ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രോസ് ഡിപെന്‍ഡന്‍സി ഇനിഷ്യേറ്റീവിന്റേതായി (എക്സ്ഡിഐ) കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. കേരളമടക്കം ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങളുടെ അപകട മുനമ്പിലാണെന്നാണ് മുന്നറിയിപ്പ്. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കനത്ത നാശനഷ്ടമുണ്ടാകാവുന്ന 100 മേഖലകളുടെ പട്ടികയിലാണ് രാജ്യത്തെ 14 സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രവിശ്യകള്‍ ചൈനയിലാണെങ്കിലും രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. പട്ടികയിലെ ആദ്യ 50ല്‍ ഇന്ത്യയില്‍ നിന്നുള്ള എട്ട് സംസ്ഥാനങ്ങളില്‍ ബിഹാര്‍ 22-ാം സ്ഥാനത്തുണ്ട്. ദക്ഷിണേന്ത്യയില്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‍നാട് എന്നിവയുമുണ്ട്. കേരളം 52-ാം സ്ഥാനത്താണ്. ലോകത്തൊട്ടാകെ നൂറുകോടിയോളം പേര്‍ കാലാവസ്ഥാ ദുരന്തങ്ങളുടെ കെടുതികള്‍ അനുഭവിക്കേണ്ടിവരുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ പ്രളയമായിരിക്കും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതയ്ക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു. കനത്ത ചൂട്, കാട്ടുതീ, മണ്ണൊലിപ്പ്, തീവ്രതകൂടിയ കാറ്റ്, ശൈത്യ തരംഗം എന്നിവയും ദുരന്തമുണ്ടാക്കും. 2018 മുതല്‍ തുടര്‍ച്ചയായി പ്രളയങ്ങളും മഴക്കെടുതിയും നേരിടുന്ന കേരളത്തിന് ശക്തമായ മുന്നറിയിപ്പാണിത്. രാജ്യത്താകമാനം കഴിഞ്ഞനാളുകളിലുണ്ടായ മണ്ണിടിച്ചിൽ വർധിച്ചുവരുന്നതിന്റെ കാരണം മണ്ണിന്റെ ഘടന പഠിക്കാതെയുള്ള ഭൂവിനിയോഗ രീതിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും പഠിച്ച് വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികൾ നടപ്പാക്കേണ്ട സമയമാണിതെന്ന് പുതിയ റിപ്പോര്‍ട്ട് താക്കീത് നല്‍കുന്നുണ്ട്.
ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) പഠന റിപ്പോർട്ട് പുറത്തുവന്നത് ഏതാനും മാസം മുമ്പാണ്. 240 ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘം തയ്യാറാക്കിയ നാലായിരത്തോളം പേജുള്ള റിപ്പോർട്ടും അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കിയത്. 2030ൽ സമുദ്രനിരപ്പ് 11 സെന്റിമീറ്ററും 2100ൽ 71 സെന്റിമീറ്ററും 2150ൽ 1.24 മീറ്റർ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ആഗോളതാപനത്തെ തുടർന്ന് മഞ്ഞുപാളികൾ ഉരുകുന്നതിന് ഗതിവേഗം കൂടിയാല്‍ സമുദ്രനിരപ്പിലെ ഉയർച്ച കൂടുതല്‍ വേഗത്തിലാകും. കടൽനിരപ്പ് ഉയരുന്നതും കടലിലെ താപനില വർധിക്കുന്നതും കടൽ കരയിലേക്ക് കയറാനുള്ള സാധ്യത വർധിപ്പിക്കുമെന്ന സൂചന കേരളത്തെയും ബാധിക്കുന്നതാണ്. ഇന്ത്യയിൽ ഓരോ പത്തുവർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്ക് കയറാമെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതും കേരളം അതീവഗൗരവത്തോടെ കാണേണ്ടതാണ്. കേരളത്തിന്റെ തീരപ്രദേശവും മലയോരമേഖലയും ഇപ്പോൾത്തന്നെ വലിയ പ്രകൃതിദുരന്തങ്ങൾ നേരിടുകയാണ്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ മഹാപ്രളയവും കടലേറ്റങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ മുന്നോടിയായി കാണണം. കടൽനിരപ്പ് അരയടി മുതൽ 2.7 അടി വരെ ഉയർന്നാൽ കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 12 നഗരങ്ങള്‍ വെള്ളത്തിലാകുമെന്നാണ് വിദഗ്ധാഭിപ്രായം. കണ്ട്‍ല, ഓഖ, ഭവ്നഗർ, മുംബൈ, മംഗളൂരു, പാരദീപ്, കിദിർപുർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങൾ ഇക്കൂട്ടത്തിൽപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കേരളത്തിലെ കാലാവസ്ഥ മാറിമറിയുകയാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഈയിടെ പുറത്തിറക്കിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
ആഗോളതാപനത്തിന്റെ തുടർച്ചയായി ഇവിടെയും ഉഷ്ണവാതം (ഹീറ്റ്‍ വേവ് ) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഏതാനും വർഷം മുമ്പുവരെ ഉഷ്ണവാത സാഹചര്യമില്ലാത്ത പ്രദേശമായിരുന്നു കേരളം. കഴിഞ്ഞ 10 വർഷമായാണ് ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുന്നത്. 20 വർഷത്തിനിടെ വെള്ളപ്പൊക്കം മൂലമുള്ള മരണവും വർധിച്ചു. 1970–2000ൽ പ്രതിവർഷം 10 ലക്ഷം പേരിൽ വെള്ളപ്പൊക്ക മരണനിരക്ക് 1.48 ആയിരുന്നത് 2000–19ൽ 1.95 ആയി ഉയർന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നമ്മുടെ നഗരങ്ങളും മലയോരങ്ങളുമെല്ലാം ചൂടിനെ ആഗിരണം ചെയ്യാനോ പ്രളയജലത്തെ ഉൾക്കൊള്ളാനോ കഴിയാത്തവിധം ദീർഘവീക്ഷണമില്ലാത്ത വികസനത്തിന്റെ ഉദാഹരണങ്ങളായി മാറുകയാണ്. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും കുറിച്ച് പഠിച്ച്, അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികൾ നടപ്പാക്കേണ്ട സമയമാണിതെന്ന പുതിയ മുന്നറിയിപ്പായി എക്സ്ഡിഐ റിപ്പോര്‍ട്ടിനെ കാണണം. പശ്ചിമഘട്ടത്തിലെ ലോലമായ പരിസ്ഥിതിക്ക് കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന അതിതീവ്രമഴ താങ്ങാനുള്ള ശേഷിയില്ല. പാറപൊട്ടിക്കലും വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമെല്ലാം പരിസ്ഥിതിനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. വനനശീകരണവും ഖനനങ്ങളും നിയന്ത്രിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനുള്ള പുതിയ വികസന പരിപ്രേക്ഷ്യം ഇനിയുണ്ടാകണം, അമാന്തമില്ലാതെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.