23 December 2024, Monday
KSFE Galaxy Chits Banner 2

വില്‍ക്കാനുണ്ട് സ്വകാര്യതകള്‍

പായിപ്ര രാധാകൃഷ്ണന്‍
April 11, 2023 4:45 am

ചുറ്റുവലയ്ക്കുള്ളില്‍ രാത്രികാലം കഴിച്ചുകൂട്ടേണ്ടിവരുന്ന താറാവിന്‍ കൂട്ടങ്ങളുടെ താല്‍ക്കാലിക സ്വാതന്ത്ര്യാനുഭവം പുലര്‍ച്ചെമാത്രമായിരിക്കും. വലക്കൂടു തുറന്ന് പുറത്തേക്കൊഴുകി തോട്ടിലോ പാടത്തോ വിഹരിക്കുമ്പോള്‍ അവര്‍ കരുതും, തങ്ങള്‍ സര്‍വതന്ത്ര സ്വതന്ത്രരായെന്ന്. എന്നാല്‍ രാത്രിയും പകലും ഇമവെട്ടാതെ പിന്തുടരുന്ന ദണ്ഡപാണിയായ രക്ഷകന്റെ സാന്നിധ്യം അവര്‍ക്ക് പിന്നില്‍ നിഴല്‍ പോലെയുണ്ടാവും. പുതിയകാലത്തെ ഈ താറാവിന്‍ പറ്റമായി മനുഷ്യസമൂഹത്തെ മാറ്റുന്നതില്‍ ടെക്നോളജിയും ആര്‍ജിത വിജ്ഞാനവും ആധുനിക ശാസ്ത്രവും ഏറെ മുന്നേറിക്കഴിഞ്ഞു. നിങ്ങള്‍ കാമറാ നിരീക്ഷണത്തിലാണെന്ന ഭീഷണിയുടെ കാലമൊക്കെ പിന്നിട്ട്, നിങ്ങള്‍ സദാ വലയ്ക്കുള്ളിലാണെന്നാണ് നവസാങ്കേതികത പറയുന്നത്. ഉമിക്കരിയും ഉപ്പും കുരുമുളകും ടൂത്ത് പൗഡറായും മാവിലയും കൊങ്ങിണിക്കൊമ്പും ജൈവ ബ്രഷാക്കിയും ഈര്‍ക്കില്‍ ക്ലീനറായും ദന്തധാവനം ചെയ്തകാലം പോയി. കുഞ്ചന്‍ നമ്പ്യാര്‍ പറയുംപോലെ പുലര്‍ച്ചെ പല്ലുതേയ്ക്കുന്നതിനിടയില്‍ കണ്ണാടി നോക്കി പല്ലിളിച്ചു രസിക്കുന്ന ദുര്യോധനന്മാരൊന്നും ഇന്നില്ല. ദുര്യോധനനും ദുശാസനനും വല്യേട്ടന്മാരായി മാറിയിരിക്കുന്നു. വസ്ത്രാക്ഷേപങ്ങള്‍ സഭാതലത്തില്‍ നിന്നും തെരുവിലേക്കും ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ അന്തഃപുരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ടൂത്ത് പേസ്റ്റിലൂടെ ബാത്ത് സോപ്പിലൂടെ തറക്ലീനിങ് മാജിക്കിലൂടെ ജനത്തെ ഇരകളാക്കി മാറ്റുന്ന തന്ത്രം മലയാളി അനുഭവിച്ചു വരുന്ന യാഥാര്‍ത്ഥ്യമാണ്.

അര നൂറ്റാണ്ടു മുമ്പ് എം പി നാരായണപിള്ള വളയന്‍ ചിറങ്ങര വായനശാലാ സോവിനീറില്‍ പ്രവാചക സ്വരത്തില്‍ എഴുതിയത് അധികമാരും വായിക്കാത്തതുകൊണ്ട് അപ്രധാനമാകുന്നില്ല. കമ്പ്യൂട്ടര്‍ വരുമ്പോഴുള്ള ഒരു അപകടത്തെക്കുറിച്ചാണ് അക്കാലത്തുതന്നെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്ന നാണപ്പന്‍ പറഞ്ഞത്. വായനയും പുസ്തകങ്ങളും ഒരു ന്യൂനപക്ഷത്തിന്റേതു മാത്രമായി ഒതുങ്ങിപ്പോകുമെന്നും കമ്പ്യൂട്ടറിന്റെ മുന്നില്‍ കാലം കഴിക്കുന്ന മന്ദബുദ്ധികളുടെ നാടായി കേരളം മാറുമെന്നുമാണ് താക്കീത് നല്‍കിയത്. ഇന്റര്‍നെറ്റെന്ന മഹാവലക്കണ്ണികള്‍ക്കുള്ളില്‍ പിടയ്ക്കുന്ന പുതിയ കാലം യാഥാര്‍ത്ഥ്യമാവുകയും കമ്പ്യൂട്ടര്‍ ബുദ്ധിമാന്ദ്യം പ്രചുരിമ നേടുകയും ചെയ്തു. എല്ലാറ്റിനെയും അടക്കിഭരിക്കുന്ന ‘വല്യേട്ടന്‍’ രാഷ്ട്രീയത്തില്‍ മാത്രമല്ല വിവരസാങ്കേതികതയിലും പ്രത്യക്ഷപ്പെട്ടു. പുതിയ നിര്‍മ്മിതബുദ്ധിയുടെ വേഷപ്രഛന്ന രൂപത്തില്‍ ‘മഹാമറ്റവനായി’ അവതരിച്ചിരിക്കുന്നു. മാലോകരെ പ്രായ‑ലിംഗ വര്‍ഗ‑ദേശ ഭേദമില്ലാതെ വലയ്ക്കുള്ളിലാക്കുക. ജനമനസുകളെ നിരീക്ഷിക്കുക, നിയന്ത്രിക്കുക, കച്ചവടമാക്കുക എന്നതാണ് പുതിയ മഹാതന്ത്രം. നിങ്ങളുടെ ഉള്ളിലിരുപ്പ് എന്താണെന്ന്, ഇഷ്ടമെന്താണ്, പരിഗണനാക്രമം എന്താണെന്നെല്ലാം ഈ മഹാമറ്റവന്‍ പറഞ്ഞുതരും. രാജ്യാതിര്‍ത്തികള്‍ മാനിക്കാതെ സര്‍വതിനെയും കടന്നുകയറി വലവീശിപ്പിടിക്കും. ചാരപ്പണിക്ക് അര്‍ത്ഥശാസ്ത്രകാരന്‍ പറയുംപോലെ സുന്ദരിമാരെ വശീകരണ തന്ത്രം പഠിപ്പിച്ച് മദ്യശാലയിലേക്ക് അയയ്ക്കേണ്ടതില്ല. എന്തിനെയും വരുത്തി വെടിവയ്ക്കാന്‍, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കാന്‍ പറ്റിയ ടെക്നോളജി ലഭ്യമാണ്. ഷേക്സ്പിയറിനെയും കാളിദാസനെയും പോലെ എഴുതാന്‍, വന്‍ഗോഗിനെപ്പോലെ വരയ്ക്കാന്‍, ഡാവിഞ്ചിയെപ്പോലെ ശില്പം ഉണ്ടാക്കാന്‍ മാത്രമല്ല, കാമുകീകാമുകന്മാരെപ്പോലെ ശൃംഗരിക്കാനും പുതിയ ബുദ്ധി കേന്ദ്രങ്ങള്‍ക്കു കഴിയും. ഒ വി വിജയനെയും മാധവിക്കുട്ടിയെയും കൊണ്ട് ഇനിയും എഴുതിപ്പിക്കാം.


ഇതുകൂടി  വായിക്കൂ: ജനാധിപത്യ വ്യവസ്ഥയുടെ സുരക്ഷയും പ്രതിപക്ഷ ഐക്യനിരയുടെ അനിവാര്യതയും


എം പി മന്മഥന്റെയോ അഴീക്കോടിന്റെയോ റെക്കാര്‍ഡു ചെയ്യാതെ പോയ പ്രഭാഷണങ്ങള്‍ അന്തരീക്ഷത്തിലെ ശബ്ദസാഗരത്തില്‍ നിന്നും പിടിച്ചെടുക്കാം. സാഹിത്യത്തിലെയോ പാട്ടെഴുത്തിലേയൊ സിനിമയിലെയോ മോഷണങ്ങള്‍ കയ്യോടെ പിടിക്കപ്പെടും. അന്താരാഷ്ട്ര മോഷ്ടാക്കള്‍, സാഹിത്യത്തിലായാലും കരുതിയിരിക്കണം. വരാനിരിക്കുന്ന വിപത്ത് അതിലും ഭീകരമാണ്. ഡ്യൂപ്ലിക്കേറ്റ് (കുന്നംകുളം മുതല്‍ ചൈനവരെ) ഒറിജിനലിനെ അതിശയിക്കും. ദിനേശ് ബീഡിയുടെ ഡ്യൂപ്ലിക്കേറ്റ് ജീവിതകാലം മുഴുവന്‍ വലിച്ചു ശീലിച്ച ഒരാള്‍ ഒരു ദിവസം ഒറിജിനല്‍ വലിക്കുന്നതുപോലെ! നുണയും സത്യവും വസ്ത്രങ്ങള്‍ കുളപ്പടവില്‍ അഴിച്ചുവച്ച് കുളിക്കാനിറങ്ങിയ കഥ കേട്ടിട്ടില്ലേ? ആദ്യം കുളിച്ചുകയറിയ നുണ സത്യത്തിന്റെ വേഷം ധരിച്ച് ദേശാടനത്തിനിറങ്ങി. പാവം നഗ്നസത്യം ഇപ്പോഴും വെള്ളം കൊണ്ട് നാണം മറച്ച് കാത്തുനില്‍ക്കുകയാണ്! പഴയ കുന്നംകുളംകാരുടെ നിര്‍മ്മിതിബുദ്ധിയെ അതിശയിക്കുന്നതാണ് നവസാങ്കേതികതയുടെ മുന്നേറ്റങ്ങള്‍. മധുര മനോജ്ഞ ചൈനപോലും കണ്ണൂരിനെയല്ല പഴയ കുന്നംകുളത്തെയാണ് പഠിക്കുന്നത്. അങ്ങനെ പഠിച്ചു പഠിച്ച് വലുതായ ചൈനയെ പഠിക്കാനാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആഹ്വാനം ചെയ്യുന്നത്.

നവസാങ്കേതികതയുടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്പനയ്ക്കെത്തിയിരിക്കുന്ന പുതിയ ഇനം ഡ്യൂപ്ലിക്കേറ്റ് സര്‍ഗാത്മകതയാണ്. മൊണാലിസയുടെയും മാക്ബത്തിന്റെയും ശാകുന്തളത്തിന്റെയും കുന്നംകുളം എഡിഷന്‍ ഇവിടെ ലഭ്യമാണ്. ഈ സൂപ്പര്‍ മാര്‍ക്കറ്റാവട്ടെ നിങ്ങളുടെ വീട്ടുപടിക്കലല്ല, വിരല്‍ത്തുമ്പില്‍ കാത്തുനില്‍ക്കുന്നു. നിങ്ങളുടെ സ്വകാര്യതകള്‍ നിങ്ങളറിയാതെ ഊറ്റിയെടുത്ത് നിങ്ങള്‍ക്കുതന്നെ വില്‍ക്കുന്ന വിദ്യ! ഡയാനാ രാജകുമാരിക്ക് പുറകെ പാഞ്ഞടുക്കുന്ന പാപ്പരാസികളുടെ കാലത്താണ് ‘വില്‍ക്കാനുണ്ട് സ്വകാര്യതകള്‍’ എഴുതിയിരുന്നത്. ആ പേരില്‍ ഒരു പുസ്തകവും ഇറങ്ങി. കുറെക്കഴിഞ്ഞപ്പോള്‍ നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്നും എഴുതി. വീണ്ടും പാലത്തിനടിയിലൂടെ വെള്ളം ഏറെ ഒഴുകിപ്പോയി. വേനലും മഞ്ഞും മഴയുമായി കാലമതിവേഗം കടന്നുപോയി. ഇപ്പോള്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ മാറുകയാണ്. ശരിക്കും സ്വകാര്യതകള്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നു!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.