15 November 2024, Friday
KSFE Galaxy Chits Banner 2

അഫ്‌‌സ്‌പ: കോളനി ദുരന്തത്തിന്റെ ബാക്കിപത്രം

കെ ദിലീപ്
നമുക്ക് ചുറ്റും
January 18, 2022 6:00 am

ആംഡ് ഫോഴ്സസ് (സ്പെഷ്യല്‍ പവേര്‍സ്) ആക്ട് ‑അഫ്‌സ്‌പ- ഏറ്റവുമൊടുവില്‍ രാഷ്ട്രശ്രദ്ധയാകര്‍ഷിക്കുന്നത് 2021 ഡിസംബര്‍ നാലിന് നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ജോലി കഴിഞ്ഞുമടങ്ങുന്ന ഖനിത്തൊഴിലാളികളായ 14 ഗ്രാമീണരെ വിഘടനവാദികള്‍ എന്ന് ‘തെറ്റിദ്ധരിച്ച്’ സൈന്യം കൊലപ്പെടുത്തിയ സംഭവത്തോടെയാണ്. ഉയര്‍ന്ന ജനരോഷം താല്ക്കാലികമായി തണുപ്പിക്കുന്നതിന് ബിജെപി നയിക്കുന്ന നാഗാലാന്‍ഡ് സര്‍ക്കാര്‍, അഫ്‌സ്‌പ പിന്‍വലിക്കണമെന്ന് പ്രമേയം പാസാക്കി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇപ്പോള്‍ വീണ്ടും നാഗാലാന്‍ഡില്‍ ഈ നിയമം ആറുമാസത്തേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. എന്താണ് സൈന്യത്തിന് പ്രത്യേകാധികാരം നല്കുന്ന ഈ നിയമം? ഇന്ത്യന്‍ പീനല്‍കോഡിലെ 124 എ എന്ന രാജ്യദ്രോഹത്തെ നിര്‍വചിച്ചിട്ടുള്ള വകുപ്പുപോലെ തന്നെ ഈ നിയമവും ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുന്നതിനായി നടപ്പില്‍ വരുത്തിയ നിയമത്തിന്റെ തുടര്‍ച്ചയാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പ് 124എ പോലെ തന്നെ ഈ നിയമവും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് പരാതി ഉയര്‍ന്നിട്ടുള്ളതാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്തുന്നതിനായി 1942 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് കോളനി സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണ് സായുധസേനകള്‍ക്ക് പ്രത്യേക അധികാരം നല്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ്. 1947ല്‍ ഇന്ത്യാ വിഭജനത്തെ തുടര്‍ന്നുണ്ടായ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ ഗവണ്മെന്റ് യുണൈറ്റഡ് പ്രോവിന്‍സസ്, ഡിസ്റ്റര്‍ബ്ഡ് ഏര്യാസ് (ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേര്‍സ്) ഓര്‍ഡിനന്‍സ് നടപ്പില്‍ വരുത്തി. 1951ല്‍ നാഗാ നാഷണല്‍ കൗണ്‍സില്‍ പൊതുതെരഞ്ഞെടുപ്പു ബഹിഷ്കരണം, സര്‍ക്കാര്‍ ബഹിഷ്കരണം എന്നീ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 1953ല്‍ അസം സര്‍ക്കാര്‍ മെയിന്റനന്‍സ് ഓഫ് പബ്ലിക് ഓര്‍ഡര്‍ (ഓട്ടോണമൈസിസ് ഡിസ്ട്രിക്ട്സ്) നിയമം നടപ്പിലാക്കുകയും പിന്നീട് നാഗാ കലാപം രൂക്ഷമായപ്പോള്‍ 1958 സെപ്റ്റംബര്‍ 11ന് സായുധസേന (അസം, മണിപ്പൂര്‍) പ്രത്യേക അധികാര നിയമം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഭരണഘടനയുടെ 355-ാം അനുച്ഛേദപ്രകാരം സംസ്ഥാനങ്ങളെ ആഭ്യന്തര അസ്വസ്ഥതകളില്‍ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ഈ നിയമത്തിന്റെ ഭരണഘടനാ സാധുത. ഈ നിയമത്തിന്റെ പ്രാദേശിക വ്യാപ്തി അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, അരുണാചല്‍പ്രദേശ്, മിസോറം എന്നീ വടക്കു കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലാണ്. പഞ്ചാബിലും സമാനനിയമം, സായുധസേന (പഞ്ചാബ്, ചണ്ഢിഗഡ്) പ്രത്യേക അധികാര നിയമം 1983ല്‍ നടപ്പിലാക്കിയെങ്കിലും 14 വര്‍ഷത്തിനുശേഷം 1997 ല്‍ നിയമം പിന്‍വലിച്ചു. 1990ല്‍ ജമ്മു കശ്മീരില്‍ സായുധസേന (ജമ്മു കശ്മീര്‍) പ്രത്യേക അധികാര നിയമം പ്രബല്യത്തില്‍ വന്നു. ഈ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ക്രമസമാധാനപാലനത്തിനായി, അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തിക്കുനേരെ വെടിവയ്ക്കുവാന്‍ വരെയുള്ള അധികാരം സേനയ്ക്ക് നല്കുന്നു.


ഇതുകൂടി വായിക്കാം; അഫ്‌സ്‌പ തുറന്നുകാട്ടുന്നത് ജീര്‍ണതയെയും മനുഷ്യത്വരാഹിത്യത്തെയും


വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുവാനും നിയമം അനുവാദം നല്കുന്നു. കൂടാതെ ഉത്തമ വിശ്വാസത്തോടെ ഈ നിയമത്തിനു കീഴില്‍ അധികാരം വിനിയോഗിക്കുന്നതിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്കും വിലക്കുണ്ടായിരുന്നു. എന്നാല്‍ 2016 ജൂലൈ എട്ടിന് സുപ്രധാനമായ ഒരു വിധിയിലൂടെ സുപ്രീം കോടതി അഫ്‌സ്‌പ പ്രകാരമുള്ള പ്രോസിക്യൂഷനെതിരെയുള്ള സംരക്ഷണം അവസാനിപ്പിച്ചു. “ഇര സാധാരണക്കാരനാണോ, തീവ്രവാദി ആണോ എന്നതും അക്രമി സാധാരണക്കാരനാണോ, ഭരണകൂടമാണോ എന്നതും പ്രശ്നമല്ല. നിയമം രണ്ടു പേര്‍ക്കും ഒരുപോലെ ബാധകമാണ്. ഇതാണ് ജനാധിപത്യത്തിന്റെ ആവശ്യകതയും രാജ്യത്തിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയും നിയമവാഴ്ചയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും.” പരമോന്നത കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. 1991ല്‍ തന്നെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ അംഗങ്ങള്‍ അഫ്‌സ്‌പയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് സന്ദേഹം പ്രകടിപ്പിക്കുകയും പൗരാവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി (ഐസിസിപിആര്‍)യുടെ അനുച്ഛേദം നാലിന് വിരുദ്ധമാണ് ഈ നിയമം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 2009ല്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ ഈ നിയമം റദ്ദാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. “സമകാലിക അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കൊളോണിയല്‍ കാലത്തെ നിയമം” എന്നാണ് യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ അഭിപ്രായപ്പെട്ടത്. 2012ലും സമാനമായ അഭിപ്രായം യുഎന്‍ രേഖപ്പെടുത്തി. 2000 നവംബര്‍ രണ്ടിന് മണിപ്പൂരില്‍ ഇറോം ശര്‍മിള ഈ നിയമത്തിനെതിരെ ആരംഭിച്ച നിരാഹാരസമരം 16 വര്‍ഷത്തോളം, 2016 ഓഗസ്റ്റ് ഒന്‍പതുവരെ തുടര്‍ന്നു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ ഈ നിയമം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടവരുത്തുന്നു എന്ന് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. മണിപ്പൂരിലെ ആറ് ഏറ്റുമുട്ടല്‍ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 2013ല്‍ നിയുക്തമായ സുപ്രീം കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍, ഇരകള്‍ക്കൊന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിനും മുമ്പുതന്നെ 2005 ജൂണ്‍ ആറിന് അഫ്‌സ്‌പ വെറുപ്പിന്റെയും അടിച്ചമര്‍ത്തലിന്റെയും നിയമമാണ്, അതിനാല്‍ റദ്ദാക്കണം എന്ന് ജസ്റ്റിസ് ജീവന്‍ റെഡ്ഡി കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്കിയിരുന്നു. അഫ്‌സ്‌പ എന്ന നിയമത്തിലൂടെ ഇന്ത്യ എന്ന സ്വതന്ത്രരാഷ്ട്രത്തിലെ പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ അളവില്ലാത്ത അധികാരമാണ് സായുധസേനകള്‍ക്ക് ലഭ്യമാവുന്നത്. സാധാരണ പൊലീസ് നിയമങ്ങള്‍ തന്നെ എത്രമാത്രം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് ദൈനംദിനം പത്രവാര്‍ത്തകളിലൂടെ തന്നെ നമ്മള്‍ കാണുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ സാധാരണ പൗരന്മാരുടെ നേരെയുള്ള അതിക്രമങ്ങള്‍ വരെ. സൈന്യത്തെ നിയോഗിക്കുന്ന ഇടങ്ങളില്‍ അവര്‍ക്ക് സമ്പൂര്‍ണമായ അധികാരം സാധാരണ‍ ജനങ്ങളുടെ മേല്‍ നല്കുന്ന ഇത്തരം നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കുവാന്‍ നിയുക്തമായ കമ്മിഷനുകള്‍ ഒന്നിലധികം തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇത്തരം നിയമങ്ങള്‍ ജനാധിപത്യത്തിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്നവയാണ് എന്നാണ് ആവര്‍ത്തിച്ചുവരുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.