22 November 2024, Friday
KSFE Galaxy Chits Banner 2

ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ?

Janayugom Webdesk
November 7, 2021 5:00 am

മാനവരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആഗോളതാപനവുമായി ബന്ധപ്പെട്ടതാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഉൾപ്പെടെ ഇതിന്റെ പ്രഭാവം അവഗണിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. ആഗോളതാപനം എന്ന വിപത്തിനെ നേരിടാൻ 84 രാജ്യങ്ങൾ ഒത്തുചേർന്ന സുപ്രധാന ചുവടുവയ്പായിരുന്നു 1997‑ലെ ക്യോട്ടോ പ്രോട്ടോക്കോൾ. ക്യോട്ടോ പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ ആഗോളതാപനത്തെക്കുറിച്ച് ലോകം അതീവ ഗൗരവത്തോടെ ചർച്ച ചെയ്തു തുടങ്ങി. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗൗരവത്തിൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ പ്രോട്ടോക്കോൾ പരിശ്രമിച്ചു. മനുഷ്യരാശിയുടെ ഭാവിക്കു ഭീഷണിയായി ഡാമോക്ലീസിന്റെ വാള് പോലെ അത് ജനങ്ങള്‍ക്കുമുകളില്‍ തൂങ്ങിയാടി. പോയ 100 വർഷങ്ങളിൽ വ്യാവസായിക വിപ്ലവത്തിന്റെ കടന്നുവരവോടെ ഭൂമിയുടെ താപനില 1.3 ഡിഗ്രി സെൽഷ്യസ് വർധിച്ചതായി കണക്കുകൾ ബോധ്യപ്പെടുത്തി. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മനുഷ്യകുലം നശിക്കുമെന്ന് പ്രോട്ടോക്കോൾ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും ആഗോളതാപനം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. കൃത്യമായ കാലയളവിൽ പരസ്പര ബന്ധിതമായ തിരുത്തലുകൾ വൈകിയാൽ, ലോകത്തിന്റെ താപനില ആറ് ഡിഗ്രി സെൽഷ്യസ് ഉയരും. ഇത് മനുഷ്യരാശിക്ക് താങ്ങാനാവില്ല, ക്യോട്ടോ പ്രോട്ടോക്കോൾ മുന്നറിയിപ്പ് നൽകി.


ഇതു കൂടി വായിക്കുക:  ഗ്ലാസ്ഗോ: പ്രതീക്ഷിക്കുന്നത് പ്രായോഗിക നടപടികള്‍


2015ലെ പാരീസ് ഉടമ്പടിക്ക് ഇത് പ്രേരണയായി. 192 രാജ്യങ്ങൾ പാരീസ് പ്രഖ്യാപനം അംഗീകരിച്ചു. ആഗോളതാപനത്തിന്റെ അളവ് രണ്ട് ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു തീരുമാനം. വ്യാവസായിക വിപ്ലവ യുഗാരംഭവുമായി ബന്ധപ്പെട്ടാണ് അളവുകോൽ ക്രമീകരിച്ചത്. ആഗോളതാപന പരിധി മൂന്ന് ഡിഗ്രി സെൽഷ്യസ് കടക്കരുത്. കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിലായിരുന്നു ഊന്നൽ. വനങ്ങൾ, സമുദ്രങ്ങൾ, ഹിമപ്പരപ്പുകൾ എന്നിവയുടെ സംരക്ഷണവും പരമപ്രധാനമായി. ഇക്കാര്യങ്ങളുടെ പ്രസക്തിയെ ആരും ചോദ്യം ചെയ്തില്ല. വർത്തമാന ലോകത്തിന്റെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ എന്തെങ്കിലും പറയുകയും അത് ചെയ്യുകയും എന്നത് വെല്ലുവിളിയാണ്. ആഗോളതാപനത്തിനു പിന്നിലെ ധനശാസ്ത്രവും രാഷ്ട്രീയവും ഏറെ നിർണായകവുമാണ്. അമേരിക്കയും വികസിത രാജ്യങ്ങളും നിർണായകമായ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടും പ്രവർത്തികളിലെ ആത്മാർത്ഥതയില്ലായ്മയും പ്രകടവുമായിരുന്നു. പാരീസ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകളിൽ ട്രംപ് ഭരണകൂടം എപ്പോഴും ചാഞ്ചാടുകയായിരുന്നു. ഒരു ഘട്ടത്തിൽ, പാരീസ് ഉടമ്പടി ബഹിഷ്കരിക്കുമെന്ന് പോലും അവർ ഭീഷണിപ്പെടുത്തി. ഇത് ആഗോളവൽക്കരണവും ആഗോളതാപനവും തമ്മിലുള്ള പാരസ്പര്യത്തിലേക്ക് വെളിച്ചംവീശുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യാന്തര കോർപറേറ്റുകൾ വൈറ്റ് ഹൗസിന് മുമ്പിൽ തങ്ങളുടെ നിബന്ധനകൾ നിർദ്ദേശിച്ചിട്ടുമുണ്ട്. ഇത്തരം പശ്ചാത്തലത്തിലാണ് ഗ്ലാസ്ഗോ ഉച്ചകോടി നടന്നത്. ഇവിടെയും ഗൗരവമേറിയ തീരുമാനങ്ങൾ ആവർത്തിക്കപ്പെട്ടു. അവയിൽ ഏറ്റവും നിർണായകം 2070-ഓടെ നെറ്റ്-സീറോ സാധ്യമാക്കുമെന്ന പ്രതിജ്ഞയാണ്. നെറ്റ്-സീറോ സാക്ഷാത്കാരത്തിന് മുന്നോടിയായി അഴുക്കുകൾ അകന്ന ഹരിതാഭമായ 2030ഉം ഗ്ലാസ്ഗോ ലക്ഷ്യമിടുന്നു.


ഇതു കൂടി വായിക്കുക:പരിസ്ഥിതിക്കായി ഒരുമിക്കണം: സിപിഐ


രാജ്യങ്ങൾ അവരുടെ വാക്കുകൾ പ്രായോഗികമാക്കുമോ എന്നതാണ് അറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അഞ്ച് നിർദ്ദേശങ്ങൾ ലോകശ്രദ്ധ ആകർഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗ്ലാസ്ഗോ ഉച്ചകോടിയുടെ പ്രതിബദ്ധതയും വികാരവും ഉയർത്തിക്കാട്ടി. പ്രതിബദ്ധത പൂർത്തീകരിക്കാൻ ഇതു മാത്രം മതിയാകില്ലല്ലോ. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ ഇച്ഛാശക്തിയാണ് പ്രപഞ്ചം ആവശ്യപ്പെടുന്നത്. സ്കാൻഡിനേവിയൻ കൗമാരക്കാരി ഗ്രെറ്റ തുൻബെർഗ് ചോദിക്കുംപോലെ, യാതൊരു പ്രതിബദ്ധതയുമില്ലാത്ത പ്രസ്താവനകൾ നടത്താൻ രാഷ്ട്രീയ നേതൃത്വം എങ്ങനെ ധൈര്യപ്പെടുന്നു? ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞതുപോലെ പ്രതിബദ്ധത ഇല്ലെങ്കിൽ കേവലം മുഴക്കമായി തീരും വാക്കുകൾ. വനസംരക്ഷണ നിയമത്തിലും നീല സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യ നടപ്പാക്കിയ ഭേദഗതികൾ വനങ്ങളുടെയും സമുദ്രങ്ങളുടെയും നാശത്തിന് വഴിയൊരുക്കും. ഗ്ലാസ്ഗോയിലെ പ്രതിബദ്ധതയുടെയും വികാരങ്ങളുടെയും പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി ഇക്കാര്യങ്ങളിൽ തിരുത്തലുകൾക്ക് തയാറാകുമോ എന്ന ചോദ്യമാണ് ഏറ്റവും മുഴക്കത്തോടെ ഉയരുന്നത്.

You may also like this video;

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.