30 April 2024, Tuesday

കോവിഡ് മഹാമാരിയും തൊഴിലാളി വർഗവും

സി ദിവാകരൻ
September 10, 2021 3:54 am

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് ഇപ്പോൾ ഒന്നര വർഷം പിന്നിടുന്നു. രാജ്യത്ത് പടർന്നു പിടിച്ച ഈ മഹാമാരിയും തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണും കാരണം രാജ്യത്തെ ജനങ്ങൾ നേരിടേണ്ടി വന്ന ദുരന്തങ്ങളെക്കുറിച്ചും സാമ്പത്തിക തകർച്ചയെക്കുറിച്ചും സർക്കാർ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? സർക്കാർ സ്വീകരിച്ച പുനരധിവാസപദ്ധതികൾ എന്തൊക്കെയാണ്? നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിൽ നഷ്ടപ്പെട്ട് അലയുന്നവരുടെ എണ്ണം തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ? കോവിഡ് മഹാമാരിയെ നേരിടാൻ ജനങ്ങൾ അവരവരുടെ വീടിനുമുന്നിൽനിന്ന് പാത്രങ്ങൾ തമ്മിൽ തട്ടിശബ്ദം ഉണ്ടാക്കുക, കുടുംബത്തോടെ മെഴുകുതിരി കത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു നല്കിയത്. ശാസ്ത്രീയമായ കാരണങ്ങൾ കണ്ടെത്താനോ ആവശ്യമായ വാക്സിൻ ലഭ്യമാക്കി ശക്തമായ ചികിത്സാസംവിധാനം തയാറാക്കാനോ കൂട്ടാക്കാത്ത പ്രധാനമന്ത്രി ഒരു ദുർമന്ത്രവാദിയെ പോലെയാണ് ജനങ്ങൾക്ക് ഉപദേശം നല്കിയത്. ഇത്രയും പാപ്പരായ ഒരു ഭരണസമ്പ്രദായം ലോകത്തൊരിടത്തും കാണാൻ കഴിയില്ല.

രാജ്യത്തെ ഏറ്റവും ബൃഹത്തായ അധ്വാനശക്തിയാണ് അസംഘടിത തൊഴിലാളി വിഭാഗം ഗ്രാമങ്ങളിൽ നിന്ന് തൊഴിൽ തേടി നഗരങ്ങളിലെത്തുന്ന ദശലക്ഷക്കണിക്കിനുള്ള തൊഴിലാളികൾ അനാഥരായി. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിന്ന് അവർ പുറം തള്ളപ്പെട്ടു. അത്യന്തം ദാരുണമായ ഈ സാഹചര്യം മാറ്റം കൂടാതെ ഇപ്പോഴും തുടരുന്നു. ഈ സാമ്പത്തിക ദുരന്തത്തിനു പരിഹാരം കണ്ടെത്താൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളും ഫലം കാണാൻ കഴിയാതെ പരാജയപ്പെട്ടു.
ദേശീയ തൊഴിൽ വകുപ്പുമായിബന്ധപ്പെട്ട് പാർലമെന്റ് സമിതി സർക്കാരിനോട് ചില വിവരങ്ങൾ ആരാഞ്ഞു. ഈ രംഗത്ത് സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കയാണ്? അതിന്റെ ഫലം എന്തായി? ഇവയുടെ പൂർണ വിവരം പാർലമെന്റിൽ വ്യക്തമാക്കുമോ? കോവിഡ് മഹാമാരിയുടെ ഫലമായി തൊഴിൽമേഖലയിൽ മൊത്തം എത്ര ശതമാനം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു? പാർലമെന്റ് അംഗങ്ങൾ അടങ്ങുന്ന തൊഴിൽ വകുപ്പു സമിതി ഉന്നയിച്ച പ്രശ്നങ്ങളെ ഒന്നും തന്നെ പരിഗണിക്കാൻ സർക്കാർ കൂട്ടാക്കിയില്ല.

2021 മേയ് 31 വരെയുയുള്ള കാലയളവിൽ രാജ്യത്തെ തൊഴിയില്ലായ്മയുടെ സ്ഥിതി വിവര കണക്കുകൾ വ്യക്തമാക്കാമോ? രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ? ഈ വിഷയത്തെക്കുറിച്ച് സർക്കാറിന്റെ പക്കൽ ആധികാരികമായ എന്തെങ്കിലും സ്ഥിതിവിവര കണക്കുകൾ നിലവിലുണ്ടോ? ഈ വിധമുള്ള പ്രശ്നങ്ങൾ പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ചിട്ടും സർക്കാര്‍ മൗനമായിരുന്നു. ഇത്രയും കടുത്ത ദുരന്തത്തിലേക്ക് തൊഴിലാളി അകപ്പെട്ട അവസ്ഥയിൽ പോലും കേന്ദ്രതൊഴിൽ വകുപ്പ് നിർജീവമായി നോക്കുകുത്തിയായി നിന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ തൊഴിലാളി വർഗം ഇത്രയേറെ ദുരന്തങ്ങൾ നേരിട്ട ഒരു കാലം ഉണ്ടായിട്ടില്ല. കടുത്ത തൊഴിലാളി ദ്രോഹ നടപടികൾ ഒരു നയമായി സ്വീകരിച്ചിട്ടുള്ള മോഡി സർക്കാരിന്റെ തനി രൂപമാണ് കോവിഡ് കാലത്ത് പ്രകടമായത്. മോഡിയുടെയും സംഘപരിവാറിന്റെയും നയങ്ങൾ അംഗീകരിക്കുന്ന ബിഎംഎസ് തൊഴിലാളി സംഘടനയ്ക്കുപോലും ന്യായീകരിക്കാനാവാതെ അവർ ഇതര തൊഴിലാളി സംഘടനകളുടെ ദേശീയ സമരങ്ങളിലും പണിമുടക്കങ്ങളിലും പങ്കെടുക്കാൻ നിർബന്ധിതമായി തീരുന്നു.


ഇതു കൂടി വായിക്കുക; മുസ്‌ലിം ലീഗിനെതിരെ തുറന്ന പോരിന് ‘ഹരിത’; പാര്‍ട്ടിയില്‍ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുന്നുവെന്ന് ഹരിത അധ്യക്ഷ


തൊഴിലാളികളുടെ ക്ഷേമപദ്ധതികളായ ഇഎസ്ഐ, ഇപിഎഫ് എന്നീ സ്ഥാപനങ്ങൾ നിയമപരിധി നോക്കാതെ ഈ ആപത്‌സന്ധിയിൽ മുന്നോട്ട് വന്ന് തൊഴിലാളികൾക്ക് ആവശ്യമായ പുനഃരധിവാസപദ്ധതി നടപ്പിലാക്കണമെന്ന് പാർലമെന്റ് സമിതി ആവശ്യപ്പെട്ടു. കൂടാതെ കോവിഡ് കാലം പരിഗണിച്ച് തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ഒരു പുതിയ പദ്ധതി കൂടെ നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാകണമെന്നും അവർ ആവശ്യപ്പെടുന്നു.
സംഘടിതമേഖലയിലും അസംഘടിതമേഖലയിലും സംഭവിച്ച തൊഴിൽ ഇല്ലായ്മയെക്കുറിച്ച് വ്യക്തമായ ധാരണപോലും സർക്കാരിനില്ലാതെ പോയതിനെക്കുറിച്ച് സമിതി നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചു. ഇന്ത്യയിലെ തൊഴിലില്ലായ്മയെക്കുറിച്ച് പ്രത്യേകിച്ച് കോവിഡിന്റെ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും രാജ്യം നേരിട്ട അതിരൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ച് ഒരു സർവേ നടത്താൻ പോലും സർക്കാർ കൂട്ടാക്കിയില്ല. ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ വെളിപ്പെടുത്തിയ കണക്കനുസരിച്ച് 2019–2021 കാലഘട്ടത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.75 ശതമാനത്തിൽ നിന്ന് 23.52 ശതമാനമായി വർധിച്ചുകൊണ്ടിരിക്കുന്ന സൂചനയാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.

ഞെട്ടിപ്പിക്കുന്ന മറ്റു ചില വസ്തുതകൾ കൂടി തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന ചില സ്വകാര്യഏജൻസികൾ നടത്തിയ സർവേയിൽ വ്യക്തമാകുന്നു. സ്ഥിരം ശമ്പളക്കാരായിരുന്ന തൊഴിലാളികളിൽ പകുതിയിലേറെ പേർ പാർടൈം ശമ്പളക്കാരായി മാറിക്കഴിഞ്ഞു. രണ്ടുകോടി മുപ്പതു ലക്ഷം പേർ ഇപ്പോൾ ദേശീയ മിനിമം വേതനത്തെക്കാൾ കുറഞ്ഞ വരുമാനം ഉള്ളവരായി മാറി. 2020 ൽ ലോക്ഡൗൺ കാലത്ത് 20 ശതമാനം തൊഴിലാളികൾക്ക് നിലവിലുണ്ടായിരുന്ന തൊഴിൽ നഷ്ടപ്പെട്ടു.
തെരുവുകച്ചവടക്കാർക്കുവേണ്ടി ആവിഷ്കരിച്ച ‘ആത്മനിർഭർ നിധി’ എന്ന പദ്ധതിയിൽ 25,03,919 ലക്ഷം അപേക്ഷകരിൽ 21,57,614 പേർക്കുമാത്രമാണ് ആനുകൂല്യം ലഭ്യമായത്. എന്നാൽ യഥാർത്ഥത്തിൽ അപേക്ഷകരുടെ എണ്ണം 42,44,862 പേരായിരുന്നു. എന്നാലീ പദ്ധതി പ്രകാരം വഴിവാണിഭക്കാർക്കു ലഭിക്കുന്നത് വായ്പയാണ്. കൃത്യമായി തിരിച്ചടയ്ക്കണം. പാർലമെന്റ് സമിതി ഈ വിഷയത്തിൽ ഇടപ്പെട്ടുകൊണ്ട് അവർ സർക്കാരിന് നല്കിയ നിർദ്ദേശം തിരിച്ചടയ്ക്കുന്ന വായ്പയ്ക്കുപകരം ആ സഹായം ഗ്രാന്റായി നൽകണമെന്നായിരുന്നു. ഈ നിർദ്ദേശവും സർക്കാർ തള്ളിക്കളഞ്ഞു.


ഇതു കൂടി വായിക്കുക;കോവിഡ് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിച്ചു; സർവേ റിപ്പോർട്ട്


കുടിയേറ്റ തൊഴിലാളികളുടെ വിശാദംശങ്ങളെക്കുറിച്ചുള്ള കമ്മിറ്റിയുടെ ആവർത്തിച്ചുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ അവസാനം തൊഴിൽ വകുപ്പിൽനിന്ന് ലഭ്യമായതു കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ 1,14,30,968 തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങി പോയി. കോവിഡ് രണ്ടാം വരവ് കാലത്ത് 5,13,363 പേർ അവരവരുടെ നാടുകളിലെത്തി കൃഷിപ്പണികളിലേർപ്പെട്ടു എന്ന വിവരം മാത്രം. കുടിയേറ്റ തൊഴിലാളികൾ ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തിലേക്ക് നിരന്തരം പ്രയാണം ചെയ്യുന്നതുമൂലം അവരുടെ അംഗസംഖ്യ തിട്ടപ്പെടുത്താൻ കഴിയുന്നില്ലെന്നാണ് സർക്കാർവാദം.

പൊതുമേഖലയിലും; സ്വകാര്യമേഖലയിലും പണി എടുക്കുന്നവരെ പിരിച്ചുവിടുന്നതും അവരുടെ വേതനം വെട്ടിക്കുറയ്ക്കുന്നതുമായ നടപടി എടുക്കാൻ പാടില്ലെന്ന് നിർദ്ദേശം നല്കാൻ കേന്ദ്ര ഉദ്യോഗസ്ഥന്മാരുടെ ഉപദേശകർ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയതായി സർക്കാർ അവകാശപ്പെടുന്നു. എന്നാലവരുടെ നിർദ്ദേശം രാജ്യത്ത് എങ്ങും നടപ്പിലായിട്ടില്ല. ഈ വിഭാഗം തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ഒരിക്കലും സന്നദ്ധമായിരുന്നില്ല. 2020 ൽ സുപ്രീംകോടതി ഇടപെടലിനുശേഷമാണ് കുടിയേറ്റ തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർക്കാർ സന്നദ്ധമായത്.
നിർമ്മാണമേഖലയിലെ തൊഴിലാളികൾക്ക് 1,000 രൂപ മുതൽ 5,000 രൂപ വരെ ദുരിതാശ്വാസമായി വിതരണം ചെയ്യാനുള്ള സർക്കാർ നിർദ്ദേശം കേവലം ആറു സംസ്ഥാനങ്ങളിൽ മാത്രം നടപ്പിലായി. കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ കൂട്ടായിനടപ്പിലാക്കണമെന്ന പ്രസ്തുത നിർദ്ദേശം മഹാ ഭൂരിപക്ഷം സംസ്ഥാനങ്ങളും തള്ളിക്കളഞ്ഞു. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിന് നിയുക്തമായ കേന്ദ്ര ഉദ്യോഗസ്ഥന്മാർ കേവലം ഉപദേശകരായി മാറി. കോവിഡിന്റെ രണ്ടാം വരവിൽ രാജ്യം കൊടിയ ദുരിതങ്ങളിൽ അകപ്പെടുകയും തൊഴിലാളികൾ അനാഥരായി തീർന്ന സന്ദർഭത്തിൽ പോലും ഭരണപരമായ നടപടികൾ സ്വീകരിക്കാതെ കേന്ദ്ര‑ഭരണകൂടം നോക്കുകുത്തിയായി നിന്നു.

കോവിഡ് ഒന്നാംവരവിലും രണ്ടാംവരവിലും രാജ്യത്ത് മരണമടഞ്ഞവരുടെ ഒരേകദേശ കണക്കുപോലും സർക്കാരിനു സംഭരിക്കാൻ കഴിഞ്ഞില്ല. ഈ ദുരന്തത്തിന്റെ ഫലമായി തൊഴിലും നഷ്ടപ്പെട്ട് ജീവിതവും തകർന്ന് നിസഹായരായി തീർന്നവരുടെ വിവരങ്ങൾ ശേഖരിക്കാനോ ആ അനാഥമായ കുടുംബങ്ങളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച പദ്ധതികൾ എന്തൊക്കെയാണെന്നറിയാനുള്ള അവകാശം പോലും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ മോഡിസർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ച് ജനതയെപൂർണമായും ബന്ദികളാക്കിയിരിക്കുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാനുള്ള തൊഴിലാളി — കർഷക — ബഹുജനസമരങ്ങളുടെ വേലിയേറ്റമാണ് രാജ്യം കാണാൻ പോകുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.