26 April 2024, Friday

പരിമിതികളെ അതിജീവിച്ച് പോരാടുന്നവർക്ക് പ്രചാരം ലഭിക്കാത്ത പാരാലിമ്പിക്‌സ് 2020

ഡോ. അജീഷ് പി ടി
റിസര്‍ച്ച് ഓഫീസര്‍, എസ്‌സിഇആര്‍ടി
August 30, 2021 4:47 am

കോവിഡ് മഹാമാരിയുടെ കടുത്ത ഭീഷണിയെ മനുഷ്യവിഭവശേഷിയുടെ കരുത്താൽ പ്രതിരോധിച്ചുനിർത്തിക്കൊണ്ട് ശുഭപര്യവസാനം കുറിച്ച വിശ്വകായിക മാമാങ്കം വർണാഭമായ രീതിയിൽ കൊടിയിറങ്ങി. ടോക്യോയിലെ ഒളിമ്പിക്സ് വേദികളിൽ മത്സരാവേശത്തിന് വീണ്ടും തിരിതെളിയിച്ചുകൊണ്ട് വൈവിധ്യത നിറഞ്ഞ മറ്റൊരു കായിക മഹാമേള കൂടി നടക്കുന്നുണ്ടെന്ന വിവരം ആഗോളതലത്തിലുള്ള ഭൂരിഭാഗം ജനങ്ങളുടെയും ശ്രദ്ധയിലേക്കെത്തിയിട്ടില്ല എന്നുവേണം മനസിലാക്കാൻ. അംഗപരിമിതർക്കു വേണ്ടി നടത്തിവരുന്ന ഒളിമ്പിക്സിനു സമാനമായ കായികമേളയാണ് പാരാലിമ്പിക്സ്. ഒരു പരിമിതിയും താരങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് തടസമാകില്ല എന്ന് തെളിയിക്കുന്ന അത്യന്തം വാശിയേറിയതും ആവേശം പകരുന്നതുമായ മത്സരവേദികളാണ് പാരാലിമ്പിക്സിന്റെ യഥാർത്ഥ ആകർഷണം. എന്നാൽ ഒളിമ്പിക്സിന് നല്കുന്ന പ്രചാരമൊന്നും പാരാലിമ്പിക്സിനു നൽകുന്നില്ല എന്നത് അത്യന്തം ഖേദകരമാണ്. കായിക മികവ് പ്രകടമാക്കുന്ന വേദികളിൽ എല്ലാ തരത്തിലുമുള്ള കായിക താരങ്ങൾക്കും തുല്യത ഉറപ്പാക്കുന്ന സമീപനം ലോക വ്യാപകമായി സ്വീകരിക്കേണ്ടതുണ്ട്. ജീവിതവഴിയിൽ പലതരം ദുരന്തത്തിനിരയായിട്ടും അടങ്ങാത്ത ആഗ്രഹത്താൽ പതറാതെ അതിജീവനത്തിന്റെ വഴികൾ തേടി ജയപരാജയത്തിന്റെ വേറിട്ട അനുഭവം നേരിട്ടറിഞ്ഞ നിരവധി കായികതാരങ്ങൾ പരസ്പരം മാറ്റുരയ്ക്കുന്ന സംഗമഭൂമി കൂടിയാണിത്.

പാരാലിമ്പിക്സ് നാൾവഴികൾ

ആധുനിക ഒളിമ്പിക്സ് ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിൽ ആരംഭിക്കുന്നതിനു മുമ്പുതന്നെ പാരാലിമ്പിക്സ് മത്സരങ്ങളുടെ ആദ്യ രൂപങ്ങൾക്ക് തുടക്കമിട്ടു. 1888 ൽ ബെർലിനിൽ ഉണ്ടായിരുന്ന ബധിര കായിക ക്ലബിന്റെ നേതൃത്വത്തിൽ ലഘുവായ കളികളും മത്സരങ്ങളും നടത്തിയിരുന്നു. എന്നാൽ പിന്നീട് ദശാബ്ദങ്ങൾ കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധക്കെടുതികളെല്ലാം അവസാനിച്ച ശേഷമാണ് ഇത്തരം മത്സരങ്ങളെ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നത്. യുദ്ധക്കെടുതികളുടെ ഭാഗമായി വൈകല്യവും മറ്റു രോഗാതുരതകളും ഏറ്റുവാങ്ങേണ്ടിവന്ന ജനങ്ങളെയും സൈനികരേയും പുനരധിവസിപ്പിക്കുവാനും മാനസികമായ പിന്തുണ പകരുവാനും റീഹാബിലിറ്റേഷൻ സ്പോർട്സ് എന്ന സങ്കൽപ്പത്തിന്റെ ഭാഗമായി കായികമത്സരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനമായി. 1960 ൽ റോമിൽ വച്ച് 23 രാജ്യങ്ങളിൽ നിന്നുള്ള 400 കായിക താരങ്ങൾ പങ്കെടുത്തുകൊണ്ടുള്ള ചരിത്രത്തിലെ ആദ്യ ഔദ്യോഗിക പാരാലിമ്പിക്സ് മത്സരം നടന്നു. 1989 ൽ അന്താരാഷ്ട്ര പാരാലിമ്പിക്സ് കമ്മിറ്റി രൂപീകരിക്കുകയും മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നിയമാവലികൾ തയാറാക്കുകയും ചെയ്തു. ഒളിമ്പിക്സ് നടക്കുന്ന അതേ വേദികളിൽ സമാനമായ സൗകര്യങ്ങളോടെ നാല് വർഷത്തിലൊരിക്കൽ പാരാലിമ്പിക്സ് മത്സരങ്ങളും നടത്തുവാൻ തീരുമാനമെടുത്തു.

ടോക്യോ 2020

കോവിഡ് പശ്ചാത്തലത്തിൽ ഒറ്റമനസോടെ മുന്നോട്ട് നീങ്ങുകയെന്ന സന്ദേശമാണ് ടോക്യോ പാരാലിമ്പിക്സ് നൽകുന്നത്. 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ഈ കായികോത്സവത്തിൽ 163 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 4400 കായികതാരങ്ങൾ പങ്കെടുക്കുന്നു. നമുക്ക് ചിറകുകളുണ്ട് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഉദ്ഘാടന പരിപാടിയിൽ ഏതുവിധത്തിൽ കാറ്റുവീശിയാലും ചിറക് വിടർത്താൻ ശ്രമിക്കുന്ന പാരാലിമ്പ്യൻമാരുടെ മനോധൈര്യത്തെ പ്രത്യേകം പുക‌ഴ്‌ത്തുന്നു. മഹാമാരിയുടെ വ്യാപനത്താൽ കാണികൾക്ക് പ്രവേശനം നിഷേധിച്ചതൊഴിച്ചാൽ പ്രൗഢമായ ഒരുക്കങ്ങളോടെയാണ് സംഘാടനം. കോവിഡ് കേസുകൾ ഇടയ്ക്ക് കൂടിവന്നെങ്കിലും മത്സരത്തിൽ നിന്നു പിൻമാറാൻ ജപ്പാനും സംഘാടക സമിതിയും തയാറായിരുന്നില്ല. 54 അംഗ ഇന്ത്യൻ സംഘത്തേയാണ് ടോക്യോയിൽ മാറ്റുരയ്ക്കുവാൻ രാജ്യം അയച്ചിരിക്കുന്നത്. ഇതുവരെ പാരാലിമ്പിക്സിൽ പങ്കെടുത്തതിൽ ഏറ്റവും വലിയ താരനിരയാണിത്. 2016 റിയോ പാരാലിമ്പിക്സിൽ ഹൈജമ്പിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്ന് വീണ്ടും സുവർണ പ്രതീക്ഷ പുലർത്തുന്നു.

പരിഗണനയുടെ തലം

ഒളിമ്പിക്സിനു ലഭിക്കുന്ന പ്രചാരമോ മാധ്യമശ്രദ്ധയോ അധികാരികളുടെ പിന്തുണയോ പരിശീലന സൗകര്യങ്ങളോ ഭിന്നശേഷി താരങ്ങൾക്ക് വേണ്ട അടിസ്ഥാന കായിക സംവിധാനങ്ങളോ ഇന്ത്യയിൽ വളരെ അപര്യാപ്തമാണ്. ഒളിമ്പിക്സ് വേദികൾ ലഭ്യമാക്കുന്നുണ്ടെങ്കിലും സ്പോൺസർഷിപ്പ്, മീഡിയ, ഇൻഷുറൻസ് തുടങ്ങി നിരവധി മേഖലകളിൽ അർഹമായ പരിഗണന ഇതിന് ലഭിക്കുന്നില്ല. കടുത്ത ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് കഠിന പരിശീലനത്തിൽ ഏർപ്പെട്ട് അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ ഭിന്നശേഷി താരങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ട സംഗതിയാണ്. ഭിന്നശേഷി സൗഹൃദമായ സമൂഹത്തിന്റെ കെട്ടുറപ്പിനായി സദാ പ്രയത്നിക്കുന്നവർ ഇത്തരം അവഗണനകൾ കൃത്യമായി ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യവും കാലഘട്ടം ആഗ്രഹിക്കുന്നതുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.