6 October 2024, Sunday
KSFE Galaxy Chits Banner 2

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാവുമ്പോൾ

എം വി ഗോവിന്ദൻ
തദ്ദേശ സ്വയഭരണം, എക്സൈസ് വകുപ്പ് മന്ത്രി
February 19, 2022 6:00 am

‘നികുതിപിരിവും സമാധാന പരിപാലനവും മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങളുടെ, വിശേഷിച്ചും പാവപ്പെട്ടവരുടെ ക്ഷേമം വളർത്തലും കൂടിയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. രീതി ജനാധിപത്യപരമാകണം. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഭരണയന്ത്രത്തിന്റെ കൂറ് ആത്യന്തികമായി വിദേശ ശക്തിയോടായിരുന്നെങ്കിൽ, ഇനിയങ്ങോട്ട് അതിന്റെ ഉത്തരവാദിത്തം ജനങ്ങളോടും ജനപ്രതിനിധികളോടുമായിരിക്കും എന്നുവന്നു. ഈ മാറ്റങ്ങൾ ഭരണ സംവിധാനത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിനും പുതിയ കടമകളും ചുമതലകളും സൃഷ്ടിച്ചിരിക്കുന്നു. ഇത് അവരുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും വൈദഗ്ധ്യത്തിലും പരിശീലനത്തിലും സമഗ്രമായ നവീകരണം ആവശ്യമാക്കിത്തീർക്കുന്നു.’ ‘ഉദ്യോഗസ്ഥരുടെ ഭരണത്തിൽ നിന്നും ജനങ്ങളുടെ ഭരണത്തിലേക്ക്’ എന്ന ലേഖനത്തിൽ സംസ്ഥാനത്തെ ആദ്യത്തെ ഭരണപരിഷ്കാരക്കമ്മിറ്റിയുടെ അധ്യക്ഷനായ ഇഎംഎസ് ഉദ്ധരിച്ച പരാമർശമാണിത്. ആ കമ്മിറ്റി മുമ്പാകെ എത്തിയ സാക്ഷികളുടെ ‘ഭരണവ്യവസ്ഥയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ? ’ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോഴാണ് മുകളിൽ പറഞ്ഞ നിരീക്ഷണമുണ്ടായത്. ഭരണയന്ത്രത്തിന്റെ നവീകരണത്തിലൂടെ മാത്രമേ തങ്ങളുടെ കടമകളും ചുമതലകളും നിർവഹിക്കാൻ ഉദ്യോഗസ്ഥവൃന്ദത്തിന് സാധിക്കുകയുള്ളു. അപ്പോഴാണ് അത് ജനപക്ഷമായി മാറുന്നത്. ഐക്യകേരളമുണ്ടായ കാലം മുതൽ നിലവിലുള്ള ഭരണ സംവിധാനത്തിൽ അന്നുവരെ ഇല്ലാതിരുന്ന നിരവധി സവിശേഷതകൾ പിന്നീട് സ്വീകരിച്ചിട്ടുണ്ട്. അവയെ ഉൾക്കൊള്ളാതെ ഭരണം മുന്നോട്ടുകൊണ്ടുപോകാനാവില്ല. അതാത് കാലത്തെ പരിതസ്ഥിതിയിലെ പുതിയ ഘടകങ്ങൾ കൃത്യമായും ഏവയെന്നും അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കണ്ടുപിടിച്ച് മുന്നോട്ടുപോകാനാണ് ഒന്നാം ഭരണപരിഷ്കാര കമ്മിറ്റി നിർദേശിച്ചത്. ഇത്തരത്തിലുള്ള ചിന്തകളും ഭരണ സംവിധാനത്തെ പരിഷ്കരിക്കാനുള്ള പരിശ്രമങ്ങളും ഇടതുപക്ഷ ഭരണകാലങ്ങളിലെല്ലാം ഉയർന്നുവന്നിട്ടുണ്ട്.

രണ്ടാം പിണറായി വിജയൻ സർക്കാർ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാക്കുന്നതും ഭരണപരിഷ്കാരത്തിന്റെ ഭാഗമായാണ്. ഇതിലൂടെ ജനങ്ങൾക്ക് കൂടതൽ കാര്യക്ഷമതയോടെയും വേഗത്തിലും അഴിമതിമുക്തമായും സേവനങ്ങൾ ലഭ്യമാക്കാനാവും. അധികാര വികേന്ദ്രീകരണ പ്രക്രിയയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താനുതകുന്ന രീതിയിലാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം, നഗര‑ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെയാണ് ഏകോപിപ്പിക്കുന്നത്. ഏകീകൃത വകുപ്പിൽ റൂറൽ, അർബൻ, പ്ലാനിങ്, എന്‍ജിനീയറിങ് എന്നീ നാലു വിഭാഗങ്ങളാണ് ഉണ്ടാവുക. റൂറൽ, അർബൻ വിഭാഗങ്ങളുടെ തലവന്മാർ ഐഎഎസ് തസ്തികയിലുള്ള ഡയറക്ടർമാരാണ്. പ്ലാനിങ് വിഭാഗത്തിന്റെ തലവൻ ചീഫ് ടൗൺ പ്ലാനറും എന്‍ജിനീയറിങ് വിഭാഗത്തിന്റെ തലവൻ ചീഫ് എന്‍ജിനീയറുമായിരിക്കും. എന്‍ജിനീയറിങ് വിഭാഗത്തിന്റെ പേരിലും മാറ്റമുണ്ടാകും. ലോക്കൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ആന്റ് എന്‍ജിനീയറിങ് എന്നാണ് ഇനി ആ വിഭാഗം അറിയപ്പെടുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് സഹായകരമായി നിർദേശിക്കപ്പെട്ടിട്ടുള്ള പബ്ലിക് ഹെൽത്ത് ആന്റ് എൻവയോൺമെന്റ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ, എംപവർമെന്റ്, ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് എന്നീ ഉപവിഭാഗങ്ങളും ഉണ്ടാവും. സംസ്ഥാന തലത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റാണ് ഉണ്ടാവുക. തിരുവനന്തപുരത്തെ സ്വരാജ്ഭവൻ ഇതിനായി ഒരുങ്ങികഴിഞ്ഞു. ഏകീകൃത വകുപ്പിന്റെ മേധാവി പ്രിൻസിപ്പൽ ഡയറക്ടറായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഭരണപരമായ സഹായം എത്തിച്ചുകൊടുക്കുക എന്നതാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രധാന ലക്ഷ്യം. മുപ്പത്തി ഒന്നായിരത്തിലധികം സ്ഥിരം ജീവനക്കാരും ഏഴായിരത്തോളം വരുന്ന കണ്ടിജന്റ് ജീവനക്കാരും ചേരുന്ന ഒരു പൊതുസർവീസാണ് സംസ്ഥാനത്തും ജില്ലയിലും ഏകീകൃത കാര്യാലയങ്ങൾ സഹിതം നിലവിൽ വരുന്നത്. ഇവരെയെല്ലാം മേൽപ്പറഞ്ഞ ലക്ഷ്യം നേടുന്നതിനായി ജൈവികമായി ബന്ധിപ്പിക്കുകയും സാങ്കേതിക സഹായത്തോടെ ഏകോപിത പിന്തുണാസംവിധാനമായി മാറുകയും ചെയ്യും. ഏകീകൃത തദ്ദേശ സ്വയംഭരണ കേഡറിനെക്കുറിച്ച് സംസ്ഥാനത്തെ ഒന്നാം ഭരണപരിഷ്കാര കമ്മിഷൻ സൂചിപ്പിച്ചിട്ടുള്ളത്, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഗുണഫലങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കുവാൻ വേണ്ടിയുള്ളതാവണം എന്നാണ്.

 


ഇതുകൂടി വായിക്കാം; തദ്ദേശസ്വയംഭരണം സാർത്ഥകമാകാൻ


 

സെൻ കമ്മിറ്റിയും 2013ലെ മണിശങ്കർ അയ്യർ കമ്മിഷൻ റിപ്പോർട്ടും ഇതേക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിനോ, ജില്ലയ്ക്കോ തദ്ദേശസ്വയംഭരണ ജീവനക്കാർക്കായുള്ള സർവീസ് ഉണ്ടാക്കാം എന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷൻ 179(3)ലും 180(4) ലും പറയുന്നു. കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളെ താരതമ്യം ചെയ്തു നടത്തിയ പഠനത്തിൽ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ അനുയോജ്യമായ ഒരു കേഡർ എന്നതിനെക്കുറിച്ച് വിഭാവനം ചെയ്യുന്നുണ്ട്. അതായത്, ഇതുസംബന്ധിച്ച പഠനങ്ങളും കാഴ്ചപ്പാടുകളും നേരത്തെ തന്നെ വിവിധ തലങ്ങളിൽ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോൾ മൂർത്തമാക്കിയ സ്റ്റേറ്റ്, സബോർഡിനേറ്റ് ചട്ടങ്ങൾ രൂപപ്പെടുത്തിയത് വളരെ നീണ്ട ചർച്ചകൾക്കും ആഴത്തിലുള്ള പഠന വിശകലനങ്ങൾക്കും ശേഷമാണ്. ഒരു സർക്കാരിന് ജനപക്ഷത്ത് നിൽക്കാനാവണമെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയേ മതിയാവു. ജനങ്ങളുടെ ഏറ്റവും അടുത്തുനിൽക്കുന്ന പ്രാദേശിക സർക്കാരുകളാണ് അവ. ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയമാണ് ഈ ശക്തിപ്പെടുത്തൽ. ഇതിന്റെ ഭാഗമാണ് വ്യത്യസ്ത വകുപ്പുകളായി നിൽക്കുന്ന, എന്നാൽ ഒരേ സ്വഭാവമുള്ള അഞ്ചു വകുപ്പുകളെ ഏകോപിപ്പിക്കുന്ന നടപടി. താഴെ തലം മുതൽ സെക്രട്ടേറിയറ്റ് വരെ ശക്തമായ ഒരു പിന്തുണാസംവിധാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത് ശക്തിപ്പെടുത്താനാവും. നേരത്തെ സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്ന ഗ്രാമവികസന വകുപ്പും തദ്ദേശ ഭരണവകുപ്പും സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് രൂപീകരിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. കൂടാതെ സമാന രീതിയിൽ പ്രവർത്തിക്കുന്ന സെക്ഷനുകളും അന്ന് പുനസംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിൽ നടപ്പിലാക്കിയതു പോലെയുള്ള ഏകോപനം അഞ്ചുവകുപ്പുകളിലും നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ 2011 ൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അന്നത് നടപ്പിലാക്കാനായില്ല.

2016ലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഇക്കാര്യം പ്രഖ്യാപിക്കുന്നുണ്ട്. തുടർന്നാണ് കരട് നിർദേശങ്ങൾ സമർപ്പിക്കാൻ ലോക്കൽ ഗവൺമെന്റ് കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. വിവിധ സർവീസ് സംഘടനകളുമായും ജനപ്രതിനിധികളുടെ സംഘടനകളുമായും ചർച്ച നടത്തി വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കരട് ചട്ടങ്ങൾ ലോക്കൽ ഗവൺമെന്റ് കമ്മിഷൻ സർക്കാരിന് സമർപ്പിച്ചു. ചർച്ചയിൽ നിർദേശിക്കപ്പെട്ട ഭേദഗതികൾ പരിശോധിക്കുന്നതിനും അന്തിമമാക്കുന്നതിനും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റിയുടെ നിർദേശങ്ങളും സർക്കാരിന് ലഭിച്ചു. ഏകീകൃത വകുപ്പ് രൂപീകരിക്കുന്നതിന് മുനിസിപ്പൽ കോമൺ സർവീസിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കിക്കൊണ്ട് കേരള മുനിസിപ്പാലിറ്റി (ഭേദഗതി) നിയമം പാസാക്കി. ലോക്കൽ ഗവൺമെന്റ് കമ്മിഷൻ സമർപ്പിച്ച കരട് ചട്ടങ്ങളും തുടർന്ന് നിർദേശിക്കപ്പെട്ട ഭേദഗതികളും പരിശോധിച്ച് അഞ്ചുവകുപ്പുകളും ഏകോപിപ്പിച്ച് ലോക്കൽ സെൽഫ് ഗവൺമെന്റ് വകുപ്പ് രൂപീകരിക്കാനും വകുപ്പുതലവന്റെ പേര് പ്രിൻസിപ്പൽ ഡയറക്ടർ എന്നാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമൊക്കെ സംബന്ധിച്ച് ജീവനക്കാർക്കുള്ള എല്ലാ ആശങ്കകളും പരിഹരിച്ചാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന പ്രാദേശിക സർക്കാരുകൾക്ക് മുന്നിൽ സേവനങ്ങൾക്ക് വേണ്ടി സമീപിക്കുമ്പോൾ ചുവപ്പുനാടകളും ബ്യൂറോക്രാറ്റിക് തട്ടുകളും ഒരിക്കലും തടസമാവരുത്. കാത്തിരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സംവിധാനമാണ് ആവശ്യം. ഏകീകൃത വകുപ്പിൽ ഫയലുകളിൽ തീരുമാനം കൈക്കൊള്ളുന്നതിന് ഉദ്യോഗസ്ഥ തലത്തിലുള്ള തട്ടുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അതിനാൽ വേഗത്തിൽ തീരുമാനങ്ങളുണ്ടാവും. സർക്കാരിന്റെ നയപരമായ തീരുമാനമോ, സ്പഷ്ടീകരണമോ, പ്രത്യേക സാങ്കേതികാനുമതിയോ ആവശ്യമുള്ള ഫയലുകൾ ഒഴികെ ബാക്കിയെല്ലാറ്റിലും തീരുമാനമെടുക്കുന്നതിന് മൂന്ന് തട്ടിലുള്ള ഉദ്യോഗസ്ഥ സംവിധാനം മാത്രമേ ഇനി ഉണ്ടാവുകയുള്ളു. ഇത് ഫയൽ തീർപ്പാക്കുന്നതിൽ വലിയ രീതിയിലുള്ള മാറ്റമുണ്ടാക്കും. ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാവും.

 


ഇതുകൂടി വായിക്കാം; പുതിയ തദ്ദേശ ഭരണസമിതികൾ അധികാരം ഏൽക്കുമ്പോൾ


 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുകൊണ്ടുള്ള പ്രവർത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവിൽ വരുന്നതോടെ ഇത് നടപ്പിലാവും. വിവിധ തട്ടുകളിൽ നടക്കുന്ന പ്രാദേശിക ആസൂത്രണ പ്രവർത്തനങ്ങളുടെ ഏകോപനവും ഉണ്ടാവും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ആസൂത്രണ പദ്ധതികൾ തയാറാക്കി നടപ്പാക്കുന്നതിന് അനിവാര്യമാണ്. ഓരോ ജില്ലയുടെയും മൊത്തത്തിലുള്ള ആസൂത്രണത്തിനും ഇത് സഹായകമാവും. പ്രാദേശിക ഭരണ നിർവഹണത്തിലും വികസന ഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാടനുസരിച്ച് മാറ്റങ്ങളുണ്ടാക്കാൻ പൊതുസർവീസ് രൂപീകരണത്തിലൂടെ കഴിയും. അതുവഴി ആസൂത്രണ പ്രക്രിയ മാത്രമല്ല, വിവിധ സേവന പ്രദാന പ്രവർത്തനങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്തങ്ങളും, ഏകീകൃത സ്വഭാവത്തോടെയും നിശ്ചിത നിലവാരമുറപ്പുവരുത്തിയും നടപ്പിൽവരുത്താനാവും. തദ്ദേശസ്വയംഭരണ പൊതുഭരണ സംവിധാനം ഏകോപിതമായി പ്രവർത്തിക്കുന്നതോടെ വിവിധ കേന്ദ്രാവിഷ്കൃത‑സംസ്ഥാനാവിഷ്കൃത പദ്ധതികൾ ഫലപ്രദമായും പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റിയും വികസന നേട്ടമുണ്ടാക്കാൻ വഴിയൊരുക്കും. ഏകീകൃത വകുപ്പിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും നിലവിൽ വരുന്നതോടെ ജില്ലാ ആസൂത്രണ സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നതിൽ സംശയമില്ല. ജില്ലാ പദ്ധതിയും സംസ്ഥാന പദ്ധതിയും തമ്മിലുള്ള പരസ്പര പൂരകത്വം ഉറപ്പാക്കാനുമാവും. ഇതിന്റെയൊക്കെ ഗുണഫലം ലഭിക്കുന്നത് നാട്ടിലെ ജനങ്ങൾക്കാവുമ്പോൾ ഇടതുപക്ഷ ബദലിന്റെ പ്രസക്തി വർധിക്കുന്നു. കേരളത്തിന്റെ സമഗ്രമായ വികസന കുതിപ്പിന് കരുത്തേകാൻ ഉതകുന്നതും ജനകീയവും സേവനപ്രദാനവുമായ സർവീസ് ഉറപ്പുവരുത്തുന്നതുമായ ചരിത്രപരമായ കാൽവെപ്പാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രൂപീകരണം. സമകാലീന കേരളത്തിൽ പ്രാദേശിക സർക്കാരുകൾ അടക്കമുള്ള ഭരണസംവിധാനത്തെ നവീകരിക്കാനും കൂടുതൽ ജനപക്ഷമാക്കി മാറ്റാനും രണ്ടാം പിണറായി വിജയൻ സർക്കാരിന് സാധിക്കുമ്പോൾ, മലയാളിയുടെ കേരള മോഡലെന്ന കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. നവകേരളം സാധിതമാകുന്നത് ഇങ്ങനെയൊക്കെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.