22 January 2025, Wednesday
KSFE Galaxy Chits Banner 2

അരക്കനും കരിമ്പനും പുല്ലനും കുതിച്ചു പാഞ്ഞു; മുല്ലമണ്ണ പാടത്തിന് ആവേശമായി കാളപൂട്ട് മത്സരം

സ്വന്തം ലേഖകൻ
മാവൂർ
November 2, 2022 3:23 pm

അരക്കൻ മൊകാലയും കരിമ്പൻ മൊകാലയും പുല്ലനും കരിമ്പൻ മട്ടയും കണ്ണപ്പൻ കാളയുമൊക്കെ ചേറിനെ വകഞ്ഞു കുതിച്ചു പാഞ്ഞപ്പോൾ അത്, പോയ് മറഞ്ഞ കാർഷിക സംസ്ക്കാരത്തിലേക്കുള്ള തിരിച്ചു പോക്കായി. പെരുമണ്ണ മുല്ലമണ്ണ പാടത്ത് നടന്ന കാളപൂട്ട് മൽസരമാണ് പഴയ കാലത്തിന്റെ ഓർമ്മ പുതുക്കലായത്. പെരുമണ്ണയിലെ ജനകീയ കൂട്ടായ്മയാണ് രണ്ട് വർഷത്തെ ഇടവേളക്കുശേഷം വീണ്ടും കാളപൂട്ട് മൽസരം സംഘടിപ്പിച്ചത്. കോഴിക്കോട് — മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ അൻപത്തൊന്ന് ജോഡി കാളകളാണ് ഇപ്രാവശ്യം മൽസരിക്കാനെത്തിയത്. 

നുകത്തിന്റെ ഇടത് വശം മൂരിയും വലത് വശത്ത് കാളയെയും ബന്ധിച്ചാണ് കാളപൂട്ട് മൽസരം നടത്തുന്നത്. ഇതിനു പുറമെ നുകവുമായി കെട്ടിവെക്കുന്ന ചെരിപ്പ് പൂട്ടിൽ കയറി നിന്ന് കാളകളെ നിയന്ത്രിക്കാൻ ഒരു പൂട്ടിക്കാരനും ഒരു ആട്ടൽകാരനും തള്ളൽ കാരനുമുണ്ടാകും. പഴയ കാലത്ത് നുകത്തിന് മുന്നിൽ ഒരു മണ്ടൽ കാരനും കൂടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അതില്ലെന്നതാണ് പുതിയ കാലത്തെ മാറ്റം. 

പണ്ട് കാലത്ത് നെൽകൃഷിയിറക്കുന്നതിന്റെ മുന്നോടിയായി കൃഷിയിടമൊരുക്കുന്നതിനാണ് ഊർച്ചയും കാളപൂട്ടുമൊക്കെ നടത്തിയതെങ്കിൽ ഇന്ന് കാളപൂട്ട് ജനങ്ങളെ ആവേശം കൊള്ളിക്കുന്ന മൽസരങ്ങൾ മാത്രമായി മാറിയിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി കാളപൂട്ട് മൽസര പ്രേമികളാണ് പെരുമണ്ണ മുല്ലമണ്ണ പാടത്ത് അതിരാവിലെ മുതൽ എത്തിയത്. കാലം എത്ര മാറിയാലും മണ്ണും ചേറും ചെളിയും കൃഷിയും എല്ലാമടങ്ങുന്ന കാർഷിക സംസ്കാരം വിട്ടു മാറില്ലെന്നല്ലെന്ന പ്രതീക്ഷയാണ് ഈ കാളപൂട്ട് മൽസരം നൽകുന്നത്.

Eng­lish Summary:Mullamanna Padam gets excit­ed about the bull­fight­ing competition
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.