22 December 2024, Sunday
KSFE Galaxy Chits Banner 2

വേരുകൾ നീളുന്നത് ബിജെപിയിലേക്ക്

അബ്ദുൾ ഗഫൂർ
വിശ്വാസ്യത നഷ്ടപ്പെടുന്ന പരീക്ഷകൾ — 3
June 29, 2024 4:30 am

വ്യാപത്തിന് പുറമേ ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അധ്യയന- ഉദ്യോഗസ്ഥ പ്രവേശന പരീക്ഷകളിൽ നടന്ന നിരവധി ക്രമക്കേടുകളും കുംഭകോണങ്ങളുമാണ് ഒന്നൊന്നായി പുറത്തുവന്നത്. അടുത്തിടെ ദ വയർ എന്ന ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്ത പ്രകാരം ബിജെപി ഭരിച്ചുകൊണ്ടിക്കുന്ന ഗുജറാത്തിൽ 10 വർഷത്തിനിടെ ഒരു ഡസനിലധികം വൻകിട പരീക്ഷാ ക്രമക്കേടുകളാണ് ഉണ്ടായത്. ഇതിന് പുറമേ ചെറിയ ആരോപണങ്ങൾ ഉയർന്ന ഒരു ഡസനിലധികം വേറെയുമുണ്ടായി. ഗുജറാത്ത് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് (ജിഎസ്എസ്എസ്‌ബി) ചെയർമാനായി അതിസ് വോറ പ്രവർത്തിച്ച നാലുവർഷ (2019–22) കാലയളവിനിടയിൽ രണ്ട് പ്രധാന പരീക്ഷകളിൽ ചോദ്യക്കടലാസ് ചോർച്ചയും റാങ്ക് ലിസ്റ്റ് നിർണയിക്കുന്നതിൽ ക്രമക്കേടും ആരോപിക്കപ്പെട്ടു. 2010ൽ അഹമ്മദാബാദ് മേയറായി തെരഞ്ഞെടുക്കപ്പെട്ട വോറ, നരേന്ദ്ര മോഡിയുടെ അടുത്ത ആളായിരുന്നു. ഇക്കാര്യം പ്രമുഖ ഗുജറാത്തി മാധ്യമമായ ദേശ് ഗുജറാത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മേയറാകുന്നതിന് മുമ്പ്, വോറ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. മണിനഗറിൽ നിന്ന് ബിജെപി കൗൺസിലറായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് കലാപത്തിന് ശേഷം മണിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മോഡി തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 2012 വരെ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്തതെന്നും അക്കാലത്ത് അദ്ദേഹത്തിന്റെ അടുത്ത വിശ്വസ്തനായിരുന്നു വോറയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ മണിനഗറിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് മോഡി ചുമതലപ്പെടുത്തിയിരുന്നതും വോറയെയായിരുന്നു.
വോറ ചെയർമാനായിരിക്കെ 2020ൽ നടന്ന നിയമന പരീക്ഷയിൽ വൻ ക്രമക്കേട് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉയർന്നുവെങ്കിലും അദ്ദേഹത്തിന്റെ കാലാവധി നീട്ടിനൽകുകയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ ചെയ്തത്. 15 ലക്ഷത്തിലധികം യുവാക്കൾ അപേക്ഷിച്ചതിൽ 12 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. വോറയുടെ കാലത്ത്, പരീക്ഷാ ഫലങ്ങളിൽ കൃത്രിമം കാണിച്ചുവെന്ന് ഉൾപ്പെടെ 61 ആരോപണങ്ങൾ കൂടി ഉയർന്നു. പിന്നീട് 2021ൽ ഹെഡ് ക്ലർക്ക് പരീക്ഷയിലും വൻ കുംഭകോണം ആരോപിക്കപ്പെട്ടതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ വോറ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവയ്ക്കുവാൻ നിർബന്ധിതനാകുകയായിരുന്നു.


 ഇതുകൂടി വായിക്കൂ: സുപ്രീം കോടതി റദ്ദാക്കിയ അഴിമതി ബോണ്ട് വീണ്ടും


ഗുജറാത്തിൽ 2013ന് ശേഷമുള്ള 10 വർഷങ്ങൾക്കിടെ വിവിധ പരീക്ഷകളിൽ പരാതികൾ ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 201ലധികം പേരെ പ്രതിചേർത്ത് കുറ്റപത്രം തയ്യാറാക്കിയെങ്കിലും തുടർനടപടികൾ മരവിച്ചുവെന്ന് ദ വയർ വാർത്തയിൽ പറയുന്നു. 2013ൽ ജിപിഎസ്‌സിയുടെ ചീഫ് ഓഫിസർ, 2015ൽ ടിആർ പരീക്ഷ, 2016ൽ ഗാന്ധി നഗർ ജില്ലാ പഞ്ചായത്തിലെ നിയമനം, 2018ൽ ടിഎടി അധ്യാപകർ, പ്രധാന സേവക്, നയബ് ചിട്നി, ലോക് രക്ഷക് ദളം, 2019ൽ സെക്രട്ടേറിയറ്റ് ഇതര ജീവനക്കാർ, 2021ൽ ഹെഡ് ക്ലർക്ക്, വിദ്യുത് സഹായക്, സബ് ഓഡിറ്റർ, 2023ൽ ഫോറസ്റ്റ് ഗാർഡ്, ജൂനിയർ ക്ലർക്ക് തസ്തികകളിലേക്ക് നടന്ന പരീക്ഷകളിലും റാങ്ക് പട്ടികകളിലുമാണ് വൻതോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്.
ജിഎസ്എസ്എസ്ബി 2021ൽ 186 തസ്തികകളിലേക്ക് നടത്തിയ എഴുത്തുപരീക്ഷയിൽ 88,000ത്തിലധികം ഉദ്യോഗാർത്ഥികളാണ് 700 കേന്ദ്രങ്ങളിലായി പങ്കെടുത്തത്. 10 മുതൽ 15 ലക്ഷം രൂപവരെ ഈടാക്കിയാണ് ചോദ്യക്കടലാസ് ചോർത്തി നൽകിയതെന്നായിരുന്നു ആരോപണം. അന്വേഷണത്തിൽ 30ലധികം പേരെ പ്രതിചേർത്തുള്ള 14,000 പേജ് കുറ്റപത്രം 2022 മാർച്ചിൽ സമർപ്പിക്കപ്പെട്ടു, പക്ഷേ അനന്തര നടപടികൾ ഉണ്ടായില്ല. ഈ കേസിൽ സൗര്യ പ്രസിൽ നിന്നാണ് ചോർച്ച നടന്നതെന്ന് കണ്ടെത്തിയെങ്കിലും അച്ചടി ജോലികളുടെ ചുമതലയുള്ള ജീവനക്കാരൻ കിഷോർ ആചാര്യയെ മാത്രമാണ് പ്രതിചേർത്തത്. ഉടമ മുദ്രേഷ് പുരോഹിത് മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിൽ പ്രസ്തുത പ്രസിൽ നിന്ന് 2006 മുതൽ വിവിധ പ്രവേശന പരീക്ഷകൾക്കുള്ള അച്ചടി ജോലികൾ നടത്തുന്നുണ്ടെന്ന് സമ്മതിച്ചിരുന്നു.


 ഇതുകൂടി വായിക്കൂ:  നീറ്റ് പരീക്ഷ: അട്ടിമറി മറച്ചുവയ്ക്കാന്‍ ശ്രമം


2004–05ൽ പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് ഗുജറാത്ത് സർവകലാശാല കരിമ്പട്ടികയിൽപ്പെടുത്തിയ സ്ഥാപനമായിരുന്നു സൗര്യ പ്രസ്. എന്നാൽ ഇതേ സ്ഥാപനത്തിന് തന്നെ ചോദ്യക്കടലാസ് അച്ചടിക്കുന്ന ചുമതല വീണ്ടും നൽകിയിരുന്നതായും ഇതിൽ ചിലത് വീണ്ടും ചോർന്നതായും കണ്ടെത്തി. 2021ൽ ഗുജറാത്ത് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് ഹെഡ് ക്ലർക്ക്, സൗരാഷ്ട്ര സർവകലാശാലയുടെ വിവിധ തസ്തികകൾ എന്നിവയ്ക്കായി നടത്തിയ പരീക്ഷകളുടെ അച്ചടി ജോലികളും ഇതേ പ്രസിനെ ഏല്പിക്കുകയും ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വരികയും ചെയ്തു.
ഒരു സർവകലാശാല കരിമ്പട്ടികയിൽപ്പെടുത്തിയ ഇതേ സ്ഥാപനം സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ ചോദ്യക്കടലാസ് ഉൾപ്പെടെയുള്ള അച്ചടി ജോലികൾ പിന്നീടും നിർവഹിച്ചിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. എന്നാൽ പ്രസ്തുത പ്രസിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നു മാത്രമല്ല കേസുകളിൽ ഉടമയെ പ്രതിചേർത്തതുമില്ല. സൗര്യ പ്രസിന്റെ ഉടമ മുദ്രേഷ് പുരോഹിതന് ആർഎസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധമുള്ളതിനാലാണ് ഇയാൾക്കെതിരെ നടപടി എടുക്കാത്തതെന്നാണ് ആരോപണം.

കഴിഞ്ഞ വർഷമാണ് മധ്യപ്രദേശിൽ നടന്ന റവന്യു വകുപ്പ് ജീവനക്കാരുടെ നിയമന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ഉയർന്നത്. വ്യാപം എന്ന പേരിൽ കുപ്രസിദ്ധമായ കുംഭകോണത്തിന് ശേഷമുണ്ടായ വലിയ പരീക്ഷാ തട്ടിപ്പുകളിലൊന്നായിരുന്നു ഇത്. വ്യാപം കുംഭകോണത്തിന്റെ പല വേരുകളും ചെന്നുനിന്നത് ബിജെപിയുമായി ബന്ധപ്പെട്ടവരിലായിരുന്നു. ഈ പരീക്ഷാ ക്രമക്കേടുകളിലും ബിജെപി ബന്ധം പുറത്തുവന്നിരുന്നു. മധ്യപ്രദേശ് എംപ്ലോയീസ് സെലക്ഷൻ ബോർഡ് 2023 ഏപ്രിൽ 26ന് പരീക്ഷ നടത്തി മേയ്, ജൂൺ മാസങ്ങളിൽ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദമുയർന്നത്. 10 മുൻനിരക്കാരിൽ ഏഴുപേരും ബിജെപി എംഎൽഎ നടത്തുന്ന സ്ഥാപനമായ എൻആർഐ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് മാനേജ്മെന്റിൽ നിന്നുള്ളവരായിരുന്നു. ഭിന്ദിൽ നിന്നുള്ള ബിജെപി എംഎൽഎ സഞ്ജീവ് കുമാർ കുശ്വാഹയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത കോളജ്. പരീക്ഷയെഴുതിയ 9.8 ലക്ഷം ഉദ്യോഗാർത്ഥികളിൽ 9,000 പേരാണ് യോഗ്യതാ പട്ടികയിൽ ഇടം നേടിയത്. ചോദ്യത്തിന് തെറ്റായി ഉത്തരം നൽകിയവരും പട്ടികയിൽ ഉൾപ്പെട്ടതായി തെളിഞ്ഞു.
ഇപ്പോൾ വിവാദമായിരിക്കുന്ന നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപി ബന്ധം സൂചിപ്പിക്കുന്ന തെളിവുകൾ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നീറ്റ്-യുജി പരീക്ഷയിലെ ആറ് റാങ്കുകാർ പരീക്ഷയെഴുതിയത് ഹരിയാനയിലെ ബിജെപി നേതാവിന്റെ കുടുംബം നടത്തുന്ന ഹർദയാൽ പബ്ലിക് സ്കൂളിലാണെന്ന വിവരമാണ് കഴിഞ്ഞ ദിവസം ദ വയർ പുറത്തുവിട്ടിരിക്കുന്നത്. 1995ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രസിഡന്റ് അനുരാധ യാദവാണ്. അനുരാധ യാദവിന്റെ അനന്തരവൻ ശേഖർ യാദവ് ഭാരതീയ ജനതാ യുവമോർച്ചയുടെ ജജ്ജാർ ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്നു. റോഹ്തക്കിൽ നിന്നുള്ള മുൻ ബിജെപി എംപി അരവിന്ദ് ശർമ്മയുമായി അടുപ്പമുണ്ടെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശേഖർ അരവിന്ദ് ശർമ്മയ്ക്കുവേണ്ടി ഇയാൾ പ്രചരണം നടത്തുകയും ചെയ്തിരുന്നു.


 ഇതുകൂടി വായിക്കൂ:  ആവർത്തിക്കുന്ന ക്രമക്കേടുകൾ


ഹരിയാനയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഖർ യാദവ് ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ദ വയറുമായുള്ള സംഭാഷണത്തിൽ പാർട്ടി നിശ്ചയിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സമ്മതിച്ചതായി പറയുന്നുണ്ട്. ഹർദയാൽ പബ്ലിക് സ്കൂളിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്കൂൾ ഞങ്ങളുടെ കുടുംബത്തിന്റേതാണെന്നും അദ്ദേഹം സമ്മതിക്കുന്നു. ശേഖർ യാദവിന്റെ ഭാര്യ നേഹ യാദവും ബിജെപി ബന്ധമുള്ളയാളാണ്. ബിജെപി പ്രവർത്തനങ്ങളില്‍ അവർ പങ്കെടുത്ത ചിത്രങ്ങളും വാര്‍ത്തകളും പ്രാദേശിക പത്രങ്ങളിൽ വരാറുണ്ട്. 2022ൽ ബഹദൂർഗഡ് മുനിസിപ്പൽ കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനത്തിനായി ശ്രമിച്ചിരുന്നു. ഹർദയാൽ പബ്ലിക് സ്കൂൾ പ്രസിഡന്റ് അനുരാധ യാദവും ബിജെപി പ്രവർത്തനങ്ങളിലും പ്രചരണങ്ങളിലും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ലഭ്യമാണ്. (ദ വയറിൽ വിശദമായി വായിക്കാം).
ജജ്ജാർ ജില്ലയിലെ മൂന്ന് സ്കൂളുകൾ — ഹർദയാൽ പബ്ലിക് സ്കൂൾ, വിജയ സീനിയർ സെക്കൻഡറി സ്കൂൾ, എസ്ആർ സെഞ്ചുറി പബ്ലിക് സ്കൂൾ എന്നിവ ഇത്തവണ ആദ്യമായി പരീക്ഷാ കേന്ദ്രങ്ങളാക്കിയവയാണ്. എസ്ആർ സെഞ്ചുറി സെക്കൻഡറി സ്കൂളിൽ പരീക്ഷ സുഗമമായാണ് നടന്നത്. എന്നാൽ ഹർദയാൽ, വിജയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് നൽകിയ ചോദ്യപ്പേപ്പറുകൾ പോലും വ്യത്യസ്തമായിരുന്നുവെന്ന ആരോപണവുമുയർന്നിട്ടുണ്ട്.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.