30 April 2024, Tuesday

Related news

March 2, 2024
January 28, 2024
January 26, 2024
January 25, 2024
January 25, 2024
January 25, 2024
December 21, 2023
December 20, 2023
December 19, 2023
December 19, 2023

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ബില്‍ അവതരിപ്പിച്ചു

കോണ്‍ഗ്രസിന്റേത് അപകടകരമായ നിലപാടെന്ന് നിയമമന്ത്രി പി രാജീവ്
വത്സന്‍ രാമംകുുളത്ത്
തിരുവനന്തപുരം
December 7, 2022 1:16 pm

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഗവര്‍ണര്‍മാര്‍ക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സലര്‍ പദവിയില്‍ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം. എന്നാല്‍ ചാന്‍സലറായി വരുന്ന ആളുടെ യോഗ്യത ഇല്ലാത്ത ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തടസവാദം ഉന്നയിച്ചുകൊണ്ട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന് ഉതകുന്ന വിധം പ്രതിപക്ഷവുമായടക്കം കൂടിയാലോചിച്ച് കൂറേക്കൂടി മെച്ചപ്പെട്ട ബില്‍ അവതരിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ബില്‍ കേന്ദ്ര നിയമത്തിന് എതിരാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന്റേത് തടസവാദമല്ല, രാഷ്ട്രീയവാദമാണെന്ന് മന്ത്രി എം ബി രാജേഷ് ചര്‍ച്ചയില്‍ ഇടപെട്ട് പറഞ്ഞു. വിഷയത്തിന്റെ ഗൗരവത്തിലേക്ക് ചര്‍ച്ച പോകുന്നുവെന്നും മന്ത്രി ചെയറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ബില്‍ പുതുക്കി അവതരിപ്പിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബില്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പി സി വിഷ്ണുനാഥും തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു. ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം അപൂര്‍ണമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. മാത്യു കുഴല്‍നാടന്‍, ടി സിദ്ധീഖ് എന്നിവരും തടസവാദം ഉന്നയിചച്ചു.

നിയമമന്ത്രി പി രാജീവ് മറുപടി നല്‍കി. അപകടകരമായ നിലപാടാണ് കോണ്‍ഗ്രസ് നിയസഭയില്‍ ബില്ലിന്മേല്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട ഏത് നിയമത്തിലും സ്വതന്ത്രമായ നിയമം കൊണ്ടുവരാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. അതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അതും ഗുജറാത്തില്‍ ബിജെപിക്കെതിരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തുവന്ന ശേഷം രമേശ് ചെന്നിത്തലയപ്പോലെ ഒരാള്‍ ഇത്തരം വാദം ഉന്നയിക്കുന്നത് അപകടമായ രാഷ്ട്രീയമാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന നിയമം യുജിസി നിയമത്തിന് മുകളിലാണെന്ന നിലയിലുള്ള വാദം തെറ്റാണ്. അധികാരത്തിന്റെ ഒരു മരക്കഷണം മാത്രമാണ് പ്രതിപക്ഷം മുന്നില്‍ കാണുന്നത്. ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് ശ്രദ്ധിക്കണം. ഒരു നിയമസഭയില്‍ പറയാനും ചോദിക്കാനും പാടില്ലാത്തവ ഉന്നയിക്കുന്നു. നിയമവിദഗ്ധന്‍ കൂടിയായ ഒരംഗം ചോദിക്കുന്നത് റൂള്‍സ് ഓഫ് ബിസിനസ് അവതരിപ്പിക്കാന്‍ യുജിസിയുടെ അനുവാദം വാങ്ങിയോ എന്നാണ്. എന്ത് അപകടം നിറഞ്ഞ ചോദ്യമാണത്. അങ്ങനെയെങ്കില്‍ നിയമസഭയുടെ പ്രസക്തി എന്താണ്. നിയമസഭയ്ക്ക് അധികാരമില്ലെന്നാണോ? മാത്യു കുഴല്‍നാടന്റെ ചോദ്യത്തെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന ഏതെങ്കിലും തെരഞ്ഞെടുപ്പിലൂടെ ഇപ്പുറത്ത് ഇരിക്കാമെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച് പ്രതിപക്ഷം ഇങ്ങനെ മുന്നോട്ടുപോയാല്‍ ഈ രാജ്യത്ത് പലതും നടന്നെന്നുവരും. അതൊന്നും പ്രതിപക്ഷം അറിയാനും പോണില്ല. ഇത്തരം നിലപാടുകള്‍‍ എടുത്ത് നിയമസഭയുടെ അധികാരങ്ങളില്‍ കൈകടത്താന്‍ അനുവദിക്കരുത്. ബില്ലില്‍ ഭേദഗതി പറയാനോ തിരുത്തല്‍ നിര്‍ദ്ദേശിക്കാനോ അല്ല പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയമല്ല തങ്ങള്‍ പറയുന്നതെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് ഇടപെട്ടു. മന്ത്രി പറയുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെയും ഗുജറാത്ത് സര്‍ക്കാരിന്റെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും ഉള്‍പ്പെടെയുള്ള യുജിസി കേസുകളില്‍ ഉണ്ടായ വിധിന്യായങ്ങള്‍ നിരത്തി നിയമമന്ത്രി അതിനെ ഘണ്ഡിച്ചു.

ബില്ല് ഗവര്‍ണറുടെ അടുത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ പരമാര്‍ശം തീരെ ശരിയായില്ലെന്ന് മന്ത്രി തിരുത്തി. ബില്‍ ഗവര്‍ണറുടെ അടുത്ത് പോകുന്നതിന് ഒരു ഭയവും ഇല്ല. മറച്ചുവയ്ക്കേണ്ട കാര്യവും ഇല്ല. ഞങ്ങള്‍ക്ക് വളഞ്ഞ വഴിയില്ല. എത്രയോ ബില്‍ ഗവര്‍ണറുടെ അടുത്ത് പോകുന്നു. മന്ത്രിയുടെയും ചാന്‍ലറുടെയും പ്രോട്ടോക്കോള്‍ പട്ടികയിലെ സ്ഥാനത്തെക്കുറിച്ചുള്ള ചെന്നിത്തലയുടെ സംശയവും മന്ത്രി ദുരീകരിച്ചു.

വിശാലമായ കാഴ്ചപ്പാടോടെ യൂണിവേഴ്സിറ്റിയെ നയിക്കുന്ന ആളായിരിക്കണം ചാന്‍സര്‍മാര്‍.കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറുടെ നിയമനം മന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ലോകം ആരാധിക്കുന്ന വ്യക്തിത്വമാണ്, കലാകാരിയാണ് മല്ലികാ സാരാഭായ്. ഏല്ലാവരും ആ നിയമനത്തെ സ്വീകരിച്ചു. കേരളത്തിലെ മറ്റു സര്‍വകലാശാലകളിലും അക്കാദമിക് രംഗത്തെ അതിവിദഗ്ധരായ ചാന്‍സലര്‍ പദവിയില്‍ വരുമെന്ന് തന്നെയാണ് ബില്‍ പറയുന്നതെന്നും മന്ത്രി പി രാജീവ് വിശദീകരിച്ചു.

തടസവാദങ്ങളുടെ അടിസ്ഥാനത്തില്‍ സ്പീക്കറുടെ റൂളിങ്ങോടെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.  നാല് സബ്‌ജറ്റ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബില്‍ അംഗീകരിക്കുകയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു. പ്രോട്ടോക്കോള്‍ ലംഘനമുള്‍പ്പടെയുള്ള വിഷയവും സബ്‌ജറ്റ് കമ്മിറ്റി പരിശോധിക്കും. തടസവാദങ്ങള്‍ തള്ളുന്നതായി സ്പീക്കര്‍ അറിയിച്ചു. മന്ത്രിയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ സബ്‌ജറ്റ് കമ്മിറ്റികള്‍ക്ക് അയച്ചു.

 

Eng­lish Sam­mury: A bill was intro­duced in ker­ala niya­masab­ha to remove the gov­er­nor from the post of chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.