21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ജമ്മു കശ്മീര്‍ മണ്ഡല പുനർനിർണയം: ബിജെപിയുടെ ഗൂഢനീക്കം

Janayugom Webdesk
ന്യൂഡൽഹി
December 23, 2021 8:42 pm

ജമ്മു കശ്മീരിൽ നിയമസഭാ മണ്ഡലം പുനർനിർണയിക്കാനുള്ള കേന്ദ്ര നീക്കം ബിജെപിക്ക് അധികാരം പിടിക്കാനുമുള്ള ഗൂഢനീക്കമാണെന്ന് നിരീക്ഷകർ. കശ്മീരിന്റെ അധികാരകേന്ദ്രം ജമ്മുവാക്കാനും സ്വന്തം മുഖ്യമന്ത്രിയെന്ന ബിജെപിയുടെ ദീർഘകാല സ്വപ്നം സാക്ഷാത്ക്കരിക്കാനും സഹായിക്കുന്ന ശുപാർശയാണിതെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടി. ജമ്മു മേഖലയിൽ ആറും കശ്മീർ മേഖലയിൽ ഒരു സീറ്റും വർധിപ്പിക്കാമെന്നാണ് സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ മണ്ഡല പുനർനിർണയ കമ്മിഷൻ ശുപാർശ. ജമ്മുവിൽ കഠ് വ, സാംബ, ഉദ്ധംപുർ, ദോഡ, രജൗരി, കിഷ്ത്വാർ ജില്ലകളിൽ ഒരോ സീറ്റും കശ്മീരിലെ കുപ്‍വാരയിൽ ഒന്നും കൂട്ടാനാണ് ശുപാർശ.

ശുപാർശയെക്കുറിച്ച് ഈ മാസം 31നകം പാർട്ടികൾ അഭിപ്രായം അറിയിക്കണം. പട്ടിക വിഭാഗങ്ങൾക്കായി 16 സീറ്റ് സംവരണം ചെയ്യാനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇതില്‍ ഒൻപത് എണ്ണം പട്ടികവർഗക്കാർക്കും ഏഴെണ്ണം പട്ടികജാതിക്കാർക്കുമാണ്. കശ്മീർ മേഖലയിൽ 46,ജമ്മു മേഖലയിൽ 37 എന്നിങ്ങനെയാണ് നിലവിലെ സീറ്റ്. ശുപാർശ നടപ്പാക്കിയാൽ കശ്മീരിൽ 47,ജമ്മുവിൽ 43 എന്നിങ്ങനെയാവും സീറ്റുകൾ. ബിജെപിക്ക് അധികാരം ഉറപ്പാക്കാൻ വേണ്ടിയാണ് ജമ്മു മേഖലയിലെ സീറ്റ് വർധനയെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആരോപണം.
ജനസംഖ്യാനുപാത പ്രാതിനിധ്യം ഇല്ലാതാക്കുന്ന ശുപാർശ അംഗീകരിക്കില്ലെന്ന് നാഷണൽ കോൺഫറൻസ്, പിഡിപി, ജമ്മു കശ്മീർ അപ്നി പാർട്ടി, പീപ്പിൾസ് കോൺഫറൻസ് എന്നിവ വ്യക്തമാക്കി. 2011 ലെ കണക്കനുസരിച്ച് ജമ്മുവിൽ 53.5 ലക്ഷവും കശ്മീരിൽ 68.8 ലക്ഷവുമാണ് ജനസംഖ്യ. ഇതനുസരിച്ച് കശ്മീരിലെ 46 സീറ്റുകൾ 51 ഉം ജമ്മുവിലേത് 37ൽ നിന്ന് 39 ഉം ആകണം.

എന്നാൽ ജമ്മുവിൽ 1,25,082 പേർക്ക് ഒരു മണ്ഡലവും കശ്മീരിൽ 1,46,543 പേർക്കു് ഒരു മണ്ഡലവും രൂപീകരിക്കാമെന്നാണ് കമ്മിഷൻ ശുപാർശ. ഇതോടെ, കശ്മീർ താഴ്‌വരയിലെ 10,09,621 ജനങ്ങൾക്ക് ജനസംഖ്യാനുപാത പ്രാതിനിധ്യം നിഷേധിക്കപ്പെട്ടുവെന്ന് ജമ്മു കശ്മീർ മുൻ നിയമസെക്രട്ടറി മുഹമ്മദ് അഷ്റഫ് മിർ ചൂണ്ടിക്കാട്ടി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് നിയമസാധുത ലഭിക്കാൻ സഹായിക്കുന്ന ഒരു സർക്കാരിനെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രനീക്കമെന്ന് പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി പറഞ്ഞു. കണക്കുകളും വസ്തുതയുമല്ല ബിജെപിയുടെ നയമാണ് സമിതി ശുപാർശയായി അവതരിപ്പിച്ചതെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. മണ്ഡല പുനർനിർണയ കമ്മിഷൻ ശുപാർശയിൽ ഗുപ്കാർ സഖ്യവും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ശുപാർശകൾക്കെതിരെ ജനുവരി ഒന്നിന് ശ്രീനഗറിൽ സമാധാനപൂർണമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഫറൂഖ് അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതായി വക്താവ് മുഹമദ് യൂസഫ് തരിഗാമി അറിയിച്ചു.

eng­lish sum­ma­ry; Jam­mu and Kash­mir con­stituen­cy redis­trict­ing: BJP’s conspiracy

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.