15 November 2024, Friday
KSFE Galaxy Chits Banner 2

അധികാര കേന്ദ്രീകരണത്തിന് ഉദ്യോഗസ്ഥരെ ആജ്ഞാനുവര്‍ത്തികളാക്കുന്നു

Janayugom Webdesk
January 21, 2022 5:00 am

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ്, പൊലീസ് സര്‍വീസുകളിലെ ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച അധികാരം സമ്പൂര്‍ണമായും കയ്യാളാന്‍ കേന്ദ്ര സര്‍ക്കാര്‍ ചട്ടഭേദഗതിക്ക് മുതിരുന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാന സര്‍ക്കാരുകളുടെ നിരാക്ഷേപ പത്രം (എന്‍ഒസി) വ്യവസ്ഥ ചെയ്യുന്ന ചട്ടമടക്കം വിവിധ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാണ് കേന്ദ്ര നീക്കം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിങ് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തോട് രേഖാമൂലം പ്രതികരിച്ചവരും അല്ലാത്തവരുമായ സംസ്ഥാനങ്ങള്‍ ഏറെയും അതില്‍ ഉല്‍ക്കണ്ഠാകുലരും എതിര്‍പ്പുള്ളവരുമാണ്. അത് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന്റെ മറ്റൊരു മുന്നണിയായി മാറാനുള്ള സാധ്യത ശക്തമാണ്. കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപിയും അവരുള്‍പ്പെട്ട മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളും നിര്‍ദേശത്തോട് വിയോജിപ്പും എതിര്‍പ്പും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രാലയങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മോഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്പൂര്‍ണ അധികാര അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. മറ്റെല്ലാ രംഗങ്ങളിലും എന്നതുപോലെ ഉദ്യോഗസ്ഥതലത്തിലും അധികാര കേന്ദ്രീകരണത്തിനായുള്ള ശ്രമമാണ് നിര്‍ദിഷ്ട ചട്ട ഭേദഗതികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്ന രാജ്യത്തിന്റെ സഹകരണാത്മക ഫെഡറല്‍ സംവിധാനത്തെ കേന്ദ്രീകൃത അധികാരങ്ങളോടു കൂടിയ യൂണിയന് വിധേയമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ എന്ന നിലയില്‍ പുനഃസംഘടനക്കാണ് മോഡി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

 


ഇതുംകൂടി വായിക്കാം:വിശപ്പിനെതിരായ പോരാട്ടം കേന്ദ്രനിലപാട് അപലപനീയം


അഖിലേന്ത്യ കേഡറില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവമാണ് മുഖ്യ പ്രശ്നമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുക വഴി അത് നിഷ്‌പ്രയാസം പരിഹരിക്കാവുന്നതേയുള്ളു. വിദ്യാസമ്പന്നരും പ്രാപ്തരുമായ അതിവിപുലമായ യുവനിരക്ക് അര്‍ഹമായ അംഗീകാരം നിഷേധിക്കപ്പെടുന്ന രാജ്യത്ത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഖിലേന്ത്യ സര്‍വീസില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കേന്ദ്രവും സംസ്ഥാനങ്ങളും ഏറ്റുമുട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. രാജ്യത്തു നിന്നുള്ള ‘മസ്തിഷ്ക ചോര്‍ച്ച’ ഒരളവുവരെ തടയുന്നതിനും അത്തരം സമീപനം സഹായകമാവും. വസ്തുത ഇതായിരിക്കെ അഖിലേന്ത്യ കേഡറില്‍പ്പെട്ട ഉദ്യോഗസ്ഥരെ സംബന്ധിക്കുന്ന ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ഗൂഢോദ്ദേശത്തോടു കൂടിയതാണ്. അഖിലേന്ത്യ കേഡറി­ല്‍പ്പെട്ട ഉദ്യോഗസ്ഥര്‍ സംഘപരിവാര്‍ കാലാ­ള്‍പ്പട കണക്കെ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായ ‘സേവക’രായിരിക്കണമെന്ന സങ്കല്പത്തില്‍ നിന്നാണ് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നിര്‍ദേശം ഉദ്ഭവിക്കുന്നത്. സംസ്ഥാനങ്ങളുടെ വികസനമടക്കം ജനതാല്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരുകളുടെ അവിഭാജ്യ ഘടകങ്ങളാണ്. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥരെ കോളനി ഭരണകാലത്തെന്നപോലെ കേന്ദ്രഭരണകൂടത്തിന്റെ ദല്ലാള്‍മാരാക്കി മാറ്റാന്‍ മോഡി സര്‍ക്കാര്‍ ഇതിനകം ശ്രമം നടത്തിയിട്ടുണ്ട്.

നിലവിലുള്ള ഭരണഘടനയ്ക്കും അതിലധിഷ്ഠിതമായ ചട്ടങ്ങളും വച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം കെെവരിക്കാനാവില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് പുതിയ നിര്‍ദേശം ഉദ്ഭവിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും ആധുനിക ഇന്ത്യയുടെ സ്വഭാവ സവിശേഷതകളെയും നിരാകരിച്ചുകൊണ്ടും തകര്‍ത്തുകൊണ്ടുമെ തങ്ങള്‍ ആഗ്രഹിക്കുന്ന ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനാവു എന്ന് ബിജെപി-സംഘപരിവാര്‍ ഫാസിസ്റ്റ് നേതൃത്വം കരുതുന്നു. നികുതി സമ്പ്രദായം മുതല്‍ രാജ്യത്തിന്റെ വെെവിധ്യത്തെ നിഷേധിക്കുന്ന ദൂരദര്‍ശന്‍, ആകാശവാണി സംപ്രേഷണ, പ്രക്ഷേപണ പരിപാടികളിലെ മാറ്റം വരെ അത്തരം ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. ആ പട്ടികയിലെ ഏറ്റവും പുതിയ ഇനമാണ് ഉദ്യോഗസ്ഥ സംവിധാനത്തെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റാനുള്ള ഗൂഢനീക്കം. നിര്‍ദിഷ്ട ചട്ട ഭേദഗതി സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണ പ്രക്രിയയെ തളര്‍ത്തുക മാത്രമല്ല ആ ശൂന്യതയിലേക്കുള്ള കേന്ദ്ര കടന്നുകയറ്റം സുഗമമാക്കുകയും ചെയ്യും. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ തനത് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രസക്തിക്കു കൂടിയാണ് കേന്ദ്രനീക്കം അടിവരയിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.