19 December 2024, Thursday
KSFE Galaxy Chits Banner 2

കള്ളം മാത്രം പറയുന്ന കേന്ദ്ര ഭരണകൂടം

Janayugom Webdesk
November 8, 2022 5:00 am

രാജ്യത്ത് തുടർച്ചയായി വ്യാജം പ്രചരിപ്പിക്കുകയും ജനങ്ങളോട് നേരിട്ട് കള്ളം പറയുകയും ചെയ്യുന്ന സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രമല്ല, അധികാരത്തിലിരുന്നും പൗരന്മാരെ കള്ളം പറഞ്ഞ് പരിഹസിക്കുകയാണ് സംഘ്പരിവാർ ഭരണകൂടം. ആദ്യമവർ വിദേശത്തുള്ള കള്ളപ്പണം മുഴുവൻ തിരികെയെത്തിക്കുമെന്നും ഓരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നും പറഞ്ഞ് വോട്ട് നേടി. അധികാരത്തിലെത്തിയപ്പോൾ അത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്നും അത്തരം വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെടാനുള്ളതല്ലെന്നും യാതാെരു അറപ്പുമില്ലാതെ തുറന്നു പറഞ്ഞു. അമ്പത് രൂപയ്ക്ക് പെട്രോൾ, ഒരോ വർഷവും രണ്ട് കോടി തൊഴിലവസരം എന്നീ വ്യാജവാഗ്ദാനങ്ങളോടൊപ്പം തന്നെയാണ് മിസ്ഡ് കോളിലൂടെ സാധാരണക്കാരുടെ പാചകവാതക സബ്സിഡി ഇല്ലാതാക്കിയത്. അതേ മോഡി ഭരണകൂടം വ്യാജവാഗ്ദാനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പതിറ്റാണ്ടുകൾ പിന്നിലേക്ക് നടത്തിയ കറുത്തദിനത്തിന്റെ ആറാം വാർഷികമാണിന്ന്.
2016 നവംബർ എട്ടാം തീയതി രാത്രിയാണ് ടെലിവിഷൻ സംപ്രേഷണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 500ന്റെയും 1000 ന്റെയും നോട്ടുകൾ നിരോധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ക്രയവിക്രയത്തിലുണ്ടായിരുന്ന 17.97 ലക്ഷം കോടിയുടെ കറൻസിയിൽ 85 ശതമാനത്തോളം ഈ നോട്ടുകളായിരുന്നു. കള്ളപ്പണം തടയാനുള്ള ശ്രമം എന്നാണ് സർക്കാർ നോട്ട് നിരോധനത്തെ ന്യായീകരിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും അവസാനിപ്പിക്കും എന്നും അവർ പറഞ്ഞു. എന്നാൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016–17 വാർഷിക റിപ്പോർട്ട് തന്നെ വെളിപ്പെടുത്തി. എടിഎമ്മുകളിലും ബാങ്കുകളിലും കിലോമീറ്ററുകൾ നീണ്ട ക്യൂവിനൊപ്പം തർക്കങ്ങളും ലാത്തിച്ചാർജുകളുമുണ്ടായി. പൊരിവെയിലത്ത് വരി നിന്ന ചിലർ മരിച്ച് വീണു. ജനങ്ങളുടെ നടുവൊടിഞ്ഞതും സാമ്പത്തിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതുമല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നോട്ട് നിരോധനം നേടിയില്ല. ‘നിങ്ങളെനിക്ക് അമ്പത് ദിവസം തരൂ, കാര്യങ്ങളെല്ലാം ശരിയാകും. അല്ലാത്തപക്ഷം നിങ്ങൾക്കെന്നെ അടിക്കാം’ എന്ന കണ്ണീർ നാടകം പോലും നരേന്ദ്ര മോഡി അക്കാലയളവിൽ നടത്തി.


ഇതുകൂടി വായിക്കൂ: രാജ്യദ്രോഹനിയമത്തില്‍ കേന്ദ്രം ഒളിച്ചു കളിക്കുന്നു


നിരോധന നാടകത്തിന്റെ ആറ് വർഷം പൂർത്തിയാകുന്നതിന് രണ്ടുദിവസം മുമ്പ് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നത് നോട്ട് നിരോധനം പാഴ്‍വേലയും പ്രതിലോമകരവുമായിരുന്നുവെന്നാണ്. നിലവിൽ 30. 88 ലക്ഷം കോടിയുടെ കറൻസി രാജ്യത്ത് പ്രചാരത്തിലിരിക്കുന്നുണ്ടെന്നാണ് ആർബി­ഐ കണക്ക്. 2016 ന­വംബർ നാലിന് അവസാനിച്ച ആഴ്ചയിൽ ഉ­ണ്ടായിരുന്നതിനെക്കാൾ 71.84 ശതമാനം വർധനയാണ് കറൻസി വിനിമയത്തിൽ ഉ­ണ്ടായിരിക്കുന്നത്. നോട്ട് നിരോധനം ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ 43,​800 കോടി രൂപയുടെയും 2021­ൽ 44,​000 കോടി രൂപയുടെയും കറൻസി വർധിച്ചു. 2021 ഒക്ടോബർ വരെ രാജ്യത്തെ കറൻസിയുടെ മൂല്യം 57.48 ശതമാനം ഉയർന്ന് 28.30 ലക്ഷം കോടി രൂപയായിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും മോഡി ഭരണകൂടം അവകാശപ്പെട്ടിരുന്നു. എന്നാൽ വളർച്ചയ്ക്ക് പകരം തകർച്ചയിലാണെന്ന് അടുത്തയിടെ പുറത്തുവന്ന എല്ലാ കണക്കുകളും വ്യക്തമാക്കുന്നു. നിരോധനം മൂലം തകർന്നുപോയ ചെറുകിട‑ഇടത്തരം വ്യവസായ മേഖലയും വർധിച്ച തൊഴിലില്ലായ്മാ നിരക്കുമാണ് രാജ്യത്ത് നിലവിലുള്ളത്. ഒന്നാം മോഡി സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം തന്നെ പറഞ്ഞത്, നോട്ട് നിരോധനം ഇന്ത്യൻ സാമ്പത്തിക മേഖലയെ തകർത്തെന്നാണ്. ഔദ്യോഗിക വളർച്ചാ നിരക്കിനെക്കാൾ 2–3 ശതമാനമെങ്കിലും കുറവാണ് യഥാർത്ഥ വളർച്ചാ നിരക്കുകളെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഇതുകൂടി വായിക്കൂ: മോഡിയുടെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്ക് പ്രതികാരമുഖം


റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പുസ്തകത്തിലും നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് പറയുന്നുണ്ട്. പ്രത്യാഘാതങ്ങൾ നേട്ടങ്ങളെക്കാൾ കൂടുതലായിരിക്കുമെന്നും ബദൽ മാർഗങ്ങൾ ആരും ചെവിക്കൊണ്ടില്ലെന്നും പുസ്തകം പറയുന്നു. കറൻസി നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് വരെയുള്ള യോഗത്തിലും ആർബിഐ ഉദ്യോഗസ്ഥർ ഈ നടപടിയുടെ വിജയസാധ്യതയെക്കുറിച്ചുള്ള സംശയങ്ങൾ മുന്നോട്ട് വച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിരോധനം പ്രഖ്യാപിച്ചതിന് രണ്ടരമണിക്കൂർ മുമ്പ് ചേർന്ന ആർബിഐ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗം മൂന്ന് പ്രധാന നിരീക്ഷണങ്ങൾ നടത്തി. ഈ വർഷത്തെ സാമ്പത്തിക വളർച്ചയെ നോട്ട് നിരോധനം പ്രതികൂലമായി ബാധിക്കും കള്ളപ്പണം മുഖ്യമായും സ്വർണം, ഭൂമി എന്നിങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത്; കറൻസിയായല്ല. വ്യാജ നോട്ടുകളുടെ മൂല്യം ഏതാണ്ട് 400 കോടിയാണ്, മൊത്തം കറൻസിയുടെ ചെറിയ ശതമാനം മാത്രമാണിത് എന്നിവയായിരുന്നു അത്. ഇതിന്റെ മിനിറ്റ്സ് 27 മാസത്തിനുശേഷം വിവരാവകാശ ചോദ്യത്തിന് മറുപടിയായി ആർബിഐ പുറത്തുവിട്ടിരുന്നു. നോട്ട് നിരോധനം ആരുടെ അജണ്ടയായിരുന്നു, എന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുകയാണ്. ജനതയുടെ ഈ ചോദ്യം സുപ്രീം കോടതിയുടെ മുമ്പിൽ ഹർജിയായും നിലനിൽക്കുന്നു. അവിടെയും കള്ളം പറഞ്ഞും ഉരുണ്ടുകളിച്ചും വിദഗ്ധമായി ഒളിച്ചാേടാന്‍ ഭരണകൂടം മിടുക്ക് കാണിക്കും. മുന്‍പും അവര്‍ അത് തെളിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.