26 April 2024, Friday

ചെമ്പിലെ പൊന്നിന് 70

എ ഐ ശംഭുനാഥ്
August 29, 2021 4:54 am

കോട്ടയത്തെ ചെമ്പിൽ നക്ഷത്രക്കണ്ണുള്ള ഒരു ആൺകുഞ്ഞ് പിറന്നു. പാണപറമ്പിൽ ഇസ്മയിലിന്റേയും ഫാത്തിമയുടെയും മകൻ പി ഐ മുഹമ്മദ്കുട്ടി. ആ വലിയ പേര് ആദ്യമായി മമ്മൂട്ടി എന്ന് ചുരുക്കി വിളിച്ചത് സഹപാഠികളിൽ ഒരാളാണത്രെ.

മകനെ ഡോക്ടറാക്കണമെന്ന മോഹം പേറി നടന്ന മാതാപിതാക്കൾ. ആ സ്വപ്നം തകർന്നു വീണത് മലയാള സിനിമയുടെ നെറുകയ്യിലേയ്ക്കാണ്. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ രൂപത്തിൽ.

സെപ്തംബർ ഏഴിന് വയസ്സുകൊണ്ട് എഴുപത് തികയുമ്പോൾ അതിൽ അര നൂറ്റാണ്ടോളം സിനിമയിൽ അഭിനയിച്ചു തീർത്ത മനുഷ്യൻ. ഇതിനിടയിൽ വന്ന തളർച്ചകൾക്ക് മമ്മൂട്ടിയെ കയ്യടക്കാൻ സാധിച്ചില്ല. സിനിമയിലെ ട്രെൻഡുകൾ മാറിമറിഞ്ഞപ്പോൾ അതിനോടൊത്ത് ചുവടുവച്ച് നീങ്ങി. കാലമാകുന്ന പ്രായത്തിനുപോലും അദ്ദേഹത്തെ അതിന്റെ വലയത്തിലാക്കാൻ കഴിഞ്ഞില്ല.

നിരന്തരമായ പരിണാമങ്ങൾ സംഭവിക്കുന്ന മേഖലയാണ് സിനിമ. മാറ്റങ്ങൾക്കൊത്ത് സഞ്ചരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അഭിനയത്തിന്റെ കാര്യത്തിലാകുമ്പോൾ പ്രത്യേകിച്ചും. പ്രമുഖരായ നടന്മാരിൽ പലരും കാലാതീതമായ മാറ്റത്തിന് പൊരുത്തപ്പെടാനാവാതെ സിനിമയിൽ നിന്ന് കൊഴിഞ്ഞുപോയിട്ടുണ്ട്. അവിടെ അരനൂറ്റാണ്ടോളം വിജയകരമായി പൂർത്തിയാക്കിയ മഹാനടന വിസ്മയമാണ് മമ്മൂട്ടി.

വേഷവിധാനത്തിന്റെയും സ്റ്റൈലിന്റെയും കാര്യത്തിൽ ഇന്ന് മലയാളത്തിന്റെ റോൾ മോഡലാണ് മമ്മൂട്ടി. ഫോട്ടോഷൂട്ടുകളിൽ പലവിധ ഗെറ്റപ്പിൽ നമ്മെ അത്ഭുതപ്പെടുത്തുമ്പോഴും പൊതുവേദികളിൽ പലപ്പോഴും അദ്ദേഹത്തെ കാണാനാവുക മുണ്ടുടുത്തിട്ടാവും. ആധുനികതയുടെ വേഷപ്പകർച്ച നടത്തുമ്പോഴും മലയാള തനിമ ചോരാതെ കാത്തുസൂക്ഷിക്കുന്ന പരമ്പരാഗതപ്രിയൻ.

ഫിറ്റ്നസ്സിന്റെ കാര്യത്തിലും ആരാധകരെ ഞെട്ടിക്കുന്നത് മെഗാസ്റ്റാറിന്റെ പതിവാണ്. ഇന്നത്തെ മലയാള സിനിമയിലെ യുവതാരങ്ങൾക്ക് പോലും ശാരീരിക പരിചരണത്തിന്റെ കാര്യത്തിൽ മാതൃകയാകുന്നത് ഈ എഴുപതുകാരനാണ്. കൃത്യതയോടെയുള്ള ജീവിതചര്യയും ഭക്ഷണരീതിയുമാണ് മമ്മൂട്ടിയുടെ ശരീരത്തിന്റെ രഹസ്യമെന്ന് അടുത്ത വ്യക്തികളിൽ പലരും പറയാറുണ്ട്.

സിനിരമ മുതൽ ഫിലിംഫെയർ വരെയുള്ള സകല ചലച്ചിത്ര മാസികകളും തപ്പിപിടിച്ചു വായിച്ചു നടന്ന പൊടിമീശക്കാരന്റെ കണ്ണിൽ ഒരു ദിവസം ആ പരസ്യം ഉടക്കി. കെ എസ് സേതുമാധവന്റെ ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളായ അഭിനേതാക്കളെ ക്ഷണിക്കുന്നു. ഒട്ടും താമസിപ്പിച്ചില്ല. കാടുകയറി ചിന്തിച്ചതുമില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേയ്ക്കാണെന്ന പേരിൽ വാപ്പയുടെ പക്കൽനിന്നും യാത്രാചിലവിനുള്ള കാശ് ആ യുവാവ് ഒപ്പിച്ചു. സിനിമയെ കിനാവ് കണ്ടുകൊണ്ട് ബസ്സിൽ യാത്രയായി.

ലൈറ്റിന്റെ പ്രകാശം മൂലം ആദ്യം കണ്ണുചിമ്മിയ അയാളുടെ കണ്ണ് സിനിമാ ചരിത്രത്തിൽ പിന്നീടൊരിക്കലും ചിമ്മിയിട്ടില്ല. മറിച്ച് മാറ്റുരയ്ക്കാനാവാത്ത തരത്തിൽ തിളങ്ങി.

മഹാരാജാസിൽ പഠിക്കുന്ന കാലത്താണ് വെള്ളിത്തിരയിൽ ആ ചെക്കന്റെ മുഖം ആദ്യമായി പതിയുന്നത്. കൂട്ടുകാർ ആർപ്പുവിളിച്ചു… “എടാ മമ്മൂട്ടിയേ… ” അങ്ങനെ ഒരു മിനിറ്റ് ദൈർഘ്യം കട്ടില്ലാതെ ആദ്യമായി ആ മുഖം വെള്ളിത്തിരയിൽ തെളിഞ്ഞു.

രണ്ടാമത്തെ സിനിമയായ ‘കാലചക്ര’ത്തിൽ തുഴ വാങ്ങി പോകുന്ന ആളായി വീണ്ടും വന്നു. ഷൂട്ടിംഗ് വേളയിൽ പ്രേംനസീർ ചോദിച്ചു, “എനിക്ക് പകരം വന്ന ആളാണല്ലേ? ” അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുംവിധമുള്ള ചോദ്യം. കാലത്തിന്റെ ചക്രം കറങ്ങിയത് ആ ചോദ്യത്തിന്റെ ഉത്തരരൂപത്തിലാണ്.

പഠിച്ചിരുന്ന കലാലയങ്ങളായ സേക്രട്ട് ഹാർട്ട്സിനും മഹാരാജാസിനും എറണാകുളം ലോ കോളേജിനും ജോലി ചെയ്തിരുന്ന മഞ്ചേരി കോടതിക്കും വരെ മമ്മൂട്ടി എന്ന നടന്റെ വിജയഗാഥ പറയാനുണ്ട്. നാടകത്തിലും അഭിനയത്തോടനുബന്ധിച്ച മറ്റു കലകളിലും നന്നേ തൽപ്പരൻ. ചെറുപ്രായത്തിൽ സാഹിത്യത്തിലും ചെറിയ തോതിൽ പരിശ്രമങ്ങൾ നടത്തിയിരുന്നു.

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ദേവലോകം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി നായകവേഷം അണിയുന്നത്. സിനിമ പല കാരണങ്ങളാൽ റിലീസ് ആയിരുന്നില്ല. പിന്നീട് കെ ജി ജോർജ്ജിന്റെ ‘മേള’യിൽ ശ്രദ്ധേയമായ വേഷം ലഭിച്ചു.

1981‑ൽ പുറത്തിറങ്ങിയ ‘അഹിംസ’യിലൂടെയാണ് ആദ്യമായി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. അവിടുന്നാണ് അദ്ദേഹത്തിന്റെ പുരസ്കാര പരമ്പര അരംഭിക്കുന്നത്. ഏഴ് സംസ്ഥാന അവാർഡുകൾ. അതിൽ മികച്ച നടനുള്ളത് അഞ്ച് പ്രാവശ്യം. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ. ഒട്ടനവധി ദേശീയ അന്തർദേശീയ അവാർഡുകൾ. 1998 ‑ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള, കോഴിക്കോട് സർവകലാശാലകളുടെ ആദരസൂചകമായുള്ള ഡി ലിറ്റ് പദവി. അങ്ങനെ നീളുന്നു പട്ടിക.

മറ്റേതൊരു നടനും കൊതിക്കും വിധം സമ്പന്നമാണ് മമ്മൂട്ടി അഭ്രപാളിയിൽ പകർന്നാടിയ വേഷങ്ങൾ. ‘അടിയൊഴുക്കുക’ളിലെ കരുണനും, ‘വടക്കൻ വീരഗാഥ’യിലെ ചന്തുവും, ‘ആവനാഴി‘യിലെ ബൽറാമും, ‘അമര’ത്തിലെ അച്യുതൻകുട്ടിയും, ‘മൃഗയ’യിലെ വാറുണ്ണിയും, ‘മഹായാന’ത്തിലെ ചന്ദ്രനും, ‘വാത്സല്യ’ത്തിലെ രാഘവനും, ‘രാപ്പക’ലിലെ കൃഷ്ണനും, ‘കാഴ്ച്ച’യിലെ മാധവനും, ‘ന്യൂഡൽഹിയിലെ ജി കൃഷ്ണമൂർത്തിയും, ‘പൊന്തൻ മാട’യിലെ പൊന്തൻമാടയും, ‘സൂര്യമാനസ’ത്തിലെ പുട്ടുറുമീസും പെട്ടെന്ന് മുന്നിൽ തെളിയുന്ന മമ്മൂട്ടിയുടെ പൊൻതൂവലായ ഭാവനടനങ്ങളിൽ ചിലത് മാത്രം. വേറിട്ട അഭിനയ പരീക്ഷണങ്ങളിൽ എന്നും മുന്നിൽ നിന്ന നടൻ, സൂപ്പർസ്റ്റാറെന്ന് തന്നെ വിളിച്ച് അപമാനിക്കുന്നതിലും സന്തോഷം നല്ല നടനെന്ന് വിളിക്കുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്.

ഉച്ചാരണത്തിലെ ഭാഷാശുദ്ധിയിലുള്ള വൈദഗ്ധ്യം മമ്മൂട്ടിയുടെ പ്രത്യേകതയാണ്. തിരക്കഥയെഴുതുമ്പോൾ മമ്മൂട്ടിയുടെ ശബ്ദത്തിലാവും സംഭാഷണങ്ങൾ കേൾക്കുകയെന്ന് എം ടി തന്നെ ഒരിക്കൽ പറയുകയുണ്ടായി.

തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള ഒട്ടുമിക്ക പ്രദേശികഭാഷകളും അതിന്റെ തനിമയോടെ അവതരിപ്പിച്ച ഏക നടൻ മമ്മൂട്ടിയാണ്. നിരീക്ഷണബുദ്ധി വേണ്ടുവോളം ആ നടനിൽ നിക്ഷിപ്തമായതിന്റെ തെളിവാണത്. തിരുവനന്തപുരം സംസാരശൈലിയുള്ള ബെല്ലാരി രാജയും, ത്യശ്ശൂർകാരൻ അരിപ്രാഞ്ചിയും, കാസറഗോഡ് നിന്നു വന്ന ഷേണായിയും, കൊങ്കിണി പറയുന്ന കമ്മത്തും, തോപ്രാംകുടിക്കാരൻ മൈക്കും, കോഴിക്കോട്ടുകാരൻ ബാവൂട്ടിയും എല്ലാം ഇന്നും അതിന്റെ സ്വാഭാവികതയോടെ സംസാരിക്കുന്നു.

ഏറ്റവും കൂടുതൽ പുതുമുഖ സംവിധാകരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ വ്യക്തി കൂടിയാണ് മമ്മൂട്ടി. ലോഹിതദാസ്, ലാൽ ജോസ്, ബ്ലെസി, അമൽ നീരദ്, അൻവർ റഷീദ്, ആഷിക് അബു, മാർട്ടിൻ പ്രകാട്ട് തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലർ മാത്രം. ആ പരീക്ഷണം എത്തിനിൽക്കുന്നത് ഒടുവിൽ റിലീസായ ‘പ്രീസ്റ്റി‘ന്റെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജോഫിൻ ടി ചാക്കോയിലാണ്. അടുത്തതായി അഭിനയിക്കാനൊരുങ്ങുന്ന ‘പുഴു’ എന്ന ചിത്രത്തിലും മമ്മൂട്ടി പതിവ് തെറ്റിച്ചില്ല. പുതുമുഖ സംവിധായിക രതീന ഹർഷദിനെയാണ് അതിനായി തിരഞ്ഞെടുത്തത്.

ഇന്ത്യൻ സിനിമയിലെ മമ്മൂട്ടിയുടെ സ്ഥാനം ഇന്നും ചർച്ചാവിഷയമാണ്. അഞ്ച് ഭാഷകളിലും പ്രേക്ഷകർ ഉറ്റുനോക്കിയ നടൻ. ചലച്ചിത്ര ഇതിഹാസം മണിരത്നം, സ്റ്റൈൽ മന്നൻ രജനീകാന്തിനോടൊപ്പമാണ് മമ്മൂട്ടിയെ പ്രതിഷ്ഠിച്ചത്. ‘ദളപതി‘യിലെ സൂര്യയും ദേവയും ഇന്നും തനിമ ചോരാതെ നിലകൊള്ളുന്നു. തെലുങ്കിന്റെ ജനനായകൻ വൈ എസ് ആർ ആയി മമ്മൂട്ടി ‘യാത്ര’ എന്ന ചിത്രത്തിൽ തിളങ്ങി. കന്നഡയിലും ഹിന്ദിയിലും സമാനമായ പ്രകടനങ്ങൾകൊണ്ട് ശ്രദ്ധ നേടി. ഒടുവിലിറങ്ങിയ തമിഴിലെ പേരൻപിലും അമുധവനായി നിറഞ്ഞാടി.

ചരിത്രം സൃഷ്ടിച്ച യുഗപുരുഷൻമാരുടെ കഥകൾ പറയാൻ സംവിധായകർ പലരും മാറിമാറി പരീക്ഷിച്ച നടനവൈഭവം കൂടിയാണ് മമ്മൂട്ടി. ചന്തുവായും, പഴശ്ശിരാജയായും, അംബേദ്കറായും ഒക്കെ അതിന്റെ പൂർണ്ണതയിൽ നിറഞ്ഞാടാൻ ബഹുസ്വരതയിൽ അത്രമേൽ നൈപുണ്യം വേണം.

സിനിമയിൽ നിന്നും ഫീൽഡ് ഔട്ട് ആയ നടന്മാർക്ക് പിന്നീടൊരു തിരിച്ചുവരവ് വിദൂരതയിലെ മാത്രം സാദ്ധ്യതയാണ്. അഥവാ വന്നിട്ടുണ്ടെങ്കിൽ തന്നെയും പഴയ പ്രൗഢി നഷ്ടപ്പെട്ടിട്ടുണ്ടാകും. ഒരിക്കൽ സിനിമയിൽ അവസരങ്ങൾ കുറഞ്ഞുതുടങ്ങിയ മമ്മൂട്ടിയെ ചലച്ചിത്രമാസികകൾ അരങ്ങുവിടാറായി എന്ന് മുദ്രകുത്തി. പിന്നീട് അതേ മാസികകൾക്ക് തന്നെ തിരുത്തി എഴുതേണ്ടിവന്നു. ഇന്ത്യൻ സിനിമയിലെ വിപ്ലകരമായ തിരിച്ചുവരവാണ് ‘ന്യൂ ഡൽഹി‘യിലൂടെ മമ്മൂട്ടി നടത്തിയത്. കാലത്തിന്റെ പരീക്ഷണങ്ങൾ അപ്പോഴും ആ മനുഷ്യനു മുന്നിൽ മുട്ടികുത്തി.

വ്യവസ്ഥാപിതമായ മെലോഡ്രാമ അഭിനയം നിലനിന്നിരുന്ന കാലം മലയാള സിനിമയിൽ ഉണ്ടായിരുന്നു. അക്കാലത്തെ സിനിമകളിൽ സമാനസ്വാഭാവം പുലർത്തുന്ന പലവിധ കഥാപാത്രങ്ങളെ ആയിരിക്കും കൂടുതലും കാണാൻ സാധിക്കുക. നായക കഥാപാത്രത്തിന്റെ കാര്യത്തിലാകുമ്പോൾ പ്രത്യേകിച്ചും, കണ്ടു തഴമ്പിച്ച ഭാവങ്ങൾ കാണികളെ വേട്ടയാടിക്കൊണ്ടിരുന്നു. ഈ ചിട്ടവട്ടത്തിന് അറുതി വരുത്തിയതിൽ പ്രധാനി മമ്മൂട്ടിയാണ്. കഥാപാത്രത്തിന്റെ മാനറിസം ആഴത്തിൽ ഉൾക്കൊണ്ടുള്ള സ്വാഭാവികമായ നടനം അദ്ദേഹം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.

കഥാപാത്രത്തിന്റെ വികാരം പ്രേക്ഷകരിലേയ്ക്ക് പകുത്തുകൊടുക്കുന്നിടത്താണ് ഒരു നടന്റെ വിജയം. മമ്മൂട്ടി എന്ന സമാനതകളില്ലാത്ത പ്രതിഭ തന്റെ പ്രേക്ഷകരുടെ പ്രീതി ഇക്കാലയളവിൽ നേടിയതും മേൽപ്പറഞ്ഞ സവിശേഷതയുടെ സഫലീകരണത്തിലൂടെയാണ്. അയാൾ ചിരിച്ചപ്പോൾ പ്രേക്ഷകൾ കൂടെ ചിരിച്ചു, കരഞ്ഞപ്പോൾ കൂടെ കരഞ്ഞു. ഭാവപ്രകടനത്തിലെ സർവകലാശാലയായി പലരും അദ്ദേഹത്തെ വാഴ്ത്തി.

നന്മയുടെ നിറകുടങ്ങളായ നായകകഥാപാത്രങ്ങളാണ് പലപ്പോഴും നായകനടന്മാരുടെ അഭിനയത്തിനുള്ള മാനദണ്ഡം എന്നാണല്ലോ പൊതുസങ്കൽപ്പം…

സിനിമയിലെ നെടുന്തൂണായി മാറിയ കാലഘട്ടത്തിലും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളേയും മമ്മൂട്ടി ഒരു യഥാർത്ഥ നടന്റെ ആവേശത്തോടെ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ‘വിധേയനി‘ലെ ഭാസ്കര പട്ടേലർ വാക്കുകൾക്കതീതമാംവിധം മനോഹരം. പലേരിമാണിക്യത്തിലെ മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയെ ഇതിലും മികച്ചതാക്കാൻ മമ്മൂട്ടിക്കല്ലാതെ മറ്റാർക്ക് സാധിക്കും?

മലയാള സിനിമാപ്രേക്ഷകർക്ക് ഗൃഹാതുരതയുടെ അനുഭൂതി സ്ക്രീനിൽ നൽകിയ കലാകാരൻ. അഞ്ച് പതിറ്റാണ്ടുകാലംകൊണ്ട് മമ്മൂട്ടി അണിഞ്ഞ ചമയങ്ങളും ഛായങ്ങളും അഭിനയസിദ്ധിയുടെ നേർരൂപമാണ്. വൈവിദ്ധ്യങ്ങളായ വേഷങ്ങൾ അതിന്റെ കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിൽ മമ്മൂട്ടിക്ക് മേൽ ദൈവം കയ്യൊപ്പ് ചാലിച്ചു. ഇന്നും അഭിനയം എന്ന കലയെ പര്യവേഷകന്റെ കൗതുകത്തോടെ അദ്ദേഹം സമീപിക്കുന്നത്.

നാന്നൂറിലധികം ചിത്രങ്ങൽ പട്ടികയിൽ ഇടംപിടിച്ചെങ്കിലും സിനിമയോടുള്ള ആർത്തിയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മമ്മൂട്ടി ഈയടുത്ത് പറയുകയുണ്ടായി. സിനിമയിൽ അവസരം തേടിനടന്ന കാലത്തുള്ള പഴയ പൊടിമീശക്കാരന്റെ ആവേശത്തിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല. സിനിമയെന്ന മോഹകനലിന്റെ എരിയും ചൂട് ആ ഹൃദയത്തിനുള്ളിൽ വർദ്ധിച്ചുകൊണ്ടേയിരിക്കും. അഭിനയത്തോടുള്ള ദാഹം ഒരിക്കലും ശമിക്കാതെ ഇനിയും അഭിനയിച്ചു തീർന്നിട്ടില്ലാത്ത കഥാപാത്രങ്ങളെ തേടിയുള്ള യാത്ര മമ്മൂട്ടി എന്ന കലാകാരൻ തുടർന്നുകൊണ്ടേയിരിക്കും… അതു കാണാനുള്ള കൗതുകത്തിൽ പ്രേക്ഷകരും കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.