2 May 2024, Thursday

ഓണനിലാ തേൻമഴ

എ കെ അനിൽകുമാർ
August 15, 2021 5:21 am

ഏതു നീചമാം മഹാമാരി വന്നാലും

നെഞ്ചിൽ നിന്നടർന്നു പോവുമോ

ഓണവും ഓണപ്പുലരിയിൽ തുടിക്കും

മലയാള മണ്ണിൻ ഹൃദയരാഗമീണവും!

പൂക്കളിന്നും വിരിഞ്ഞു കാത്തുനിൽക്കുന്നുവാ

കുഞ്ഞിക്കൈകളെയും പൂക്കൂടക്കുളിരിനെയും

മുറ്റങ്ങളിന്നും കുളിച്ചു പുത്തനുടുത്തിരിക്കുന്നു

പൂക്കളം നെഞ്ചിലേറ്റിയൂഞ്ഞാലാടുവാൻ!

കാറൊഴിഞ്ഞൊരാ ആകാശച്ചെരുവിലാ

ഓണവില്ലിൻ സുന്ദര മയൂരനൃത്തം

താഴെ കിളികൾക്കുള്ളിലാനന്ദ, മോണ-

പ്പാട്ടിന്നീരടി വിതറുന്നു പൂംതെന്നലും!

കെട്ടടങ്ങുമേതുമഹാമാരിയുമൊരുനാൾ

പിന്നെയതു വിസ്മൃതിയിലൊടുങ്ങുമ്പോഴും

ഒരു മഴയപ്പൊഴും പെയ്തു നിൽക്കും

മലയാളമണ്ണിൻ ഓണനിലാ തേൻമഴ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.