും 2019 വര്‍ഷത്തിലെ ധനകമ്മി 3.3 ശതമാനമായിരിക്കും എന്ന പ്രഖ്യാപനവും വിപണിയെ സ്വാധീനിച്ചു.
അടുത്ത ഏതാനും ദിവസങ്ങള്‍കൂടി വിപണിയില്‍ മാന്ദ്യം തുടര്‍ന്നേക്കാമെങ്കിലും നേട്ടത്തില്‍ തിരിച്ചു കയറാനുള്ള സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിചിരിക്കുകയാണ് നിക്ഷേപകര്‍.