30 April 2024, Tuesday

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ശമ്പളം നിര്‍ണയിക്കുന്നതുപോലും യോഗി: എന്‍എസ്ഇയുടെ സിഇഒ ചിത്രാ രാമകൃഷ്ണയെ നയിച്ചത് അജ്ഞാത ‘യോഗി’

Janayugom Webdesk
ന്യൂഡൽഹി
February 13, 2022 6:37 pm

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സിഇഒയും എംഡിയുമായ ചിത്രാ രാമകൃഷ്ണയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നാല് ലക്ഷം കോടി ഡോളർ വിപണി മൂലധനമുള്ള എൻഎസ്ഇ യെ സംബന്ധിച്ചുള്ള പല സുപ്രധാന തീരുമാനങ്ങളും ചിത്ര സ്വീകരിച്ചത് അജ്ഞാതനായ ഒരു ‘യോഗി‘യുടെ നിർദേശ പ്രകാരമാണെന്നാണ് സെബിയുടെ കണ്ടെത്തൽ. ഹിമാലയത്തിൽ താമസിക്കുന്നതായി കരുതുന്ന യോഗിയെ ‘ശിരോന്മണി ’എന്ന പേരിലാണ് ചിത്രാ രാമകൃഷ്ണ സംബോധന ചെയ്തിരുന്നത്.

ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ മുതൽ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാൽ ഒരിക്കൽ പോലും ചിത്ര രാമകൃഷ്ണ ഇയാളെ നേരിൽ കണ്ടിട്ടില്ല. ഈമെയിലൂടെയാണ് ഈ അജ്ഞാതന്‍ മൂന്ന് വർഷം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിർണായക തീരുമാനങ്ങളെടുത്തതെന്ന വിവരമാണ് പുറത്തുവരുന്നത്. ‘യോഗി‘യുടെ പ്രവചനങ്ങളിൽ ആകൃഷ്ടയായ ചിത്ര അഞ്ച് വർഷക്കാലത്തെ കമ്പനിയുടെ ബിസിനസ് പ്ലാനുകളും മറ്റ് സാമ്പത്തിക വിവരങ്ങളും ഇയാളുമായി പങ്കുവച്ചിരുന്നു.

കമ്പനിയുടെ സിഒ ആയി 2013 ൽ ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചതും യോഗിയുടെ ഉപദേശപ്രകാരമായിരുന്നു. 2013 ജനുവരി 18 ന് 1.68 കോടി രൂപ വാർഷിക ശമ്പളത്തിൽ എൻഎസ്ഇയിൽ ആനന്ദ് സുബ്രഹ്മണ്യത്തിന് തസ്തിക വാഗ്ദാനം ചെയ്തു. 2014 മാർച്ചിൽ 20 ശതമാനം വേതന വർധന അംഗീകരിക്കുകയും ശമ്പളം 2.01 കോടി രൂപയായി പരിഷ്കരിക്കുകയും ചെയ്തു. അഞ്ചാഴ്ചയ്ക്ക് ശേഷം, സുബ്രഹ്മണ്യത്തിന്റെ ശമ്പളം വീണ്ടും 15 ശതമാനം വർധിപ്പിച്ച് 2.31 കോടി രൂപയായി ഉയർത്തി. 2015 ആയപ്പോഴേക്കും അദ്ദേഹത്തിനു വേണ്ടിയുള്ള കമ്പനിയുടെ ചെലവ് അഞ്ച് കോടി രൂപയായി ഉയർന്നു.

ആനന്ദ് സുബ്രഹ്മണ്യത്തിന് ചിത്രാ രാമകൃഷ്ണന്റെ അടുത്ത ക്യാബിൻ നൽകിയതും ഒന്നാം ക്ലാസ് അന്താരാഷ്ട്ര വിമാനയാത്ര അനുവദിച്ചതും ‘യോഗി‘യുടെ നിർദേശപ്രകാരമായിരുന്നു. പിന്നീട് ആനന്ദ് സുബ്രഹ്മണ്യത്തിന്റെ നിയമനം കമ്പനി ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സെബി ഇവർക്ക് പിഴ ചുമത്തിയിരുന്നു. കോ-ലോക്കേഷൻ ആൽഗോ ട്രേഡിങ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ചിത്രയെ 2016ൽ എൻഎസ്ഇയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. കമ്പനിയിൽ നിന്ന് പുറത്തുപോകുമ്പോൾ 44 കോടി രൂപ ശമ്പള കുടിശിക ഇനത്തിൽ ഇവർ കൈപ്പറ്റിയതായി സെബി കണ്ടെത്തി.

ഇതുവരെ നേരിൽ കാണാത്ത യോഗിയുമായി ഏകദേശം 20 വർഷം ഇവർ ഇമെയിലൂടെ ബന്ധപ്പെടുകയും നാഷണൽ സെക്യൂരിറ്റി എക്സ്ചേഞ്ചിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഉപദേശം തേടിയെന്നും സെബിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇമെയിൽ സന്ദേശങ്ങൾ അടക്കമുള്ള കാര്യങ്ങൾ വാസ്തവമാണെന്ന് ചിത്രാ രാമകൃഷ്ണ സമ്മതിച്ചെന്നും ‘യോഗി‘യുടെ സാന്നിധ്യം അനുഭവച്ചറിയാൻ രൂപത്തിന്റെ ആവശ്യമില്ലെന്ന് അവർ മൊഴി നൽകിയതായും സെബി വൃത്തങ്ങൾ വെളിപ്പെടുത്തി.

അന്വേഷണത്തെ തുടർന്ന് ചിത്ര രാമകൃഷ്ണയ്ക്ക് മൂന്ന് കോടിയും ആനന്ദ് സുബ്രഹ്മണ്യത്തിനും എൻഎസ്ഇ മുൻ സിഇഒ രവി നാരായണനും രണ്ട് കോടി വീതവും എൻഎസ്ഇ ഉദ്യോഗസ്ഥനായ ആർ നരസിംഹന് ആറ് ലക്ഷവും സെബി പിഴ വിധിച്ചിട്ടുണ്ട്. ഇതോടൊപ്പം ചിത്രാ രാമകൃഷ്ണ, ആനന്ദ് സുബ്രഹ്മണ്യം എന്നിവർ ഏതെങ്കിലും മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനവുമായോ സെബിയിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഇടനിലക്കാരുമായോ ബന്ധപ്പെടുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. രവി നാരായണന് ഈ നിയന്ത്രണം രണ്ട് വർഷത്തേക്കാണ് നൽകിയതെന്ന് സെബി വ്യക്തമാക്കി.

 

Eng­lish Sum­ma­ry: Nation­al Stock Exchange: Chi­tra Ramakr­ish­na led by an anony­mous ‘yogi’ believed to be liv­ing in the Himalayas

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.