30 April 2024, Tuesday

കെപിസിസി ഭാരവാഹിപട്ടിക; വനിതകള്‍ക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കില്ല

പുളിക്കല്‍ സനില്‍രാഘവന്‍
October 21, 2021 4:18 pm

കെപിസിസി ഭാരവാഹികളുടെ പട്ടിക ഉടന്‍ പ്രഖ്യാപിച്ചേക്കും. പട്ടിക അന്തിമ അംഗീകാരത്തിനായി എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൈമാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് സൂചന.മാനദണ്ഡങ്ങളില്‍ ആര്‍ക്കും ഒരു ഇളവും നല്‍കേണ്ടതില്ലെന്നാണ് അവസാന നിമിഷം ഉണ്ടായ തീരുമാനം.സംസ്ഥാന നേതൃത്വം തന്നെയായിരുന്നു മാനദണ്ഡങ്ങളില്‍ ഇളവ് വേണ്ടെന്ന നിലപാട് ദേശീയ നേതൃത്വത്തിന് മുന്നില്‍ വെച്ചത്. ഇത് ഹൈക്കമാന്‍ഡും അംഗീകരിച്ചു. ഇതോടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍ എന്നിവര്‍ പട്ടികയില്‍ നിന്നും പുറത്താവുമെന്ന കാര്യം ഉറപ്പായി.പുതിയ ഭാരവാഹി പട്ടികയില്‍ ഇളവുകളോടെ പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവരില്‍ ആരെങ്കിലും ഒരാളെ വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ആര്‍ക്കും മാനദണ്ഡങ്ങളില്‍ ഇളവില്ല എന്ന തീരുമാനം വന്നതോടെ ഇരുവരും ഒഴിവാക്കപ്പെട്ടു.

5 വര്‍ഷത്തിലേറെ ഭാരവാഹിയായതാണ് പത്മജ വേണുഗോപാലിന് തിരിച്ചടിയായതെങ്കില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എന്നതാണ് ബിന്ദു കൃഷ്ണയ്ക്ക് വിലങ്ങ് തടിയായത്. പുതിയ പട്ടികയില്‍ പത്മജയും ബിന്ദു കൃഷ്ണയും നിര്‍വാഹക സമിതിയാകും. പത്മജയും ബിന്ദു കൃഷ്ണയും ഒഴിവായതോടെ നാല് വൈസ് പ്രസിഡന്റുമാരില്‍ വനിതകളായി ആരും ഉണ്ടാവില്ല. നേരത്തെ രമണി പി നായരേയും വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിച്ചിരുന്നതെങ്കിലും ചില എതിര്‍പ്പുകള്‍ വന്നതോടെ ഒഴിവാക്കുകയായിരുന്നു.നേരത്തെ പരിഗണനയിലുണ്ടായിരുന്ന പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടെന്നാണ് സൂചന. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 19 ൽ നിന്ന് 22 ആയി ഉയർത്തി. 3 വനിതകളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന‍് തീരുമാനിച്ചതോടെയാണ് എണ്ണത്തില്‍ മാറ്റം വന്നത്. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരി‍, നാലു വൈസ് പ്രസിഡന്റുമാര്‍, 22 ജനറല്‍ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍, 20 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരുണ്ടാകും. കെപിസിസി അധ്യക്ഷന്‍, ഉള്‍പ്പെടെആകെ 51 പേരാകും കെപിസിസിയുടെ അംഗബലം.

 


ഇതുകൂടി വായിക്കൂ: കെപിസിസി ഭാരവാഹി ലിസ്റ്റ് ഹൈക്കമാന്‍ഡിന് മുന്നില്‍; വനിതാ പ്രാതിനിധ്യം കുറഞ്ഞതായി പരാതിയും


 

പട്ടികയില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. നേരത്തെ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഒരു വനിതയ്ക്ക് പോലും അവസരം ലഭിച്ചിരുന്നില്ല. അന്ന് അതൃപ്തി അറിയിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ളവരെ അനുനയിപ്പിച്ചത് കെ പി സി സി ഭാരവാഹി പട്ടികയില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന ഉറപ്പ് നല്‍കിയായിരുന്നു.പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പല സീനിയര്‍ നേതാക്കളും പട്ടികയില്‍ ഇടം പിടിച്ചതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിര്‍വാഹക സമിതിയില്‍ മുന്‍ ഡി സി സി പ്രസിഡന്റുമാര്‍ ഉള്‍പ്പടെ 20 പേര്‍ മാത്രമാണ് ഉണ്ടാവുക. ഇത്തരത്തില്‍ പട്ടിക 51 ല്‍ ഒതുക്കും. 5 വനിതകളാണ് പട്ടികയിലുള്ളത്.

ആകെ അംഗങ്ങളുടെ 10% എന്ന കണക്കിലാണ് വനിതാ, പട്ടിക വിഭാഗ പ്രാതിനിധ്യം നിശ്ചയിച്ചത്. ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ സെക്രട്ടറിമാരെ പ്രഖ്യാപിക്കും. ഒരു ജനറൽ സെക്രട്ടറിക്ക് 2 സെക്രട്ടറി എന്ന കണക്കിൽ 44 സെക്രട്ടറിമാരെ നിയമിച്ചേക്കുമെന്നാണ് സൂചന.അതേസമയം എ,ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍ നല്‍കിയ പട്ടികയിലെ ചിലരെ തഴഞ്ഞിട്ടുണ്ടെന്ന സൂചനകളുണ്ട്. ഒരുപക്ഷേ പട്ടിക വന്നതിനു ശേഷം നേതാക്കള്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതികരണം നടത്തിയേക്കും. അങ്ങനെ വന്നാല്‍ വലിയ പൊട്ടിത്തെറികള്‍ക്കുകാരണമാകും.പട്ടിക പുറത്തുവരുന്നതോടെ കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടുമൊയെന്ന ഭയത്തിലാണ് പ്രവര്‍ത്തകര്‍. ഗ്രൂപ്പു പ്രാധിനിത്യത്തിന് അപ്പുറം മികച്ച പട്ടിക വേണമെന്ന ആവശ്യം അംഗീകരിക്കപ്പെടുമോയെന്നും സംശയം പാര്‍ട്ടി അണികളില്‍ നിഴലിക്കുന്നു.

Eng­lish Sum­ma­ry : no vice pres­i­dent posi­tions for women in kpcc

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.