നേപ്പാള്‍ ഇന്ത്യയോടടുക്കുന്നതിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ക്കാണ് അടുത്തിടെ നടന്ന ചര്‍ച്ചകളും കരാറുകളും തെളിവാകുന്നത്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടപെടലുകളുടെ നേട്ടം കൊയ്യാന്‍ ബ്യൂറോക്രാറ്റിക് തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി തര്‍ക്കമോ ഇന്ത്യ‑നേപ്പാള്‍ അതിര്‍ത്തിയില്‍ ചൈന സ്റ്റഡി സെന്ററുകളുടെ വ്യാപനത്തിലോ കൃത്യമായ പരിഹാരമാര്‍ഗങ്ങള്‍ക്ക് തുനിയാതെയാണ് കരാറുകളുമായി രാജ്യം മുന്നോട്ട് നീങ്ങുന്നത്. ഏപ്രിലില്‍ നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹദൂര്‍ ദ്യൂബയുടെ ഡല്‍ഹി സന്ദര്‍ശനവും മെയ് മാസത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലുംബിനി സന്ദര്‍ശനത്തിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വിവിധ മേഖലകള്‍ക്ക് ഗുണകരമാകുന്ന രീതിയിലേക്ക് നീങ്ങുന്നതിനാക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി മാനേജ്‌മെന്റും തുറന്ന അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും മാത്രമല്ല വൈദ്യുതി, വ്യാപാരം, വാണിജ്യം, ഭക്ഷ്യസുരക്ഷ, തുടങ്ങിയ വിഷയങ്ങളിലും ബ്യൂറോക്രാറ്റിക് തലത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷത്തിന് ശേഷം ജൂണ്‍ മാസം ന്യൂഡല്‍ഹിയില്‍ നടന്ന ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ (ജെഡബ്ല്യുജി) 12-ാമത് യോഗത്തില്‍ നേപ്പാളും ഇന്ത്യയും അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മയക്കുമരുന്നിനും മനുഷ്യക്കടത്തിനുമുള്ള തുറന്ന അതിര്‍ത്തിയുടെ ദുരുപയോഗം, ചരക്കുകളുടെയും ചെറു ആയുധങ്ങളുടെയും കള്ളക്കടത്ത്, വ്യാജ കറന്‍സി നോട്ട് റാക്കറ്റുകള്‍, മൂന്നാം രാജ്യ പൗരന്മാരുടെ അനധികൃത പ്രവേശനം എന്നിവ തടയുന്നതിനുള്ള മാനദണ്ഡങ്ങളും സ്വീകരിച്ചു. നേപ്പാളിനോട് ചേര്‍ന്ന് കിടക്കുന്ന തുറന്ന അതിര്‍ത്തിയില്‍ നിന്ന് ഉയരുന്ന സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ നേപ്പാള്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നേപ്പാളുമായി കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാനാണ് ഇന്ത്യയുടെ മറ്റൊരു നീക്കം.
ഉഭയകക്ഷി ബന്ധങ്ങളുടെ ഭാഗമായി രാജ്യത്ത് വൈദ്യുതി മേഖലയില്‍ നേപ്പാളിനെ സുപ്രധാന പങ്കാളിയായി ഇന്ത്യ അംഗീകരിച്ച നീക്കം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതിലൂടെ പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റ് വഴി നേപ്പാള്‍ ഇന്ത്യയിലേക്ക് 364 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ആദ്യമായാണ് സ്വകാര്യമേഖലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. ത്രിശൂലി, ദേവിഘട്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 37.7 മെഗാവാട്ട്, കാളിഗണ്ഡകിയില്‍ നിന്ന് 140 മെഗാവാട്ട്, മിഡില്‍ മര്‍സ്യാംഡിയില്‍ നിന്ന് 68 മെഗാവാട്ട്, മാര്‍സ്യാങ്ഡിയില്‍ നിന്ന് 67 മെഗാവാട്ട്, ലിഖു-4 ല്‍ നിന്ന് 51 മെഗാവാട്ട് എന്നിങ്ങനെയാണ് നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി (NEA) ഇപ്പോള്‍ വില്‍ക്കുന്നത്.
636 മെഗാവാട്ട് അധിക വൈദ്യുതികൂടി വില്‍ക്കാന്‍ നേപ്പാളിന് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ പര്യവേക്ഷണം ചെയ്യേണ്ടതുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന മൊത്തം കമ്മിയുടെ 60% വരുന്ന ഇന്ത്യയുമായുള്ള വന്‍ വ്യാപാര കമ്മി വൈദ്യുതി വ്യാപാരത്തിലൂടെ കുറയ്ക്കാന്‍ നേപ്പാളിനെ സഹായിച്ചേക്കാം. ഈ ശ്രമങ്ങള്‍ പരസ്പര പ്രയോജനത്തിനും പരസ്പരാശ്രിതത്വത്തിനും ഇരു രാജ്യങ്ങളെയും സഹായിക്കുമെന്നാണ് ഇന്ത്യയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനു പുറമേ നേപ്പാളിലെ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയ വലിയ പദ്ധതികള്‍ക്ക് എക്സിം ബാങ്ക് ഓഫ് ഇന്ത്യ ധനസഹായം നല്‍കുന്നുണ്ട്. ഫെബ്രുവരിയില്‍ നേരത്തെ, ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ധാര്‍ചുലയെ നേപ്പാളിലെ ഡാര്‍ചുലയുമായി ബന്ധിപ്പിക്കുന്ന മഹാകാളി നദിക്ക് കുറുകെ 110 മീറ്റര്‍ മോട്ടോറബിള്‍ പാലം ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. 1996‑ല്‍ മഹാകാളി ഉടമ്പടി ഒപ്പുവെച്ച് ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണില്‍, മഹാകാളി ജലസേചന കനാലിന്റെ മൂന്നാം ഘട്ടത്തിന്റെ പരീക്ഷണവും ആരംഭിച്ചു.
എന്നാല്‍ ഇരു രാജ്യങ്ങളുടെയും ബന്ധം വ്യാപാര നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കാലാപാനിയിലെയും സുസ്തയിലെയും അതിര്‍ത്തി തര്‍ക്കവും, നേപ്പാളിലെ ചൈനയുടെ സ്വാധീനവും ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ മദ്രസകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തനങ്ങളിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമേ വൈദ്യുതി വ്യാപാര മേഖലയിലും ഇരു രാജ്യങ്ങള്‍ക്കിടയില്‍ വില തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഒരു യൂണിറ്റിന് നല്‍കുന്ന വൈദ്യുതി കയറ്റുമതി വിലയില്‍ നേപ്പാള്‍ സന്തുഷ്ടരല്ലെന്നാണ് വിവരം. നേപ്പാളിലെ ജനങ്ങള്‍ മഹാകാളി ഉടമ്പടി നടപ്പാക്കുന്നതില്‍ സന്തുഷ്ടരല്ലെന്നും ഉടമ്പടിയുടെ ഭാഗമായ പഞ്ചേഷ്വര്‍ വിവിധോദ്ദേശ്യ പദ്ധതി കുടിയിറക്കല്‍ പ്രശ്നങ്ങളും പാരിസ്ഥിതിക ആശങ്കകളും കാരണം സ്തംഭനാവസ്ഥയിലാണെന്നുമാണ് റിപ്പോര്‍ട്ട്. നേപ്പാളും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാനുള്ള നീക്കത്തെ ചൈന എതിര്‍ത്തേക്കാമെന്നും അതിലൂടെ മുതലെടുപ്പിന് ശ്രമിച്ചേക്കാമെന്നുള്ള ആശങ്കയും നിലനില്‍ക്കുന്നു. ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്താല്‍ മാത്രമേ ഫലപ്രാപ്തിയിലെത്തൂവെന്നാണ് പദ്ധതികള്‍ക്കെതിരെ ഉയരുന്ന മറ്റൊരു വിമര്‍ശനം.
English summary; Modi pretends not to see the border dispute and China relationship; Nepal is approaching India
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.