ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന റൊട്ടിക്കഷണങ്ങളും തറികളും ഉപേക്ഷിച്ച് ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീതൊഴിലാളികൾ പണിമുടക്കി. 1917 ഫെബ്രുവരി 23നായിരുന്നു ആരംഭം. ലോഹപ്പണിക്കാരുടെ പിന്തുണ തേടി അവര്‍ പ്രതിനിധികളെ അയച്ചു. വിപ്ലവത്തിന്റെ തുടക്കം ഇവിടെ നിന്നായിരിക്കുമെന്ന് ആരും ചിന്തിച്ചില്ല. എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ച് ഫെബ്രുവരി വിപ്ലവം അടിത്തട്ടില്‍നിന്ന് ആരംഭിച്ചു. അനിഷ്ടസംഭവങ്ങളോ ഇരകളോ ഇല്ലാതെ ദിവസങ്ങൾ പിന്നിട്ടു. ചരിത്രപരമായ മാറ്റത്തിന്റെ തുടക്കം ആരും ശ്രദ്ധിച്ചില്ല. സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ എന്ന കടമ്പ കടന്നു. എന്നാൽ അത് നൂറു വർഷങ്ങൾക്ക് മുമ്പുള്ള മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ പങ്കാളിത്തത്തിലൊതുങ്ങി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ പഴയ ഇരുട്ട് തുടർന്നു. സ്ത്രീകളുടെ ചോദ്യങ്ങൾക്കു നേരെ ലോകം മൗനം പാലിച്ചു, കേട്ടതായിപ്പോലും നടിച്ചില്ല. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റെ് പ്രോഗ്രാം (യുഎൻഡിപി) ലിംഗ സാമൂഹിക മാനദണ്ഡ സൂചിക (ജിഎസ്എൻഐ) റിപ്പോർട്ട് അനുസരിച്ച് പത്തിൽ ഒമ്പത് പുരുഷന്മാരും സ്ത്രീകളും സ്ത്രീകളോട് പക്ഷപാതം കാണിക്കുന്നു. സ്ത്രീകൾ തകർക്കാൻ ശ്രമിക്കുന്ന പുരുഷാധിപത്യങ്ങൾക്കെതിരായ എല്ലാ പോരാട്ടങ്ങളും കഴിഞ്ഞ 10 വർഷമായി ലിംഗ സാമൂഹിക മാനദണ്ഡ സൂചിക അതേപടി തുടരുന്നുവെന്നും ഇത് വ്യക്തമാക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലുള്ള നിസംഗത ഇന്ത്യയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇത് ആശങ്ക ഉയർത്തുന്നു. ജാതി, കാലങ്ങളായുള്ള വിവേചനം, യാഥാസ്ഥിതിക സാംസ്കാരിക വിശ്വാസങ്ങൾ എന്നിവയാൽ കുഴഞ്ഞിരിക്കുന്നതാണ് രാജ്യത്തെ ലിംഗസമത്വം.
ലിംഗ സാമൂഹിക മാനദണ്ഡ സൂചിക എല്ലായ്‌പ്പോഴും അവകാശങ്ങളും കഴിവുകളും സംബന്ധിച്ച ലിംഗസമത്വത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. സംയോജിത സമീപനത്തിനായി, രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, ശാരീരിക സമഗ്രത എന്നിങ്ങനെ നാല് പ്രധാന മാനങ്ങൾ അതിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള പെൺകുട്ടികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന വ്യവസ്ഥാപിതമായ പോരായ്മകളും വിവേചനങ്ങളും മനസിലാക്കാനും ജിഎസ്എൻഐ പഠനം ശ്രമിക്കുന്നുണ്ട്. അതിനായി ലോക മൂല്യങ്ങളുടെ സർവേ(വേൾഡ് വാല്യു സർവേ)യിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രത്യുല്പാദന ആരോഗ്യം, ശാക്തീകരണം, തൊഴിൽ വിപണി എന്നിവയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള അസമത്വം പ്രതിഫലിപ്പിക്കുന്ന ലിംഗ അസമത്വ സൂചികയിൽ 191 രാജ്യങ്ങളിൽ ഇന്ത്യ 122-ാം സ്ഥാനത്താണ്. സ്കോർ 0.490. ലിംഗസമത്വം എന്ന ആശയം പോലും വിദൂര സ്വപ്നമെന്ന് ഇത് വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ യുഎൻഡിപി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 99.22 ശതമാനത്തിലധികം പേര്‍ സ്ത്രീകളോട് പക്ഷപാതം പുലർത്തുന്നു. സ്ത്രീയുടെ ശാരീരിക സമഗ്രതയ്ക്കെതിരെ 92.36 ശതമാനം പുരുഷന്മാരും 92.43 ശതമാനം സ്ത്രീകളും പക്ഷപാതം കാണിക്കുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പങ്കാളിയുടെ അതിക്രമം, പ്രത്യുല്പാദന അവകാശങ്ങൾ തുടങ്ങിയ ഘടകങ്ങളാൽ പക്ഷപാതം അടയാളപ്പെടുത്താം. ഇന്ത്യയിലെ ഏകദേശം 92.39 ശതമാനം ആളുകളും പങ്കാളിയുടെ ശാരീരികമോ വൈകാരികമോ ആയ അക്രമങ്ങളെ ഏതെങ്കിലും വിധത്തിൽ ന്യായീകരിക്കുന്നു. സ്ത്രീകൾക്ക് പ്രത്യുല്പാദന അവകാശങ്ങൾ പാടില്ല എന്ന് വിശ്വസിക്കുന്നു. ഈ പക്ഷപാതം സമൂഹത്തിലൊട്ടാകെ പ്രതിഫലിക്കുന്നതായി റിപ്പോർട്ട് വിശദീകരിക്കുന്നു.
ക്രൈം ഇൻ ഇന്ത്യ 2021 റിപ്പോർട്ട് സൂചിപ്പിക്കുന്നത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും ഭർത്താവിൽ നിന്നോ അയാളുടെ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരതയുടേതാണ് (31.8 ശതമാനം). പാതിവ്രത്യം കളങ്കപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ സ്ത്രീകളെ ആക്രമിക്കുക (20.8), തട്ടിക്കൊണ്ടുപോകൽ (17.6 ), ബലാത്സംഗം (7.4 ) എന്നിവ പിന്നാലെയുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ‘ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും’ 2021 റിപ്പോർട്ട് അനുസരിച്ച്, ആത്മഹത്യ ചെയ്ത സ്ത്രീകളുടെ അനുപാതം ഏറ്റവും കൂടുതലുള്ളത് വിവാഹ സംബന്ധമായ പ്രശ്നങ്ങളുമായി (പ്രത്യേകിച്ച് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍) ബന്ധപ്പെട്ട കേസുകളിലാണ്. തൊട്ടടുത്തത് ലെെംഗിക ബലഹീനത അല്ലെങ്കില്‍ വന്ധ്യതയുടെ പേരിലാണ്. വരുമാനത്തെയും പക്ഷപാതത്തെയും സംബന്ധിച്ചിടത്തോളം, ഡെന്മാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ വളരെ ഉയർന്ന മാനവ വികസന സ്കോറുകളുള്ള രാജ്യങ്ങൾ പോലും തൊഴിൽശക്തി പങ്കാളിത്ത നിരക്കിൽ കുറഞ്ഞത് 10 ശതമാനത്തിന്റെ അസമത്വം അനുഭവിക്കുന്നുവെന്ന് കണക്കുകൾ പറയുന്നു. മനുഷ്യവികാസവുമായി ബന്ധപ്പെട്ട സൂചികയിൽ 191 രാജ്യങ്ങളിൽ 132-ാം റാങ്ക് മാത്രമുള്ള ഇന്ത്യയുടെ ദീനമായ അവസ്ഥയാണ് വെളിപ്പെടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 75.09 ശതമാനവും സ്ത്രീകളുടെ ജോലി ചെയ്യാനുള്ള അവകാശത്തിനും ജോലിസ്ഥലത്തെ പദവിക്കും എതിരെ കടുത്ത വേർതിരിവു പുലർത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 80.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്ത്രീകളും ഇതേ വിശ്വാസത്തിലുള്ളവരാണ്. പുരുഷന്മാർ സ്ത്രീകളെക്കാൾ മികച്ച ജോലിക്കാരെ സൃഷ്ടിക്കുന്നുവെന്നും പുരുഷന്മാർക്ക് കൂടുതൽ അവകാശങ്ങളുണ്ടെന്നും മഹാഭൂരിപക്ഷം ചിന്തിക്കുന്നു. റിപ്പോർട്ടനുസരിച്ച്, പുരുഷന്മാരുടെ പ്രതിശീർഷ മൊത്ത ദേശീയ വരുമാനം 10,633 ഡോളറാണ്. ഇത് സ്ത്രീകളുടെ മൊത്തം ദേശീയ വരുമാനത്തെക്കാൾ 4.6 മടങ്ങ് കൂടുതലാണ്. സ്ത്രീകളുടെ വരുമാനം 2,277 ഡോളറിൽ ചുരുങ്ങുന്നുവെന്നർത്ഥം. വരുമാന അന്തരം രണ്ട് വിഭാഗവും ഉപയോഗിക്കുന്ന അവസരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ അവസരങ്ങളുടെ വ്യാപനവും ജോലി ചെയ്യാനുള്ള അവകാശവും പലപ്പോഴും വിവാഹമോ പ്രസവമോ തടസപ്പെടുത്തുന്നു. 2021ലെ കണക്കനുസരിച്ച്, സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് 19.2 ശതമാനം മാത്രമാണ്, ഇത് പുരുഷന്മാരെക്കാൾ 3.6 മടങ്ങ് കുറവാണ്.
വിദ്യാഭ്യാസത്തിലെ ലിംഗാസമത്വം കുറയുമ്പോഴും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വരുമാന വിടവ് തുടരുന്നു. ലിംഗ സാമൂഹിക മാനദണ്ഡ സൂചിക (ജിഎസ്എൻഐ) അനുസരിച്ച്, ജനസംഖ്യയുടെ 38.50 ശതമാനവും സർവകലാശാലാ വിദ്യാഭ്യാസം സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് പ്രധാനമെന്ന് ആവർത്തിക്കുന്നു. ഓക്സ്ഫാം ഇന്ത്യ വിവേചന റിപ്പോര്‍ട്ട് 2023 വെളിപ്പെടുത്തുന്നത്, സ്ത്രീകൾ വീട്ടുജോലികൾക്കും പരിചരണ ജോലികൾക്കുമായി ആറിരട്ടി കൂടുതൽ സമയം ചെലവഴിക്കുന്നു എന്നാണ്. ഇത് വരുമാന അസമത്വവും ലിംഗപരമായ പക്ഷപാതവും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ലിംഗ സമത്വ റാങ്കിങ്ങിൽ ഇന്ത്യയുടെ റാങ്ക് 135ലേക്ക് താഴ്ന്നു. 2016ലേതിനെക്കാൾ 48 റാങ്കാണ് കുറഞ്ഞത്. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഭൂട്ടാൻ, ചൈന, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളെക്കാൾ ഏറെ താഴെയാണ് ഇന്ത്യ. 2024 ജൂൺ 12ന് ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ആഗോള ലിംഗ വിടവ് റിപ്പോർട്ടനുസരിച്ച് ലിംഗഭേദത്തിൽ 146 രാജ്യങ്ങളിൽ 129-ാം റാങ്കിലുള്ള ഇന്ത്യ മുൻവർഷത്തെ അപേക്ഷിച്ച് രണ്ട് റാങ്കുകൾ താഴെയാണ്. 140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ, 2024ൽ അതിന്റെ ലിംഗ വ്യത്യാസത്തിന്റെ 64.1 ശതമാനം നികത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.