ആഗോളതലത്തില്‍ സെെനിക ഏറ്റുമുട്ടലുകളൊ കലാപങ്ങളൊ പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം അത്തരം പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്നെല്ലാം ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടില്‍ തിരികെ എത്തിക്കുന്നതില്‍ വന്‍വിജയം അവകാശപ്പെടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന് നിരവധി അനുഭവങ്ങളുണ്ട്. ഇത്തരത്തില്‍ ഏറ്റവും വലിയൊരു രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ളത് 1990 ഓഗസ്റ്റ്-ഒക്ടോബര്‍ കാലയളവിലെ കുവെെറ്റ് യുദ്ധത്തിനിടെയായിരുന്നു. ഇന്ത്യയുടെ വായുസേനയും എയര്‍ ഇന്ത്യയും ചേര്‍ന്ന് 1,70,000 ഇന്ത്യക്കാരെയാണ് അന്ന് നാട്ടിലെത്തിച്ചത്. സമാനമായ രക്ഷാദൗത്യമാണ് 1996ല്‍ യുഎഇയില്‍ നിന്നും 2011ല്‍ ഈജിപ്റ്റില്‍ നിന്നും 2015ല്‍ യെമനില്‍ നിന്നും മധ്യേഷ്യയിലെ സെെനിക ഏറ്റുമുട്ടലുകളെത്തുടര്‍ന്നും മറ്റും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി നാട്ടില്‍ തിരികെ എത്തിച്ചത്. ഉക്രെയ്ന്‍-റഷ്യ സെെനിക ഏറ്റുമുട്ടലിനു മുമ്പ്, കോവിഡ് മഹാമാരി അതിന്റെ ഗുരുതരാവസ്ഥയില്‍ എത്തിനില്‍ക്കെ 2020ല്‍ ചെെനയിലെ വുഹാനില്‍ നിന്നും അഫ്ഗാനിസ്ഥാന്‍ ലഹളയില്‍ അവിടെ നിന്നും 2021 ഓഗസ്റ്റിലും ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ പൗരന്മാരെയുമാണ് നമുക്ക് രക്ഷിക്കാന്‍ കഴിഞ്ഞത്. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഉക്രെയ്‌നില്‍ നടന്ന സെെനികാക്രമണം ഉളവാക്കിയ നിര്‍ണായക സമയങ്ങളില്‍, ഇന്ത്യയിലെ മോഡി സര്‍ക്കാര്‍ ഇതേ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു എന്നൊരു ധാരണ ഉളവായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. ഈ ധാരണ അടിസ്ഥാനരഹിതമാണെന്നു കരുതാനാവില്ല. സര്‍ക്കാര്‍ ഈ അവസരം പിആര്‍ വര്‍ക്കിന്റെ ഭാഗമാക്കുകയും കേന്ദ്രമന്ത്രിമാര്‍ എയര്‍പോര്‍ട്ടുകളില്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരെപ്പോലെ വരിവരിയായി നിന്ന് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്ന രംഗം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ഔദ്യോഗിക ഫോട്ടോഗ്രാഫറോ, മാധ്യമ ഫോട്ടോഗ്രാഫര്‍മാരൊ ഉണ്ടെങ്കില്‍ ഒരു നമസ്തേ പറയാനും ഒന്നു പുഞ്ചിരിക്കാനും അവര്‍ പണിപ്പെടുന്നത് ടിവി വഴി കാണാന്‍ കഴിയുമായിരുന്നു. ഒരുതരത്തില്‍ തെരഞ്ഞെടുപ്പു റാലികള്‍ക്ക് ജനങ്ങളെ വരവേല്‍ക്കുന്നതുപോലെയായിരുന്നു മന്ത്രിമാരുടെ ഈ പിആര്‍ പരിപാടിയും. പണ്ടൊക്കെ, ഇതൊരു സാധാരണ ഔദ്യോഗിക മര്യാദ മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു. കൃത്യസമയത്ത് ഇടപെടലുകള്‍ നടത്തി പരമാവധി ഇന്ത്യക്കാരെ ഉക്രെയ്‌നില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനുപകരം ഈ ഒഴിപ്പിക്കല്‍ പ്രക്രിയയെ ആകെത്തന്നെ ഒരുതരം താണ മാധ്യമ സര്‍ക്കസായി മാറ്റാനാണ് ഒരുഭാഗത്ത് സര്‍ക്കാരും മറുഭാഗത്ത് ഏതാനും പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇത്തരം കപട നാട്യങ്ങളുടെ ശരിതെറ്റുകള്‍ എന്തുതന്നെ ആയിരുന്നാലും ഇന്ത്യയുടെ പ്രതിഛായക്ക് ഇതെല്ലാം കനത്ത ആഘാതമാണ് ഏല്പിച്ചിട്ടുള്ളത്. ഉക്രെയ്ന്‍ — റഷ്യ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതില്‍ മോഡി സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് അംഗീകരിക്കുമ്പോള്‍തന്നെ അതില്‍ നിന്നും അതിന് ഇരയായവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറാനും സാധ്യമല്ല. അതേയവസരത്തില്‍ ഇത്രയും വ്യാപകവും വിനാശകരവുമായ ഒരു സൈനിക ഏറ്റുമുട്ടലില്‍ കുടുങ്ങിപ്പോയ 20,000 ല്‍പ്പരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി സ്വന്തം നാട്ടില്‍ തിരികെ എത്തിക്കുകയെന്നത് തീര്‍ത്തും ശ്രമകരമായൊരു അഭ്യാസമാണെന്നതിലും തര്‍ക്കമില്ല. എന്തിനുവേണ്ടിയായിരുന്നു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെ പഴി പറയുന്നതിന് സമയം പാഴാക്കിയത് എന്നും ബന്ധപ്പെട്ടവര്‍ ആരും ചോദിച്ചിരുന്നില്ല. അത്രയും ആശ്വാസമായി. സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതികൂലിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ വ്യവസ്ഥകളനുസരിച്ച് നടപടികളെടുക്കാതിരുന്നതും സ്വാഗതാര്‍ഹം തന്നെ. ഇതിനെല്ലാം പകരം, ഒരുപറ്റം കേന്ദ്രമന്ത്രിമാരെയും സംഘപരിവാര്‍ അനുകൂലികളായ ഉദ്യോഗസ്ഥന്മാരെയും ഉക്രെയ്‌ന്‍ അതിര്‍ത്തിയിലുള്ള റഷ്യന്‍ വിരുദ്ധ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കും അയച്ച് പിആര്‍ വര്‍ക്കും ഇവന്റ് മാനേജ്മെന്റ് മാതൃക രംഗങ്ങളും ഒരുക്കുകയല്ലേ ചെയ്തത്? ഇതിനെല്ലാം, കേന്ദ്ര മോഡിഭരണകൂടത്തെ പൂവിട്ട് പൂജിക്കുകയല്ലെ ചെയ്യേണ്ടത്? ന്യായമായ ചോദ്യം തന്നെ. ഇനി ഇന്ത്യന്‍ എംബസിയുടെ കാര്യം. വിദേശമന്ത്രാലയത്തിനു കീഴിലുള്ള ഈ ഓഫീസുകളിലെ ജീവനക്കാര്‍ വിദേശ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ദാസ്യവേല ചെയ്യുന്നവരൊന്നുമല്ല. സാധാരണ നിലയില്‍ വലിയ കുഴപ്പങ്ങളോ, പ്രശ്നങ്ങളോ ഇല്ലെന്നു കരുതപ്പെടുന്ന വിദേശ എംബസികളില്‍ സേവനം ചെയ്യാന്‍ അപൂര്‍വമായി മാത്രമേ പലര്‍ക്കും അവസരങ്ങള്‍ കിട്ടാറുള്ളു. ഇതൊക്കെ പലപ്പോഴും സംഘടിപ്പിച്ചെടുക്കാറുമുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നതാണ്. വളരെ പ്രയാസപ്പെട്ട് കിട്ടുന്ന അവസരങ്ങള്‍ ഉപേക്ഷിക്കുക അത്ര എളുപ്പമാവില്ല. ഒരിക്കല്‍ അവ നേടിയെടുത്തുകഴിഞ്ഞാല്‍ ഏത് വിധേനയും അത് നിലനിര്‍ത്തുകയും വേണം. ശാരീരികമായോ ബുദ്ധിപരമായോ വലിയ അധ്വാനമൊന്നും ആവശ്യമില്ലെന്നതിനാല്‍ ‘ഒപ്പിച്ചെ‘ടുത്ത ഈ സ്ഥാനങ്ങള്‍ തങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമായ വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും താമസ-ഭക്ഷണ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും ഒരു ‘തരംതാണ’ പണിയെടുക്കുക എന്നതിന് വിനിയോഗിക്കാന്‍ എംബസികളിലെ യജമാനന്മാര്‍ പലപ്പോഴും തയാറാവാറുമില്ല. ഉക്രെയ്‌നിലും ഒരു പരിധിവരെ ഇതെല്ലാം നടന്നിട്ടുണ്ടാകാം എന്നാണ് നിരാലംബരായ വിദ്യാര്‍ത്ഥികളുടെ വാക്കുകളിലൂടെ നമുക്കു വായിച്ചെടുക്കാനും കഴിയുക.
ഭരണകര്‍ത്താക്കളോട് നേരിട്ട് ചോദിച്ചറിയേണ്ടിവരുന്ന ഏതാനും ചില വിവരങ്ങളുണ്ട്. ഉക്രെയ്‌നിലോ റാവല്‍പിണ്ടിയിലോ കാബൂളിലോ എംബസി ജീവനക്കാരായി നിയമനം നേടുന്നവര്‍ക്ക് മാത്രമാണോ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബാധ്യത? ഒരിക്കലുമല്ല, ഇപ്പോള്‍ നടന്നുവരുന്ന ഉക്രെയ്‌ന്‍-റഷ്യ സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചതിന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്മാര്‍ക്കാണോ ഉത്തരവാദിത്തം? 20,000ത്തില്പരം ഇന്ത്യക്കാര്‍ യുദ്ധമേഖലകളില്‍ കുടുങ്ങിപ്പോയത് അവരുടെ പിടിപ്പുകേടിന്റെ ഫലമായിട്ടാണോ? ഈ ചോദ്യങ്ങള്‍ക്കുള്ളതും നിഷേധ രൂപത്തിലുള്ള പ്രതികരണങ്ങള്‍ തന്നെ. അപ്പോള്‍ പിന്നെ, ഇത്തരം ദുരന്തങ്ങള്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ വിധേയരാക്കപ്പെടുന്നതിനുള്ള ബാധ്യത ഇന്ത്യന്‍ ഭരണകൂടത്തില്‍ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന മന്ത്രം നിത്യേന ഉരുവിട്ടതുകൊണ്ട് കാര്യമില്ല. അതിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക തന്നെ വേണം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നൊരു ചോദ്യമുണ്ട്. ഉക്രെയ്‌നില്‍ നിന്നും രക്ഷപ്പെട്ടവരില്‍ അമേരിക്കന്‍ ബ്രിട്ടീഷ് വംശജരായ വിദ്യാര്‍ത്ഥികളുണ്ടായിരുന്നോ? ഇല്ലെന്നാണ് അറിയുന്നത്. ഇതിന്റെ അര്‍ത്ഥം, ഇന്ത്യന്‍ ഭരണകൂടം ഇടപെടുന്നതിനു മുമ്പുതന്നെ അമേരിക്കന്‍, ബ്രിട്ടീഷ് സര്‍ക്കാരുകള്‍ ഈ കടമ നിര്‍വഹിച്ചു എന്നാണോ? അല്ലേ അല്ല. അമേരിക്കയില്‍ നിന്നോ, ബ്രിട്ടനില്‍ നിന്നോ, മെഡിസിന്‍ കോഴ്സുകള്‍ക്കോ, മറ്റ് അക്കാദമിക് പഠനങ്ങള്‍ക്കോ ഗവേഷണത്തിനോ ഉക്രെയ്‌നില്‍ വിദ്യാര്‍ത്ഥികള്‍ എത്തുമായിരുന്നില്ല എന്നതുതന്നെ കാരണം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരവസരത്തില്‍ ഒരു ചോദ്യമുന്നയിച്ചിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആത്മനിര്‍ഭരത ഉള്‍ക്കൊള്ളുകയും ഇവിടെത്തന്നെയുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുകയും ചെയ്യുന്നതായിരുന്നില്ലേ ഉചിതമായ നടപടി? ന്യായമായൊരു ചോദ്യമാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ഇതിലൊരു ഔചിത്യമില്ലായ്മയുണ്ട്. ഇന്ത്യയില്‍ മെഡിസിനും എന്‍ജിനീയറിങ്ങിനും മറ്റ് ആധുനിക അത്യന്താധുനിക പഠന ഗവേഷണ സൗകര്യങ്ങളും വേണ്ടത്ര ഇല്ലെന്ന യാഥാര്‍ത്ഥ്യം നിലവിലിരിക്കെ, ഇന്ത്യയിലുള്ളതിലേറെ മെച്ചപ്പെട്ട സൗകര്യങ്ങള്‍, ഇവിടെയുള്ളതിലും കുറഞ്ഞ ചെലവില്‍ ഉക്രെയ്‌നില്‍ കിട്ടുന്നു എന്നതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉക്രെയ്‌ന്‍ പോലുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ അഭയം തേടിയത്. ചികിത്സാ സൗകര്യത്തെ തേടി വിദേശത്ത് അഭയം കണ്ടെത്തുന്ന കേന്ദ്ര സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിമാരും നിരവധിയില്ലെ? നീതി എല്ലാവര്‍ക്കും തുല്യമായിരിക്കേണ്ടതല്ലേ? ഉക്രെയ്‌ന്‍-റഷ്യ ഏറ്റുമുട്ടലുകള്‍ പോലെ തുടര്‍ന്നും സംഘര്‍ഷങ്ങള്‍ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാനുമാവില്ലല്ലോ. അപ്പോഴൊക്കെ ബന്ധപ്പെട്ട രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരികെ എത്തിക്കാന്‍ ‘ഓപ്പറേഷന്‍ ഗംഗ’ പോലുള്ള പദ്ധതികള്‍ ആവശ്യമായി വന്നേക്കാം. ഏതായാലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡി സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് ആത്മനിര്‍ഭര്‍ ഭാരത് ഉന്നത വിദ്യാഭ്യാസ, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്. ഉക്രെയ്‌നില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി തുടര്‍വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുകയും വേണം. ഇതോടൊപ്പം നമ്മുടെ വിദേശകാര്യ മന്ത്രാലയം ഉടനടി വിദേശ സര്‍വകലാശാലകളില്‍ പഠിക്കുകയോ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയോ ചെയ്യുന്ന മുഴുവന്‍ പേരുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കേരള സംസ്ഥാനമാണെങ്കില്‍ ഈ ചുമതല നോര്‍ക്കവഴിയും ചെയ്യേണ്ടതാണ്. പരസ്പരം പഴിപറഞ്ഞതുകൊണ്ടു കാര്യമില്ല. ഇരുട്ടില്‍ തപ്പേണ്ടതുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.